Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരത് ബന്ദ് : ഡൽഹിയിൽ കനത്ത സുരക്ഷ; സംസ്ഥാനങ്ങൾ കർശന ജാഗ്രതപാലിക്കാൻ കേന്ദ്രനിർദ്ദേശം;പൊലീസിന്റെ വിലക്ക് ലംഘിച്ച് ഡൽഹിയിൽ കടന്നേക്കുമെന്ന് ഇന്റലിജൻസ്

ഭാരത് ബന്ദ് : ഡൽഹിയിൽ കനത്ത സുരക്ഷ; സംസ്ഥാനങ്ങൾ കർശന ജാഗ്രതപാലിക്കാൻ കേന്ദ്രനിർദ്ദേശം;പൊലീസിന്റെ വിലക്ക് ലംഘിച്ച് ഡൽഹിയിൽ കടന്നേക്കുമെന്ന് ഇന്റലിജൻസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നാളത്തെ ഭരത് ബന്ദിൽ സുരക്ഷ കർശനമാക്കി കേന്ദ്രസർക്കാർ. ഡൽഹിയിൽ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.പാർലമെന്റ് പരിസരത്ത് പൊലീസ് 144 പ്രഖ്യാപിച്ചു.അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ പൊലീസിന്റെ വിലക്ക് ലംഘിച്ച് ഡൽഹിയിൽ കടന്നേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് തലസ്ഥാനത്ത് സുരക്ഷ ശകത്മാക്കിയത്. ഇതിന് പുറമെ കർഷകരുടെ ഭാരത ബന്ദിനോട് അനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ബ്ന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതിനിടെ പുരസ്‌കാരങ്ങൾ തിരികെ നൽകാനായി രാഷ്ട്രപിത ഭവനിലേക്ക് തിരിച്ച 30 ഓളം കായികതാരങ്ങളെ പൊലീസ് തടഞ്ഞു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള 30 ഓളം കായികതാരങ്ങളാണ് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, തങ്ങൾക്ക് ലഭിച്ച പുരസ്‌കാരം തിരികെ നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ ഡൽഹി പൊലീസ് തടയുകയായിരുന്നു എന്ന് ഗുസ്തി താരം കർതാർ സിങ് പറഞ്ഞു. ദ്രോണാചാര്യ, അർജുന, പത്മശ്രീ അവർഡു ജേതാക്കളും ഇതിലുൾപ്പെടുന്നു.

കർഷക സമരത്തിന് പിന്തുണ നൽകാൻ പോകുമെന്ന് അറിയിച്ച സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് ബന്തവസ്സിലാക്കി. ഇതേത്തുടർന്ന് അഖിലേഷും പാർട്ടി പ്രവർത്തകരും വീടിന് പുറത്ത് ധർണ നടത്തി പ്രതിഷേധിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കർഷഷകരുടെ പ്രതിഷേധ വേദിയിലെത്തി പിന്തുണ അറിയിച്ചു. സിംഘു അതിർത്തിയിൽ നേരിട്ടെത്തിയാണ് കെജരിവാൾ പിന്തുണ അറിയിച്ചത്.

കെജരിവാളിനൊപ്പം മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും ചില എംഎൽഎമാരും അനുഗമിച്ചിരുന്നു. കർഷക സമരവേദി സന്ദർശിക്കുന്ന ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജരിവാൾ. ഭരത് ബന്ദിന് എഎപിയും തെലങ്കാന രാഷ്ട്രസമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണ ഏറിയതോടെ കർഷക സമരത്തെ കരുതലോടെ സമീപിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സമരത്തെക്കുറിച്ച് അനാവശ്യവും പ്രകോപനപരവുമായ പരാമർശങ്ങളൊഴിവാക്കാൻ മുതിർന്ന നേതാക്കൾക്കും വക്താക്കൾക്കും ബിജെപിയുടെ നിർദേശമുണ്ട്.

കർഷക സമരം രാഷ്ട്രീയപ്രേരിതമാണെന്നു സ്ഥാപിച്ചെടുക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കർഷക സമരത്തിന്റെ നേതൃത്വം പൂർണമായി കർഷക സംഘടനകൾക്കാണ്. ഒരു രാഷ്ട്രീയകക്ഷിയെയും സമരനേതൃത്വം ഏറ്റെടുക്കാൻ കർഷകർ അനുവദിച്ചില്ല. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരമുഖത്തേക്കു വരേണ്ടെന്ന് കർഷ നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. സമരം ഖലിസ്ഥാൻ വാദികളുടേതാണെന്ന പ്രചാരണം തിരിച്ചടിയായിരുന്നു. എന്നാൽ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം പോലെയല്ല, കർഷക ബില്ലിനെതിരായ കർഷക സമരമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റാനുള്ള അമിത് ഷായുടെ ആഹ്വാനം മറ്റൊരു ഷഹീൻബാഗ് സൃഷ്ടിക്കാനുള്ള തന്ത്രമായി കർഷകർ വിലയിരുത്തിയിരുന്നു.

വയോധികരും കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങൾ കൊടുംതണുപ്പിൽ ദിവസങ്ങളായി തെരുവിൽ പ്രതിഷേധിക്കുമ്പോഴും കേന്ദ്രം പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നുണ്ട്. രാജ്യതലസ്ഥാനത്ത് അടക്കം വിവിധ വിഭാഗം ജനങ്ങൾ സമരത്തിന് പിന്തുണയും സഹായവും നൽകുന്നു.പൗരത്വ സമരത്തിൽ മുസ്ലിം സംഘടനകളുടെയും തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പങ്കാളിത്തം സമരം രാഷ്ട്രീയപ്രേരിതമാണെന്നു സ്ഥാപിച്ചെടുക്കാൻ അന്ന് സഹായിച്ചിരുന്നു. പൗരത്വ സമരക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും ചർച്ചയ്ക്കു തയാറാകാതിരുന്ന കേന്ദ്രസർക്കാർ കർഷകരോടു ചർച്ചയ്ക്ക് വന്നതു തന്നെ ദേശവിരുദ്ധ സമരമെന്ന പ്രതീതി സൃഷ്ടിക്കാനായില്ല എന്ന തിരിച്ചറിവിലാണ്. നിയമങ്ങൾ തൽക്കാലത്തേക്കു നടപ്പാക്കേണ്ടെന്നു തീരുമാനിച്ചാൽ ഉറച്ച ഭരണകൂടമെന്ന മോദി സർക്കാരിന്റെ പ്രതിഛായയ്ക്കു കളങ്കമേൽക്കുമെന്നതും ബിജെപി നേതൃത്വത്തെ വിഷമസന്ധിയിലാക്കുന്നു. ഇതിൽ വഴങ്ങിയാൽ ഇപ്പോൾ പിന്നണിയിലുള്ള പരിഷ്‌കരിച്ച തൊഴിൽച്ചട്ടങ്ങളോടുള്ള എതിർപ്പും മുന്നോട്ടെത്തുമെന്നു പാർട്ടി കരുതുന്നു.

ബിജെപി നേതാവ് ആർ.പി. സിങ് അടക്കം കർഷക സമര വിരുദ്ധ പ്രസ്താവനകൾക്കെതിരെ രംഗത്തെത്തി. നടി കങ്കണ റനൗട്ട് സമരത്തിൽ പങ്കെടുത്ത പഞ്ചാബി സ്ത്രീകൾക്കെതിരെ നടത്തിയ പ്രസ്താവനയെ സിങ് നിശിതമായി വിമർശിക്കുകയും സിഖുകാർ രാജ്യത്തിനു വേണ്ടി പോരാടുന്നവരാണ്, ദേശദ്രോഹികളല്ലെന്നു പറയുകയും ചെയ്തിരുന്നു.കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടക്കുന്ന ഭാരത് ഹർത്താലിനും രാഷ്ടീയ പാർട്ടികളുടെ പിന്തുണയേറി. കാർഷിക നിയമങ്ങൾക്കെതിരെ എൻഡിഎ ഘടകകക്ഷികളും പരസ്യമായി രംഗത്തുവന്നതോടെ കേന്ദ്രസർക്കാരും ബിജെപിയും പ്രതിസന്ധിയിലാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP