Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ; അനുരഞ്ജന ചർച്ചകളല്ല വേണ്ടത് നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ

കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് കേൾക്കണമെന്ന് മോദി; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ; അനുരഞ്ജന ചർച്ചകളല്ല വേണ്ടത് നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക സമരം ശക്തമാകുന്നതിനിടെ നിലാടിൽ അയവു വരുത്താതെ കർഷകർ. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും കർഷകർ തള്ളി. കാർഷിക നിയമങ്ങളെ കുറിച്ച് മന്ത്രിമാർ പറയുന്നത് വിശദമായി കേൾക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കൃഷിമന്ത്രിയുടെ വാർത്താസമ്മേളനം പങ്കുവച്ചാണ് മോദിയുടെ ട്വീറ്റ്. ഇന്നലെയാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും, പീയൂഷ് ഗോയലും വാർത്താ സമ്മേളനം നടത്തിയത്.

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിൽ രാജ്പഥിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങൾ പിൻവലിച്ച് താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം. മറ്റൊരു ഫോർമുലയ്ക്കും വഴങ്ങില്ലെന്നും രാകേഷ് തിക്കായത് വ്യക്തമാക്കി.കാർഷികനിയമം പിൻവലിക്കാനാകില്ലെന്നാണ് കേന്ദ്രമന്ത്രിസഭയുടെ നിലപാട്.

കർഷകനെ സഹായിക്കാനും കാർഷികമേഖലയിലെ വികസനത്തിനുമാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷക സംഘടനകൾ ചർച്ച ചെയ്യണം. അതിന് ശേഷം ചർച്ചക്ക് തയ്യാറെങ്കിൽ അറിയിക്കണം. നിയമങ്ങളിൽ മാറ്റങ്ങളാകാമെന്നുമാണ് കൃഷി മന്ത്രി കർഷകരെ അറിയിച്ചിരിക്കുന്നത്.കർഷക നേതാക്കളുമായി പലതവണ സർക്കാർ ചർച്ച നടത്തി. കർഷക സംഘടന നേതാക്കൾ നിയമം പിൻവലിക്കണം എന്ന് മാത്രം ആവശ്യപ്പെടുകയാണ്. കർഷക സംഘടനകൾ ഉയർത്തിയ എല്ലാ ആശങ്കയും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും കേന്ദ്രമന്ത്രിമാർ ആവർത്തിക്കുന്നു.

അതിനിടെ പ്രക്ഷോഭം ശക്തമാക്കുന്നതിനു രാജ്യവ്യാപകമായി ട്രെയിനുകൾ തടയാൻ കർഷക സംഘടനകളുടെ തീരുമാനം. അടുത്തഘട്ടത്തിൽ ഇതിലേക്ക് കടക്കും. ഇപ്പോൾ തന്നെ അദാനിക്കും അംബാനിക്കും എതിരെ ബഹിഷ്‌ക്കരണം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ശക്തമാക്കാനാണ് അവരുടെ നീക്കം. അതേസമയം നിയമങ്ങൾ പിൻവലിക്കില്ലെന്നും എതിർപ്പുള്ള വ്യവസ്ഥകളിൽ സംഘടനകൾ ചർച്ചയ്ക്കു തയാറാവണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കിയതോടെ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ അയവില്ലെന്നും വ്യക്തമായി.

തുടർപ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകാൻ ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘുവിൽ ചേർന്ന യോഗത്തിലാണു ട്രെയിനുകൾ തടയാൻ കർഷകർ തീരുമാനിച്ചത്. തീയതി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഈ മാസം പത്തിനകം തങ്ങളുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്നു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു കർഷക നേതാവ് ബൂട്ടാ സിങ് പറഞ്ഞു.

ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ദ്രുതകർമ സേനയും സിഐഎസ്എഫും രംഗത്തിറങ്ങി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നു കൂടുതൽ കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടു. നവംബർ 26ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചത് 2 സ്ത്രീകളടക്കം 15 കർഷകർ. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അപകടങ്ങളിലാണു 4 പേർ മരിച്ചത്. പ്രക്ഷോഭത്തിനിടെ 10 പേർ ഹൃദയാഘാതവും ഒരാൾ തണുപ്പും മൂലം മരിച്ചു.

അതിനിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്ന് കർഷകർക്കുള്ള പിന്തുണ ദിനംപ്രതി വർധിച്ചുവരുകയാണ്. പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ വിവിധ തരത്തിലാണ് കർഷകർക്ക് സഹായം എത്തിക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണ നൽകാൻ സമരമുഖത്ത് ഒരു വ്യായാമകേന്ദ്രം തന്നെ ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കായികതാരങ്ങൾ. പഞ്ചാബിലെ കബഡി, ഭാരോദ്വഹന താരങ്ങളാണ് ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിലെ സമരഭൂമിയിൽ ചെറിയ വ്യായാമകേന്ദ്രം ആരംഭിച്ചത്. പ്രതിഷേധം തുടരുന്നതിനിടയിൽ കർഷകരെ സഹായിക്കാനും യുവാക്കളെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കാനുമാണ് ഇത്തരമൊരു ആശയമെന്ന് കായികതാരങ്ങൾ പറയുന്നു.

പഞ്ചാബിലെ യുവാക്കൾ മയക്കുമരുന്നിന് അടിമയാണെന്ന സർക്കാർ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന കബഡി താരമായ ബിട്ടു സിങ് ഇന്ത്യടുഡേയോട് വ്യക്തമാക്കി. പഞ്ചാബിന്റെ ഭാവി മയക്കുമരുന്നിന് അടിമപ്പെടില്ല. ഞങ്ങൾ പൂർണമായും ആരോഗ്യവാന്മാരാണ്. പ്രതിഷേധത്തിനിടയിൽ പോലും ഞങ്ങൾ പരിശീലനം തുടരുന്നു. എൻ.ആർ.ഐ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പൂർണ പിന്തുണ ഞങ്ങൾക്കുണ്ട്. വരും ദിവസങ്ങളിൽ വ്യായാമത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തുമെന്നുംഒരു കബഡി മൈതാനംകൂടി ഒരുക്കുമെന്നും ബിട്ടു സിങ് പറഞ്ഞു.

കർഷക പ്രതിഷേധത്തിൽ ഭാഗമാകുന്നതിനും കർഷകർക്ക് സഹായം ചെയ്യുന്നതിനുമൊപ്പം ദിവസവും രണ്ട് മണിക്കൂറോളം വ്യായാമ കേന്ദ്രത്തിൽഞങ്ങൾ ചെലവഴിക്കുന്നു. തുണി അലക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ കർഷകർക്കായി വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കായികതാരങ്ങൾ പറഞ്ഞു.

ധാരാളം ആളുകൾ വ്യായാമ രീതികൾ പഠിക്കാൻ ഇവിടെ വരുന്നു. ഞങ്ങൾ അവരെ സഹായിക്കുന്നു. അവകാശങ്ങൾക്കായി സമരം ചെയ്യുന്ന കർഷകർക്കൊപ്പം ഞങ്ങൾ ശക്തമായി നിലകൊള്ളുമെന്നും മറ്റൊരു കബഡി താരമായ ലക്ക ചീമ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ പോലും സന്തോഷത്തോടെ ഇരിക്കാൻ പഞ്ചാബികൾക്ക് സാധിക്കും. കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധ ഭൂമിയിൽ കർഷകർക്കൊപ്പം തുടരുമെന്ന് ഭാരോദ്വഹന താരം അമാൻ ഹോട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP