Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹീരാ ബാബുവിന്റെ ജാമ്യം റദ്ദ് ചെയ്തിട്ട് ആഴ്‌ച്ച ഒന്ന് പിന്നിട്ടു; കോടതി ജാമ്യം റദ്ദ് ചെയ്തത് വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി; ഫ്ലാറ്റ് തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്യാതെ പൊലീസ്; ഡിസംബർ 7 ന് മജിസ്‌ട്രേറ്റ് ആർ ജയകൃഷ്ണൻ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയതിന് പിന്നാലെ ഹീരാ ബാബു ഒളിവിലെന്ന് സൂചന

ഹീരാ ബാബുവിന്റെ ജാമ്യം റദ്ദ് ചെയ്തിട്ട് ആഴ്‌ച്ച ഒന്ന് പിന്നിട്ടു; കോടതി ജാമ്യം റദ്ദ് ചെയ്തത് വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി; ഫ്ലാറ്റ് തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്യാതെ പൊലീസ്; ഡിസംബർ 7 ന് മജിസ്‌ട്രേറ്റ് ആർ ജയകൃഷ്ണൻ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയതിന് പിന്നാലെ ഹീരാ ബാബു ഒളിവിലെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി ഹീര ബാബുവിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തിട്ടും നടപടിയെടുക്കാതെ പൊലീസ്. വിധി പ്രസ്താവം വന്ന് ആഴ്‌ച്ച ഒന്ന് പിന്നിട്ടിട്ടും ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചില്ല. കൃത്യമായ വ്യവസ്ഥകളോടെയാണ് കേസിൽ ഹീരാബാബുവിന് കോടതി ജാമ്യം നൽകിയിരുന്നത്. എല്ലാ ആഴ്‌ച്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം, സമാന കുറ്റങ്ങൾ ആവർത്തിക്കരുത് എന്നിവയായിരുന്നു വ്യവസ്ഥകൾ. എന്നാൽ ഇവ രണ്ടും ഹീര ബാബു ലംഘിച്ചെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബുവിന്റെ ജാമ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  റദ്ദ് ചെയ്തത്. ഡിസംബർ 7 നാണ് മജിസ്‌ട്രേറ്റ് ആർ ജയകൃഷ്ണൻ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

എന്നാൽ ആഴ്‌ച്ച ഒന്ന് പിന്നിട്ടിട്ടും ഹീരാബാബുവിനെ കണ്ടെത്താനോ വീണ്ടും അറസ്റ്റുചെയ്യാനോ പൊലീസിന്റെ ഭാഗത്ത് നിന്ന് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ 2019ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് ആദ്യം ഇയാളെ അറസ്റ്റ് ചെയ്തത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെൽസ് ഫ്‌ളാറ്റ് വാങ്ങിയപ്പോൾ ബിൽഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നൽകിയത്. നൂറുകണക്കിന് തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെങ്കിലും ഈ ഒരൊറ്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹീരാബാബു അറസ്റ്റിലാകുന്നത്. ആ സമയം സമാനരീതിയിൽ നിരവധി തട്ടിപ്പുകളിൽ ഹീരാബാബു പങ്കാളിയാണെന്ന വിവരം പൊലീസ് മറച്ചുവെക്കുകയായിരുന്നു.എന്നാൽ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പൊലീസ് നൽകിയ റിപ്പോർട്ടിലാണ് സമാനരീതിയിൽ നിരവധി തട്ടിപ്പുകളിൽ ഇയാൾ ഉൾപ്പട്ടിട്ടുണ്ട് എന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ കോടതി ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു.മാത്രമല്ല നിയമത്തിന്റെ ഒരു ആനുകൂല്യവും ഹീരാബാബു അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അറസ്റ്റ് ചെയ്ത സമയത്ത് ഇ കേസുകളുടെ വിവരങ്ങൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.

ഫ്‌ളാറ്റ് തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി ഹീര ബാബു കഴിഞ്ഞ മാസത്തിലാണ് അറസ്റ്റിലായത് . ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ വി.ടി.രമ 2019ൽ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹീര ബാബു സ്ഥിരം നടത്തിക്കൊണ്ടിരുന്ന തട്ടിപ്പ് തന്നെയാണ് രമ നൽകിയ പരാതിയിലും ചൂണ്ടിക്കാണിച്ചത്. വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലൂബെൽസ് ഫ്‌ളാറ്റ് വാങ്ങിയപ്പോൾ ബിൽഡറായ ഹീര ബാബു ചതിച്ചുവെന്നാണ് രമ പരാതി നൽകിയത്.രമ ലോൺ എടുത്ത് വാങ്ങിയ ഫ്‌ളാറ്റ് ഈടായി നൽകി ഹീരാ ബാബു വേറെ ബാങ്ക് ലോൺ എടുത്തിരുന്നു. ബാബു ലോൺ മുടക്കിയപ്പോൾ ഫ്‌ളാറ്റ് സമുച്ചയം അറ്റാച്ച് ചെയ്യുന്ന നടപടിയുമായി ബാങ്ക് മുന്നോട്ടു പോയി. അപ്പോഴാണ് രമ ചതി മനസിലാക്കിയത്. രമ ലോൺ എടുത്ത് സ്വന്തമാക്കിയ ഫ്‌ളാറ്റ് എങ്ങനെ ഹീര ബാബുവിന്റെ വായ്പയുടെ പേരിൽ ബാങ്കിന് തിരികെ പിടിക്കാൻ കഴിയും. ചതി മനസിലാക്കിയാണ് രമ പരാതി നൽകിയത്. രമയുടെ പരാതിയിലാണ് നടപടി വന്നത്.

കവടിയാറിലെ വീട്ടിൽ ചെന്ന് മ്യൂസിയം പൊലീസ് ഹീരാ ബാബുവിനെ നാടകീയമായ രീതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം വെളിയിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു രക്ഷപ്പെടലിനും ഹീര ബാബുവിന് കഴിഞ്ഞില്ല. അപ്രതീക്ഷിതമായ പൊലീസ് നടപടിയിൽ കുഴഞ്ഞുപോയ ഹീര ബാബു സറണ്ടർ ആവുകയായിരുന്നു. ഇതേ രീതിയിൽ ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയതിനു മ്യൂസിയം സ്റ്റേഷനിൽ തന്നെ അഞ്ചിലേറെ പരാതികൾ ഹീര ബാബുവിന്റെ പേരിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹീരയ്ക്ക് എതിരെയുള്ള പരാതികൾ വർദ്ധിച്ചപ്പോൾ കടുംവെട്ടിനു മ്യൂസിയം പൊലീസ് തയ്യാറാവുകയായിരുന്നു. കേരളത്തിലെ ഒരു കേസിലും ഒരു പൊലീസും അറസ്റ്റ് ചെയ്യാൻ മടിച്ച തട്ടിപ്പ് വീരനെയാണ് രണ്ടു കൽപ്പിച്ചുള്ള നീക്കത്തിലൂടെ മ്യൂസിയം പൊലീസ് വലയിലാക്കിയത്.എന്നാൽ അറസ്റ്റിന് ശേഷം മെഡിക്കൽ കോളജിലെ പേ വാർഡിൽ അഡ്‌മിറ്റാകുകയായിരുന്നു ഹീര ബാബു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ ഹീര ബാബു ഉയർത്തി. ഇതോടെ പൊലീസ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അവരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇടപെടുകയും മെഡിക്കൽ കോളജിലെ സെല്ലിലേക്ക് ഹീര ബാബുവിനെ മാറ്റുകയുമായിരുന്നു. എന്നാൽ പിന്നീട് അയാൾ ജാമ്യം നേടി പുറത്ത് വന്നു. അതിന് പിന്നാലെയാണ് രമയുടെ പണം തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കുന്നത്.

സിനിമാക്കഥകളെ വെല്ലുന്ന നിരവധി തട്ടിപ്പുകളാണ് ഹീരാബാബുവിന്റെതായി പുറത്ത് വന്നത്.തിരുവനന്തപുരത്ത് മ്യൂസിയം മുതൽ വെള്ളയമ്പലം വഴി കവടിയാർ വരെയുള്ള രാജപാത ഹെറിറ്റേജ് സോണായി പ്രഖ്യാപിച്ച് വർഷങ്ങൾക്ക് മുൻപ് രണ്ട് നിലയിൽ കൂടുതലുള്ള വീടുകൾ പണിയുന്നതിന് അനുമതി നിഷേധിച്ചിരുന്നു. മാത്രമല്ല അവിടെ വീടുകൾ പണിയണമെങ്കിൽ എത്രമാത്രം സ്ഥലം ഉണ്ടോ അതിന്റെ മുപ്പത് ശതമാനം മാത്രമെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളു. 70 ശതമാനവും വെറുതെയിടണമെന്നാണ് നിയമം. എന്നാൽ എവിടെ നിന്നോ കുറച്ച് സ്ഥലം ഒപ്പിച്ച് അതിൽ 70 ശതമാനത്തിലും കെട്ടിടം പണിയുകയും രണ്ട് നില എന്നത് മാറ്റി പതിനാല് നില പണിയുകയും ചെയ്ത വീരനാണ് ഹീരാ ബാബു.നദിയുടെ പുറത്ത് കൂടി ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് പണിത സ്വകാര്യ പാലത്തിന്റെ കഥയാണ് മറ്റൊന്ന്.നദിക്ക് കുറുകേ ഒരു ബാനർ ഒട്ടിച്ചാൽ കേസ് എടുക്കുന്ന പൊലീസ് പക്ഷേ, ഒരു പാലം തന്നെ പണി തീർത്തിട്ടും കണ്ട മട്ട് കാട്ടിയില്ല. തിരുവനന്തപുരം നഗരത്തിൽ കിള്ളിയാറിന് മുകളിലായി ഇരുമ്പ് മേല്പാലം നിർമ്മിച്ചത് കൂടാതെ ഹീരാ ബാബു എന്ന അബ്ദുൾ റഷീദ് സർക്കാർ ഭൂമിയും കൈയേറി. ശാസ്തമംഗലം പൈപ്പിന്മൂട്ടിൽ സൂര്യാ നഗറിലാണ് നഗ്‌നമായ നിയമലംഘനം നടത്തി ഹീരയുടെ സ്‌കൈ ഗോൾഫ് സമുച്ചയം പണിതുയർത്തിയത്. ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപത്തായി കെട്ടിയുയർത്തിയിരിക്കുന്ന ഈ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് കടക്കുന്നതിനായാണ് കിള്ളിയാറിനു കുറുകെ വമ്പൻ ഇരുമ്പ് പാലം നിർമ്മിച്ചത്.ഇവിടുത്തെ റസിഡൻസ് അസോസിയേഷന് സ്വന്തമായി കെട്ടിടം പണിതു നൽകി ഹീരാ ബാബു ഈ പ്രതിഷേധത്തെ കിള്ളിയാറിൽ ഒഴുകിക്കളഞ്ഞു.

പണയത്തിലിരിക്കുന്ന ഭൂമി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെ വിറ്റതിനാണ് കൊച്ചിയിലെ സിബിഐ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ഉപഭോക്താക്കളെ വിദഗ്ദമായി വഞ്ചിക്കുന്ന ഹീര വളരെ സങ്കീർണ്ണമായ തട്ടിപ്പ് തന്നെയാണ് എസ്‌ബിഐയ്‌ക്കെതിരെയും പുറത്തെടുത്തത്. ആക്കുളത്തെ ഹീരയുടെ പ്രോജക്റ്റ് 'ഹീര ലേക്ക് ഫ്രണ്ട്' പ്രഖ്യാപിച്ചയുടൻ തന്നെയാണ് ഹീരയ്ക്ക് 2013-ൽ എസ്‌ബിഐയുടെ കവടിയാർ ബ്രാഞ്ച് 15 കോടി രൂപ പ്രോജ്കറ്റ് ലോൺ അനുവദിക്കുന്നത്. വെറും പ്രോജക്റ്റ് മാത്രമായതിനാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി കൊല്ലം ചിന്നക്കടയിലെ ഹീര പ്ലാസാ വ്യാപാര സമുച്ചയവും അതിലെ കടമുറികളും ഈടായി ഹീര നൽകിയിരുന്നു. എസ്‌ബിഐയിൽ നിന്നെടുത്ത 15 കോടി ഹീര തിരിച്ചടയ്ക്കുകയോ ഹീരയുടെ ആക്കുളം പ്രോജക്റ്റ് ഹീര പൂർത്തീകരിക്കുകയോ ചെയ്തില്ല. അതേസമയം തന്നെ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് ഹീര പ്ലാസയിലെ മുഴുവൻ കടമുറികളും വ്യാപാര സമുച്ചയവും ബാങ്കിന്റെ അനുമതികൂടാതെ ഹീര വിൽക്കുകയും ചെയ്തു.കൊല്ലം ചിന്നക്കടയിൽ 26 ഷോപ്പ് മുറികൾ ഉള്ള ഈ സമുച്ചയത്തിലെ 12 ഷോപ്പുകൾ ബാങ്ക് ഹീരയ്ക്ക് കൈമാറി നൽകിയിരുന്നു. എന്നാൽ ബാങ്ക് നൽകിയ അനുമതി ഉപയോഗിച്ച് വ്യാപാര സമുച്ചയം മുഴുവനായി തന്നെ ഹീര വിറ്റഴിച്ചു. ഹീരയ്ക്ക് അനുവദിച്ച 15കോടിയുടെ ലോൺ അടയ്ക്കാതിരിക്കുകയും എന്നാൽ കൊളാറ്ററൽ സെക്യൂരിറ്റിയായി നൽകിയ സമുച്ചയം ഹീര വിറ്റഴിക്കുകയും ചെയ്തതായി ബാങ്ക് നടത്തിയ അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്തു.

ഫ്‌ളാറ്റ് തട്ടിപ്പിന് ഹീര അനുവർത്തിക്കുന്ന രീതിയാണ് തിരുവനന്തപുരം ബ്ലൂ ബെൽസ് ഫ്‌ളാറ്റ് തട്ടിപ്പിലും ഹീര പ്രയോഗിച്ചത്. പുതിയ ഫ്‌ളാറ്റ് സമുച്ചയവുമായി മുന്നോട്ടുവന്നാൽ അധികം കഴിയും മുൻപ് തന്നെ ഫ്‌ളാറ്റുകൾ മുഴുവൻ ഹീര വിൽക്കും. അതിനുശേഷം ഫ്‌ളാറ്റ് സമുച്ചയം മുഴുവൻ പണയം വെച്ച് ഹീര ലോൺ വാങ്ങും. ബാങ്കുകളും കെഎഫ്‌സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളിയിലാണ് ഹീര ലോൺ വാങ്ങിക്കുക. ഈ രീതിയിൽ ലോൺ എടുക്കാൻ ഹീരയ്‌ക്കോ ലോൺ നൽകാൻ ബാങ്കിങ് സ്ഥാപനങ്ങൾക്കോ കഴിയില്ല. ഈ ഘട്ടത്തിൽ ബാങ്ക് അധികൃതരുമായി ഹീര ഒത്തുതീർപ്പിൽ എത്തും.

നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്‌സിന്റെ തകർച്ചയുടെ വാർത്തകൾ മുൻ നിര പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP