Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും പരിശോധന നടത്താതെ കുത്തിവെപ്പ് എടുത്തതിനാൽ വായിൽ നിന്നും പത വരുന്ന റിയാക്ഷൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവതി; ആരോപണം നിഷേധിച്ചു അധികൃതരും

മൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും പരിശോധന നടത്താതെ കുത്തിവെപ്പ് എടുത്തതിനാൽ വായിൽ നിന്നും പത വരുന്ന റിയാക്ഷൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവതി; ആരോപണം നിഷേധിച്ചു അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പരിചരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കോവിഡ് ബാധിതയായ യുവതി. വട്ടപ്പാറ സ്വദേശി ലക്ഷ്മിയാണ് കോവിഡ് പരിചരണത്തിലെ മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്‌ച്ച ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. പനി കൂടി എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിൽ മൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് യുവതിയുടെ പരാതി. മാത്രമല്ല, മരുന്നിന്റെ അലർജി കാരണം മറ്റു സൈഡ് എഫക്റ്റുകൾ ഉണ്ടായെന്നും ലക്ഷ്മി ആരോപിച്ചു.

കഴിഞ്ഞ മാസം 26നാണ് കോവിഡ് പൊസിറ്റീവായി വട്ടപ്പാറ സ്വദേശി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിക്കുമ്പോൾ പനിയും ശ്വാസംമുട്ടുമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. ആറാം വാർഡിൽ പ്രവേശിപ്പിച്ച ലക്ഷ്മിക്ക് ശ്വാസം മുട്ടൽ കലശലായതോടെ കുത്തിവയ്‌പെടുത്തു. അതോടെ ശരീരവേദനയും ക്ഷീണവും കൂടിയെന്നാണ് ലക്ഷ്മി പറയുന്നത്.

അതേസമയം തനിക്ക് ചില മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും അലർജി പരിശോധന പോലും നടത്താതെ കുത്തിവയ്പ് തുടർന്നു എന്നും ഇത് ആരോഗ്യം കൂടുതൽ വഷളാക്കിയെന്നും ലക്ഷ്മി ആരോപിക്കുന്നു. അലർജിയും കോവിഡിന്റെ സൈഡ് എഫക്റ്റുകളും കൂടി ആയതോടെ തന്റെ ആരോഗ്യം വലിയ തോതിൽ ക്ഷയിച്ചെന്നും ഇവർ ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞ വേളയിൽ എടുത്ത വീഡിയോയിൽ ആരോപിക്കുന്നു. കുത്തിവെപ്പിനെ തുടർന്ന് സൈഡ് എഫക്റ്റുകൾ കാരണം വായിൽ നിന്നും നുരയും പതയും വരുന്ന അവസ്ഥ ഉണ്ടായെന്നും ഇവർ പറയുന്നു.

അതേസമയം ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാകാത്ത അവസ്ഥയിലുമായി. കിടക്കയിൽ തന്നെ മൂത്രമൊഴിച്ചു. തലമുടിവരെ മൂത്രത്തിൽ നനഞ്ഞിട്ടും നഴ്‌സുമാർ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്മി പറയുന്നു. ഇപ്പോൾ കോവിഡ് നെഗറ്റീവ് ആയെങ്കിലും ഒട്ടും ആരോഗ്യമില്ലാത്ത അവസ്ഥയിലായെന്നും ലക്ഷ്മി ആരോപിച്ചു. നടക്കാൻ പോലും വയ്യ. പുറത്തിറങ്ങി വിദഗ്ധ ചികിൽസ തേടുന്നതിനൊപ്പം ആരോഗ്യമന്ത്രിക്ക് പരാതിയും നൽകാനൊരുങ്ങുകയാണ് ലക്ഷ്മി.

അതേസമയം യുവതിയുടെ ആരോപണങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി നിഷേധിച്ചു. ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്റിബയോട്ടിക്കാണ് നൽകിയതെന്നും രോഗി ഗുരുതരവാസ്ഥയിൽ ആയിട്ടില്ലെന്നം കൃത്യമായ ചികിത്സയും പരിചരണവും നൽകിയെന്നും ആശുപത്രിയിലെ കോവിഡ് നോഡൽ ഓഫിസർ പ്രതികരിച്ചു. യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് മെഡിക്കൽ കോളേജ് വിശദീകരിക്കുന്നത്.

അതേസമയം ഇതിന് മുമ്പും മെഡിക്കൽ കോളേജ് കോവിഡ് വാർഡിനെതിരെ പരാതി ഉയർന്നിരുന്നു. ആറാം വാർഡിനെതിരെ ആയിരുന്നു അന്നും ആരോപണം. ഇവിടെ കോവിഡ് ചികിത്സയിലായിരുന്ന വയോധികനായ വ്യക്തിയെ പുഴുവരിച്ച നിലയിലാണ് കാണപ്പെട്ടത്. ഈ സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയതോടെ മൂന്നുപേരെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായത്. രണ്ട് ഹെഡ് നഴ്സുമാരേയും നോഡൽ ഓഫീസർ ഡോ. അരുണയേയുമാണ് സസ്പെൻഡ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP