Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാദാപുരം തെരുവൻ പറമ്പിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു; താനൂരിൽ ലീഗ്- സിപിഎം സംഘർഷം; കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ; പരിയാരത്ത് ബൂത്ത് എജന്റിന് സിപിഎംകാരുടെ മർദനം; ഒറ്റപ്പെട്ട സംഘർഷങ്ങൾക്കിടയിലും മലബാറിൽ കനത്ത പോളിങ്ങ്

നാദാപുരം തെരുവൻ പറമ്പിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു; താനൂരിൽ ലീഗ്- സിപിഎം സംഘർഷം; കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ; പരിയാരത്ത് ബൂത്ത് എജന്റിന് സിപിഎംകാരുടെ മർദനം; ഒറ്റപ്പെട്ട സംഘർഷങ്ങൾക്കിടയിലും മലബാറിൽ കനത്ത പോളിങ്ങ്

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ഒറ്റപ്പെട്ട സംഘർഷങ്ങൾക്കിടയിൽ മലബാറിൽ കനത്ത പോളിങ്ങ്. ഉച്ചക്ക് രണ്ടരയോടെയുള്ള ലഭ്യമായ കണക്കുകൾ പ്രകാരം പോളിങ്ങ് 60 ശതമാനം പിന്നിട്ടിരിക്കയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിരാവിലെതന്നെ വോട്ടർമാരുടെ വൻ നിരയാണ് കാണാൻ കഴിഞ്ഞത്. അതിനിടെ ഒറ്റപ്പെട്ട സംഘർഷങ്ങളും ഇവിടെയുണ്ടായി. കോഴിക്കോട് ബേപ്പൂർ ഹാർബർ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. ബേപ്പൂർ സ്വദേശി ദേവിയാണ് മരിച്ചത്.കോഴിക്കോട് കോടഞ്ചേരിയിൽ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർത്ഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നികുത്തിയത്. പരിക്കേറ്റ വാസുകുഞ്ഞനെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വോട്ടിങ്ങ് യന്ത്ര തകരാറ് മൂലം ചിലയിടങ്ങളിൽ അൽപ നേരം പോളിങ്ങ് തടസ്സപ്പെട്ടു.മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലെ ആന്തൂരിൽ ആണ്. അതി രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിങ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകൾക്ക് മുന്നിൽ ഇപ്പോഴും ഉള്ളത്.

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിങ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്. 22 ഡിവിഷനിലാണ് വോട്ടിങ് നടക്കുന്നത്. ആകെ ഡിവിഷനിൽ ആറിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാർത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റിൽ ബിജെപി മത്സരിക്കുന്നുണ്ട്.

വിവിധ ജില്ലകളിലായി ചിലയിടങ്ങളിൽ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. ഇവിടങ്ങിളിൽ യന്ത്രതകരാറ് പരിഹരിച്ച് പോളിങ്ങ് വീണ്ടും തുടങ്ങി. വോട്ടെടുപ്പ് തുടങ്ങിയതു മുതൽ മിക്കയിടത്തും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാൻ അടയാളങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അത് പാളി.

നാദാപുരത്ത് സംഘർഷം

കോഴിക്കോട് നാദാപുരം തെരുവൻപറമ്പ് ചീയൂർ എൽപി സ്‌കൂളിലെ പോളിങ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസും പാർട്ടി പ്രവർത്തകരും തമ്മിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം ഉണ്ടായത്. പോളിങ് കുറച്ചു നേരം തടസപ്പെട്ടു.പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും നേരിയ പരുക്കുകൾ ഉണ്ട്. കല്ലേറിൽ 2 പൊലീസ് ജീപ്പുകളുടെ ചില്ലുകൾ തകർന്നു. കൂട്ടം കൂടി നിന്ന പാർട്ടി പ്രവർത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഭവം. പതിനഞ്ചോളം ടിയർ ഗ്യാസുകളും ഗ്രനേഡും പൊലീസ് പ്രയോഗിച്ചു.

താനൂരിൽ ലീഗ് ആക്രമണമെന്ന് സിപിഎം

താനൂർ നഗരസഭയിലെ പതിനാറാം വാർഡിലും യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുൻ കൗൺസിലർ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. പോളിംങ് ബൂത്തിൽ വോട്ടഭ്യർത്ഥന ചോദ്യം ചെയ്ത മുൻ കൗൺസിലർ ലാമിഹ് റഹ്മാനെ മുസ്ലിം ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ചവശനാക്കിയെന്നാണ് പാരതയി. രാവിലെ 11ഓടെയായിരുന്നു സംഭവം.

കോൺഗ്രസ് ഡിസിസി അംഗമായ എൻ ഹുസൈൻ പോളിംങ് ബൂത്തിന് മുൻ വശത്തു നിന്ന് വോട്ടർമാരെ പിടിച്ച് നിർത്തി വോട്ട് അഭ്യർത്ഥിച്ചത് ചോദ്യം ചെയ്തതാണ് മുസ്ലിം ലീഗ് - കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചതെന്നാണ് സിപിഎം ആരോപണം. തെരഞ്ഞെടുപ്പിനു മുമ്പേ ലീഗ് അക്രമം നടത്തുമെന്ന് അറിഞ്ഞിരുന്നു. അക്കാര്യം പൊലീസിനെയും, ലീഗ് നേതൃത്വത്തെയും അറിയിച്ചിരുന്നതായും ലാമിഹ് റഹ്മാൻ പറഞ്ഞു. മുസ്ലിംലീഗ് പ്രവർത്തകനായ കണ്ണന്തളി സ്വദേശി ഹാരിസാണ് ലാമിഹ് റഹ്മാനെ ആക്രമിച്ചത്. കൈകൊണ്ട് നെഞ്ചിൽ ആഞ്ഞു കുത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തിൽ പിറകോട്ട് വീണ ലാമിഹിന്റെ കൈയ്ക്ക് പരിക്കേറ്റു.

പരിയാരത്ത് ബൂത്ത് എജന്റിന് സിപിഎംകാരുടെ മർദനം

കണ്ണൂർ പരിയാരം പഞ്ചായത്തിലെ മാവിശേരിയിൽ ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തർ മർദ്ദിച്ചതായി പരാതി ഉയർന്നു. കോൺഗ്രസ്സിന്റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്.
കോഴിക്കോട് പയ്യാനയ്ക്കലിൽ വോട്ട്ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായി പരാതിയുണ്ടായി. കോവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫിസർ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കൽ സ്വദേശി അർഷാദ് പരാതിപ്പെട്ടു.കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽ വോട്ട് മാറി ചെയ്തതായി പരാതി ഉയർന്നു. കണ്ണൻവയൽ പടന്നക്കണ്ടി ഈസ്റ്റ് എൽപി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിൽ പ്രേമൻ എന്നയാൾ വോട്ടു ചെയ്തു. പ്രേമദാസന് പ്രിസൈഡിങ്ങ് ഓഫീസർ ചലഞ്ച് വോട്ടു ചെയ്യാൻ അവസരം
നൽകി.

കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകൻ പടിയിൽ

കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവർത്തകൻ പിടിയിലായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ആലക്കാടിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മുസ്ലിംലീഗ് പ്രവർത്തകൻ മുർഫിദ് ആണ് പിടിയിലായത്.നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠൻ മുർഷിദിന്റെ വോട്ട് ചെയ്യാനാണ് മുർഫിദ് ബൂത്തിലെത്തിയത്. ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ട എൽ ഡി എഫ് പ്രവർത്തകർ ബുത്തിലെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് പരിയാരം പൊലീസ് മുർഫിദിനെ കസ്റ്റഡിയിലെടുത്തു. 18 വയസുണ്ടെങ്കിലും മുർഫിദ് വോട്ടർപട്ടികയിൽ പേര് ചേർത്തിരുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ വ്യാപക കള്ളവോട്ടിന് സിപിഎം ശ്രമിക്കുന്നതായി ബിജെപിയും കോൺഗ്രസും പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടർപട്ടികയിൽ ഇടം നേടിയത് 292 പരേതർ. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകൾ വോട്ടർ പട്ടികയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മറ്റി വരണാധികാരിക്ക് ലിസ്റ്റ് നൽകി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാർഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് അധികൃതർക്ക് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP