Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രചരണ മൂർദ്ധന്യത്തിൽ അവധിയെടുത്ത സെക്രട്ടറി; സ്വപ്‌നയും ശിവശങ്കറും രവീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പ് വേറെ; ലൈഫ് മിഷനേയും കെ ഫോണിനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലിലേക്ക് സിപിഎം; ജോസ് കെ മാണിയെ മുന്നണിയിലെത്തിച്ചത് വജ്രായുധമായി; ഇനി ലക്ഷ്യം ഭരണ തുടർച്ച മാത്രം; തദ്ദേശത്തിലെ യഥാർത്ഥ വിജയി സിപിഎമ്മും പിണറായിയും തന്നെ

പ്രചരണ മൂർദ്ധന്യത്തിൽ അവധിയെടുത്ത സെക്രട്ടറി; സ്വപ്‌നയും ശിവശങ്കറും രവീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പ് വേറെ; ലൈഫ് മിഷനേയും കെ ഫോണിനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലിലേക്ക് സിപിഎം; ജോസ് കെ മാണിയെ മുന്നണിയിലെത്തിച്ചത് വജ്രായുധമായി; ഇനി ലക്ഷ്യം ഭരണ തുടർച്ച മാത്രം; തദ്ദേശത്തിലെ യഥാർത്ഥ വിജയി സിപിഎമ്മും പിണറായിയും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നുണ പ്രചരണങ്ങളെയും അപവാദകഥകളേയും തള്ളി ജനം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നപ്പോൾ കേരളം വീണ്ടും ചുവന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയത്തോടെ ഇടതുതരംഗമാണെവിടേയും. ഇതോടെ സിപിഎം നയിക്കുന്ന മുന്നണിക്ക് കരുത്തു കൂടും. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാർട്ടിയിലും ഭരണത്തിലും ഇനി പിണറായിക്ക് ശക്തി കൂടും. അങ്ങനെ തുടർഭരണ ലക്ഷ്യവുമായി ഇടതു ഭരണം ഇനി തുടരും.

തന്ത്രങ്ങളിലൂടെ ഇടതു പക്ഷം നേടി. കേരളാ കോൺഗ്രസിനെ മുന്നണിയിൽ കൊണ്ടുവന്ന രാഷ്ട്രീയ നീക്കം വിജയിച്ചു. ജനതാദള്ളിലെ വീരേന്ദ്രകുമാർ വിഭാഗമായ എൽജെഡിയുടെ വരവും ഗുണം ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനങ്ങളാണ് ജയിക്കുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ എതിർത്താണ് കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്തുകൊണ്ടുവന്നത്. അത് വിജയിക്കുമ്പോൾ സിപിഎമ്മിന് ഇരട്ടി ആഹ്ലാദമാണ്. മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ നേട്ടവും. ഇടതുപക്ഷത്ത് ഇനി ആരുടേയും ചോർച്ചയുണ്ടാകില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു.

ശബരിമലയിലെ വിഷയങ്ങൾ ജനം മറന്നുവെന്ന് സിപിഎമ്മിന് ഉറപ്പിക്കാം. ഇതിനൊപ്പം സ്വർണ്ണ കടത്തിലെ ആരോപണങ്ങളേയും പ്രതിരോധിക്കാം. ജില്ലാ പഞ്ചായത്തിലേയും ബ്ലോക്കിലേയും വിജയങ്ങൾ രാഷ്ട്രീയ നേട്ടമായി തന്നെ സിപിഎമ്മിന് വിലയിരുത്താം. സ്വർണ്ണ കടത്തിൽ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ഇത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അവധിയെടുത്ത് മാറേണ്ട അസാധാരണ സാഹചര്യം പോലും സിപിഎമ്മിന് തിരിച്ചടിയുണ്ടാക്കിയില്ല. കേരളാ കോൺഗ്രസിന്റെ കടന്നു വരവോടെ മധ്യ കേരളത്തിലും കരുത്ത് കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എൽഡിഎഫ് മുന്നോട്ട് പോകുമ്പോൾ അത് മുന്നണിയുടെ അടിത്തറയും കൂട്ടും. വലതു പക്ഷത്ത് പ്രശ്‌നങ്ങൾ കൂട്ടും. നേതൃത്വത്തിനെതിരെ വിമർശനം ഉയരും. ഇതെല്ലാം ഭാവിയിലും ഇടതു പക്ഷത്തിന് കരുത്തായി മാറും. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയായി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ വലിയ വിജയം നേടിയ എൽഡിഎഫ് കോർപറേഷനിൽ ആധിപത്യം നേടി. നഗരസഭകളിൽ യുഡിഎഫിനൊപ്പമെത്തുന്ന പ്രകടനം കാഴ്ചവച്ചു.

സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ മുന്നേറ്റം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകൾ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.

ഇത്രയും നേട്ടം ഇടതുപക്ഷവും പ്രതീക്ഷിച്ചിരുന്നില്ല. വിവാദങ്ങളിൽപ്പെട്ട് നട്ടം തിരിഞ്ഞ എൽഡിഎഫിന് വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രിയുടെ മേധാവിത്വം ഉറപ്പിക്കുന്നതായി വിജയം. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജമാണ് വിജയത്തിലൂടെ ലഭിക്കുന്നത്. വിവാദങ്ങളിൽ ഇനി കേന്ദ്ര നേതൃത്വും പിണറായിയെ ഭയപ്പെടുത്താൻ എത്താറില്ല. സ്വസ്ഥതയോടെ അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷത്തിനും ഇനി കഴിയില്ല. സ്വർണ്ണ കടത്തിലെ ആരോപണങ്ങൾ ജനം തള്ളിയെന്ന് അവർക്ക് ആത്മവിശ്വാസത്തോടെ പറയാം.

തുടർഭരണമെന്ന സ്വപ്നം സജീവമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനം തള്ളിയതായും തുടർഭരണമുണ്ടാകുമെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. രാഷ്ട്രീയമായി വേട്ടയാടുന്ന കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാനുള്ള ജനകീയ വിധിയാണ് ലഭിച്ചിരിക്കുന്നതെന്നു മുന്നണി കരുതുന്നു. ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകാത്തതും സിപിഎമ്മിന് ആശ്വാസമാണ്. എല്ലാത്തിലും ഉപരി സ്വർണ്ണ കടത്തിലെ ആരോപണങ്ങളെ ഇനി പിണറായിക്ക് പ്രതിരോധിക്കാം. ലൈഫ് മിഷനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് ഈ വിജയമെന്നും സിപിഎം വിശദീകരിക്കും.

വിജയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ നീക്കത്തെ ശക്തമായി തടയാനാണ് പാർട്ടിയുടെ ശ്രമം. സ്വർണക്കടത്തുകേസിലൂടെ സർക്കാർ അഴിമതിയുടെ കുഴിയിൽ വീണെന്ന പ്രചാരണം ജനം തള്ളിയതായി പാർട്ടിക്ക് അവകാശപ്പെടാം. സ്വന്തം വകുപ്പിലെ ആരോപണങ്ങളുടെ പേരിൽ പഴികേൾക്കേണ്ടിവന്ന മുഖ്യമന്ത്രിക്ക് ആശ്വാസമാണ് വിജയം. ആരോപണങ്ങൾ ജനം തള്ളുമെന്നും വികസനനേട്ടങ്ങൾക്ക് അംഗീകാരം നൽകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമായി. കെ ഫോൺ അടക്കമുള്ള ജനകീയ പദ്ധതികളുമായി കേരളം വീണ്ടും പിടിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് പാർട്ടിയെ എത്തിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെയാണ് കോടിയേരി അവധിയിൽ പോകുന്നത്. അത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടും സിപിഎമ്മിന് പോറൽ പോലും ഏറ്റില്ല. മിന്നും വിജയം നേടി. പാർട്ടി സെക്രട്ടറിയുടെ മാറ്റമോ, കോടിയേരിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളോ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനും അഭിമാനിക്കാം. കരുതലോടെ മുന്നണിയെ നയിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. സിപിഐയേയും തഞ്ചത്തിൽ കൊണ്ടു പോയി. കേരളാ കോൺഗ്രസ് നേട്ടമായി മാറുന്നതും സിപിഎമ്മിന് ആശ്വസിക്കാം. പാലയുൾപ്പെടെ ഇനി ജോസ് കെ മാണിക്ക് കൊടുക്കാം.

ജോസ്.കെ.മാണി വിഭാഗത്തെ കൂടെകൂട്ടിയത് ന്യായീകരിക്കാവുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ എൽഡിഎഫിന്റെ നേട്ടത്തിനു പിന്നിൽ ജോസ് പക്ഷം വലിയ സംഭാവന അവകാശപ്പെടും. പാലാ നഗരസഭ പിടിക്കാനായത് ശ്രദ്ധേയ നേട്ടമായി. വികസനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനൊരുങ്ങുകയാണ് മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാരിന്റെ വൻകിട പദ്ധതികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP