Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾ

മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മലബാർ മേഖലയിൽ കോൺഗ്രസ് അൽപ്പെമെങ്കിലും പിടിച്ചു നിന്നത് മുസ്ലിംലീഗിന്റെ മെച്ചത്തിലായിരുന്നു. ലീഗിന്റെ ഊർജ്ജമാണ് മലബാറിലെ ജില്ലകളിൽ കോൺഗ്രസിന് നേട്ടമായി മാറിയത്. എന്നാൽ, മധ്യ തിരുവിതാംകൂറിലും തെക്കൻ കേരളത്തിലും കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ ശരിക്കും പിഴച്ചു. ഇവിടെ ജോസഫ് വിഭാഗം ദുർബ്ബലമായപ്പോൾ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കോട്ടയവും പത്തനംതിട്ടയും മുന്നണിക്ക് നഷ്ടമായതും വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമായി മാറി. യുഡിഎഫിന്റെ ദയനീയ അവസ്ഥയിൽ കോൺഗ്രസിനെതിരെയാണ് ലീഗും കേരളാ കോൺഗ്രസും വിരൽചൂണ്ടുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ യുഡിഎഫിന് തിരച്ചടി നേരിട്ടെങ്കിലും ലീഗിന്റെ സ്വാധീനമേഖലകൾ ഭദ്രമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എല്ലാ ജില്ലകളിലെയും പാർട്ടിയുടെ സ്വാധീനമേഖല ഭദ്രമാണ്. കോൺഗ്രസും യു.ഡി.എഫും പരിശോധിക്കേണ്ട വിഷയങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ ലീഗ് കുറഞ്ഞ സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. അവിടെ എന്ത് സംഭവിച്ചു എന്നുള്ളത് പ്രത്യേകം പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിനെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഈ വാക്കുകൾ.

അതേസമയം കോൺഗ്രസിലെ പരസ്യമായി കുറ്റപ്പെടുത്തി കൊണ്ടാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തുവന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്ന് പി.ജെ ജോസഫ്. രണ്ട് സീറ്റുകളിൽ കോൺഗ്രസ് കാലുവാരി. എന്നാലും പ്രകടനം മോശമാക്കിയില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പി.ജെ ജോസഫിന്റെ പ്രതികരണം. യു.ഡി.എഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചു. ഇടുക്കിയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഐക്യം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. പി.ജെ ജോസഫിന്റെ ശക്തികേന്ദ്രമെന്ന് വിലയിരുത്തിയ ഇടുക്കിയിൽ 10 വർഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു.

പാലയിൽ ജോസ് കെ മാണിക്ക് സമ്പൂർണ ജയം അവകാശപ്പെടാനാകില്ലെന്ന് പി.ജെ ജോസഫ്. അഞ്ച് ജില്ലാ പഞ്ചായത്തിൽ നാലിലും ഞങ്ങൾ ജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ മൂന്നും രണ്ടിലയെ തോൽപ്പിച്ചാണ് ജയിച്ചത്. കുറവ് വന്നിരിക്കുന്നത് കോൺഗ്രസിന്റെ സീറ്റിലാണ്. പാല മുനിസിപ്പാലിറ്റിയിൽ ഞങ്ങളുടെ മുന്നണി ഒൻപതും നേടി. ഇടുക്കി ജില്ലാ പഞ്ചായത്തിൽ അഞ്ചിൽ നാലും നേടി. പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതിൽ കേരളാ കോൺഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ ജോസ് കെ മാണിയുമായി മത്സരിച്ചതിൽ തങ്ങൾ വിജയിച്ചുവെന്നും പി.ജെ ജോസഫ്. തങ്ങൾ തോറ്റിടത്തെല്ലാം നിസാര വോട്ടുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വരും ദിവസങ്ങളിൽ മുന്നണിയിലെ തോൽവി വലിയ ചർച്ചകൾക്ക് ഇടയാക്കുമെന്നത് ഉറപ്പാണ്. അതേസമയം തെരഞ്ഞെടുപ്പിലെ ജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചപ്രകടനം നടത്താൻ യുഡിഎഫിന് കഴിഞ്ഞതായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എല്ലാ കോർപ്പറേഷനുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിധി ഗൗരവപൂർണമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് എൽഡിഫ് നടത്തിയത്. തെരഞ്ഞടുപ്പ് വേളയിൽ ഒരിക്കൽ പോലും നാടിന്റെ വികസനത്തെ പറ്റിപ്പറയാൻ എൽഡിഎഫ് തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. പാലക്കാട് മുൻസിപ്പാലിറ്റിയിൽ നിന്ന് വ്യത്യസ്തമായി പന്തളം മുൻസിപ്പാലിറ്റിയാണ് മാത്രമാണ് അവർക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങളും സിപിഎമ്മും ധാരണയുണ്ടാക്കിയെന്ന് ബിജെപി പ്രസിഡന്റിന്റെ ആരോപണം ജനം വിശ്വസിക്കില്ല. 2010ൽ മാത്രമാണ് യുഡിഎഫിന് തദ്ദേശതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞത്. ഫലം വിലയിരുത്തുന്നതിനായി നാളെ രാഷ്ട്രീയ കാര്യസമിതി ചേരും. അവിടെ ആത്മപരിശോധന നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായ സ്വാധീനവും കുടുംബപരമായ സ്വാധീനവുമാണ് തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. അതാണ് ഉണ്ടായിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല. ലോക്സഭയിൽ മിന്നുന്ന വിജയമാണ് ഉണ്ടായത്്.അത് രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പായിരുന്നു. ബിജെപി പൂർണപരാജയമായി. കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചിട്ടും ഈ തെരഞ്ഞടുപ്പിൽ മുന്നേറാനായില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP