Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം സ്വദേശികളാണെന്ന വ്യാജേന സൈന്യത്തിൽ ജോലി നേടാൻ ശ്രമിച്ചത് ഏഴ് യുപി സ്വദേശികൾ; മിലിട്ടറി ഇന്റലിജന്റ്സ് പ്രതികളെ പിടികൂടിയത് ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെയും കഴിഞ്ഞ് അഭിമുഖത്തിനെത്തിയപ്പോൾ; പാങ്ങോട് മിലിട്ടറി റിക്രൂട്ട്മെൻറ് ജോലി തട്ടിപ്പു കേസിൽ ഏഴു പ്രതികളെയും ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

കൊല്ലം സ്വദേശികളാണെന്ന വ്യാജേന സൈന്യത്തിൽ ജോലി നേടാൻ ശ്രമിച്ചത് ഏഴ് യുപി സ്വദേശികൾ; മിലിട്ടറി ഇന്റലിജന്റ്സ് പ്രതികളെ പിടികൂടിയത് ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെയും കഴിഞ്ഞ് അഭിമുഖത്തിനെത്തിയപ്പോൾ; പാങ്ങോട് മിലിട്ടറി റിക്രൂട്ട്മെൻറ് ജോലി തട്ടിപ്പു കേസിൽ ഏഴു പ്രതികളെയും ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

അ‍ഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ പാങ്ങോട് മിലിട്ടറി റിക്രൂട്ട്മെൻറ് ജോലി തട്ടിപ്പു കേസിൽ പ്രതികളായ ഏഴു കൗമാരക്കാരെ ഹാജരാക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് കൊല്ലം സ്വദേശികളാണെന്ന വ്യാജേന ജോലി നേടാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശികളായ ഏഴു കൗമാരക്കാരാണ് പ്രതികൾ. ശൈലേന്ദ്ര സിങ് (21), അങ്കിത് ഭാട്ടി (22), മനീഷ് കുമാർ (20), വിഷ്ണു കുമാർ (19), വിപിൻ കുമാർ (18), ചേതൻ പ്രകാശ് സോളങ്കി (20), അനൂജ് (20) എന്നീ ഏഴു പ്രതികളെ ഹാജരാക്കാനാണ് കോടതി ഉത്തരവ്. പ്രതികളെ ജനുവരി 14 ന് ഹാജരാക്കാൻ പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നൽകി. കൊല്ലം ജില്ലാ നിവാസികളായി ആധാർ കാർഡ്, വിദ്യാഭ്യാസ രേഖകൾ, റസിഡന്റ്സ് സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ചമച്ച് ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെയും കഴിഞ്ഞ് അഭിമുഖത്തിനെത്തിയ യു. പി. സ്വദേശികളാണ് പ്രതികൾ.

അതേ സമയം യു. പി. സ്വദേശികളിൽ നിന്ന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് 3 ലക്ഷം രൂപ വീതം തട്ടിച്ചെടുത്ത മിലിട്ടറി റിക്രൂട്ട്മെൻറ് ക്യാമ്പ് ജോലി തട്ടിപ്പു റാക്കറ്റിലുൾപ്പെട്ട ഇടനിലക്കാരെ തിട്ടൂരം വാങ്ങി പൂജപ്പുര പൊലീസും കേസാദ്യം അന്വേഷിച്ച മ്യൂസിയം എസ് ഐയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. 2018 ഏപ്രിൽ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2018 ഏപ്രിൽ 18 മുതൽ 10 ദിവസത്തേക്ക് തെക്കൻ സംസ്ഥാനമായ കേരളത്തിലെ ഏഴു ജില്ലകളിൽ നിന്ന് 31,000 പേർ പങ്കെടുത്ത റിക്രൂട്ട്മെന്റ് റാലിയിലാണ് തട്ടിപ്പ് അരങ്ങേറിയത്.

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിൽ വ്യാജ രേഖകൾ ഉപയോഗിച്ച് യു. പി.യിലെ ബുലന്ദ്ഷഹർ ജില്ലക്കാരായ പ്രതികൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. വ്യാജരേഖകൾ ചമച്ച് പാങ്ങോട് സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനിടെ ആറ് ഉത്തർപ്രദേശ് സ്വദേശികളെ മിലിട്ടറി ഇന്റലിജൻസാണ് പിടികൂടി മ്യൂസിയം പൊലീസിന് കൈമാറിയത്. മൂന്നു ലക്ഷം രൂപ വീതം വാങ്ങി ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയ ഇടനിലക്കാർക്കായി അന്വേഷണം ഊർജിതമാക്കിയതായി 2018 ഏപ്രിൽ 24 ന് മാധ്യമങ്ങളെ വിളിച്ചിരുത്തി മ്യൂസിയം , പൂജപ്പുര എസ് ഐമാർ വീരവാദം മുഴക്കിയിരുന്നു. തുടക്കത്തിലെ ആവേശം പൊലീസിന് പിന്നീടില്ലാതെ പോയി.

പിടിയിലായ ആറു പേരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പേർ ഇത്തരത്തിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതായി പൊലീസിനു വിവരം ലഭിച്ചത്. ആധാർ കാർഡും റെസിഡൻറ്സ് സർട്ടിഫിക്കറ്റുമുൾപ്പെടെയുള്ള വ്യാജരേഖകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കൃത്യത്തിൽ ഉൾപ്പെട്ട തലസ്ഥാനത്തെ റാക്കറ്റിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മ്യൂസിയം പൊലീസും തുടർന്ന് കേസന്വേഷിച്ച പൂജപ്പുര പൊലീസും തെളിവുകൾക്ക് മേൽ ഉറക്കം നടിച്ച് അന്വേഷണം നിലച്ച മട്ടായി. തുടർന്ന് നാമമാത്രമായി ഏഴാം പ്രതിയായി അനൂജിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കൊല്ലം വിലാസത്തിലുള്ള ആധാർ ഉൾപ്പെടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വ്യാജരേഖകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എന്നാൽ ഇവർ യു.പി.യിൽ നിന്നു തയ്യാറാക്കിയ ആധാർ ഉൾപ്പെടെയുള്ള വ്യാജരേഖകളുമായി എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയതായി കേസ് ഡയറിയിൽ എഴുതി ചേർത്തത്. എന്നാൽ കൊല്ലത്തെ വിലാസത്തിൽ ഇവർക്ക് വ്യാജ ആധാർ കാർഡ് തയ്യാറാക്കാൻ പുറമെ നിന്ന് സഹായം ലഭിച്ചതായി കണ്ടെത്തിയിരുന്നു. മൂന്നു ലക്ഷം രൂപ നാട്ടിലെ ഇടനിലക്കാർക്ക് നൽകിയതായാണ് ഇവർ പൊലീസിന് മൊഴി കൊടുത്തത്.

സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് മാത്രമായി നടത്തുന്ന റിക്രൂട്ട്മെന്റായതിനാലാണ് കൊല്ലം ജില്ലയിലെ മേൽവിലാസത്തിൽ വ്യാജ ആധാർ കാർഡ് തയ്യാറാക്കിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ശാരീരിക ക്ഷമതാ പരീക്ഷകളൊക്കെ കഴിഞ്ഞ് അഭിമുഖത്തിനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ജോലി കിട്ടാൻ വേണ്ടി മാത്രമാണ് ക്രമക്കേട് കാട്ടിയതെന്നാണ് ഇവർ മൊഴി നൽകിയതെന്ന് മ്യൂസിയം , പൂജപ്പുര എസ് ഐമാർ മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ 6 പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അനൂജ് എന്നയാളെ നാമമാത്രമായി ഏഴാം പ്രതിയായി ചേർത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് പൊലീസ് കൈ കഴുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) ( ക്രിമിനൽ ഗൂഢാലോചന ), 465 ( വ്യാജ നിർമ്മാണം) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 (വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിച്ച് ഹാജരാക്കൽ) , 420 (വഞ്ചന) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായും നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP