Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്‌ളാറ്റിൽ നിന്നും വീട്ടമ്മ വീണു മരിച്ച സംഭവത്തിൽ ഇംതിയാസും കുടുംബവും ഉരുണ്ടു കളിക്കുന്നത് തുടരുന്നു; മൊഴികൾ പരിശോധിച്ച ശേഷം കൊലപാതക കുറ്റത്തിന് കേസെടുത്തേക്കും; അടിമവേല ചെയ്യിച്ചെന്ന കേസും ഫ്‌ളാറ്റുടമയ്‌ക്കെതിരെ ചുമത്തി; കുമാരിയുടെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോയി; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ

ഫ്‌ളാറ്റിൽ നിന്നും വീട്ടമ്മ വീണു മരിച്ച സംഭവത്തിൽ ഇംതിയാസും കുടുംബവും ഉരുണ്ടു കളിക്കുന്നത് തുടരുന്നു; മൊഴികൾ പരിശോധിച്ച ശേഷം കൊലപാതക കുറ്റത്തിന് കേസെടുത്തേക്കും; അടിമവേല ചെയ്യിച്ചെന്ന കേസും ഫ്‌ളാറ്റുടമയ്‌ക്കെതിരെ ചുമത്തി; കുമാരിയുടെ മൃതദേഹം നാട്ടിലെക്ക് കൊണ്ടുപോയി; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്നും താഴെവീണു വീട്ടുവേലക്കാരി മരിച്ച കേസിൽ തുടക്കം മുതൽ തന്നെ അട്ടിമറി ശ്രമങ്ങളാണ് നടന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയ കുടുംബത്തിന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണ് ഫ്‌ളാറ്റുടമ ഇംതിയാസ് അഹമ്മദും കടുംബവും ചെയ്തിരുക്കുന്നത്. ആരും ചോദിക്കാനും പറയാനുമില്ലെന്ന ധാർഷ്ട്യത്തിൽ വേലക്കാരിയെ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു ഇയാൾ. ഇതിനിടെ പൂട്ടിയിട്ട വീട്ടിൽ നിന്നും രക്ഷപെടാൻ ശ്രമിക്കവേ അപകടത്തിൽ പെട്ടാണ് തമിഴ്‌നാട് സ്വദേശി രാജകുമാരി എന്ന കുമാരി(55) മരിച്ചത്.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഫ്‌ളാറ്റുടമക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തേക്കും. അതേസമയം ഫ്‌ളാറ്റുടമയ്‌ക്കെതിരെ ഭീഷണിപ്പെടുത്തി അടിമവേല ചെയ്യിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇവരെ അന്യായമായി വീട്ടുതടങ്കലിൽ വച്ചതിനെതിരെ ഫ്‌ളാറ്റുടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. സംഭവത്തിൽ വനിതാകമ്മിഷൻ ഇടപെട്ടതോടെയാണു പുതിയ വകുപ്പു കൂടി ചേർത്തു പൊലീസ് കേസെടുത്തത്. ഇംതയാസിന്റെ മൊഴിയെടുക്കാൻ പൊലീസ് വീണ്ടും ഒരുങ്ങുകയാണ്. ഇയാൾ സ്ഥളത്തു നിന്നും മാറിയെന്നും ഫോണിൽ കിട്ടുന്നില്ലെന്നും അന്വേഷണച്ചുമതലയുള്ള സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്.വിജയശങ്കർ പറഞ്ഞു.

കുമാരിയുടെ മൃതദേഹം എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. തൊഴിൽവകുപ്പ് ഏർപ്പെടുത്തി നൽകിയ ആംബുലൻസിലാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. സംസ്‌കാരം ഇന്നു നടത്തുമെന്നു ബന്ധുക്കൾ പറഞ്ഞു. ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ച രാജകുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ഗുരുതര ആരോപണങ്ങളുന്നയിച്ചു. കാഴ്ചയില്ലാത്ത തന്നെ ഫ്‌ളാറ്റുടമയുടെ അടുപ്പക്കാർ വഞ്ചിച്ചുവെന്നും ചില പേപ്പറുകളിൽ നിർബന്ധപൂർവം വിരലടയാളം പതിച്ചു വാങ്ങിയെന്നും ശ്രീനിവാസൻ പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാം എന്നു വാഗ്ദാനം ചെയ്താണു വിരലടയാളം പേപ്പറുകളിൽ പതിച്ചു കൊണ്ടുപോയത്. ഫ്‌ളാറ്റുടമയുമായി അടുപ്പമുള്ളയാളെത്തി ആശുപത്രിച്ചെലവും മറ്റു ചെലവുകളും തീർക്കാമെന്നും മൃതദേഹം നാട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്തു. കേസ് കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ പേപ്പറുകളിൽ വിരലടയാളം പതിച്ചു വാങ്ങിയ ശേഷം ഫ്‌ളാറ്റുടമയേയോ സഹായം വാഗ്ദാനം ചെയ്തു സമീപിച്ച ആളെയോ കണ്ടിട്ടില്ല അദ്ദേഹം പറഞ്ഞു.

ഭാര്യയെ ഫ്‌ളാറ്റുടമ വീട്ടുതടങ്കലിലാക്കിയതാണെന്ന ആരോപണം ശ്രീനിവാസൻ ആവർത്തിച്ചു. ബുറെവി ചുഴലിക്കാറ്റിനെ തുടർന്നാണു ഭാര്യയോടു നാട്ടിലേക്കു മടങ്ങി വരാൻ പറഞ്ഞത്. എന്നാൽ അഡ്വാൻസായി വാങ്ങിയ 10,000 രൂപ നൽകാതെ പോകാൻ കഴിയില്ലെന്നു വീട്ടുടമസ്ഥൻ പറഞ്ഞു. തുടർന്ന് ഈ പണം അക്കൗണ്ട് വഴി അയച്ചു നൽകി. എന്നാൽ പണം ലഭിച്ചിട്ടും ഇവരെ പുറത്തുവിടാൻ ഫ്‌ളാറ്റുടമ തയാറായില്ല. സിറ്റി കമ്മിഷണർക്കു പരാതി നൽകുമെന്നും ശ്രീനിവാസൻ അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ശ്രീനിവാസനും ബന്ധുക്കളും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ കൊച്ചിയിൽ നരകയാതന അനുഭവിക്കുകയായിരുന്നുവെന്നു ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു.

കുമാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർക്കു കുമാരിയുടെ സഹോദരൻ കടലൂർ സ്വദേശി കൊലഞ്ചി വീരസ്വാമി പരാതി നൽകി. ഡിസംബർ 5ന് കുമാരിയുടെ ഭർത്താവായ ശ്രീനിവാസനെ ഫ്‌ളാറ്റുടമ ഫോണിൽ വിളിച്ചു കുമാരി അടുക്കള ജനൽ വഴി സാരി കെട്ടി താഴേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണു ബോധരഹിതയായെന്ന് അറിയിക്കുകയായിരുന്നുവെന്നു പരാതിയിലുണ്ട്. ആശുപത്രിയിലെത്തിയ ബന്ധുക്കളെ കുമാരിയെ കാണാൻ അനുവദിച്ചില്ല. 12ന് കുമാരി മരിച്ച വിവരമാണ് അറിയിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.

കുമാരിയുടെ മരണത്തിൽ പുനരന്വേഷണം വേണമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. ഫ്‌ളാറ്റുടമ ഇതിനു മുൻപു 14 വയസ്സുള്ള കുട്ടിയെ വീട്ടിൽ നിർത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. അന്നും ദുർബലമായ വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസെടുത്തതെന്നും ജോസഫൈൻ പറഞ്ഞു. കുമാരിയുടെ മരണത്തിനിടയാക്കിയ സംഭവം നടന്ന കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റ് സന്ദർശിച്ച എം.സി.ജോസഫൈനും കമ്മിഷൻ അംഗം ഷിജി ശിവജിയും കെയർടേക്കറിൽ നിന്നു നേരിട്ടു തെളിവെടുത്തു. സെൻട്രൽ പൊലീസ് എസ്എച്ച്ഒയിൽ നിന്നു റിപ്പോർട്ട് തേടിയതിനു പുറമേ ഇന്നലെ വൈകുന്നേരത്തോടെ സ്റ്റേഷനിൽ നേരിട്ടെത്തിയും നടപടികൾ വിലയിരുത്തി.

ആദ്യ ദിവസങ്ങളിൽ കേസെടുക്കാത്തതിൽ വിവിധ കോണുകളിൽനിന്ന് ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ സംഭവം നടന്ന് അഞ്ചാം ദിവസമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇംതിയാസിനെതിരേ മുന്പും ഇത്തരത്തിലുള്ള പരാതികളുണ്ടായിരുന്നുവെന്ന് അയൽവാസികൾ ആരോപിച്ചിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവച്ചിട്ടില്ലെന്നായിരുന്നു ഇംതിയാസും ഭാര്യയും മൊഴി നൽകിയത്. അതേസമയം മോഷണശ്രമത്തിനിടെ അപകടമുണ്ടായതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് ഇംതിയാസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇംതിയാസ് അഹമ്മദിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫിയാണ്. ഇംതിയാസിന്റെയും ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസിന്റെ കാര്യവും തഥൈവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP