Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദി വിരുദ്ധർ പറയുന്നതോ ബിബിസി പറയുന്നതോ ശരി ? കർഷക സമരത്തെ തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒബാമ മുതൽ ജസ്റ്റിൻ ട്രൂഡ് വരെയുള്ളവർ നടത്തിയ മോദി വിരുദ്ധ പരാമർശ പ്രചാരണം ശുദ്ധ തട്ടിപ്പെന്ന് ബിബിസി യുടെ കണ്ടെത്തൽ; ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കണ്ണ് തുറന്നു വിദേശ മാധ്യമങ്ങൾ

മോദി വിരുദ്ധർ പറയുന്നതോ ബിബിസി പറയുന്നതോ ശരി ? കർഷക സമരത്തെ തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒബാമ മുതൽ ജസ്റ്റിൻ ട്രൂഡ് വരെയുള്ളവർ നടത്തിയ മോദി വിരുദ്ധ പരാമർശ പ്രചാരണം ശുദ്ധ തട്ടിപ്പെന്ന് ബിബിസി യുടെ കണ്ടെത്തൽ; ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കണ്ണ് തുറന്നു വിദേശ മാധ്യമങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി മോദി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക പരീക്ഷണം നേരിടുകയാണെന്നാണ് ഇന്ത്യൻ മാധ്യമ ലോകത്തിന്റെ വിലയിരുത്തൽ . ലക്ഷകണക്കിന് കർഷകർ തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങിയപ്പോൾ തുടക്കത്തിൽ അനുനയത്തിന്റെയും ചർച്ചയുടെയും വഴിയേ പോകാൻ മടിച്ച ഇന്ത്യൻ സർക്കാർ കർഷകരെ തെരുവിൽ തടയാൻ സകല വഴിയും നോക്കി പരാജയത്തിന്റെ വക്കിൽ നിൽക്കുക ആണെന്നാണ് ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ വക്തമാക്കുന്നത് . കർഷകർ ഡൽഹിയിലേക്ക് ലോങ്ങ് മാർച്ച് നടത്തിയപ്പോൾ അവരുടെ ട്രാക്ടറിനും ട്രക്കിനും വഴിയിൽ പ്രതിബന്ധം സൃഷ്ടിച്ചു കിടങ്ങുകൾ വരെ നിർമ്മിച്ചെങ്കിലും അവയൊക്കെ നിഷ്പ്രയാസം തരണം ചെയ്താണ് കർഷകർ രണ്ടാഴ്ചയായി ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് . സമരം തണുക്കുകയല്ല തിളയ്ക്കുക ആണെന്നാണ് പൊതുവിൽ ഇന്ത്യയിലെ മാധ്യമ വർത്തമാനം .

വിദേശ മാധ്യമ കണ്ണ് ഇന്ത്യയിലേക്ക്

ഇതിനിടയിൽ സമരക്കാർക്കു വീര്യം നല്കാൻ വിദേശത്തു നിന്നും ഒട്ടേറെ പിന്തുണ എത്തിയതായും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചാരം നടത്തിയതോടെ ലോകത്തിനു മുന്നിൽ ഇന്ത്യക്കു മുഖം നഷ്ടമാകുകയാണോ എന്ന സംശയമാണ് ബലപ്പെട്ടതു . ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ കാതൽ തേടി ബിബിസി രംഗത്തിറങ്ങിയത് . എന്നാൽ കർഷക സമരവുമായി സോഷ്യൽ മീഡിയ നടത്തുന്ന പ്രചാരണം പലതും പൊള്ള ആണെന്നാണ് ബിബിസിയുടെ കണ്ടെത്തൽ . ഇയ്യിടെ കേരളത്തിലെ കോവിഡ് മരണക്കണക്ക് സർക്കാർ പറയുന്നതിന്റെ ഇരട്ടിയോളമാണെന്നു പ്രാദേശിക മാധ്യമങ്ങളിൽ എത്തിയ മരണക്കണക്ക് ശേഖരിച്ചു ബിബിസി പുറത്തു വിട്ടത് ഇന്ത്യയിൽ ദേശീയ തലത്തിൽ തന്നെ ചർച്ച ആയി മാറിയിരുന്നു . കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഇന്ത്യയിലെ മൊത്തം കണക്കിൽ എത്രയോ മറച്ചു വച്ചിരിക്കാം എന്നാണ് ആ ചർച്ചകളിൽ നിറഞ്ഞതു . അതിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പലവട്ടം കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ ബ്രിട്ടനിൽ നിന്നും ഗാർഡിയനും വോഗും ഒക്കെ പ്രകീർത്തിക്കാൻ രംഗത്ത് ഇറങ്ങിയതോടെ ഇപ്പോൾ വിദേശ മാധ്യമങ്ങളുടെ കണ്ണ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പറിച്ചു വച്ചിരിക്കുകയാണ് എന്ന സംശയവും ബലപ്പെടുകയാണ് .

സമരക്കാരെ പറ്റിക്കുകയാണോ അതോ നിഷ്‌കളങ്കമായ അബദ്ധമോ ?

ഇന്ത്യയിലെ കർഷകർ നടത്തുന്ന സമരം ഐതിഹാസികമായി മാറുകയാണ് എന്നതിൽ തർക്കമില്ല . എന്നാൽ അടുത്തകാലത്ത് വലിയ തോതിൽ ഉള്ള ജനക്കൂട്ട പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ പതിവാകുകയാണ് . കഴിഞ്ഞ വര്ഷം ഡിസംബറിൽ ആരംഭിച്ചു ആഴ്ചകൾ ഡൽഹിയെ മുൾമുനയിൽ നിർത്തിയ പൗരത്വ ബിൽ പ്രക്ഷോഭം അടക്കമുള്ളവയിൽ ഇന്ത്യയെ ദുര്ബലമാക്കാൻ വിദേശ ശക്തികൾ പണം ഇറക്കുന്നതായി സംശയിക്കണം എന്നാണ് ഇന്ത്യൻ ഭരണകർത്താക്കൾ മറയില്ലാതെ പറയുന്നത് . ഇതേ വാദം കർഷക സമരത്തിലും ഉയർന്നു കഴിഞ്ഞു . സമരത്തിന്റെ മുന്നണിയിൽ നിൽക്കുന്നത് പഞ്ചാബി കർഷകർ ആയതിനാൽ അവർക്കു കാനഡയിലും ബ്രിട്ടനിലും ശക്തമായ ഖാലിസ്ഥാൻ വാദികളിൽ നിന്നും ധനസഹായം എത്തുന്നു എന്നതായിരുന്നു മോദി അനുകൂലികളുടെ പ്രധാന ആരോപണം .

ഇതിനു ഊർജം പകരാൻ എന്നോണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് ഇന്ത്യൻ കർഷകർക്ക് അഭിവാദ്യം നേരുന്ന വിധം പ്രസ്താവന നടത്തി എന്നതാണ് സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ എത്തിയ വാർത്ത . പലപ്പോഴും അന്താരാഷ്ട്ര വിഷയങ്ങളിൽ അദ്ദേഹം നിലപാടുകൾ പറയുന്നതിനാൽ സോഷ്യൽ മീഡിയ ശരിക്കും ആഘോഷിക്കുക ആയിരുന്നു ആ വാക്കുകൾ . വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി കാനഡയെ അതൃപ്തി അറിയിക്കുന്നിടം വരെയെത്തി കാര്യങ്ങൾ . എന്നാൽ ഇവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല . സമര അനുകൂലികൾ ജസ്റ്റിൻ സിഖുകാർക്കു ഒപ്പം ഇരുന്നു ഇന്ത്യക്കെതിരെ തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു എന്ന മട്ടിൽ ചിത്രം സഹിതം പ്രചാരണം ആരംഭിച്ചു . എന്നാൽ ഇതൊരു തട്ടിപ്പു പ്രചാരണം ആണെന്നാണ് ബിബിസിയുടെ കണ്ടെത്തൽ . പഴയൊരു ചിത്രം വച്ചാണ് സമരക്കാർ കനേഡിയൻ പ്രധാനമന്ത്രിയുടെ തുറന്ന പിന്തുണ അവകാശപ്പെടുന്നത് എന്നും ബിബിസി പറയുന്നു .

ഒബാമയില്ലാതെ എന്ത് മനുഷ്യാവകാശം ?

അടുത്തതായി സമര അനുകൂലികൾ ഏറ്റെടുത്തത് മുൻ അമേരിക്കൻ പ്രസിഡന്റ്് ബാരാക് ഒബാമയെയാണ് . ഡിസംബർ അഞ്ചിന് ഒബാമ നടത്തിയ ട്വീറ്റിൽ മോദിയുടെ ചിത്രം സഹിതമാണ് നൽകിയിരുന്നത് . ഇതിൽ മോദിക്ക് ഷേക്ക് ഹാൻഡ് നൽകിയതിൽ ലജ്ജിക്കുന്നു എന്നാണ് പോസ്റ്റ് ചെയ്തിരുന്നത് . എന്നാൽ ഒബാമയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിൽ നിന്നാണ് ആ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് ബിബിസിയുടെ കണ്ടെത്തൽ . എന്നാൽ ആറുവർഷം മുൻപ് മോദി അമേരിക്കയിൽ എത്തിയപ്പോൾ വൈറ്റ് ഹൗസിൽ വച്ചെടുത്ത ചിത്രമാണ് സമരക്കാർ ആയുധമാക്കിയത് . മാത്രമല്ല പോസ്റ്റിൽ സ്‌പെല്ലിങ് മിസ്റ്റേക്ക് കടന്നു കൂടിയതും വ്യാജനെ കണ്ടെത്താൻ വേഗത്തിൽ സഹായകമായി . മാത്രമല്ല സമരം തുടങ്ങിയ ശേഷം ഒബാമയുടെ ട്വിറ്ററിൽ നിന്നും കാര്യമായ പോസ്റ്റുകൾ ഒന്നും പുറത്തു വന്നിട്ടില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു . ലോകത്തെ മനുഷ്യാവകാശ ധ്വംസനങ്ങളിൽ അമേരിക്കയുടെ ശബ്ദം ശ്രദ്ധിക്കപ്പെടും എന്ന ധാരണയിലാകും സമര പ്രചാരകർ ഈ സാഹസത്തിനു മുതിർന്നത് . എന്നാൽ ഇത്തരം വ്യാജ പ്രചാരണം വാസ്തവത്തിൽ സമരത്തെ തളർത്താനുള്ള എതിർ ശബ്ദമായി രൂപപ്പെടും എന്നതൊന്നും സോഷ്യൽ മീഡിയ പ്രചാരകർ ഓർത്തിരിക്കില്ല .

ബിജെപിയിൽ പാളയത്തിൽ പടയോ ?

സമര രംഗത്ത് കത്തിപ്പടരുന്ന മറ്റൊരു പ്രചാരണ ആയുധമാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗം . അദ്ദേഹം കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്ന തരത്തിലാണ് പ്രസംഗ ഭാഷ . സ്വാഭാവികമായും വീഡിയോ വൈറൽ ആയി ലോകമെങ്ങും പറന്നു . ഒടുവിൽ ഇതും പഴയ ഒരു പ്രസംഗത്തിൽ നിന്നും അടർത്തി എടുത്തതാണെന്നു വക്തമാകുക ആയിരുന്നു . രാജ്നാഥ് സിംഗിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആയിരുന്നു സമര അനുകൂലികൾ പ്രചാരണ ആയുധമാക്കിയത് . സമരത്തെ കുറിച്ച് ഞാൻ നേരത്തെ അറിഞ്ഞിരുന്നെകിൽ തുടക്ക ദിവസം മുതൽ നിങ്ങളോടപ്പം ഉണ്ടായേനെ എന്ന വാക്കുകളാണ് സമരക്കാരെ ആവേശം കൊള്ളിച്ചത് . ഇതോടെ ബിജെപിയിൽ വലിയ വിള്ളൽ എന്ന മട്ടിലും വാർത്തകൾ പറന്നു . എന്നാൽ ഏഴു വര്ഷം മുൻപ് രാജ്നാഥ് സിങ് പ്രതിപക്ഷത്തുള്ളപ്പോൾ കോൺഗ്രസ് മന്ത്രിസഭക്ക് എതിരെ ഉപയോഗിച്ച വാക്കുകളാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ പാരയായി സമരക്കാർ ഉപയോഗിച്ചത് . രാജ്നാഥ് സിങ് മുൻപ് കൃഷി മന്ത്രി ആയിരുന്നതും കാർഷിക പാരമ്പര്യം ഉള്ളതും എഡിറ്റ് ചെയ്ത വീഡിയോക്ക് കൂടുതൽ വിശ്വാസ്യത നൽകുവാനും കാരണമായി .

പഞ്ചാബ് മുഖ്യമന്ത്രിയും കർഷകരെ വഞ്ചിക്കുക ആയിരുന്നോ ?

ഏറ്റവും ഒടുവിൽ കർഷക പ്രക്ഷഭവുമായി ബന്ധപ്പെട്ടു സമര വിരുദ്ധ വിഭാഗം പ്രചാരണ ആയുധമാക്കിയത് മറ്റൊരു പഴയ ചിത്രമാണ് . കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയും ആയ അമരീന്ദർ സിങ് കർഷകരുടെ പ്രധാന നോട്ടപ്പുള്ളി ആയ റിലയൻസ് മേധാവി മുകേഷ് അംബാനിയും ഒത്തു ചിരിച്ചു കളിച്ചു നിൽക്കുന്ന രംഗമാണ് സമര വിരുദ്ധർ കർഷകരെ ഇളക്കാൻ ഉപയോഗിച്ചത് . ഒരു വശത്തു ഇരയ്ക്കൊപ്പവും മറുഭാവത്ത് വേട്ടക്കാരന് ഒപ്പവും ഓടുന്ന ഇരുതല പ്രയോഗമാണ് പഞ്ചാബ് മുഖ്യമന്ത്രി നടത്തുന്നത് എന്നതായിരുന്നു ഈ ചിത്രം പ്രചരിപ്പിച്ചവർ പറഞ്ഞത് . കോൺഗ്രസ് സമരകരോട് ചെയ്യുന്നത് നീതിയോ അനീതിയോ എന്ന മട്ടിൽ ഈ ചിത്രത്തെ പറ്റി ഇരുപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചു . എന്നാൽ വാസ്തവത്തിൽ മൂന്നു വര്ഷം മുൻപ് എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്തത് . തുടക്കം മുതൽ കേന്ദ്ര നിയമം റദ്ദാക്കപ്പെടണം എന്ന പക്ഷക്കാരനുമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്.

സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഏതു കാര്യവും ഇത്തരത്തിലാണെന്നാണ് വാസ്തവം അംനൗഷിച്ചിറങ്ങിയ ബിബിസി സമർത്ഥിക്കാൻ ശ്രമിക്കുന്നത് . ബിബിസി യുടെ റിയാലിറ്റി ചെക് വിഭാഗമാണ് ഇന്ത്യയിലെ കർഷക സമരവുമായി ബന്ധപ്പെട്ട അയഥാർത്ഥ വാർത്തകളുടെ ഉറവിടം തേടി ഇറങ്ങിയത് . സോഷ്യൽ മീഡിയയിൽ കാണുന്നതും കേൾക്കുന്നതും കണ്ണടച്ച് വിശ്വസിക്കേണ്ട എന്ന സന്ദേശം കൂടിയാണ് ഇന്ത്യാക്കാർക്കു ബിബിസി നൽകുന്നതും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP