Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാഷണൽ ഇൻഫർമാറ്റിക്‌സ് എട്ടു കോടി രൂപ പറഞ്ഞ കരാർ; ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകിയത് 52.31 കോടിക്ക്; ഇ-നിയമസഭാ പദ്ധതിയിൽ കിട്ടിയ 38 കോടി ഉപകരാറായി നൽകിയത് ബംഗളൂരുവിലെ ഐടി കമ്പനിക്കെന്ന് സംശയം; അന്വേഷണം നീളുന്നത് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിന്റെ സ്ഥാപനത്തിലേക്ക്; ഊരാളുങ്കലിനെ ഇഡി നോട്ടമിടുന്നത് നിയമസഭയിലെ കള്ളക്കളി കണ്ടെത്താൻ

നാഷണൽ ഇൻഫർമാറ്റിക്‌സ് എട്ടു കോടി രൂപ പറഞ്ഞ കരാർ; ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകിയത് 52.31 കോടിക്ക്; ഇ-നിയമസഭാ പദ്ധതിയിൽ കിട്ടിയ 38 കോടി ഉപകരാറായി നൽകിയത് ബംഗളൂരുവിലെ ഐടി കമ്പനിക്കെന്ന് സംശയം; അന്വേഷണം നീളുന്നത് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിന്റെ സ്ഥാപനത്തിലേക്ക്; ഊരാളുങ്കലിനെ ഇഡി നോട്ടമിടുന്നത് നിയമസഭയിലെ കള്ളക്കളി കണ്ടെത്താൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനു കരാറുകൾ നൽകിയിലെ കള്ളക്കളികളിൽ ഇഡി അന്വേഷണം തുടങ്ങി. ടെൻഡർ നടപടികളില്ലാതെ കരാറുകൾ ഏറ്റെടുക്കുന്ന ഊരാളുങ്കൽ അത് മറ്റാർക്കെങ്കിലും മറിച്ചു കൊടുക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നിയമസഭയിലെ പേപ്പർ രഹിത പദ്ധതിയുടെ ടെൻഡർ ഊരാളുങ്കലിനാണ് കൊടുത്തത്. ഇത് ബംഗളൂരുവിലെ ഒരു സ്ഥാപനത്തിന് മറിച്ചു കൊടുത്തുവെന്ന സൂചന ശക്തമാണ്. കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധവിന് കരാർ കൊടുത്തുവെന്നാണ് സംശയം. ഇത്തരത്തിൽ കരാറുകൾ മറിച്ചു കൊടുക്കുന്നുണ്ടോ എന്ന പരിശോധനയും ഇഡി നടത്തും.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്തും കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്. എൽ.ഡി.എഫ്. സർക്കാർ വന്നശേഷം 2019 െസപ്റ്റംബർ വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകൾമാത്രം ഊരാളുങ്കലിനു നൽകിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം കരാർ നൽകി. എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഈ കരാറിൽ രാഷ്ട്രീയ ഉന്നതന്റെ മകളുടെ സ്ഥാപനത്തിന് നേട്ടമുണ്ടായോ എന്നും പരിശോധിക്കും.

എംഎൽഎമാരുടെ ഇരിപ്പിടങ്ങളിൽ കമ്പ്യൂട്ടറും മറ്റും സ്ഥാപിക്കുന്ന പദ്ധതിയായിരുന്നു ഇത്. പത്ത് കോടിയിൽ താഴെ ചെലവിൽ പൂർത്തിയാക്കാവുന്ന പദ്ധതിയുമായിരുന്നു. ഇതാണ് 52.31 കോടി രൂപയ്ക്ക് നൽകിയത്. ഇതിൽ 38 കോടിയുടെ ഉപകരാർ മറ്റൊരു സ്ഥാപനത്തിന് നൽകിയെന്നാണ് കേന്ദ്ര ഏജൻസികൾ പ്രാഥമികമായി വിലയിരുത്തുന്നത്. ഊരാളുങ്കലിന്റെ കണക്കുകൾ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. ഇ നിയമസഭാ പദ്ധതി തന്നെയാകും ഇതിൽ സസൂക്ഷ്മം പരിശോദിക്കുക.

ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം. ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 1050 കോടിയുടെ നിർമ്മാണക്കരാറുകൾ സൊസൈറ്റിക്കു നൽകി.

2016 ജനുവരിയിൽ ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകിയതും ഉമ്മൻ ചാണ്ടി സർക്കാരാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി. സഹകരണ സംഘമെന്ന പരിഗണനയിൽ കരാർ ഏറ്റെടുക്കുകയും സ്വകാര്യ കമ്പനികൾ രൂപവത്കരിച്ചും മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയും അത് നിർവഹിക്കുകയും ചെയ്തതാണ് ഊരാളുങ്കലിനെ ഇപ്പോൾ വിവാദത്തിലാക്കിയത്. ഇതിനൊപ്പമാണ് രാഷ്ട്രീയ ഉന്നതന്റെ മകളുടെ സ്ഥാപനത്തിന് കരാറുകൾ മറിച്ചു കൊടുത്തുവെന്ന സംശയത്തിൽ കേന്ദ്ര ഏജൻസികൾ എത്തുന്നത്.

ഇ.ഡി.യുടെ അന്വേഷണ വലയത്തിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ഇടപെടൽ ഊരാളുങ്കലിനെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാക്കി. ഇതിനിടെയാണ് നിർണ്ണായക വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് കിട്ടുന്നത്. ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതിനിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം. ഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികൾക്ക് കരാർ നൽകാനാവും. ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്. എന്നാൽ ഊരാളുങ്കൽ ഉപകരാറിലൂടെ മറ്റുള്ളവരെ സഹായിക്കുന്നുവെന്നാണ് ആരോപണം.

വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളെപ്പോലും വിസ്മയിപ്പിക്കുകയാണ്, കൂലിവേലക്കാരുടെ സഹകരണസംഘത്തിന്റെ വളർച്ച. 1925ൽ വേലികെട്ടും കൂലിവേലയുമായി പതിനാല് പേരുടെ ബലത്തിൽ തുടങ്ങിയ സൊസൈറ്റി വിസ്മയിപ്പിക്കുന്ന വളർച്ചയുടെ വഴിത്താരയിലേക്ക് കടന്നിരിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്ക് പറയാനുള്ളത് നേട്ടങ്ങളുടെയും, പ്രതികൂല സാഹചര്യങ്ങളെ അതിവിദഗ്ധമായി മറികടന്നതിന്റെയും അത്ഭുതകഥകൾ. ഈ കഥകളിലേക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.

സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ബാങ്ക് രേഖകളും കൂടി ഹാജരാക്കാനാണ് അസി.ഡയറക്ടർ പി. രാധാകൃഷ്ണൻ നിർദേശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണു രേഖകൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ഇന്റലിജൻസ് വിവര ശേഖരണത്തിനിടെയാണ് ഊരാളുങ്കൽ സഹകരണ സംഘവുമായി രവീന്ദ്രനുള്ള സാമ്പത്തിക ഇടപാടുകളുടെ സൂചന ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയാണ് രവീന്ദ്രൻ. മിനി മുഖ്യൻ എന്നാണ് സെക്രട്ടറിയേറ്റിൽ രവീന്ദ്രനുള്ള വിളിപ്പേര്.

88 വർഷങ്ങൾ പൂർത്തിയാക്കികഴിഞ്ഞ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിൽ 1415ഓളം അംഗങ്ങളുണ്ട്. ഇവർ തന്നെയാണ് മുതലാളിയും തൊഴിലാളിയും. ഇവരോടൊപ്പം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ പ്രാദേശികമായി കണ്ടെത്തുന്നവരും, അംഗങ്ങളല്ലാത്ത എഴുന്നൂറോളം തൊഴിലാളികളുമുണ്ട്. ഇതിനിടെയിലേക്ക് കള്ളപ്പണക്കാർ എത്തിയോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിലാണ് അന്വേഷണം. പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ ചോദിച്ചതെല്ലാം ഇവർക്ക് നൽകി. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്ന് തെളിഞ്ഞാൽ പിന്നെ ഭാവി പ്രവർത്തനം പോലും പ്രതിസന്ധിയിലാകും. ടെൻഡറിലൂടെ അല്ലാതെ പദ്ധതികൾ നേടിയെടുക്കാൻ പറ്റാത്ത സ്ഥിതിയും വരും.

വളരെ മുമ്പ് തന്നെ സിപിഎം നേതാക്കളുടെ ബിനാമിയാണ് ഊരാളുങ്കൽ എന്ന ആരോപണം സജീവമായിരുന്നു. സഹകരണ സംഘത്തിന്റെ മറവിൽ പലതും നടക്കുന്നുവെന്ന സംശയവും സജീവമായി. ഇതിനിടെയാണ് സ്വർണ്ണ കടത്ത് ചർച്ചയാകുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസലെത്തിയപ്പോൾ രവീന്ദ്രനും സംശയ നിഴലിലായി. രവീന്ദ്രന് പിന്നാലെ കൂടിയ ഇഡി അവസാനം എത്തിയത് ഊരാളുങ്കലിലാണ്. വെറുമൊരു സിപിഎം അനുഭാവിയായി മന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച രവീന്ദ്രന്റെ സ്വത്തിലേക്കുള്ള അന്വേഷണമാണ് ഊരാളുങ്കലിനെ കുടുക്കുന്നത്. ഈ അന്വേഷണത്തെ അതിജീവിക്കാൻ ഊരാളുങ്കലിനായാൽ പിന്നേയും കേരളത്തിൽ അതിശക്തമായ സാന്നിധ്യമായി തുടരാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP