Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2010ൽ വി എസ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്; 2015ൽ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനും; പിണറായി മാജിക്കിൽ സിപിഎം അതിജീവിച്ചത് സ്വർണ്ണ കടത്തിൽ പൊതിഞ്ഞ സർക്കാർ വിരുദ്ധ വികാരത്തെ; വികസന ചർച്ചയുമായി മുമ്പോട്ട് പോയി തുടർഭരണം ഉറപ്പാക്കും: ഇനി പിണറായി സ്റ്റൈലിനെ അംഗീകരിക്കേണ്ട കാലം

2010ൽ വി എസ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്; 2015ൽ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനും; പിണറായി മാജിക്കിൽ സിപിഎം അതിജീവിച്ചത് സ്വർണ്ണ കടത്തിൽ പൊതിഞ്ഞ സർക്കാർ വിരുദ്ധ വികാരത്തെ; വികസന ചർച്ചയുമായി മുമ്പോട്ട് പോയി തുടർഭരണം ഉറപ്പാക്കും: ഇനി പിണറായി സ്റ്റൈലിനെ അംഗീകരിക്കേണ്ട കാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി താരം പിണറായി വിജയൻ. ഭരണത്തിലും പാർട്ടിയിലും എല്ലാം പിണറായി തീരുമാനിക്കും. സ്വർണ്ണ കടത്തിനേയും അഴിമതി ആരോപണങ്ങളേയും അവഗണിച്ച് മുമ്പോട്ട് പോകും. കെ ഫോൺ എത്രയും വേഗം അവതരിപ്പിക്കുകയാകും ലക്ഷ്യം. അങ്ങനെ വീണ്ടും ഭരണ തുടർച്ചയിലേക്ക് കാര്യങ്ങളെത്തിക്കും.

ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞു. എന്നാൽ പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ പാർട്ടി കരുത്തു കാട്ടി. സിപിഎം കേന്ദ്ര നേതൃത്വം പോലും ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വത്തിലും കേരളാ ഘടകത്തിന് ഇനി കൂടുതൽ പ്രാധാന്യം കിട്ടും. ഭരണ തുടർച്ചയിലേക്ക് കേരളത്തെ നയിക്കാൻ പിണറായിക്ക് കഴിയുമെന്ന് സമ്മതിക്കേണ്ടിയും വരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും നേടി വൻവിജയം കൊയ്ത യുഡിഎഫ്, 2020ലും ജയം ആവർത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചുപറഞ്ഞു. സ്വർണ്ണ കടത്തും സ്വപ്‌നാ സുരേഷും വന്നതോടെ പ്രതീക്ഷ കൂടുകയും ചെയ്തു. എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കുന്നതാണ് സിപിഎം നേട്ടം. പിണറായിയുടെ ശൈലിയെ കുറ്റപ്പെടുത്തിയായിരുന്നു കോൺഗ്രസിന്റെ പ്രചരണം. എന്നാൽ ഈ ശൈലി ജനങ്ങൾ അംഗീകരിച്ചുവെന്ന് ഇനി സമ്മതിക്കേണ്ടി വരും.

സിപിഎമ്മിലെ എതിർ ശബ്ദങ്ങളേയും പിണറായിക്ക് ഇനി കണക്കിലെടുക്കാതെ മുമ്പോട്ട് പോകാം. പിണറായിയെ വിമർശിച്ച സിപിഎമ്മിലെ നേതാക്കളെല്ലാം ഇനി ഭയപ്പാടിന്റെ വഴിയിലൂടെയാകും മുമ്പോട്ട് പോകുക. ജോസ് കെ മാണിയെ മുന്നണിയിൽ എടുത്തതിനെ വിമർശിച്ച ഇടതു നേതാക്കളുടേയും വായടപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. തദ്ദേശത്തിൽ 2020ൽ 2010 ആവർത്തിക്കുമെന്ന് അവകാശപ്പെട്ട യുഡിഎഫ് നേതൃത്വത്തിനേറ്റ പ്രഹരം വലുതാണ്.

'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് ഇത്തവണ ജനവിധി തേടിയത്. പ്രാദേശിക വിഷയങ്ങളേക്കാൾ ഉപരി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സർക്കാരിലെ ഉന്നതരടക്കം സംശയത്തിന്റെ മുൾമുനയിൽ ആയപ്പോൾ ഉടലെടുത്ത ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് ഏവരും കരുതി. എന്നാൽ സംഘടനയെ ചലിപ്പിച്ച് ഇതിനെ പിണറായി മറികടന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം സംസ്ഥാന നേതാക്കൾ നേരിട്ടുള്ള പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന് സിപിഎം എല്ലാം പ്രദേശിക വിഷയങ്ങൾ ചർച്ചയാക്കി.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മികവും വ്യക്തി പരിചയവും നേട്ടമാക്കി. അങ്ങനെ അവർ ജയിച്ചു കയറി. സർക്കാരിനൊപ്പം എന്ന് ജനങ്ങൾ വ്യക്തമാക്കിയ ജനവിധിയാണ് ഇത്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരാണ് ജനവികാരം എന്നാണ് വോട്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. എൽഡിഎഫിന്റെ തുടർഭരണം വരണം എന്നുകൂടിയാണ് ജനങ്ങൾ വിധിച്ചിരിക്കുന്നത്-ഇതാണ് ജയത്തോടുള്ള സിപിഎം പ്രതികരണം.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നടിഞ്ഞില്ലെങ്കിലും 2010ലെ വൻ തോൽവിയിൽനിന്നു തിരിച്ചുവന്ന എൽഡിഎഫിനായിരുന്നു മേധാവിത്തം. എന്നാൽ 2020ൽ ഉയർന്നു പൊങ്ങുന്ന ആരോപണങ്ങളിലൂടെ ഇടതുമുന്നണിയെ കറക്കിവീഴ്‌ത്താമെന്ന യുഡിഎഫ് പ്രതീക്ഷ തദ്ദേശ ജനവിധി തെറ്റിച്ചു. ബിജെപിക്കും മുമ്പോട്ട് കുതിക്കാനായില്ല. പ്രചാരണത്തിനു നേരിട്ടിറങ്ങാതെ പിണറായിയിലെ വസതിയിൽ കഴിഞ്ഞാലും ഐതിഹാസിക ജയം കുറിക്കുമെന്ന പിണറായി വിജയന്റെ ആത്മവിശ്വാസം യാഥാർഥ്യമായി.

സ്വർണക്കടത്ത് വിവാദം മുതൽ സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പ്രതിഫലിച്ച ചർച്ചകൾ ഒന്നും ഫലം കണ്ടില്ല. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സെക്രട്ടറിയുടെ കൂടി ചുമതല വഹിക്കേണ്ടി വന്ന എൽഡിഎഫ് കൺവീനർ എ.വിജയരാഘവനും അഭിമാനിക്കാൻ ഏറെ. യുഡിഎഫിന്റെ കോട്ടകൊത്തളങ്ങൾ തകർത്ത എൽഡിഎഫ് തേരോട്ടത്തിൽ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക് പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി. ആറ് കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ് മുന്നിലെത്തി. മുനിസിപ്പാലിറ്റികളിൽമാത്രമാണ് അൽപ്പമെങ്കിലും യുഡിഎഫ് പിടിച്ചുനിന്നത്. എൽഡിഎഫ്- 35, യുഡിഎഫ്- 45. ബിജെപി- 2.

പകുതിയിലേറെ ഗ്രാമപഞ്ചായത്തിലും എൽഡിഎഫാണ് വിജയിച്ചത്. 2015ൽ 535 പഞ്ചായത്തിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 514 ഇടത്ത് ഭൂരിപക്ഷം നേടി. യുഡിഎഫിന് 377. ബിജെപി 23ൽ മുന്നിലെത്തി. കഴിഞ്ഞതവണ 91 ബ്ലോക്ക് പഞ്ചായത്ത് നേടിയ എൽഡിഎഫ് ഇത്തവണയത് 108 ആക്കിയപ്പോൾ യുഡിഎഫിന് ഭൂരിപക്ഷം 44 ഇടത്തുമാത്രം. ആകെയുള്ള 2080 ബ്ലോക്ക് ഡിവിഷനിൽ 1267ഉം 331 ജില്ലാഡിവിഷനിൽ 211ഉം എൽഡിഎഫിനൊപ്പംനിന്നു. അപവാദ പ്രചാരകർക്കും വികസനവിരുദ്ധർക്കും കാലം കാത്തുവച്ച മറുപടിയായി കേരളത്തിന്റെ ജനവിധിയെന്ന് സിപിഎം പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം എൽഡിഎഫിനും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിനുമുള്ള ജനകീയ അംഗീകാരമായി. ഭരണവിരുദ്ധ വികാരം ദൃശ്യമാകാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായി ഫലം. 2015ലേതിനേക്കാൾ ഉശിരാർന്ന വിജയമാണ് നാലരവർഷമായി അധികാരത്തിലുള്ള സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽഡിഎഫ് സ്വന്തമാക്കിയതെന്നും സിപിഎം അവകാശപ്പെടുന്നു.

ഭരണവിരുദ്ധ വികാരമെന്ന പതിവ് മാറ്റിയാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന മുന്നണി തൊട്ടു പിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അനുഭവം. 2010ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. 2015ലാകട്ടെ യുഡിഎഫ് ഭരണത്തിൽ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫ് നേടി.

എന്നാൽ, 2015ൽ നേടിയതിനേക്കാൾ നാല് ജില്ലയിൽക്കൂടി ഇടതുഭരണം ഉറപ്പിച്ചാണ് ഇത്തവണത്തെ തദ്ദേശ ജനവിധി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർവിരുദ്ധ വികാരമാണ് പ്രതിഫലിക്കാറ്. ഈ പതിവ് ഇത്തവണ ജനങ്ങൾ മാറ്റിയെഴുതി. രാഷ്ട്രീയ മാറ്റത്തിന്റെ മിന്നലാട്ടം പ്രകടമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തൂത്തുവാരിയതോടെ മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മേൽക്കൈ ലഭിക്കുമെന്ന് വ്യക്തമായി-എന്നും സിപിഎം പറയുന്നു.

2010ൽ 978 ഗ്രാമപഞ്ചായത്തിൽ 582 എണ്ണവും ജില്ലാ പഞ്ചായത്തുകളിൽ എട്ട് എണ്ണവും 60 നഗരസഭയിൽ 39 എണ്ണവും യുഡിഎഫിനായിരുന്നു. മാസങ്ങൾക്കകം നിയമസഭയിലേക്കും യുഡിഎഫുതന്നെ വിജയിച്ചു. 2015ൽ 941 ഗ്രാമപഞ്ചായത്തിൽ 580, ജില്ലാ പഞ്ചായത്തിൽ ഏഴ്, 87 നഗരസഭയിൽ 48, ആറ് കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ് വിജയിച്ചു. പിന്നാലെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയം കൊയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP