Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ഒ. രാജ​ഗോപാൽ; പാർട്ടി ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബിജെപി നേതാവ്; തിരുവനന്തപുരം നഗരസഭയിലെ ഫലം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമാണെന്നും നേമം എംഎൽഎ

ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ഒ. രാജ​ഗോപാൽ; പാർട്ടി ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബിജെപി നേതാവ്; തിരുവനന്തപുരം നഗരസഭയിലെ ഫലം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമാണെന്നും നേമം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജ​ഗോപാൽ. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും മത്സരിക്കാൻ വ്യക്തിപരമായി താത്പര്യമില്ല എന്നായിരുന്നു രാജ​ഗോപാൽ പറഞ്ഞത്. എന്നാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്നും 91കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ പാർട്ടിക്കുള്ളിൽ ധാരാളം ചെറുപ്പക്കാരും നേതാക്കളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവർക്കൊക്കെ അവസരം ലഭിക്കണമെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണയാണ് ബിജെപി അക്കൗണ്ട് തുറന്നത്. നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ. രാജഗോപാൽ എതിർസ്ഥാനാർത്ഥി എൽഡിഎഫിന്റെ വി. ശിവൻകുട്ടിയെയാണ് പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിക്കുമെന്നും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഫലം സ്വാധീനം ചെലുത്തുമെന്നും ഒ. രാജഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിലെ തർക്കം വലിയ പാർട്ടിയെന്ന നിലയിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഫോർമുലയും ആർക്കും കൊണ്ടുവരാൻ സാധിക്കില്ല. എപ്പൊഴും ആരെങ്കിലുമൊക്കെ അസംതൃപ്തരായുണ്ടാകും. അതൃപ്തി പുറത്തുപറയാതിരിക്കുന്നതാണ് നല്ലത്. ശോഭ സുരേന്ദ്രന് അവർ ആഗ്രഹിച്ചിരുന്ന സ്ഥാനം ലഭിച്ചില്ല എന്നത് അവരുടെ മാത്രം പ്രശ്നമാണ്. ഇതൊന്നും വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കില്ല. വലിയ പാർട്ടിയാകുമ്പോൾ ഇത്തരത്തിലുള്ള ആകാംക്ഷകളും പ്രതീക്ഷകളും ഓരോരുത്തർക്കുമുണ്ടാകും. ഇതൊന്നും പൂർണമായും നടപ്പിലാക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ അസംതൃപ്തർ ധാരാളമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ഫലം എന്തുതന്നെ ആയാലും അതുവരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ ശക്തിയും പ്രയോഗിച്ച് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണിത്. പാർട്ടി പ്രവർത്തകർ മാത്രമല്ല നിഷ്പക്ഷമതികളായ ആളുകളും തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കാൻ ബിജെപിക്ക് അവകാശമുണ്ടെന്ന പക്ഷക്കാരാണ്. കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും നിരവധി തവണ ഇതിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ഒരു സഹതാപ തരംഗം ബിജെപിക്ക് അനുകൂലമായുള്ള ഒരു ഘടകമാണ്. കോർപ്പറേഷൻ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടെന്നും ഒ. രാജഗോപാൽ പറഞ്ഞു.

1929 സെപ്റ്റംബർ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായാണ് ഒ. രാജ​ഗോപാൽ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂളിലും ആയിട്ടായിരുന്നു.അതിനുശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ പഠനം തുടർന്നു.തുടർന്നു ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. രാഷ്ട്രീയ ഭേദമെന്യേ ഏവരും ‘രാജേട്ടൻ’ എന്ന് വിളിക്കുന്ന ഓലഞ്ചേരി രാജഗോപാൽ പാലക്കാട്ട് ഒരു സാധാരണ കോൺഗ്രസ്സുകാരനായിട്ടാണ് പൊതുരംഗത്ത് വന്നത്. ജനസംഘം സംസ്ഥാന പ്രസിഡന്റ്, ജനതാപാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി, ബിജെപിയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം രാജഗോപാൽ പ്രവർത്തിച്ചിട്ടുണ്ട്.

തോൽക്കാൻ വേണ്ടി ജയിച്ച നേതാവാണ് രാജഗോപാൽ എന്നതായിരുന്നു ഈ നേതാവിനെതിരെ എന്നും ഉയർന്ന വിമർശനം. തോൽവിയിലും മനസ്സ് പതറാതെ തന്റെ രാഷ്ട്രീയ വഴിയിൽ ഉറച്ചു നിന്നു. പാർട്ടി പറയുമ്പോഴെല്ലാം മത്സരിച്ചു. അവിടെ മറ്റ് പരിഗണനകളൊന്നും രാജഗോപാലിന് മുന്നിൽ ഉണ്ടായിരുന്നു. അങ്ങനെ താമര ചിഹ്നത്തിൽ ജയിച്ച് കേരള നിയമസഭയിലെത്തിയ ആദ്യ നേതാവായി രാജഗോപാൽ മാറി. മൂന്നാം ശക്തിയുടെ പ്രതിനിധിയെന്ന നിലയിൽ ജയിച്ച് നിയമസഭയിലെത്തുന്ന നേതാവാണ് ഒ രാജ​ഗോപാൽ. ഇപ്പോഴിതാ, 91ന്റെ നിറവിൽ നിൽക്കുമ്പോഴും പാർട്ടി പറഞ്ഞാൽ ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് പറയുകയാണ് ഈ അസാധാരണ നേതാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP