Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ്' എന്ന ചിത്രത്തിൽ തുടങ്ങിയ പ്രണയം; കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവും; ഭീതിദമായ വിഷ്വലുകൾ ഉണ്ടായിട്ടും ഐഎഫ്എഫ്‌കെ യിലടക്കം കിം സിനിമകൾക്ക് പൂരത്തിരക്ക്; തമ്പാനൂരിലൂടെ പ്രഭാത സവാരിക്കറങ്ങിയപ്പോൾ ഓടിക്കൂടിയത് നൂറുകണക്കിനുപേർ; കിം കി ഡുക്ക് മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവൻ

'സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ്' എന്ന ചിത്രത്തിൽ തുടങ്ങിയ പ്രണയം; കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവും; ഭീതിദമായ വിഷ്വലുകൾ ഉണ്ടായിട്ടും ഐഎഫ്എഫ്‌കെ യിലടക്കം കിം സിനിമകൾക്ക് പൂരത്തിരക്ക്; തമ്പാനൂരിലൂടെ പ്രഭാത സവാരിക്കറങ്ങിയപ്പോൾ ഓടിക്കൂടിയത് നൂറുകണക്കിനുപേർ; കിം കി ഡുക്ക് മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവൻ

എം മാധവദാസ്

തിരുവനന്തപുരം: നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന മലയാളിക്ക് ഭരതനും പത്മരാജനും അടൂരും ലോഹിതദാസുമൊക്കെ എന്നതിനേക്കാൾ പ്രിയപ്പെട്ടവൻ ആയിരുന്നു, അന്തരിച്ച വിശ്രുത  കൊറിയൻ സംവിധായകൻ കിം കി ഡുക്ക്. അഞ്ചുവർഷം മുമ്പുവരെ കേരളത്തിലെ ഏത് ഫിലിം ഫെസ്റ്റിവലുകളിലും പ്രധാന ആകർഷണം കിം കി ഡുക്ക് സിനിമകളായിരുന്നു. ജപ്പാൻ സംവിധായകൻ അകീര കുറസോവയ്ക്ക്‌  ശേഷം ഒരു വിദേശ സംവിധയാൻ മലയാളിയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കണം. മലയാളത്തിലുള്ള തന്റെ ജനപ്രീതി കണ്ട് കിമ്മും ഞെട്ടിപ്പോയിരുന്നു. 2013ൽ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായി അദ്ദേഹം എത്തിയപ്പോൾ ആരാധ്യ സംവിധായകനെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. അന്ന് പ്രഭാത സവാരിക്കായി അദ്ദേഹം തമ്പാനൂരിൽ ഇറങ്ങി നടന്നപ്പോൾ നൂറുകണക്കിന് ചലച്ചിത്രപ്രേമികൾ ഒപ്പം കൂടിയതും വലിയ വാർത്തയായിരുന്നു.

2005ലാണ് കിം കി ഡുക്കും കേരളവും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. 'സ്പ്രിങ് സമ്മർ ഫാൾ
വിന്റർ ആൻഡ് സ്പ്രിങ്' എന്ന ഋതുഭേദങ്ങളുടെ കഥയുമായെത്തിയ സംവിധായകനെ ചലച്ചിത്രപ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് കേരളത്തിൽ കിം തരംഗമായിരുന്നു. കൊച്ചു ചലച്ചിത്രമേളകൾ പോലും കിം പാക്കേുജകൾ കൊണ്ട് നിറഞ്ഞു. പിന്നീട് ഓരോ വർഷവും ആ സിനിമാ മജിഷ്യന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ ടൈം, ബ്രെത്ത്, ഡ്രീം തുടങ്ങിയ ചിത്രങ്ങളുമായി അദ്ദേഹം എത്തി. പിയത്തയും മോബിയസും ആമേനും ദ് നെറ്റും വൺ ഓൺ വണും സ്റ്റോപ്പുമെല്ലാം നമുക്കു സമ്മാനിച്ചൂ.

പക്ഷേ ലോകം മുഴവൻ ആരാധിക്കുമ്പോഴും അദ്ദേഹം ദക്ഷിണ കൊറിയയിൽ വിമതനായിരുന്നു. ദക്ഷിണ കൊറിയൻ സിനിമാലോകത്തെ 'ബാഡ് ഗയ്' ആയും മാറുകയായിരുന്നു അദ്ദേഹം. ചോരയും കൊലയും അക്രമങ്ങളും ലൈംഗികതയുടെ അതിപ്രസരവുമെല്ലാമായി കണ്ടിരിക്കാൻ പോലും സാധിക്കാത്ത വിധം ക്രൂരമായ വിഷ്വലുകൾ കണ്മുന്നിലെത്തിയപ്പോൾ അത് തിരുവനന്തപുരത്തെ മേളയിൽ പോലും തലക്കെട്ടുകൾ സൃഷ്ടിച്ചു. പക്ഷേ മണിക്കൂറുകളോളം കാത്തു നിന്നും തറയിലിരുന്നും നിന്നുമെല്ലാം കിമ്മിന്റെ ചിത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു മലയാളികൾ.ഇരിക്കാൻ നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഭാഗ്യം...ഓരോ വർഷവും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ഇതായിരുന്നു സ്ഥിതി.

2016ൽ കിമ്മിന്റെ 'ദ് നെറ്റ്' ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. 2018ൽ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ എന്ന ചിത്രവുമൊരുക്കി. 2019ൽ പുറത്തിറങ്ങിയ 'ഡിസോൾവ്' ആണ് അവസാന ചിത്രം. ബെർലിൻ രാജ്യാന്തര ചലച്ചിത്രോത്സവം (സാമരിറ്റൻ ഗേൾ), വെനിസ് ഫെസ്റ്റിവൽ (3 അയൺ, പിയത്ത, വൺ ഓൺ വൺ), കാൻസ് ചലച്ചിത്ര മേള (അറിറാങ്) എന്നിവയില്ലെല്ലാം മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ തനിക്ക് ഇത്രയേറെ ആരാധകർ ഉണ്ടെന്നത് അദ്ദേഹത്തെയും ഞെട്ടിച്ചിരുന്നു. അത് അദ്ദേഹം തന്റെ അഭിമുഖത്തിന് വന്ന മാധ്യമ പ്രവർത്തകരോടും താമസിച്ച ഹോട്ടലിലെ പലരോടും പറഞ്ഞിരുന്നു. ബൂസാൻ ഫെസ്റ്റിവലിൽ ഒരിക്കൽ അദ്ദേഹം കേരളം അടക്കമുള്ള കൊച്ചു സ്ഥലങ്ങളിൽ താൻ കണ്ട ചലച്ചിത്ര സാക്ഷരതയെയും കുറിച്ച് സംസാരിച്ചിരുന്നു. കേരളത്തിലെ നൂറിലേറെ വരുന്ന ഫിലിം സൊസൈറ്റികളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും ഒക്കെയായി ഇന്നും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്നത് കിമ്മിന്റെ ചലച്ചിത്രങ്ങൾ തന്നെയാണെന്നതിന് സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP