Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വികാസ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഓടിയെത്തിയത് ഒരു കൈയില്ലാതെ ഭർത്താവിനെ എങ്ങിനെ ശുശ്രൂഷിക്കുമെന്ന ചിന്ത; തിരിച്ചുകൊണ്ടുവന്നത് അനിയൻ ഉൾപ്പെടുന്ന ഭർത്താവിന്റെ കുടുംബം; നാട്ടിൽ പോയിട്ട് പത്ത് വർഷം കഴിഞ്ഞു; മത്സരിക്കുന്നത് പാതിവഴിയിൽ അവസാനിച്ച സ്വപ്നം തിരികെ പിടിക്കാൻ; ആ കഥ ജ്യോതി വികാസ് മറുനാടനോട് പറയുമ്പോൾ

വികാസ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഓടിയെത്തിയത് ഒരു കൈയില്ലാതെ ഭർത്താവിനെ എങ്ങിനെ ശുശ്രൂഷിക്കുമെന്ന ചിന്ത; തിരിച്ചുകൊണ്ടുവന്നത് അനിയൻ ഉൾപ്പെടുന്ന ഭർത്താവിന്റെ കുടുംബം; നാട്ടിൽ പോയിട്ട് പത്ത് വർഷം കഴിഞ്ഞു; മത്സരിക്കുന്നത് പാതിവഴിയിൽ അവസാനിച്ച സ്വപ്നം തിരികെ പിടിക്കാൻ; ആ കഥ ജ്യോതി വികാസ് മറുനാടനോട് പറയുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

പാലക്കാട്: പാതിവഴിയിൽ നിലച്ചുപോയ തന്റെ സ്വപ്നത്തെ പൂർത്തിയാക്കുവാനുള്ള അവസരമായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പട്ടത്തലച്ചി ഡിവിഷൻ സ്ഥാനാർത്ഥി ജ്യോതി വികാസ്.തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ മറുനാടൻ ടിവിയോട് സംസാരിക്കവേ ആയിരുന്നു തന്റെ അനുഭവങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് കേരളത്തിന്റെ ഈ മരുമകൾ മനസ്സുതുറന്ന്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടു ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടതലച്ചി ഡിവിഷൻ ബിജെപി സ്ഥാനാർത്ഥിയായ ജ്യോതിക്ക് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ അവശ്യമില്ല.സിനിമക്കഥകളെപ്പോലും വെല്ലുന്ന അവരുടെ ജീവിതം ഏതാനും ദിവസങ്ങളായി മലയാളിക്ക് അത്രമേൽ സുപരിചിതമായിക്കഴിഞ്ഞു.

നഴ്സിങ്ങ് മേഖല തെരഞ്ഞടുക്കാൻ കാരണം തന്നെ ജനങ്ങളെ സേവിക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ടായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിത അനുഭവത്തിലൂടെ വലതുകൈ അറ്റുപോയപ്പോഴും മറ്റൊരു ജിവൻ രക്ഷിക്കാനാണല്ലോ എന്നാണ് അശ്വസിച്ചത്. പക്ഷെ ഈ സംഭവത്തോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് തന്റെ സ്വപ്നമായിരുന്നു.ആദ്യമൊക്കെ ഇനിയെന്ത് എന്ന ചിന്തയായിരുന്നു മനസ്സിൽ.അത്രയേറെ അ പ്രൊഫഷനെ ഇഷ്ടപ്പെട്ടിരുന്നു. ആ സ്വപ്നത്തിന്റെ വീണ്ടെടുപ്പാണ് താൻ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ സ്വപ്നം കാണുന്നത്. ജയിച്ചാൽ ജനങ്ങൾക്ക് വേണ്ടി കഴിയുന്നതൊക്കെ ചെയ്യണം ജ്യോതി നയം വ്യക്തമാക്കുന്നു.

അപകടം സംഭവിച്ച് കൈ നഷ്ടപ്പെട്ടപ്പോൾ ഇനിയെന്ത് എന്ന ചിന്തയായിരുന്നു മനസ്സിൽ. വികാസ് വിവാഹാഭ്യർത്ഥന നടത്തിയപ്പോഴും ആദ്യം നിരസ്സിക്കുകയായിരുന്നു.അതിന്റെ പ്രധാനകാരണവും ഈ ഒരു മനോഭാവം തന്നെയായിരുന്നു. മറ്റുള്ളവരെ സഹായിക്കണം എന്ന മനസോടെ ജീവിച്ച താൻ ഇനി ഒരു കൈയില്ലാതെ ഭർത്താവിനെ എങ്ങിനെ ശുശ്രൂഷിക്കുമെന്നായിരുന്നു ചിന്ത. പക്ഷെ അപ്പോഴും തിരിച്ചുകൊണ്ടുവന്നത് അനിയൻ ഉൾപ്പെടുന്ന ഭർത്താവിന്റെ കുടുംബം തന്നെയാണ്.താൻ നാട്ടിൽ പോയിട്ട് പത്ത് വർഷം കഴിഞ്ഞു. വീട്ടിൽ ഇപ്പോൾ എതിർപ്പൊന്നുമില്ലെങ്കിലും അവിടേക്ക് പോകാറില്ല.പക്ഷെ അതിൽ തനിക്ക് ദുഃഖമില്ല. അത്രമേൽ സ്നേഹം ഈ കുടുംബത്തിൽ നിന്ന് താൻ അറിയുന്നുണ്ട്.. ജ്യോതി വാചാലയായി. കേരളത്തിന്റെ സ്നേഹം നാട്ടുകാരിൽ നിന്ന് ആവോളം തനിക്ക് ലഭിക്കുന്നുണ്ടെന്നും ഈ സ്്നേഹം തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടെന്നും ജ്യോതി പറഞ്ഞു നിർത്തി.

ഛത്തീസ്‌ഗഡ് സ്വദേശിനിയായ ജ്യോതി മലയാളത്തിന്റെ മരുമകളായിട്ട് പത്ത് വർഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തിൽ എത്തിയ ജ്യോതിയുടെ ജീവിതം അതിർവരമ്പുകൾ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂർവ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്.സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുർഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനിയായ ജ്യോതി ഹോസ്റ്റലിൽ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസിൽ യാത്ര തിരിച്ചതു. അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ തന്നെ മറ്റൊരു ക്യാമ്പിലായിരുന്ന സഹോദരൻ വിശാലിനെ സന്ദർശിച്ചു ദണ്ഡേവാഡ ജില്ലയിലെ ബെലാഡിയിലെ സ്വന്തം ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു അദ്ദേഹം.

ബസിന്റെ വിൻഡോ സീറ്റിന്റെ ജനൽപാളിയിൽ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. വളരെ പെട്ടെന്നാണ് എതിർവശത്തു നിന്നു വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു ബസിന് നേർക്കു വരുന്നതു യാത്രക്കാർ കാണുന്നതു ഉറങ്ങുകയായിരുന്ന വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു ചരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. മരണം മീറ്ററുകൾക്കപ്പുറം എത്തിനില്ക്കുകയായിരുന്നു വികാസിനു. പക്ഷെ ദൈവത്തിന്റെ ആ കൈ വികാസിനെ മരണത്തിനു വിട്ടു കൊടുത്തില്ല.

വികാസിനു തൊട്ടു പിറകിൽ ഇരുന്ന ജ്യോതിയുടെ ആയിരുന്നു ആ കൈകൾ. മറ്റു യാത്രക്കാരെല്ലാം പ്രാണരക്ഷാർത്ഥം ഓടി മാറിയപ്പോൾ ഉറക്കത്തിലായിരുന്ന വികാസിനു സംഭവിക്കാവുന്ന അപകടം മനസിലാക്കിയ ജ്യോതി തന്റെ വലതു കൈ ഉപയോഗിച്ചു വികാസിന്റെ തല പിടിച്ചു മാറ്റുകയായിരുന്നു. ഞെട്ടിയുണർന്ന വികാസ് കാണുന്നതു കൈപ്പത്തിയറ്റു ചോരയിൽ കുളിച്ചു കിടക്കുന്ന ജ്യോതിയെയാണ്. അപകടം ഉണ്ടായി എന്നു അല്ലാതെ മറ്റൊന്നും വികാസിനു മനസിലായിരുന്നില്ല.

യാത്രക്കാരൊക്കെ ഡ്രൈവറെ കുറ്റപ്പെടുത്തുന്നതു അല്ലാതെ സഹായിക്കാൻ മുതിർന്നില്ല. തന്നെ രക്ഷിക്കാൻ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതു എന്നു കുറച്ചു വൈകിയാണ് വികാസ് മനസിലാക്കിയതു. തന്റെ ജീവൻ രക്ഷിച്ച പെൺക്കുട്ടിക്കു അതുമൂലം കൈനഷ്ടമായെന്നു അറിഞ്ഞതോടെ അവരെ ഇങ്ങനെയും രക്ഷിക്കണം എന്നു വികാസ് മനസിൽ ഉറപ്പിച്ചു. സമീപത്തെ ആശുപത്രിയിൽ വിദഗ്ദ ചികിത്സ ഇല്ലാത്തതിനാൽ മുറിഞ്ഞു പോയ കൈപ്പത്തിയുമായി ബിലാസ്പൂറിലെ അപ്പോളോ ആശുപത്രിയിലും പിന്നീടു റായ്പൂരിലെ രാമകൃഷ്ണാ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും നിരാസയായിരുന്നു ഫലം.

തുന്നി ചേർക്കാനാകത്ത വിധം കൈപ്പത്തി വേർപ്പൈട്ടുവെനന്നും ഡോക്ടർമാർ അറിയിച്ചു.വിവരം അറിഞ്ഞു ആശുപത്രിയിൽ എത്തിയ വികാസിന്റെ സഹോദരൻ വിശാൽ തന്റെ കൈപ്പത്തി വരെ ജ്യോതിക്കു നൽകാൻ ഒരുക്കമായിട്ടും അതും നടക്കില്ല എന്നു ഡോക്ടർമാർ അറിയിച്ചു. അങ്ങനെ ചെയുന്നതു പഴുപ്പു ഉണ്ടാകുന്നതു അല്ലാതെ ഗുണം ചെയ്യില്ലെന്നും പറഞ്ഞതോടെ വികാസ് ആകെ തകർന്നു.ഇതിനിടയിലെ ജ്യോതിയുടെ വീട്ടുകാരുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. പരിചയമില്ലാത്ത ഒരാൾക്കു വേണ്ടി സ്വന്തം കൈപ്പത്തി കളഞ്ഞ ജ്യോതിയെ അവർ കുറ്റപ്പെടുത്തി ചികിത്സയുടെ അവസാന നാളുകളിൽ മാത്രമാണ് അവർ ആശുപത്രിയിൽ തന്നെ എത്തിയതു. എന്റെ വലതുകൈയെക്കാൾ വലുതല്ലെ ഒരു ജീവൻ എന്നു പറഞ്ഞ ജ്യോതിയുടെ മറുപടി വികാസിനെ ജ്യോതിയെ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടുക എന്ന തീരുമാനത്തിൽ എത്തിച്ചു.

സിംമ്പതി കാരണം വികാസ് പറയുന്നതാണ് എന്നു കരുതി ആദ്യം വിവാഹത്തിനു എതിർത്ത ജ്യോതി ഒടുവിൽ വികാസിന്റെ ഇഷടത്തിനു വഴങ്ങുകയായിരുന്നു.തന്റെ ജീവൻ രക്ഷിക്കാൻ കൈപ്പത്തി കളഞ്ഞവളെ കൈപിടിച്ചു സ്വന്തം ജീവിതത്തോടു ചേർക്കുകയായിരുന്നു വികാസ്. 2011 ഏപ്രിൽ 13 ന് കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതരായി. ഇപ്പാൾ കോയമ്പത്തൂരിൽ ആണ് വികാസിനു ജോലി. എട്ടും നാലും വയസുള്ള രണ്ടു മക്കമുണ്ട് ഇവർക്ക്. തിരഞ്ഞെടുപ്പു പ്രചരണത്തിനും പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് വികാസും കുടുംബവും ജ്യോതിക്കു നൽക്കുന്നതു. ഇവിടെ തികഞ്ഞ വിജയപ്രതീക്ഷയോട് കൂടിയാണ് ഈ ഛത്തീസ്‌ഗഡുകാരി മത്സര രംഗത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP