Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത്തരം നാടകങ്ങളിലൂടെയാണ് ഹിറ്റ്ലർ ഹിറ്റ്ലറും മുസ്സോളിനി മുസ്സോളിനിയുമായത്; സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്നവർ എന്തിനാണ് ഇത്ര ഭയക്കുന്നത് എന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി; നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്നും മമത ബാനർജി

ഇത്തരം നാടകങ്ങളിലൂടെയാണ് ഹിറ്റ്ലർ ഹിറ്റ്ലറും മുസ്സോളിനി മുസ്സോളിനിയുമായത്; സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്നവർ എന്തിനാണ് ഇത്ര ഭയക്കുന്നത് എന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി; നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്നും മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്നവർ എന്തിനാണ് ഇത്ര ഭയക്കുന്നതെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് നേരേയുണ്ടായ ആക്രമണം സംബന്ധിച്ച ബിജെപി ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. ആക്രമണം ആസൂത്രിതമായിരുന്നെങ്കിൽ എല്ലാ സന്നാഹവും ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടി അധ്യക്ഷനെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിക്കുമായിരുന്നില്ലേയെന്ന് മമത ചോ​​ദിച്ചു. സമർഥനായതിനാൽ നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്നും മമത ആവശ്യപ്പെട്ടു

സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനെ പരിഹസിക്കുകയായിരുന്നു അവർ. ബിജെപിയുടെ എല്ലാ നുണകളും അനുവദിച്ച് നൽകാൻ തങ്ങൾ ഒരുക്കമല്ലെന്നും അവർ കൂട്ടിച്ചേർത്തു. "നമ്മുടേത് പോലെയല്ലാത്ത ഒരു പുതിയ ഹിന്ദു നാടകമാണ് അവർ അവതരിപ്പിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന ആ നാടകത്തിൽ നിങ്ങൾക്കോ എനിക്കോ യാതൊന്നും ചെയ്യാനില്ല. ഇത്തരത്തിലാണ് ഹിറ്റ്ലർ ഹിറ്റ്ലറായത്. ചൗഷെസ്കു ചൗഷെസ്കുവും മുസ്സോളിനി മുസ്സോളിനിയുമായത്. നരേന്ദ്ര ബാബു സർക്കാർ നാടകം ആസൂത്രണം ചെയ്യും, തയ്യാറാക്കും. എന്നിട്ട് മാധ്യമങ്ങൾക്ക് ആ നാടകത്തിന്റെ വീഡിയോ കൈമാറും. അവർ കൈമാറുന്ന വീഡിയോകൾക്കെതിരെ ചോദ്യമുയർത്താൻ മാധ്യമങ്ങൾക്ക് യാതൊരു അധികാരവുമില്ല." മമത ആഞ്ഞടിച്ചു.

ബിജെപി. നേതാക്കളെ തങ്ങളെപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് മമത പറഞ്ഞു. എന്നാൽ, അമ്പതോളം കാറുകളും മാധ്യമപ്രവർത്തകസംഘത്തിന്റെയും മറ്റും വാഹനങ്ങളും ഉൾപ്പെടെ ബൃഹത്തായ വാഹനവ്യൂഹത്തിന്റെ ആവശ്യകതയുണ്ടോയെന്ന് അവർ ചോദിച്ചു. 'ദിവസേന ബിജെപി. പ്രവർത്തകർ തോക്കുകളുമായി പ്രകടനങ്ങൾക്ക് പുറപ്പെടും. അവർ തന്നെ അവർക്കെതിരെ ആക്രമണം നടത്തുകയും തൃണമുൽ കോൺഗ്രസിന്റെ മേൽ പഴി ചുമത്തുകയും ചെയ്യും. സായുധസേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്ന നിങ്ങൾ എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്? ' നഡ്ഡയ്ക്ക് സുരക്ഷയൊരുക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായാൽ സംസ്ഥാന സർക്കാരിന് മേൽ പഴി ചാരുന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്നും മമത കുറ്റപ്പെടുത്തി.

'ബിജെപി. പ്രവർത്തകർക്ക് മറ്റ് പണികളില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോ അല്ലെങ്കിൽ നഡ്ഡയോ ഛഡ്ഡയോ ഫഡ്ഡയോ ഭഡ്ഡയോ ഇവിടെയുണ്ടാകും. തന്ത്രങ്ങൾ പ്രയോഗിക്കാൻ തങ്ങളുടെ പ്രവർത്തകരെ ഇവർ തന്നെ നിയോഗിക്കും.' ബിജെപിയെ ജനങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ തങ്ങൾക്കെന്തു ചെയ്യാൻ സാധിക്കുമെന്ന് തന്റെ നിയോജകമണ്ഡലത്തിൽ വെച്ച് നഡ്ഡയ്ക്ക് നേരെ ആക്രമണമുണ്ടായതിനെ കുറിച്ച് മമതയുടെ അനന്തരവനും പാർലമെന്റംഗവുമായ അഭിഷേക് ബാനർജി പ്രതികരിച്ചു.

ജെ.പി നഡ്ഡയുടെ വാഹന വ്യൂ​ഹത്തിന് നേരെ ആക്രമണം നടത്തിയത് ബിജെപി തന്നെയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തന്നെ തൃണമൂൽ കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. മമതാ സർക്കാരിന്റെ പത്ത് വർഷത്തെ പ്രോഗസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസമാണ് ആക്രമണം ഉണ്ടായതെന്ന് മുതിർന്ന തൃണമൂൽ നേതാവ് സുബ്രത മുഖർജി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന്സുബ്രത മുഖർജി പറഞ്ഞു. ‘നഡ്ഡ പറയുന്നത് അദ്ദേഹത്തെ ആക്രമിച്ചു എന്നാണ്. എന്നാൽ ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ച് പ്രകോപനമുണ്ടായത് അദ്ദേഹത്തിന്റേയും ബിജെപി പ്രവർത്തകരുടെയും പക്കൽ നിന്നാണെന്നാണ്. എല്ലാം ആസൂത്രണം ചെയ്തത് ബിജെപിയാണ്’, സൗമിത്ര മുഖർജി പറഞ്ഞു.

ഇന്നലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ സൗത്ത് 24 പാർഗനാസ് ജില്ലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. നഡ്ഡയുടെ വാഹനത്തിന് പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി. മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അക്രമികൾ കല്ലെറുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗീയ ട്വീറ്റ് ചെയ്തു. കല്ലേറിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അസഹിഷ്ണുതയും അധാർമ്മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി ബംഗാളിനെ മമത സർക്കാർ എങ്ങനെ മാറിയെന്ന് ഈ യാത്രയിലൂടെ തനിക്ക് കാണാൻ സാധിച്ചുവെന്ന് അക്രമണത്തിന് പിന്നാലെ ജെ.പി നഡ്ഡ പ്രതികരിച്ചു. ദുർഗയുടെ കൃപയാണ് തന്നെ രക്ഷിച്ചത്. മമത സർക്കാറിന് അധികകാലം നിലനിൽപ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുന്നതായും നഡ്ഡ വ്യക്തമാക്കി.

റോഡ് തടഞ്ഞ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നഡ്ഡയുടെയും മറ്റ് അകമ്പടി വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. നഡ്ഡയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ മുഖം വ്യക്തമാക്കുന്ന സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരിനും കത്തയച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലും പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. അക്രമണത്തിന് ശേഷം വീഴ്ച തിരിച്ചറിഞ്ഞാണ് പൊലീസ് നഡ്ഡയുടെ വാഹനത്തിന് കടന്നുപോകാനുള്ള വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിലെ ബിജെപി ഓഫീസ് നഡ്ഡ സന്ദർശിപ്പച്ചോൾ ഇരുന്നൂറിലേറെ വരുന്ന ആൾക്കൂട്ടം മുളവടികളുമായി തടഞ്ഞുവെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ ഘോഷ് ചൂണ്ടിക്കാണിച്ചു. അക്രമികൾ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നഡ്ഡയുടെ വാഹനത്തിന്റെ തൊട്ടടുത്തുവരെ അക്രമികളെത്തി. എന്നാൽ ഇതിലൊന്നും ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP