Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലിപോയ പതിനായിരത്തിലേറെ അദ്ധ്യാപകർ ഒരാഴ്ചയായി സമരത്തിൽ; സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം തള്ളി അദ്ധ്യാപകർ; ഡൽഹിയിലെ കർഷക സമരം പോലെ ബിജെപി സർക്കാറിനെ വിറപ്പിച്ച് ത്രിപുരയിൽ അദ്ധ്യാപക സമരം

ജോലിപോയ പതിനായിരത്തിലേറെ അദ്ധ്യാപകർ ഒരാഴ്ചയായി സമരത്തിൽ; സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം തള്ളി അദ്ധ്യാപകർ; ഡൽഹിയിലെ കർഷക സമരം പോലെ ബിജെപി സർക്കാറിനെ വിറപ്പിച്ച് ത്രിപുരയിൽ അദ്ധ്യാപക സമരം

മറുനാടൻ മലയാളി ബ്യൂറോ

 അഗർത്തല: ഡൽഹിയിലെ കർഷക സമരം പോലെ ത്രിപുരയിലെ ബിജെപി സർക്കാറിന് വെല്ലുവിളിയായി ത്രിപുരയിൽ അദ്ധ്യാപക സമരവും. സുപ്രീം കോടതി വിധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട ത്രിപുരയിലെ ആയിരക്കണക്കിന് അദ്ധ്യാപകരുടെ അനിശ്ചിതകാല പ്രതിഷേധം ഏഴാം ദിവസത്തിലേക്ക കടക്കയാണ്്. ജോലിയിൽനിന്നു പുറത്താക്കപ്പെട്ട 10,323 അദ്ധ്യാപകരാണ് അഗർത്തലയിൽ പ്രതിഷേധിക്കുന്നത്. പുറത്താക്കിയ അദ്ധ്യാപകരെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ത്രിപുര മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാർ രംഗത്തെത്തി.2011, 2014, 2017 വർഷങ്ങളിൽ അദ്ധ്യാപകരെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്ന് അന്നത്തെ ഇടതുമുന്നണി സർക്കാർ ഈ 10,323 അദ്ധ്യാപകർക്കായി 13,000 തസ്തികകൾ സൃഷ്ടിച്ചിരുന്നെന്ന് മണിക് സർക്കാർ പറഞ്ഞു. പ്രക്ഷോഭത്തിനു പകരം, വിവിധ സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള 9,000 തസ്തികകളിലേക്ക് അപേക്ഷിക്കണമെന്ന മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ നിർദ്ദേശം അദ്ധ്യാപകർ നിരസിച്ചു.

2010ൽ ഇടതുമുന്നണി സർക്കാർ 10,323 അദ്ധ്യാപകരെ റിക്രൂട്ട് ചെയ്തിരുന്നു. നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 10,323 അദ്ധ്യാപകരെ ജോലിയിൽനിന്നും പുറത്താക്കാൻ ത്രിപുര ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെ ചോദ്യം ചെയ്ത് അദ്ധ്യാപകരും സർക്കാരും സുപ്രീം കോടതിയിൽ പ്രത്യേക അവധി അപേക്ഷ നൽകി.എന്നാൽ 2017 ൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. 2018 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ, പുറത്താക്കിയ അദ്ധ്യാപകരെ നിയമ ഭേദഗതിയിലൂടെ വീണ്ടും നിയമിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

പുറത്താക്കപ്പെട്ട അദ്ധ്യാപകർ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. അഗർത്തലയിലെ സിറ്റി സെന്ററിനു മുന്നിലാണു പ്രതിഷേധം. അദ്ധ്യാപകരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ട്. ജസ്റ്റിസ് ഫോർ 10323, അമ്ര 10323, ഓൾ ത്രിപുര അഡ്ഹോക് ടീച്ചേഴ്‌സ് അസോസിയേഷൻ എന്നിങ്ങനെ വ്യത്യസ്ത സംഘടനകൾ അടങ്ങിയ ജോയിന്റ് മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.മൂന്ന് സംഘടനകളിലെയും അംഗങ്ങൾ ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ബിപ്ലബിനെ സന്ദർശിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിൽ അദ്ധ്യാപകരുടെ പരാതികൾ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ 2 മാസമായി സംസ്ഥാന സർക്കാർ പരാതികൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് അദ്ധ്യാപകർ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

'രണ്ട് മാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ പ്രക്ഷോഭം ആരംഭിക്കേണ്ടിവന്നു. ഞങ്ങൾ ഇനി അവരുടെ വാക്കുകൾ വിശ്വസിക്കില്ല. ജോലി നൽകുമെന്ന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നൽകണം. ഞങ്ങളുടെ വീട്ടുചെലവുകൾക്കു പോലും ബുദ്ധിമുട്ടുണ്ട്. സ്ഥിരം ജോലി നൽകുന്നതുവരെ പ്രതിഷേധിക്കും' പ്രതിഷേധക്കാരിൽ ഒരാളായ ഡാലിയ ദാസ് പറഞ്ഞു.തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. 10,323 അദ്ധ്യാപകരിൽ 8,000 ത്തിലധികം പേരെ താൽക്കാലിക അടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു.

9,700 ഗ്രൂപ്പ് സി നോൺ-ടെക്‌നിക്കൽ തസ്തികകളിൽ അപേക്ഷിക്കാനുള്ള അവസരം ഈ അദ്ധ്യാപകർക്ക് നൽകുന്നതിനായി സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കാണിച്ച് ജോയിന്റ് മൂവ്മെന്റ് കമ്മിറ്റി നിർദ്ദേശം നിരസിച്ചു. ജോലി പുനഃസ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അദ്ധ്യാപകരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP