Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭരണഘടനാ സ്ഥാപനമെന്നതു മുതലെടുത്തു നടത്തിയത് വൻ ധൂർത്ത്; രണ്ട് പ്രാവശ്യം മാത്രം ചേർന്ന ലോക കേരളാ സഭയ്ക്ക് വേണ്ടി ചിലവഴിച്ചത് കോടികൾ; നിയമസഭാ കമ്മിറ്റി അറിയാതെ തന്നെ ഊരാളുങ്കലിന് കരാർ നൽകിയെന്നും ആരോപണം; സ്പീക്കർക്കെതിരെ പോർമുഖം തുറന്നു പ്രതിപക്ഷം; പി ശ്രീരാമകൃഷ്ണന് പണി കിട്ടിയത് പ്രതിപക്ഷ നേതാക്കൾക്കെതിരായ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ചത്

ഭരണഘടനാ സ്ഥാപനമെന്നതു മുതലെടുത്തു നടത്തിയത് വൻ ധൂർത്ത്; രണ്ട് പ്രാവശ്യം മാത്രം ചേർന്ന ലോക കേരളാ സഭയ്ക്ക് വേണ്ടി ചിലവഴിച്ചത് കോടികൾ; നിയമസഭാ കമ്മിറ്റി അറിയാതെ തന്നെ ഊരാളുങ്കലിന് കരാർ നൽകിയെന്നും ആരോപണം; സ്പീക്കർക്കെതിരെ പോർമുഖം തുറന്നു പ്രതിപക്ഷം; പി ശ്രീരാമകൃഷ്ണന് പണി കിട്ടിയത് പ്രതിപക്ഷ നേതാക്കൾക്കെതിരായ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ചത്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറച്ചു ദിവസങ്ങളായി തുറന്നടിച്ചു കൊണ്ട് രംഗത്തുണ്ട്. സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നൽകിയപ്പോൾ അതിൽ ഉൾപ്പെട്ട നേതാവ് സ്പീക്കറാണെന്ന വിധത്തിൽ പ്രചരണവുമായി എത്തി. പിന്നാലെ നിയമസഭയിലെ അഴിമതിയും ധൂർത്തും എണ്ണിപ്പറഞ്ഞുള്ള വാർത്താസമ്മേളനവും. ഇങ്ങനെ സ്പീക്കറെ ആക്രമിക്കാൻ ചെന്നിത്തല രംഗത്തെത്തിയതിന് പിന്നിൽ കാരണം രാഷ്ട്രീയം തന്നെയാണ്. ബാർകോഴ കേസിലും സോളാർ കേസുമായും ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ അന്വേഷണങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത് തന്നെയാണ് ഇതിന് പ്രധാന കാരണം. ചെന്നിത്തലക്കെതിരെ സ്പീക്കർ ബിജു രമേശിന്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അതുകൊണ്ടു തന്നെയാണ് കിട്ടിയ അവസരത്തിൽ ചെന്നിത്തല തിരിച്ചടിക്കുന്നതും.

സ്പീക്കർക്കെതിരെ അഴിമതിയും ധൂർത്തും ആരോപിച്ചു ഗവർണറോട് അന്വേഷണം ആവശ്യപ്പെടാനാണ് ചെന്നിത്തലയുടെ നീക്കം. നിയമസഭാ ഹാൾ നവീകരണം, നിയമസഭാ ടിവിയുടെ കൺസൽറ്റൻസി നിയമനം, ഫെസ്റ്റിവൽ ഓഫ് ഡമോക്രസി ആഘോഷം എന്നിങ്ങനെ 5 കാര്യങ്ങളുമായി ബന്ധപ്പെട്ടു വൻഅഴിമതിയാണു സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയത്. ഇതൊന്നും ഒരു സഭാകമ്മിറ്റിയിലും വച്ചിട്ടില്ല. കക്ഷി നേതാക്കളോട് ആലോചിക്കേണ്ടതു സ്പീക്കറാണ്. കരാർ നടപടികൾ പാലിക്കാതെ ഊരാളുങ്കലിനെ മാത്രം നിർമ്മാണ ജോലികൾ ഏൽപ്പിക്കുന്നതു ദുരൂഹമാണ്. സ്പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. പദവി ദുരുപയോഗം ചെയ്തു ധൂർത്തു നടത്തരുതെന്നു പ്രതിപക്ഷം സ്പീക്കറെ നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവർത്തനരീതി മാറ്റാൻ സ്പീക്കർ തയാറായില്ല.

ഇപ്പോഴും പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമായിരിക്കുന്ന സ്പീക്കർക്കു നിഷ്പക്ഷമായിരിക്കാൻ കഴിയുമോ? സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണ്. അനുമതിയില്ലാതെ യാത്ര നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല പറയുന്നു. ലോക കേരള സഭയുടെ പേരിൽ അടക്കം സ്പീക്കർ നടത്തിയത് വൻ ധൂർത്താണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

2018 ൽ ആദ്യ ലോക കേരളസഭ നടന്നപ്പോൾ ശങ്കരനാരായണൻ തമ്പി ഹാളിലെ ഇരിപ്പിടങ്ങൾ 1.84 കോടി ചെലവാക്കി നവീകരിച്ചു. 2 ദിവസം മാത്രമാണ് ഈ ഹാളിൽ സമ്മേളനം ചേർന്നത്. 2020 ൽ രണ്ടാം ലോക കേരള സഭ നടന്നപ്പോൾ ഈ ഇരിപ്പിടങ്ങൾ പൊളിച്ചു മാറ്റി. ഹാൾ മൊത്തം 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. നിയമസഭയിലെ ചെലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ 100 കോടിയുടെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.

നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള 52.31 കോടി രൂപയുടെ 'ഇ-നിയമസഭ' പദ്ധതിയും കരാറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിക്കാണു നൽകിയത്. ഊരാളുങ്കൽ ആവശ്യപ്പെട്ടതനുസരിച്ച് മുൻകൂറായി 13.53 കോടി രൂപ നൽകാൻ സ്പീക്കർ പ്രത്യേക ഉത്തരവിറക്കി. ഫെസ്റ്റിവൽ ഓൺ ഡമോക്രസി പരിപാടിയിൽ പരമ്പരയായി 6 പരിപാടികൾ നിശ്ചയിച്ചെങ്കിലും കോവിഡ് കാരണം രണ്ടെണ്ണം മാത്രം നടത്തി. ഇതിനു മാത്രം ചെലവ് രണ്ടേകാൽ കോടി രൂപ. ഭക്ഷണച്ചെലവ് മാത്രം 68 ലക്ഷം രൂപയെന്നും വിവരാവകാശരേഖ പറയുന്നു. നിയമസഭയിൽ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ടെങ്കിലും ഫെസ്റ്റിവൽ ഓൺ ഡമോക്രസിക്കായി കരാരടിസ്ഥാനത്തിൽ നിയമിച്ച 5 പേർ പരിപാടി അവസാനിപ്പിച്ചു 2 വർഷമായിട്ടും ജോലിയിൽ തുടരുന്നു.

നിയമസഭാ ടിവിക്കായി കൺസൽറ്റന്റുമാരെ 60,000 രൂപ, 40,000 രൂപ വീതം പ്രതിമാസം കൺസൽറ്റൻസി ഫീസ് നൽകി നിയമിച്ചു. ചീഫ് കൺസൽറ്റന്റിനു താമസിക്കാൻ വഴുതക്കാട് 25,000 രൂപ വാടകയ്ക്കു ഫ്‌ളാറ്റ് എടുത്തുനൽകി. 86 പ്രോഗ്രാം ഇതിനകം നിർമ്മിച്ചുവെന്നു വിവരാവകാശ രേഖ. ഇതുവരെ ചെലവ് 60.38 ലക്ഷം രൂപ. നിയമസഭാ മ്യൂസിയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചിൽഡ്രൻസ് ലൈബ്രറി പൊളിച്ചു കളഞ്ഞു പകരം ഇഎംഎസ് സ്മൃതി സ്മാരകം നിർമ്മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചെലവ് 87 ലക്ഷം രൂപ. നിയമസഭ ഹാൾ പുതുക്കി പണിയുന്നതിനു ടെൻഡർ ഇല്ലാതെയാണ് ഊരാളുങ്കലിനു കരാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിമർശനത്തിനും സ്‌ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതിൽ ഒരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വസ്തുതകൾക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾ വെച്ചുകൊണ്ട് ഭരണഘടന സ്ഥാപനങ്ങളെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കായിരുന്നു കഴിഞ്ഞ നാലരവർഷവും നേതൃത്വം കൊടുത്തിരുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ലോക കേരള സഭ, സഭ ടിവി തുടങ്ങി ചെന്നിത്തല ഇന്നു രാവിലെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഓരോന്നിനും സ്പീക്കർ വാർത്താസമ്മേളനത്തിൽ മറുപടി നൽകി.

ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചിൽ നടന്ന പ്രവൃത്തികൾ നിയമ സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിലല്ല നടന്നത്. നിയമസഭ സെക്രട്ടേറിയേറ്റിനോട് അതിന് അനുവാദം ചോദിക്കുകയായിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തുന്നതിന് അനുവാദം ചോദിച്ചു. അതിന് അനുവാദം കൊടുക്കുകയായിരുന്നു. അവിടേക്ക് ആവശ്യമായ കസേരകൾ നമ്മുടേതാണ്. അത് വാങ്ങിച്ചു. ആ കസേരകൾ വീണ്ടും അത് പുതുക്കിയപ്പോൾ നമ്മൾ ഉപയോഗിക്കുകയും ചെയ്തു. മറ്റ് പ്രവൃത്തികൾ നോർക്കയുടെ ഭാഗത്തുനിന്നാണുണ്ടായത്.

മെമ്പേഴ്‌സ് ലോഞ്ചിലെ സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ പ്രവൃത്തികൾക്ക് 16 കോടി 65 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്. ഭരണാനുമതിയുടെ ഭാഗമായി വന്നിട്ടുള്ള ചെലവുകൾ ആവശ്യമുള്ളതാണോ എന്നതിന് സ്‌ക്രൂട്ടിനി നടത്താൻ വിദഗ്ധ സമിതിയുണ്ട്. 9 കോടി 17 ലക്ഷത്തിനാണ് പണി പൂർത്തീകരിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. ഊരാളുങ്കലിന് കരാർ നൽകിയത് അവരുടെ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡ് പരിഗണിച്ചാണ്. പ്രവൃത്തി അവർ നിശ്ചയിച്ച സമയത്ത് പൂർത്തീകരിച്ചു. ഇതിന് നിയമസഭ സമിതി മേൽനോട്ടം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഊരാളുങ്കലിന് ടെൻഡർ വിളിക്കാതെ കൊടുക്കാൻ സർക്കാർ ഉത്തരവുണ്ട്. സ്ഥാപനം സർക്കാരിൽ എൻലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെൻഡർ വിളിക്കാതെ കൊടുക്കാനുള്ള ഉത്തരവുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഈ സർക്കാർ കൊടുത്ത ഉത്തരവ് അല്ല അതെന്നും എല്ലാവശങ്ങളും പരിശോധിച്ച് അവരുടെ വിശ്വാസ്ത്യതയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവാണത്. താൻ അല്ലല്ലോ ആ ഉത്തരവ് ഇട്ടതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP