Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി; സുരക്ഷയൊരുക്കുക 16,159 പൊലീസ് ഉദ്യോഗസ്ഥർ

ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി; സുരക്ഷയൊരുക്കുക 16,159 പൊലീസ് ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയിൽ സുരക്ഷയൊരുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കുന്നതിന് 16,159 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരിൽ 66 ഡിവൈ.എസ്‌പിമാർ, 292 ഇൻസ്പെക്ടർമാർ, 1,338 എസ്‌ഐ/എഎസ്ഐ മാർ എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കൂടാതെ 1,404 ഹോം ഗാർഡുമാരേയും 3,718 സ്പെഷ്യൽ പൊലീസ് ഓഫീസർമാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവർ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ സുഗമമായ വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധതലങ്ങളിൽ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസിന്റെ ഇലക്ഷൻ നോഡൽ ഓഫീസർ ഐ.ജി പി.വിജയൻ അറിയിച്ചു. അഞ്ചു ജില്ലകളേയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിൽ എട്ട് കമ്പനി സ്ട്രൈക്കിങ് ഫോഴ്സിനെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. സോണൽ ഐജി, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പൊലീസുകാർ സ്ട്രൈക്കിങ് ഫോഴ്സായി രംഗത്തുണ്ടാവും.

അഞ്ച് ജില്ലകളിലേയും പ്രശ്നബാധിത ബൂത്തുകളിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ ഉള്ളതായാണ് പൊലീസ് കണക്കുക്കൂട്ടിയിരിക്കുന്നത്. പരമാവധി 13 വരെ ബൂത്തുകൾ ഉൾപ്പെടുത്തി 716 ഗ്രൂപ്പ് പട്രോൾ സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിന് ഒരു പൊലീസ് സ്റ്റേഷനിൽ രണ്ട് വീതം 354 പ്രത്യേക പട്രോൾ സംഘങ്ങളും രംഗത്തുണ്ടാവുമെന്ന് ഐ.ജി പറഞ്ഞു.

പൊലീസിന്റെ മൊത്തം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അടിയന്തരഘട്ടങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയന്റെ നേതൃത്വത്തിൽ പ്രത്യേക ഇലക്ഷൻ സെൽ പ്രവർത്തിച്ചുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP