Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലകറക്കവും ഛർദ്ദിയും വന്ന് ആളുകൾ കൂട്ടത്തോടെ കുഴഞ്ഞു വീഴുന്നു; 45കാരൻ മരിച്ചു, ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ; മൂന്നൂറിലേറെപ്പേർ ചികിത്സയിൽ; രോഗകാരണം എന്തെന്ന് വ്യക്തമല്ല; കോവിഡ് കാലത്ത് ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച് ഒരു അപുർവ രോഗം കൂടി

തലകറക്കവും ഛർദ്ദിയും വന്ന് ആളുകൾ കൂട്ടത്തോടെ കുഴഞ്ഞു വീഴുന്നു; 45കാരൻ മരിച്ചു, ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ; മൂന്നൂറിലേറെപ്പേർ ചികിത്സയിൽ; രോഗകാരണം എന്തെന്ന് വ്യക്തമല്ല; കോവിഡ് കാലത്ത് ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച് ഒരു അപുർവ രോഗം കൂടി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: കോവിഡ് മഹാമാരിക്കാലത്ത് ആന്ധ്രാപേദശിനെ ഞെട്ടിച്ച് അപുർവ രോഗം പടരുന്നു. ആന്ധ്രാപ്രദേശിലെ എലൂരിൽ ദുരൂഹ രോഗം ബാധിച്ച് ആശുപത്രിയിൽ എത്തിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ഇതിൽ ഒരാൾ മരണപ്പെട്ടു. ചർദ്ദി, അപസ്മാരം എന്നീ ലക്ഷണങ്ങളോടെ എലൂരുവിലെ ജി.ജി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 45 കാരനാണ് വൈകിട്ടോടെ മരിച്ചത്.ആരോഗ്യസ്ഥിതി മോശമായ ഏഴ് പേരെ വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർ ചികിത്സയ്ക്കും മറ്റുമായി പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ എലൂരുവിലേക്ക് അയച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു.

140 ൽ അധികം രോഗികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഇവരെ ചികിത്സ നൽകിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം സമയം ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വെസ്റ്റ് ഗോദാവരി ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി ഫോണിൽ സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചെലവുകൾ വഹിക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം തലക്കറക്കവും ചർദ്ദിയും വന്ന് ആളുകൾ പൊടുന്നനെ അബോധാവസ്ഥയിലായതിന്റെ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിലെത്തിച്ചവരുടെ രക്തപരിശോധനയും സി.ടി സ്‌കാനും ഉൾപ്പെടെ നടത്തിയെങ്കിലും പെട്ടെന്നുള്ള രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.

സെറിബ്രൽ സ്പൈനൽ ഫ്ലൂയിഡ് ടെസ്റ്റുകളിലും അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ല. കൺച്ചറൽ ടെസ്റ്റ് ഫലം പുറത്തുവരുന്നതോടെ മാത്രമേ രോഗകാരണത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുള്ളൂവെന്നാണ് ആരോഗ്യവിഭാഗം അറിയിച്ചത്. ഇ-കോളി ഫലങ്ങൾ കൂടി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ജില്ലാ ജോയിന്റ് കളക്ടർ ഹിമാൻഷു ശുക്ല പറഞ്ഞു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ ശാസ്ത്രജ്ഞർ തിങ്കളാഴ്ച എലൂരുവിൽ എത്തുമെന്ന് ജില്ലാ കളക്ടർ ഹിമാൻഷു ശുക്ല പറഞ്ഞു.

അതിനിടെ ഇവിടെ നിന്നും ലഭിച്ച പാലിന്റെ സാമ്പിളുകളും വിജയവാഡയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുമായും മറ്റ് വിദഗ്ധരുമായും വിഷയം സംസാരിച്ചതായി ബിജെപി എംപി ജി.വി.എൽ നരസിംഹറാവു പറഞ്ഞു. അതേസമയം ജല മലിനീകരണമല്ല രോഗത്തിന്് കാരണമെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ഭൂരിഭാഗം പേരും സുഖം പ്രാപിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ രോഗികളെ മാറ്റുന്നതിനായി വിജയവാഡയിലെ ജി.ജി.എച്ചിൽ 50 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ എ.കെ.കെ ശ്രീനിവാസ് (നാനി) പറഞ്ഞു.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ എഴുപത് രോഗികളെ ഡിസ്ചാർജ് ചെയ്തതിട്ടുണ്ട്. നിലവിൽ 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗികളിൽ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്.

രോഗികൾ വ്യത്യസ്ത പ്രായത്തിലുള്ളവാരാണ്. ഇതിൽ ഒരു ആറുവയസുകാരിയുടെ നില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ വിജയവാഡയിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാരുടെയും റിസൾട്ട് നെഗറ്റീവ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP