Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമാരി ഇംത്യാസിൽ നിന്നും 10000 രൂപ അഡ്വാൻസ് വാങ്ങി; അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു; ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയ കേസിൽ വമ്പൻ ട്വിസ്റ്റായി ഭർത്താവിന്റെ മൊഴി; എഫ്‌ഐആറിൽ പേരിടാതെ പൊലീസ് സംരക്ഷിച്ച ഇംത്യാസ് അഹമ്മദ് കുടുങ്ങുമോ?

കുമാരി ഇംത്യാസിൽ നിന്നും 10000 രൂപ അഡ്വാൻസ് വാങ്ങി; അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു; ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയ കേസിൽ വമ്പൻ ട്വിസ്റ്റായി ഭർത്താവിന്റെ മൊഴി; എഫ്‌ഐആറിൽ പേരിടാതെ പൊലീസ് സംരക്ഷിച്ച ഇംത്യാസ് അഹമ്മദ് കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയൽ ഫ്‌ളാറ്റിൽ നിന്നു വീണ് തമിഴ്‌നാടു സ്വദേശിനിയായ വീട്ടുവേലക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊച്ചി പൊലീസ് എഫ്‌ഐആറിൽ പേരിടാതെ സംരക്ഷിച്ചു നിർത്തിയെന്ന ആരോപണം ഉയർന്ന ഇംത്യാസ് അഹമ്മദിന് എതിരെ നിർണായക മൊഴി പുറത്തുവന്നതോടെ കേസിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടുവേലക്കാരിയുടെ ഭർത്താവ് ഇംത്യാസ് അഹമ്മദിനും കുടുംബത്തിനും എതിരെ ഗുരുതരമായി ആരോപണം ഉന്നയിച്ചുള്ള മൊഴിയാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഫ്‌ളാറ്റുടമ ഇംത്യാസ് അഹമ്മദിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്‌ളാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിൽ നിന്നം സാരികൾ കൂട്ടിക്കെട്ടി ജനൽവഴി പുറത്തുകടക്കാൻ ശ്രമിക്കവേ വേലക്കാരി താഴെ വീഴുകയായിരുന്നു. അന്ന് മുതൽ തീർത്തും ദുരുഹമായിരുന്നു ഈ സംഭവം. ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്‌ളാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്റെ പരാതിപ്പെട്ടിരിക്കുന്നത്.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്‌ളാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലും എഫ്‌ഐആറിൽ ഇംത്യാസിന്റെ പേരു വരാത്തതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

അതേസമയം കുമാരിയുടെ ഭർത്താവിന്റെ മൊഴിയെ തള്ളുന്ന വിധത്തിലാണ് ഇംത്യാസും ഭാര്യയും നൽകിയിരിക്കുന്ന മൊഴികൾ. ആദ്യ ഘട്ടത്തിൽ ഇവരിൽ നിന്നും മൊഴിയെടുത്തപ്പോൾ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസ് പറഞ്ഞത്. ഇപ്പോൾ ശ്രീനിവാസന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആറിൽ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. ഇത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ശ്രീനിവാസൻ നൽകിയ മൊഴിയിൽ ഫ്‌ളാറ്റ് ഉടമ എന്ന് മാത്രമാണുള്ളതെന്നും ആരുടെയും പേര് പരാതിക്കാരൻ പറയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. തുടരന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പേരുൾപ്പെടുത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും പൊലീസ് അറയിച്ചു.

കുമാരിയുടെ ആരോഗ്യ നിലയിൽ നേരിയ മാറ്റം ഉണ്ടെന്നും മൊഴി രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം എഫ്‌ഐആറിൽ ഫ്‌ളാറ്റ് ഉടമയുടെ സ്ഥാനത്ത് അൺനോൺ എന്നാണ് എഫ്ഐആറിൽ കുറിച്ചത്. സേലം സ്വദേശിയായ കുമാരി എന്ന 55 കാരിയാണ് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്ന് വീണത്. അവർക്കെതിരെ ആത്മഹത്യാക്കുറ്റത്തിന് കേസെടുക്കാൻ ആയിരുന്നു പൊലീസിന് ഇഷ്ടം. എന്നാൽ, സംഗതി വിവാദമാകുമെന്ന് കണ്ടപ്പോൾ പിൻവാങ്ങി.

അതേസമയം സെൻസേഷണൽ ആയ ഈ കേസ് പൊതുവെ മാധ്യമങ്ങൾക്കും പൊലീസിനും താൽപര്യമില്ലെന്ന അവസ്ഥക്കും കാരണമുണ്ട്. കാരണം പ്രതി ചേർക്കപ്പെടേണ്ട ആൾ മുൻ ഹൈക്കോടതി ജഡ്ജിയുടെ മകനാണ്. മാത്രമല്ല, ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകൻ കൂടിയാണ് താനും. ഇംതിയാസ് അഹമ്മതിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫി. ഇംതിയാസിന്റെയും ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസിന്റെ കാര്യവും എങ്ങുമെത്താതെ പോകുകയാിരുന്നു.

നിലവിലെ കേസിൽ ക്രമക്കേടില്ലെന്നും നീതി മാത്രമേ നടപ്പാക്കൂ എന്നും എസിപി ലാൽജി പറയുമ്പോഴും കേസിലെ എഫ്ഐആർ മറിചച്ചാണ് സംസാരിക്കുന്നത്. ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയത് ആത്മഹത്യക്കല്ല, രക്ഷപ്പെടാൻ ആണ് എന്നാണ് സംശയം. കാരണം അവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും ആരോപണങ്ങൾ വരുന്നു. എന്നാൽ, പ്രതിയുടെ പേരുപോലും അറിയില്ലെന്നാണ് പൊലീസിന്റെ നാട്യം.

കഴിഞ്ഞ ശനിയാഴ്ചയാണ് ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി കുമാരിക്ക് പരുക്കേറ്റത്. സംഭവത്തിൽ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരെ അയൽവാസിയും രംഗത്തെത്തി. ഫ്‌ളാറ്റിലെ താമസക്കാരനായ മാത്യു ജോർജ് ആണ് ഫ്‌ളാറ്റ് ഉടമ അഡ്വ.ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇംതിയാസ് ഫ്‌ളാറ്റിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് മാത്യു ജോർജ് ഒരു ചാനലിനോട് പറഞ്ഞു. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇംതിയാസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിലെ ദൃക്‌സാക്ഷിയായിരുന്നിട്ടും തന്നെ പൊലീസ് ചോദ്യം ചെയ്തില്ല, സമാനമായ പരാതികൾ ഇംതിയാസിനെതിരെ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോർജ് പറഞ്ഞു.

കുമാരി ഫ്‌ളാറ്റിന്റെ ആറാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണതല്ലെന്ന നിഗമനം ഉറപ്പിക്കുമ്പോഴും പൊലീസ് കേസിൽ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപം അതിശക്തമാണ്. സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായത്. ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോർത്ത് എസിപി ലാൽജി പറഞ്ഞു. അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 55 വയസുകാരിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നകയാണ്.

ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റുകയായിരുന്നു. ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്.കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP