Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛന്റെ കൈപിടിച്ച് ഇടതിന് വോട്ടു ചോദിച്ച കുട്ടിക്കാലം; ഡിഗ്രി പഠനത്തിനിടെ വിവാഹിതയായെങ്കിലും കുടുംബശ്രീയിൽ നിറഞ്ഞു; സീറ്റുറപ്പെന്ന് ഏവരും പറഞ്ഞപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു; പാർട്ടി ലിസ്റ്റിൽ നിന്നും അവസാന നിമിഷം വെട്ടിമാറ്റിയപ്പോൾ ലക്ഷ്യമിട്ടത് 100 വോട്ടെങ്കിലും പെട്ടിയിലാക്കാൻ; ജനം നൽകിയത് മിന്നും വിജയം; കവളങ്ങാട്ടെ താരം ജിൻസിയ തന്നെ

അച്ഛന്റെ കൈപിടിച്ച് ഇടതിന് വോട്ടു ചോദിച്ച കുട്ടിക്കാലം; ഡിഗ്രി പഠനത്തിനിടെ വിവാഹിതയായെങ്കിലും കുടുംബശ്രീയിൽ നിറഞ്ഞു; സീറ്റുറപ്പെന്ന് ഏവരും പറഞ്ഞപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു; പാർട്ടി ലിസ്റ്റിൽ നിന്നും അവസാന നിമിഷം വെട്ടിമാറ്റിയപ്പോൾ ലക്ഷ്യമിട്ടത് 100 വോട്ടെങ്കിലും പെട്ടിയിലാക്കാൻ; ജനം നൽകിയത് മിന്നും വിജയം; കവളങ്ങാട്ടെ താരം ജിൻസിയ തന്നെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുടുംബശ്രീയുടെ സജീവ പ്രവർത്തക. തിരഞ്ഞെടുപ്പെത്തിയപ്പോൾ മത്സരിക്കണമെന്ന് ആദ്യം നിർദ്ദേശിച്ചതും കുടംബശ്രീപ്രവർത്തകർ. സി പി എം കുടുംബം ആയതിനാൽ പാർട്ടി സീറ്റ് നൽകുമെന്ന് അടുപ്പകാർ അറിയിച്ചപ്പോൾ മത്സര രംഗത്തിറങ്ങാൻ ഒരുക്കങ്ങൾ തുടങ്ങി. സീറ്റ് പ്രഖ്യാപനം വന്നപ്പോൾ ചിത്രത്തിന് പുറത്ത്. പിന്നെ മത്സരിക്കണമെന്ന വാശിയായി.100 വോട്ടെങ്കിലും പിടിക്കണമെന്ന ലക്ഷ്യത്തിൽ അങ്കത്തട്ടിലിറങ്ങിയപ്പോൾ ഭാഗ്യം കൈ പിടിച്ചുയർത്തിയത് മിന്നും വിജയത്തിലേയ്ക്ക്.

താലൂക്കിലെ കവളങ്ങാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളെയും ഒരു സ്വതന്ത്രയെയും പരാജയപ്പെടുത്തി ഭാര്യ ജിൻസിയ വിജയം നേടിയതിനെകുറിച്ച് ഭർത്താവ് നേര്യമംഗലം കളരിക്കൽ ബിജു പ്രതികരിക്കുന്നത് ഇങ്ങനെയാണ്. യൂ ഡി എഫ് സ്ഥാനാർത്ഥി ലിസ്സി യാക്കോബ്, എൽ ഡി എഫ് സ്ഥാനാർത്ഥി ജിഷ ജയൻ, എൻ ഡി എ സ്ഥാനാർത്ഥി മിനി സഞ്ജീവൻ, സ്വതന്ത്രസ്ഥാനാർത്ഥി മിനികുമാരൻ എന്നിവരെ പിൻതള്ളിയാണ് 91 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിൻസിയ വിജയിച്ചത്. യൂ ഡി എഫ് -9,എൽ ഡി എഫ് -8 സ്വതന്ത്രർ -1 എന്നിങ്ങിങ്ങനെയാണ് പഞ്ചായത്തിൽ നിലവിലെ കക്ഷിനില.

അതുകൊണ്ട് തന്നെ പഞ്ചായത്ത് ആര് ഭരിക്കണമെന്നകാര്യം ജിൻസിയ തീരുമാനിക്കും എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളെത്തിനിൽക്കുന്നത്. നേര്യമംഗലം സൗത്തിലായിരുന്നു ജിൻസിയ മത്സരിച്ചത്. കുടുംബശ്രീ പ്രവർത്തയായിരുന്നതാണ് കൈമുതൽ. ചെറുപ്രായത്തിൽ പിതാവിനൊപ്പം ഇലക്ഷൻ കാലത്ത് പ്രചാരണ പ്രവർത്തനത്തിനിറങ്ങിയതാണ് രാഷ്ട്രീയ പരിചയം. അന്ന് വോട്ട് ചോദിച്ചത് ഇടതിന് വേണ്ടി. എന്നാൽ ഇന്ന് സ്വന്തമായി മത്സരിച്ചപ്പോൾ വോട്ട് തേടിയത് സിപിഎമ്മിന് എതിരേയും.

ഇക്കുറി തിരഞ്ഞെടുപ്പടുത്തപ്പോൾ ജിൻസിയയോട് മത്സരിക്കാനിറങ്ങമെന്ന് ആദ്യം നിർദ്ദേശിച്ചത് അടുപ്പക്കാരായ കുടംബശ്രീ പ്രവർത്തകരായിരുന്നു. പിതാവിന് പാർട്ടിയുമായി ഉണ്ടായിരുന്ന അടുപ്പം സീറ്റ് കിട്ടാൻ അവസരമൊരുക്കുമെന്ന് അടുപ്പക്കാരിൽ ചിലർ ജിൻസിയയ്ക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ജിൻസിയ മനസ്സുകൊണ്ട് മത്സരിക്കാൻ തയ്യാറെടുപ്പ് തുടങ്ങുകയായിരുന്നു. എന്നാൽ എൽ ഡി എഫ് സീറ്റ് വിഭജനം വന്നപ്പോൾ ലിസ്റ്റിൽ ജിൻസിയ ഉണ്ടായിരുന്നില്ല.

ഇതറിഞ്ഞപ്പോൾ മത്സരിക്കമെന്ന വാശിയിലായി ജിൻസിയ. പിന്നെയെല്ലാം വേഗത്തിൽ. പിൻതുണയ്ക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ അടുപ്പകാർ രംഗത്തിറങ്ങിയതോടെ പ്രചാരണ പ്രവർത്തനങ്ങളും ഉഷാറായി. 100 വോട്ടെങ്കിലും പെട്ടിയിലാക്കണമെന്നായിരുന്നു മത്സരത്തിനിറങ്ങുമ്പോൾ ജിൻസിയ മനസ്സിലുറപ്പിച്ചിരുന്നത്. വോട്ടർമാർ സമ്മാനിച്ചതാവട്ടെ ചരിത്രവിജയവും-ബിജു കൂട്ടിച്ചേർത്തു.

നിങ്ങൾക്കൊപ്പം ഞാനുണ്ടാവും.. എന്നും. ഇതുമാത്രമായിരുന്നു ജിൻസിയ പ്രചാരണത്തിനിടയിൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനം. രാഷ്ട്രീയ രംഗത്തെ ആദ്യമത്സരമായിരുന്നെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരെ കവച്ചുവയ്ക്കുന്നതായിരുന്നു ജിൻസിയയുടെ പ്രകടനം. ജിൻസിയയെ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലൈത്തിക്കാൻ ചരടുവലികൾ സജീവമാണ്. ഇതെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലന്നാണ് ജിൻസിയുടെ നിലപാട്.

ഡിഗ്രി പഠനം പാതിവഴിയിലെത്തിയപ്പോഴായിരുന്നു വിവാഹം. ഭർത്താവ് ബിജു നേര്യമംഗലത്ത് ക്യാനറി എന്ന പേരിൽ ഹോട്ടൽ നടത്തിവരികയാണ്. കഴിഞ്ഞ തവണ യു ഡി എഫായിരുന്നു പഞ്ചായത്തിൽ ഭരണത്തിലെത്തിയത്. ഇക്കുറിയും യു ഡി എഫിന് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞുപ്പിൽ സി പി എം സ്ഥാനാർത്ഥി 76 വോട്ടിന് വിജയിച്ച വാർഡ് നിലനിർത്താൻ ഇടതുമുന്നണി ശക്തമായ പ്രചാരണം പരിപാടികളാണ് നടത്തിയത്. 100 വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന തരത്തിലായിരുന്നു അണികൾ അടുപ്പക്കാരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വാർഡിലെ ജനങ്ങൾ ജിൻസിയയ്‌ക്കൊപ്പമായിരുന്നെന്നാണ് തിരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്.

കക്ഷി -രാഷ്ട്രീയത്തിനപ്പുറമായിരുന്നു വോട്ടർമാരുടെ മനസെന്നും ഇതുമൂലമാണ്് വിജയം തേടിയെത്തിയതെന്നുമാണ് സ്ഥാനാർത്ഥിക്കുവേണ്ടി കളത്തിലിറങ്ങി പ്രചാരണപ്രവർത്തനങ്ങൾ നിയന്ത്രിച്ചവരിൽ ഒട്ടുമിക്കവരുടെയും വിലയിരുത്തൽ. നിലവിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷം യൂ ഡി എഫിനുണ്ട്.സ്വതന്ത്ര അംഗം ഇടതുമുന്നണിക്ക് കൂറുപ്രഖ്യാപിച്ചാൽ ഭരണം ഉറപ്പിക്കാൻ നറുക്കിടേണ്ട സ്ഥിതിയിലേയ്ക്ക് കാര്യങ്ങളെത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഭരണം കൈയാളാൻ ഇരു മുന്നണികൾക്കും ജിൻസിയയുടെ നിലപാട് നിർണ്ണായകമാണ് എന്നതാണ് യാഥാർത്ഥ്യം. അഞ്ച് സ്ഥാനാർത്ഥികളാണ് വാർഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. വാർഡിലെ അടിസ്ഥാന വിഷയമായ കുടിവെള്ളം പരിഹരിക്കുന്നതിന് മുൻഗണന നൽകും.ഒപ്പം മറ്റ് ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും സജിവമായി ഇടപെടും.എല്ലാവർക്കും തുല്യ പരിഗണന നൽകി മുന്നോട്ടുപോകും.ജിൻസിയ ബിജു നയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP