Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എണ്ണവില രണ്ട് വർഷത്തെ ഉയർന്ന നിരക്കിൽ; പെട്രോൾ വില 85 രൂപ കടന്നു; 17 ദിവസത്തിനിടെ വിലകൂട്ടിയത് 13 തവണ; ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; പാചകവാതക വിലയും വർദ്ധിപ്പിച്ചത് സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുന്നു; അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവും നിലച്ചു

എണ്ണവില രണ്ട് വർഷത്തെ ഉയർന്ന നിരക്കിൽ; പെട്രോൾ വില 85 രൂപ കടന്നു; 17 ദിവസത്തിനിടെ വിലകൂട്ടിയത് 13 തവണ; ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; പാചകവാതക വിലയും വർദ്ധിപ്പിച്ചത് സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുന്നു; അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവും നിലച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൂഡ് ഓയിൽ വിലയിൽ റെക്കോർഡ് ഇടിവ് ഉണ്ടാകുന്ന വേളയിലും ആ വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാത്ത രാജ്യമാണ് ഇന്ത്യ. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ പലവിധ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വില കുറക്കാൻ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില കുറഞ്ഞാലും ഇന്ത്യയിൽ എണ്ണവിലയിൽ യാതൊരു കുറവും ഉണ്ടാകാറില്ല. കേന്ദ്രസർക്കാറിന്റെ അടുത്തകാലത്തെ ഇത്തരം നയങ്ങൾ കടുത്ത ജനരോഷത്തിന് ഇടയാക്കുന്നതാണ്. കേരളം അടക്കമുള്ള ഇടങ്ങളിൽ തെരഞ്ഞെടുപ്പു കാലമായിട്ടും എണ്ണ വില വീണ്ടും ഉയർത്തിക്കൊണ്ടാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പെട്രോളിന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. 17 ദിവസത്തിനിടെ 13-ാമത്തെ തവണയാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോൾ വിലയിൽ രണ്ടു രൂപ 47 പൈസയും ഡീസൽ വിലയിൽ മൂന്ന് രൂപ 44 പൈസയുമാണ് ഇതുവരെ വർധിച്ചത്. സംസ്ഥാനത്ത് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില.

കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 85.41 രൂപയാണ് വില. ഡീസലിന് 79.38 രൂപയും. വിവിധ ജില്ലകളുടെ കണക്കെടുത്ത് നോക്കുമ്പോൾ, തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.41 രൂപയും ഡീസലിന് 79.38 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 83.56 രൂപയാണ് വില. ഡീസലിന് 77.62 രൂപയും. കോഴിക്കോട് 83.91 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 77.99 രൂപയും.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 83.41 രൂപയായി. ഡീസലിന് 73.61 രൂപയാണ് വില. മുംബൈയിൽ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റർ പെട്രോളിന് 90.05 രൂപയും ഡീസലിന് 80.23 രൂപയുമാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ഇന്ധനവില വർധവ് തുടരുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാൻ കാരണം. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 49.03 ഡോളറാണ് വില. 73.80 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.

അതേസമയം പാചകവാതക വിലയിലും 50 രൂപ ഉയർത്തികൊണ്ടുള്ള നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇത് കൂടാതെ പാചകവാതക സബ്സിഡി മാസങ്ങളായി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്താത്ത അവസ്ഥയുമുണ്ട്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ലെന്നതാണ് വസ്തുത. സബ്സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്സിഡിത്തുക 'പൂജ്യ'മായത്. ഫലത്തിൽ സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും ഒരേ വിലയാണു നൽകുന്നത്.

കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞു. കൊച്ചിയിൽ കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 6051 രൂപയിയായിരുന്നു. ഇതിൽ നിന്നും ഏതാനും ദിവസം മുമ്പ് 50 രൂപ കൂടി ഉയർത്തുകയും ചെയ്തു. ദൂരപരിധിയനുസരിച്ച് മറ്റു പ്രദേശങ്ങളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യയിൽ പാചകവാതകവില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി.). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷുറൻസ്, തുറമുഖക്കൂലി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയാണ്. ഇതിനുപുറമേ ബോട്ടിലിങ് ചാർജ്, ഡീലർ കമ്മിഷൻ ജി.എസ്.ടി. എന്നിവയും ഉൾപ്പെടുന്നു.

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. ഇതിനാൽ ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കും. ഇക്കാരണത്താൽ സർക്കാർ പ്രതിമാസമാണ് സബ്സിഡിത്തുക നിശ്ചയിക്കുക. പാചകവാതകവില നിശ്ചയിക്കുന്നതിലെ മറ്റു മാനദണ്ഡങ്ങൾ 'രഹസ്യാത്മക'മാണെന്നാണ് എണ്ണക്കമ്പനി അധികൃതർ പറയുന്നത്. ജൂൺ മുതൽ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇതേ വിലയിലേക്ക് സബ്സിഡിയില്ലാത്ത പാചകവാതക വിലയും എത്തിയതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) പദ്ധതിയനുസരിച്ച് സബ്സിഡിത്തുക 'പൂജ്യം' ആയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സബ്സിഡിയുള്ള പാചകവാതകത്തിന് ഒരുവർഷംകൊണ്ട് പടിപടിയായി നൂറുരൂപയോളം കൂട്ടിയിരുന്നു.

കോവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന്റെ വില ഏപ്രിലിൽ കുറച്ചിരുന്നു. ഇതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 850.50 രൂപവരെയായിരുന്ന കൊച്ചിയിലെ വില ഏപ്രിലിൽ 734 രൂപയായി. ഇതു പടിപടിയായി കുറഞ്ഞു വരികായണ്.

പാചകവാതകം സാധാരണക്കാരന് താങ്ങാവുന്നതാക്കുന്നതിനാണ് സബ്‌സിഡി ഏർപ്പെടുത്തിയത്. 14.2 കിലോയുടെ 12 സിലിൻഡറാണ് സബ്‌സിഡിയോടെ ഒരുവർഷം ഉപയോക്താവിന് ലഭിക്കുക. സബ്‌സിഡി ഇല്ലാത്ത പാചകവാതക വില നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുപോലും സർക്കാരോ എണ്ണക്കമ്പനികളോ വ്യക്തമായ ഉത്തരം നൽകുന്നില്ല. സബ്‌സിഡി ഇല്ലാത്ത സിലിൻഡറിന്റെ അടിസ്ഥാനവിലയും വ്യക്തമാക്കുന്നില്ല. ബിഹാർ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പുറകെയാണ് കേന്ദ്രസർക്കാർ പാചകവാതക വില വർധിപ്പിച്ചത്.

സബ്സിഡി ഇല്ലാതാക്കുന്നത് എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനു വേണ്ടിയാണെന്നും സംശയമുണ്ട്. സ്വകാര്യകമ്പനികൾ സബ്‌സിഡി ഭാരം ഏറ്റെടുക്കില്ല എന്നതാണ് കാരണം. എണ്ണക്കമ്പനികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഒന്നാംഘട്ടമായി ബിപിസിഎലിനെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാൽ എൽപിജി സബ്‌സിഡിക്ക് എന്ത് സംഭവിക്കുമെന്ന് ഇനിയും സർക്കാർ പറഞ്ഞിട്ടില്ല.

ബിപിസിഎലിന്റെ പാചകവാതക സബ്‌സിഡി ഉപയോക്താക്കളെ തൽക്കാലം ഐഒസിക്കും എച്ച്പിസിഎലിനും വീതംവച്ച് നൽകാനാണ് നീക്കം നടക്കുന്നത്. വിൽപ്പനയ്ക്ക് മുമ്പുതന്നെ പാചകവാതകം സബ്‌സിഡി ഇല്ലാത്ത ഉൽപ്പന്നമാക്കി മാറ്റി പ്രശ്‌നത്തിൽനിന്ന് ഒഴിയാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സബ്‌സിഡി ഒഴിവാക്കിയാൽ അടുത്ത സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപ ലാഭിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP