Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ; പോരാട്ടം പൊടി പാറിക്കാൻ ബിജെപി കളത്തിലിറക്കിയത് താരപ്രചാരകരെ; ലാവ്‌ലിൻ കേസ് ഒഴിവാക്കാൻ കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയെന്ന് ആരോപിച്ചു കെ മുരളീധരൻ; തലസ്ഥാന നഗരത്തിന്റെ വിധിയെഴുത്തിൽ ആകാംക്ഷ

നാളത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ; പോരാട്ടം പൊടി പാറിക്കാൻ ബിജെപി കളത്തിലിറക്കിയത് താരപ്രചാരകരെ; ലാവ്‌ലിൻ കേസ് ഒഴിവാക്കാൻ കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയെന്ന് ആരോപിച്ചു കെ മുരളീധരൻ; തലസ്ഥാന നഗരത്തിന്റെ വിധിയെഴുത്തിൽ ആകാംക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിങ് നടക്കുകയാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ ആരു പിടിക്കും എന്നതാണ് ഇത്തവണ ഏറ്റവും ആകാംക്ഷ ഉയർത്തുന്ന പോരാട്ടമായി മാറുന്നത്. ഇടതു പക്ഷം ഭരിക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനത്തെ ഭരണം പിടിച്ചാൽ അത് ബിജെപിയുടെ വരാനിരിക്കുന്ന കേരള യാത്രയുടെ കൃത്യമായ സൂചനയായി മാറും. കോൺഗ്രസും ശക്തമായി മത്സര രംഗത്തുണ്ടെങ്കിലും അധികാരം പിടിക്കുമെന്ന് ആത്മവിശ്വാസം നേതാക്കൾക്ക പോലും ഇല്ലെന്നാണ് അണിയറ സംസാരം. മറിച്ച് സിപിഎമ്മാകട്ടെ ബിജെപി ഉയർത്തുന്ന ഭീഷണി മറികടന്നും ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലുമാണ്.

ഹൈദരാബാദ് പിടിക്കാൻ ദേശീയ നേതാക്കളെല്ലാം എത്തിയിട്ടും അതിന് സാധിക്കാതെ പോയ ബിജെപി തിരുവനന്തപുരത്ത് വി വി രാജേഷ് എന്ന ജില്ലാ അധ്യക്ഷനെ മുന്നിൽ നിർത്തി ഹൈദരാബാദിൽ സാധിക്കാതെ പോയത് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മത്സരം കടുപ്പിക്കാൻ ലക്ഷ്യമിട്ടു തന്നയൊണ് ഇക്കുറി വിവി രാജേഷിനെ ബിജെപി സംസ്ഥാന നേതൃത്വം കളത്തിൽ ഇറക്കിയത്. എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയത അതിന് തടസ്സമായി നിൽക്കുമോ എന്ന ആശങ്കയും ഉയരുന്നു.

കോർപ്പറേഷനിൽ ബിജെപിയുടെ താരപ്രചാരകരായി നിറഞ്ഞു നിന്നത് സുരേഷ് ഗോപിയും നടൻ കൃഷ്ണ കുമാറുമായിരുന്നു. കെ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളും തിരുവനന്തപുരത്തിന്റ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 51-ലധികം സീറ്റുകൾ നേടുമെന്നാണ് നടൻ കൃഷ്ണകുമാർ അഭിപ്രായപ്പെടുന്നത്. നേരിട്ട് ഇറങ്ങാൻ സമയമായെന്ന് തോന്നിയതുകൊണ്ടു താനും രംഗത്തു ഇറങ്ങിയെന്നും ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം രഹസ്യ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും വാക്ക് പോര് കടുപ്പിക്കുകയാണ് അവസമാന സമയങ്ങളിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എമ്മും ബിജെപിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തുവന്നു കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫും ബിജെപിയും തമ്മിൽ അന്തർധാര രൂപപ്പെട്ടിട്ടുണ്ടെന്നാണ് മുരളീധരൻ പറയുന്നത്. ലാവ്ലിൻ കേസ് ഒഴിവാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയായിട്ടുണ്ട്. സിപിഎം നേതാക്കൾ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരൻ ആരോപിക്കുന്നു.

വെൽഫയർ പാർട്ടിയുമായി യു ഡി എഫിന് പലയിടത്തും നീക്കുപോക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കെപിസിസി അദ്ധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യം ആവർത്തിച്ച് നിഷേധിക്കുമ്പോഴാണ് മുരളീധരന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി വിജയം യു ഡി എഫിന് ഉറപ്പാണ്. 2010ലെ തിരഞ്ഞെടുപ്പ് വിജയം ആവർത്തിക്കും.തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആകും കോൺഗ്രസെന്നും കെ മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ഇക്കുറി ആരോടൊപ്പം നിൽക്കുമെന്നത് പ്രവചനാതീതമാണ്. 2015 ലെ തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ നേടി ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇത്തവണ ശ്രദ്ധയാകർഷിക്കുന്നത് ബിജെപിയുടെ മുന്നേറ്റം തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നഗര മേഖലയിൽ ബിജെപി യ്ക്ക് മേൽക്കൈ നേടാൻ സാധിച്ചിട്ടുണ്ട്. ബിജെപിയുടെ മുന്നേറ്റം ഭയന്ന് മുസ്ലിംലീഗ് തീവ്ര മുസ്ലിം സംഘടനകളുമായി ചേർന്ന് ഒത്തു തീർപ്പ് രാഷ്ട്രീയത്തിലേക്ക് നീങ്ങിയെന്നും ആരോപണം ഉയർന്നു.

മാലിന്യ സംസ്‌ക്കരണത്തിലെ അപാകത, കുടിവെള്ള പ്രശ്‌നം തുടങ്ങി അടിസ്ഥാന മേഖലയിലെ പ്രശ്‌നങ്ങൾ അടക്കം ഉന്നയിച്ചായിരുന്നു ബിജെപിയുടെ പ്രചരണം. നഗരസഭയിലെ വികസന മുരടിപ്പും, സ്മാർട്ട് സിറ്റി അടക്കമുള്ള കേന്ദ്രാവിഷികൃത പദ്ധതികളുടെ മെല്ലെപ്പോക്കും ബിജെപി ഉയർത്തികാട്ടി. നഗരസഭാ ഭരണം നിലനിർത്തുകയെന്നത് ഇടത് മുന്നണിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തി കാട്ടിയാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

അതിനിടെ തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിക്കുമെന്നും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഫലം സ്വാധീനം ചെലുത്തുമെന്നും ബിജെപി എംഎൽഎ ഒ. രാജഗോപാലും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നഗരസഭയിലെ ഫലം എന്തുതന്നെ ആയാലും അതുവരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ ശക്തിയും പ്രയോഗിച്ച് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണിത്.

പാർട്ടി പ്രവർത്തകർ മാത്രമല്ല നിഷ്പക്ഷമതികളായ ആളുകളും തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കാൻ ബിജെപിക്ക് അവകാശമുണ്ടെന്ന പക്ഷക്കാരാണ്. കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും നിരവധി തവണ ഇതിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ഒരു സഹതാപ തരംഗം ബിജെപിക്ക് അനുകൂലമായുള്ള ഒരു ഘടകമാണ്. കോർപ്പറേഷൻ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടെന്നും ഒ. രാജഗോപാൽ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഐക്യം എല്ലാസമയത്തും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അവർക്ക് അവസരവാദപരമായ കൂട്ടുകെട്ടുണ്ട്. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെപ്പോലും അവർ കൂട്ടുപിടിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ട്. വോട്ടിന് വേണ്ടിയുള്ള സൂത്രപ്പണികളെയൊക്കെ അവർക്ക് നിഷ്പക്ഷമായി കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയവയാണ് ഇപ്പോഴത്തെ പ്രധാന വിഷയങ്ങളെന്നും എന്നാൽ ശബരിമല പ്രശ്‌നം തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ സംസാര വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP