Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് അധികാരം നിലനിർത്തി; തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല; പന്തളം സ്വന്തമാക്കി; നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങിയ മുനിസിപ്പാലിറ്റികളിലും കരുത്തു കാട്ടി; കൂടുതൽ പോക്കറ്റിലേക്ക് ബിജെപി വളരുമ്പോൾ

പാലക്കാട് അധികാരം നിലനിർത്തി; തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല; പന്തളം സ്വന്തമാക്കി; നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങിയ മുനിസിപ്പാലിറ്റികളിലും കരുത്തു കാട്ടി; കൂടുതൽ പോക്കറ്റിലേക്ക് ബിജെപി വളരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശത്തിൽ പ്രതീക്ഷിച്ച താമരകൾ വിടർന്നില്ല. എന്നാൽ ചിലയിടങ്ങളിൽ നന്നായി നുഴഞ്ഞു കയറി. ഇതിനൊപ്പം പഴയ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് ചോർന്നതുമില്ല. ഇത് പ്രതീക്ഷ നൽകുന്നതാണ്. ഏക എംഎൽഎയുള്ള നേമത്തും സ്വാധീനം തുടരുന്നു. ഇതെല്ലാം ശുഭസൂചകമായാണ് ബിജെപി കാണുന്നത്. തിരുവനന്തപുരം ജില്ലയിൽ വർക്കലയിലും ബിജെപി സ്വാധീനം കാട്ടിയിരിക്കുന്നു. പാലക്കാട്ടെ നഗരമേഖലയിൽ കരുത്ത് വർദ്ധിച്ചു. ഒറ്റപ്പാലത്തും ഷൊർണ്ണൂരിലും മലമ്പുഴയിലും കരുത്തു കൂടി. പന്തളത്തെ മുൻസിപ്പാലിറ്റി പിടിച്ചെടുക്കലും അപ്രതീക്ഷിതം. അങ്ങനെ ചില അപായ സൂചനകൾ കേരളത്തിലെ ഇടത് വലതു മുന്നണികൾക്ക് ബിജെപി നൽകുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച പത്ത് സീറ്റുകളോളം കുറഞ്ഞു. വെങ്ങാന്നൂരിലെ ജില്ലാ പഞ്ചായത്ത് ഡിവഷനിലെ തോൽവിയും വെങ്ങാനൂരിൽ പഞ്ചായത്ത് ഭരണം നഷ്ടമായതും തിരിച്ചടിയാണ്. മാറന്നെല്ലൂരിലും വിളപ്പിലും വിളപ്പിൽശാലയിലും ഒന്നാം നമ്പറാകാൻ കഴിഞ്ഞില്ല. അപ്പോഴും പുതുതായി നാല് പഞ്ചായത്തുകൾ കിട്ടി. കള്ളിക്കാട്ടെ വിജയം ആരും പ്രതീക്ഷിച്ചതുമില്ല. ന്യൂനപക്ഷ സ്വാധീന മേഖലയായ കള്ളിക്കാട്ടെ വിജയവും ബിജെപിക്ക് പുതിയ പ്രതീക്ഷയാണ്. വോട്ട് ശതമാനം സംസ്ഥാന തലത്തിൽ കൂടുകയും ചെയ്തു. സാധാരണ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് വോട്ട് ശതമാന വർദ്ധനവ് ഉണ്ടാകാറ്. അത് ത്‌ദേശത്തിലേക്കും എത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ 3000 സീറ്റിൽ വിജയമാണ് ബിജെപി പ്രതീക്ഷിച്ചത്. ഏറ്റവുമധികം സീറ്റിൽ മത്സരിക്കുന്ന കക്ഷി എന്ന അവകാശവാദം തിരഞ്ഞെടുപ്പിന് മുൻപ് ഉന്നയിച്ച അവർ 3500 സീറ്റിലെ 'ജയം' ആദ്യം തന്നെ പ്രവചിച്ചു. എന്നാൽ വോട്ടെണ്ണിയപ്പോൾ അത് നേടാൻ ബിജെപിക്കായില്ല. പാർട്ടിയിലെ വിമത പ്രശ്‌നങ്ങൾ ഇതിന് കാരണമായി. 23 പഞ്ചായത്തിലും 2 നഗരസഭകളിലുമാണ് ബിജെപി ഇത്തവണ ഒന്നാം നമ്പർ പാർട്ടിയായത്. 1182 ഗ്രാമപഞ്ചായത്ത് വാർഡുകളും 37 ബ്ലോക്ക് പഞ്ചായത്തും 2 ജില്ലാ പഞ്ചായത്ത് സീറ്റുകളും 320 മുൻസിപ്പൽ വാർഡുകളും 59 കോർപ്പറേഷൻ വാർഡുകളും ഇത്തവണ നേടി. 2015ൽ 1078 ഗാമപഞ്ചായത്ത് വാർഡുകളും 53 ബ്ലാക്ക് പഞ്ചായത്തും 4 ജില്ലാ പഞ്ചായത്ത് സീറ്റുകളും 259 മുൻസിപ്പൽ വാർഡുകളും 24 കോർപ്പറേഷൻ വാർഡുകളും ആയിരുന്നു ബിജെപി നേടിയിരുന്നത്. ചുരുക്കത്തിൽ, ഇത്തവണ 3000 സീറ്റിൽ എത്തുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ലഭിച്ചത് 300 സീറ്റുകളുടെ വർധന.

പാലക്കാട് നഗരസഭയിലെ 52 ഡിവിഷനുകളിലെയും വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റുകളിൽ ഒരെണ്ണം അധികം നേടി ബിജെപി ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചു. എൽഡിഎഫ് ഭരിച്ച പന്തളം നഗരസഭ പിടിച്ചെടുത്തതാണ് ഇത്തവണ അവകാശപ്പെടാവുന്ന പ്രധാനപ്പെട്ട നേട്ടം. ആദ്യമായി കണ്ണൂർ കോർപറേഷനിലും അങ്കമാലി, നിലമ്പൂർ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിലും മുന്നേറി. കോട്ടയം ജില്ലയിലെ മുത്തോലി, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകൾ, പത്തനംതിട്ടയിലെ കവിയൂർ, കുളനട പഞ്ചായത്തുകൾ, ആലപ്പുഴയിലെ തിരുവൻവണ്ടൂർ പഞ്ചായത്ത് എന്നിവ നേടിയത് പാർട്ടിക്ക് ആശ്വാസം പകർന്നു. അതായത് പുതിയ മേഖലകളിലേക്ക് ബിജെപി എത്തുകയാണ്.

പാലക്കാട് ബിജെപി അധികാരം നിലനിർത്തുക മാത്രമല്ല 24 സീറ്റുകളിൽ നിന്നും 28 ആയി ഉയരുകയും ചെയ്തു. അതുപോലെ പന്തളം മുനിസിപ്പാലിറ്റി ഇടതുപക്ഷത്തുനിന്നും പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിലവിലുണ്ടായിരുന്ന 34 സീറ്റിൽ നിന്ന് 35 ആയി ഉയർത്തി. നെയ്യാറ്റിൻകര, വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, മാവേലിക്കര, കോട്ടയം, ഏറ്റുമാനൂർ, തൊടുപുഴ, ചെങ്ങന്നൂർ, തൃപ്പൂണിത്തുര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഷൊർണൂർ, മുക്കം, താനൂർ, തലശ്ശേരി, വടകര, കാസർകോട് തുടങ്ങി നിരവധി മുനിസിപ്പാലിറ്റികളിലും വൻ ശക്തിയായി. എല്ലാ നഗരസഭകളിലും ബിജെപി പങ്കാളിത്തം വർധിച്ചു. 23ൽ അധികം ഗ്രാമപഞ്ചായത്തുകളിൽ ഒറ്റയ്ക്കും നിരവധി പഞ്ചായത്തുകളിൽ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും ബിജെപിക്ക് ലഭിച്ചു.

കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ കണ്ണൂരിലും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്തും കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി മധ്യ തിരുവിതാംകൂറിലും ബിജെപിയുടെ മുന്നേറ്റം പ്രകടമായി. നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ആരു ഭരിക്കുമെന്ന് നിർണയിക്കുന്നത് ബിജെപിയായിരിക്കും. ബിജെപിയെ തോൽപ്പിക്കാൻ പാലക്കാട് ഇടതുപക്ഷ വോട്ടുകൾ യുഡിഎഫിനും തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫിന്റെ വോട്ട് ഇടതുപക്ഷത്തും തന്ത്രപരമായി പോൾ ചെയ്തു എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്. തിരുവനന്തപുരത്തെ ബിജെപി വിജയം തടയാൻ കഴിഞ്ഞതും ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞതും ഈ അടവു നയത്തിന്റെ വിജയം കൊണ്ടായിരുന്നു.

പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ തിരുവനന്തപുരത്ത് ബിജെപി മേയർ ഉണ്ടാകുമെന്നായിരുന്നു അവകാശവാദമെങ്കിലും അത് അസ്ഥാനത്താക്കുന്ന പ്രകടനമാണ് പാർട്ടി കാഴ്ച വച്ചത്. നിലവിലെ മേയർ എൽഡിഎഫിന്റെ കെ.ശ്രീകുമാറിനെ തോൽപിച്ചെന്നുള്ള ആശ്വാസം മാത്രമാണ് ബിജെപിക്കു തിരുവനന്തപുരത്ത് ബാക്കി. എന്നാൽ തൃശൂരിൽ സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികൾ നിലം തൊട്ടില്ല. ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂർ കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ ജനവിധി തേടിയത്. 55 സീറ്റുകളിൽ അഞ്ചിടത്തു മാത്രമാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചത്.

ശബരിമലവിഷയം കഴിഞ്ഞ് ഏതാണ്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും ബിജെപി പലയിടത്തും അതു ചർച്ചയാക്കി. ഭൂരിപക്ഷങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കിയെങ്കിലും ന്യൂനപക്ഷങ്ങളുമായി വലിയ തരത്തിലുള്ള അകൽച്ച ഇതുമൂലം പാർട്ടിക്കുണ്ടായെന്നാണ് സൂചന. കൂട്ടായ പ്രവർത്തനത്തിന്റെ അഭാവവും പലയിടങ്ങളിലും പിന്നോട്ടടിച്ചു. പല സ്ഥലങ്ങളിലും ആർഎസ്എസ് നേരിട്ട് പ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും അതിന്റെ ഫലം കാണാനുമായില്ല. ഇതിനെല്ലാം കാരണം വിമത ശബ്ദങ്ങളാണെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ കേരള രാഷ്ട്രീയത്തിന്റെ ഗതിയെ നിർണയിക്കാൻ ബിജെപി പ്രാപ്തമായതിന്റെ തുടക്കമാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് ആർ എസ് എസ് പോലും വിലയിരുത്തുന്നു. ഇടതു വലതു മുന്നണികളുടെ മുഖ്യ ശത്രുവായി ബിജെപി ഉയർന്നുവന്നു എന്നുമാത്രമല്ല. ശക്തികേന്ദ്രങ്ങളിൽ ബിജെപി കരുത്തു തെളിയിച്ചുവെന്നാണ് ആർ എസ് എസ് ബുദ്ധിജീവിയായി അറിയപ്പെടുന്ന ഡോ ജയപ്രസാദ് ജന്മഭൂമിയിലെ ലേഖനത്തിൽ വിശദീകരിക്കുന്നത്.

ഏതാണ്ട് ഒരുപോലെ നല്ല പ്രകടനം കാഴ്ചവച്ചു. 2015 ത്രിതല പഞ്ചായത്തിലും മുനിസിപ്പൽ കോർപ്പറേഷനിലുമായി ബിജെപിയുടെ 1244 ജനപ്രതിനിധികളാണ് വിജയിച്ചത്. ഇത്തവണ അതിൽ വൻ വർധനവാണുണ്ടായത്. പതിനാലു ഗ്രാമ പഞ്ചായത്തുകളിലും പാലക്കാടു നഗരസഭയിലുമാണ് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ 2015ൽ കഴിഞ്ഞത്. തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ നൂറ് സീറ്റുകൾ ഉള്ളതിൽ 34 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ഭരണം നിലനിർത്തുകയും തിരുവനന്തപുരത്ത് അധികാരത്തിലേക്ക് വരേണ്ടതും ബിജെപിയുടെ മുഖ്യ ലക്ഷ്യമായിരുന്നു. സ്വാഭാവികമായും ബിജെപിയുടെ വിജയത്തെ എന്തുവിലകൊടുത്തും തടയുക എന്ന് എൽഡിഎഫ്, യുഡിഎഫ് സംയുക്ത അജണ്ടയെ പരാജയപ്പെടുത്തുക എന്നതും ബിജെപിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. അതിൽ ബിജെപി വിജയിച്ചു എന്നതാണ് തെരഞ്ഞെടുപ്പിന്റെ പ്രസക്തി.-ഇതാണ് ജയപ്രസാദിന്റെ വിശദീകരണം.

ഒരു തിരുത്തൽ ശക്തിയായി കേരള രാഷ്ട്രീയത്തിന് ദിശാബോധം നൽകാൻ ബിജെപിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കൂടുതൽ കരുത്തോടെ മുന്നേറാൻ തയ്യാറെടുക്കേണ്ടതുണ്ട്. അതാണ് ഇന്നത്തെ ആവശ്യം. ചുരുക്കത്തിൽ 2020ലെ തെഞ്ഞെടുപ്പിൽ ബിജെപിയാണ് മാൻ ഓഫ് ദി മാച്ച്-ഇങ്ങനെയാണ് ജയപ്രസാദ് ബിജെപി നേട്ടത്തെ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP