Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബവ്‌കോ നിയമനതട്ടിപ്പിൽ ലക്ഷങ്ങൾ നൽകിയിട്ടും ജോലി കിട്ടാതായപ്പോൾ പരാതിക്കാരൻ വിളിച്ചത് ജനറൽ മാനേജർ മീനാ കുമാരി ടിയെ; തനിക്ക് അറിവുള്ള കാര്യമല്ലെന്ന് മറുപടി; സരിതയെ കോണ്ടാക്റ്റ് ചെയ്തപ്പോൾ മീനാ കുമാരിയെ വിളിച്ചതിൽ അനിഷ്ടം; സംശയമുന നീളുന്നത് ഉന്നത ഉദ്യോഗസ്ഥരിലേക്കും; പരാതിക്ക് ആധാരമായ രേഖകളും മറുനാടന്

ബവ്‌കോ നിയമനതട്ടിപ്പിൽ ലക്ഷങ്ങൾ നൽകിയിട്ടും ജോലി കിട്ടാതായപ്പോൾ പരാതിക്കാരൻ വിളിച്ചത് ജനറൽ മാനേജർ മീനാ കുമാരി ടിയെ; തനിക്ക് അറിവുള്ള കാര്യമല്ലെന്ന് മറുപടി; സരിതയെ കോണ്ടാക്റ്റ് ചെയ്തപ്പോൾ മീനാ കുമാരിയെ വിളിച്ചതിൽ അനിഷ്ടം; സംശയമുന നീളുന്നത് ഉന്നത ഉദ്യോഗസ്ഥരിലേക്കും; പരാതിക്ക് ആധാരമായ രേഖകളും മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബവ്‌കോയിലെ നിയമന തട്ടിപ്പ് 'സ്വർണക്കടത്ത് കേസിലെ സ്വപ്‌ന'യ്ക്ക് പിന്നാലെ സരിതയുടെ രൂപത്തിൽ പിണറായി സർക്കാരിന് ഇരുട്ടടിയാകുന്നു. കോർപറേഷന്റെ പേരിൽ സരിത നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്ന സൂചനകൾ വരുന്നു. ബവ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിലാണ് സരിത അടക്കമുള്ള പ്രതികൾ പണം വാങ്ങിയതെന്ന് പരാതിക്കാരൻ അരുൺ പറയുന്നു. ഇത് വ്യക്തമാക്കുന്ന പരാതിക്ക് ആധാരമായ രേഖകൾ മറുനാടന് ലഭിച്ചു.

സഹോദരൻ ആദർശിന് ജോലി കിട്ടാതായപ്പോൾ അരുൺ മീനാകുമാരിയെ വിളിച്ചു. എന്നാൽ തനിക്ക് ഇത് അറിവുള്ള കാര്യമല്ലെന്നായിരുന്നു മീനാകുമാരിയുടെ മറുപടി. എന്നാൽ, അരുൺ സരിതയെ വിളിച്ചപ്പോൾ മീനാകുമാരിയോട് വിവരം തിരക്കിയതിൽ അനിഷ്ടം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞകാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നു ചോദിച്ചതായും അരുണിന്റെ മൊഴി ഉണ്ട്.

സരിതയും മീനാകുമാരിയും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന സംശയം ഉയർന്നു. പരാതിക്ക് ആധാരമായ രേഖയായി 'അഭിമുഖ കത്തിൽ' ഒപ്പുവച്ചിരിക്കുന്നതും മീന കുമാരി ടി യാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കില്ലാതെ ബവ്‌കോയുടെയും കെടിഡിസിയുടെയും പേരിൽ തട്ടിപ്പു നടത്താനാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ബവ്‌കോയിൽ പിഎസ്‌സി നിയമനം നടക്കുന്ന സമയത്തെ തട്ടിപ്പ് സർക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. ബവ്‌റിജസിൽ പിഎസ്‌സി നിയമനം നടക്കുന്ന സമയത്താണ് തട്ടിപ്പു അരങ്ങേറിയിരിക്കുന്നത്. ഏതായാലും ബവ്‌കോ ജിഎമ്മായ മീനാ കുമാരി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബവ്‌കോ

അതിനിടെ, നിയമന തട്ടിപ്പുനടത്തിയ സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബവ്‌കോ കോർപറേഷൻ എംഡി സർക്കാരിനെ സമീപിച്ചു. എക്‌സൈസ് കമ്മിഷണർ മുഖേനയാണ് എക്‌സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്. വിജിലൻസ് അന്വേഷണം വേണമെന്ന എക്‌സൈസ് വകുപ്പിന്റെ ആവശ്യമടങ്ങിയ ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. എന്നാൽ, വിജിലൻസ് അന്വേഷണ കാര്യത്തിൽ തീരുമാനമായിട്ടില്ല. തങ്ങളുടെ ഒപ്പും മുദ്രയും വ്യാജമായി തയ്യാറാക്കിയെങ്കിൽ ബവ്‌കോ എന്തിന് പൊലീസ് അന്വേഷണത്തിന് മുതിരാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുവെന്ന ചോദ്യവും ഉയരുന്നു.

സരിതയെ രക്ഷിക്കാൻ ഗൂഢാലോചന?

സരിതാ നായരെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് സൂചന. പരാതി പിൻവലിക്കാനും സമ്മർദ്ദം ഉണ്ടായി. ഇതും നടക്കില്ലെന്ന് വന്നതോടെയാണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബർ എട്ടിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേർത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസിൽ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു.

എഫ്‌ഐറിൽ പറയുന്നത്

ഇതുമാത്രമല്ല പ്രതികളുടെ മേൽവിലാസം അറിവായിട്ടില്ല എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പരാതിക്കാരനായ അരുണിന്റെ സഹോദരൻ ആദർശ് എസ് എസിന് കെഎസ്ബിസിയിൽ സ്‌റ്റോർ അസിസ്റ്റന്റായി ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് നെയ്യാറ്റിൻകരഭാഗത്തുള്ള വിവിധ സ്ഥലങ്ങളിൽ വച്ച് പതിനൊന്ന് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ കൈപ്പറ്റിയ ശേഷം ജോലി വാങ്ങി കൊടുക്കാതെ പകരം വ്യാജ ഉത്തരവുകൾ നിർമ്മിച്ച് അസ്സൽ എന്ന പോലെ നൽകി വിശ്വാസ വഞ്ചന നടത്തി നഷ്ടമുണ്ടാക്കി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് പൊലീസ് നടപടികൾ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീർപ്പാക്കാൻ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു. ബവ്റിജസ് കോർപറേഷന്റെയും കെടിഡിസിയുടെയും പേരിൽ വ്യാജ നിയമന ഉത്തരവു നൽകിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സർക്കാർ വകുപ്പുകളും ഇതുവരെ പരാതിയും നൽകിയിട്ടില്ല. ഈ വിവാദം രാഷ്ട്രീയമായി പിണറായി സർക്കാരിന് വിനയാകും. സ്വപ്നാ സുരേഷിനെ പോലെ സരിതയും ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിൽ സജീവമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

കെടിഡിസിയിൽ ഈ തൊഴിൽതട്ടിപ്പു സംഘത്തിന് ഉന്നതബന്ധമുണ്ടെന്നും സൂചനകളുണ്ട്. ബവ്റിജസ് കോർപറേഷനിൽ ചിലർക്കു ജോലി കിട്ടിയതിനു പിന്നിലും ഇവരുണ്ടെന്നും അതെപ്പറ്റിയും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് സരിതയ്ക്കെതിരെ കേസെടുക്കേണ്ടെന്നു സർക്കാരിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നു പൊലീസിൽ സമ്മർദമുണ്ടായതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം എട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും തുടർനടപടി ഉണ്ടായില്ല. കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർത്ഥി ടി. രതീഷ്, പൊതു പ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികൾ. കൂടുതൽ പരാതിക്കാരുണ്ടെങ്കിലും ആരും മുന്നോട്ടു വരാത്തതിന്റെ പിന്നിൽ തട്ടിപ്പു സംഘത്തിന്റെ ഭീഷണിയുണ്ടെന്നും ആരോപണമുയർന്നു.

സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണു പണം നിക്ഷേപിച്ചതെന്നും പരാതിക്കാർ പൊലീസിനോടു പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്.ശബരീനാഥൻ എംഎൽഎ ആവശ്യപ്പെട്ടു. ബവ്റിജസ് ഔട്‌ലെറ്റിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സരിത എസ്.നായരെയാണ് പ്രതി ചേർത്തു കേസെടുത്തത്. ഈ തട്ടിപ്പിനു കൂട്ടു നിൽക്കുന്നത് പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അടക്കമുള്ള സിപിഎം നേതാക്കളാണ്. പിഎസ്‌സി പരീക്ഷയെഴുതി ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ തൊഴിൽ തേടി കാത്തിരിക്കുമ്പോൾ ഈ സർക്കാരിന്റെ കീഴിൽ വൻ തൊഴിൽ തട്ടിപ്പാണ് സംസ്ഥാനത്തു നടന്നു വരുന്നതെന്നും ശബരീനാഥൻ പറഞ്ഞു.

ബെവ്കോ, കെ.ടി.ഡി.സി. എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകൾ നൽകി കബളിപ്പിച്ചതിനാണ് സരിത അടക്കം മൂന്ന് പേർക്കെതിരേ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തത്. ശേഷം കെ.ടി.ഡി.സി.യുടെയും ബെവ്കോയുടെയും പേരിൽ വ്യാജ നിയമന ഉത്തരവുകളും നൽകി. ഈ ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി യുവാക്കൾക്ക് മനസിലായത്. പ്രതികൾ നൽകിയ വ്യാജ നിയമന ഉത്തരവുകളും പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും കെടിഡിസിയും ബെവ്കോയും പരാതി നൽകുന്നില്ല.

ഓലത്താന്നി സ്വദേശി അരുണിന്റെ സഹോദരൻ ആദർശിന് ബെവ്കോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപയാണ് രതീഷ് കൈപ്പറ്റിയത്. രണ്ടാം പ്രതിയായ സരിത എസ്. നായർക്ക് ഒരു ലക്ഷം രൂപയും നൽകി. സരിതയുടെ പേരിലുള്ള തിരുനെൽവേലി മഹേന്ദ്രഗിരി എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നവംബർ എട്ടിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേർത്തത് കഴിഞ്ഞദിവസം മാത്രമാണെന്നതും ഉന്നതതല സ്വാധീനത്തിന് തെളിവാണ്.

സരിതാ നായർ പ്രതിയായ ജോലിതട്ടിപ്പ് കേസിൽ രണ്ടുപേരിൽനിന്നായി തട്ടിയത് 16 ലക്ഷം രൂപയായിരുന്നു. എഫ്.ഐ.ആറുകൾ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ തിങ്കളാഴ്ച ഹാജരാക്കുമെന്ന് നെയ്യാറ്റിൻകര സിഐ. ശ്രീകുമാരൻനായർ പറഞ്ഞു. നിയമന ഉത്തരവുകളുടെ നിജസ്ഥിതി അറിയാനായി പൊലീസ് തിങ്കളാഴ്ച ബന്ധപ്പെട്ട ഓഫീസുകളിൽ അന്വേഷിക്കും. അഞ്ചുലക്ഷം തട്ടിയെടുത്തെന്ന് ഓലത്താന്നി സ്വദേശി അരുണിന്റെയും 11 ലക്ഷം തട്ടിയെന്ന് തിരുപുറം സ്വദേശി അരുണിന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അരുൺ ഒക്ടോബറിൽ ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. തെളിവിനായി മതിയായ രേഖയില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ചിലരുടെ സമ്മർദത്തിനു വഴങ്ങിയാണിതെന്ന് ആക്ഷേപമുണ്ട്. നവംബർ ഏഴിന് കേസെടുത്തു. തിരുപുറം സ്വദേശി അരുണിന്റെ അനുജന് ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകാമെന്നു വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തതാണ് രണ്ടാമത്തെ പരാതി.

വ്യാജ നിയമന ഉത്തരവിന്റെ പകർപ്പും സരിതാ നായർ അരുണിനോട് മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു. പലപ്പോഴായി അരുണിൽനിന്നു രതീഷാണ് പത്തുലക്ഷം വാങ്ങിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP