Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു; ബാബുക്കുട്ടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; മലയാളികളുടെ ശശിയാക്കലിന്റെ തുടക്കം എങ്ങനെയെന്ന് വ്യക്തമാക്കി സലീംകുമാർ

ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു; ബാബുക്കുട്ടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; മലയാളികളുടെ ശശിയാക്കലിന്റെ തുടക്കം എങ്ങനെയെന്ന് വ്യക്തമാക്കി സലീംകുമാർ

മറുനാടൻ ഡെസ്‌ക്‌

ഒരുകാലത്ത് മലയാളികൾ വളരെ അന്തസ്സോടെ മക്കൾക്കിട്ടിരുന്ന പേരാണ് ശശി. എന്നാൽ ഇപ്പോൾ ശശി എന്ന പേര് ആരും മക്കൾക്കിടാൻ തെരഞ്ഞെടുക്കില്ല എന്ന് മാത്രമല്ല ശശി എന്ന് പേരുള്ളവർക്ക് പോലും അല്പം ചമ്മലോടെയെ തങ്ങളുടെ പേര് പറയാൻ കഴിയുന്നുള്ളു. ശശി എന്ന വാക്കിന്റെ അർത്ഥം തന്നെ ഇന്ന് മാറിക്കഴിഞ്ഞു. മണ്ടത്തരങ്ങളും അമളികളും പിണയുമ്പോഴാണ് ഇന്ന് ശശി എന്ന വാക്ക് ഉപയോ​ഗിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശശി എന്ന പ്രയോഗം മലയാളികൾ പൊതുവിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.എന്തെങ്കിലും അബദ്ധം പിണഞ്ഞാലോ മണ്ടത്തരം വിളിച്ചു പറഞ്ഞാലോ അവരെ ശശി എന്ന് നാം പ്രായഭേദമന്യേ വിളിക്കാറുണ്ട്. ശശിയായി, ശശിയാക്കൽ, ശശിയാകരുത് എന്നിങ്ങനെ സന്ദർഭത്തിനനുസരിച്ച് ഇത് മാറുകയും ചെയ്യും.ഒരു സിനിമയും അതിൽ സലീം കുമാർ നടത്തിയ ഡയലോഗുമാണ് സത്യത്തിൽ ശശി വിളിക്ക് തുടക്കം കുറിച്ചത്. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയസൂര്യ, ലാൽ, വിനീത്, സലീം കുമാർ, നവ്യ നായർ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് സൂപ്പർഹിറ്റാക്കിയ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെയാണ് ഈ പേര് വരുന്നത്. ഇപ്പോഴിതാ, ശശി എന്ന പേര് ആ ചിത്രത്തിൽ ഉപയോ​ഗിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് സലീം കുമാർ. ഒരു ടി വി ഷോയിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനിൽ ‘ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് ‘കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ചോദിക്കുമ്പോൾ ‘മധ്യതിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി’ എന്ന് താൻ പറഞ്ഞ ഡയലോഗ് സ്‌ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് സലിം കുമാർ പറഞ്ഞത്. ‘ശശി എന്ന പേര് വെറുതെ അന്ന് തമാശയ്ക്ക് പറഞ്ഞതാണ്. ചതിക്കാത്ത ചന്തു എന്ന സിനിമയിൽ അങ്ങനെയൊരു ഡയലോഗേ ഇല്ല. ഷൂട്ടിങ് സമയത്ത് ഡയലോഗ് പറയാതെ ആ സമയത്ത് കൈകൊണ്ട് എന്തോ കാണിച്ചങ്ങ് പോവുകയായിരുന്നു. ഡബ്ബ് ചെയ്യുന്ന സമയത്ത് ലാലേട്ടനാണ് കൂടെ ഇരുന്നത്. സലീം അവിടെ കൈകൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ, ചിരിക്കാൻ വേണ്ടിയല്ല ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു പറഞ്ഞത്.

ആ സമയത്തുകൊച്ചിൻ ഹനീഫ്ക്കയുടെ ഡബ്ബിങ് കഴിഞ്ഞിട്ടില്ല. ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിൻ ഹനീഫ ചോദിക്കുന്നുണ്ട്. അപ്പോൾ ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടൻ എന്നായിരുന്നു. അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിക്കുകയും ചെയ്തു. എന്നാൽ ഡബ്ബിങ് ഒക്കെ കഴിഞ്ഞപ്പോൾ ലാൽ പറഞ്ഞു, സലീം ഈ ബാബുക്കുട്ടൻ എന്ന പേര് ഒന്നുമാറ്റണം. വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ, അവസാനം ഒന്നും കിട്ടിയില്ലെങ്കിൽ നമുക്ക് ബാബുക്കുട്ടൻ എന്ന് തന്നെ പേരിടാം.

അങ്ങനെയാണ് ഡബ്ബിങ്ങിന്റെ ഒടുവിലായി ‘ഇതാണ് തിരുവിതാംകൂർ മഹാരാജാവ് പേര് ശശി’ എന്ന ഡയലോഗ് ഞാൻ പെട്ടെന്ന് കൂട്ടിച്ചേർത്തത്. ഇത് കേട്ടതോടെ ലാലേട്ടൻ ഇതുമതി, ഇതുമതിയെന്ന് പറഞ്ഞ് ഉറപ്പിച്ചു. അല്ലെങ്കിൽ ഇന്നത്തെ ഈ ശശി ബാബുക്കുട്ടന് ഇരിക്കേണ്ട പേരായിരുന്നു. ബാബുക്കുട്ടൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’, എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു സലീം കുമാർ.

2004 ൽ റിലീസ് ചെയ്ത കോമഡി ത്രില്ലറായ സിനിമയിൽ സലീംകുമാർ-കൊച്ചിൻ ഹനീഫ കോമ്പോയിലെത്തിയ കോമഡി രംഗങ്ങളെല്ലാം അക്കാലത്ത് തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ചിത്രത്തിലെ പല കോമഡി രംഗങ്ങളും സ്‌ക്രിപ്റ്റിൽ എഴുതിച്ചേർത്തത് അല്ലായിരുന്നെന്നും പല ഡയലോഗുകളും ഡബ്ബിങ് സമയത്ത് കൂട്ടിച്ചേർത്തതാണെന്നും പറഞ്ഞാണ് അന്നത്തെ ശശി കഥയെ കുറിച്ച് സലിം കുമാർ വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP