Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടൊഴുപ്പിക്കാനുള്ള എംഎൽഎയുടെ ശ്രമത്തെ പൊളിച്ചത് വാർത്തകൾ; പ്രളയത്തിനിടെ മണ്ണിടിഞ്ഞ് ദുരിതം എത്തിയിട്ടും തിരിഞ്ഞു നോക്കാത്തെ മെമ്പർ; കോവിഡു കാല പ്രതിസന്ധിയിൽ വാടക മുടങ്ങിയപ്പോൾ ഇറക്കി വിടാൻ ശ്രമിച്ചത് നേതാവിന്റെ ഭാര്യ; പ്രതിഷേധം തീർത്ത് കളം മാറി ബിജെപി പാളയത്തിലെത്തിയത് ഓമനയും മക്കളും; മൂന്നാറിലെ ഏക വനിതാ ട്രക്കിങ് ഗൈഡ് സ്ഥാനാർത്ഥിയാകുമ്പോൾ

വീടൊഴുപ്പിക്കാനുള്ള എംഎൽഎയുടെ ശ്രമത്തെ പൊളിച്ചത് വാർത്തകൾ; പ്രളയത്തിനിടെ മണ്ണിടിഞ്ഞ് ദുരിതം എത്തിയിട്ടും തിരിഞ്ഞു നോക്കാത്തെ മെമ്പർ; കോവിഡു കാല പ്രതിസന്ധിയിൽ വാടക മുടങ്ങിയപ്പോൾ ഇറക്കി വിടാൻ ശ്രമിച്ചത് നേതാവിന്റെ ഭാര്യ; പ്രതിഷേധം തീർത്ത് കളം മാറി ബിജെപി പാളയത്തിലെത്തിയത് ഓമനയും മക്കളും; മൂന്നാറിലെ ഏക വനിതാ ട്രക്കിങ് ഗൈഡ് സ്ഥാനാർത്ഥിയാകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: താമസിച്ചിരുന്ന വീടൊഴിപ്പിക്കാൻ സി പി എം എം എൽ എ ഇടപെട്ടതിൽ പ്രതിഷേധം. മാതാവും രണ്ട് പെൺമക്കളും പാർട്ടിയോടിടഞ്ഞു. തിരഞ്ഞെടുപ്പെത്തിയപ്പോൾ മത്സരംഗത്തിറങ്ങാൻ ക്ഷണിച്ചത് ബിജെപി. എൻ ഡി എ സ്ഥാനാർത്ഥിയാവാൻ മൂത്തമകൾ സന്നദ്ധത അറിയിച്ചത് ഉറ്റവരുടെ പൂർണ്ണ പിൻതുണയിൽ. വോട്ടുപിടിക്കുന്നതിന് സഹോദരിയും മാതാവും കട്ടസപ്പോർട്ട്. വിജയിച്ചാലും പരാജായപ്പെട്ടാലും പറയാനുള്ളത് പറഞ്ഞുതന്നെ പോകുമെന്ന് സ്ഥാനാർത്ഥിയും.

മൂന്നാർ ഇക്കാനഗർ സ്വദേശിനി ഓമന ജയനും മക്കളുമാണ് സി പി എമ്മിനോടിടഞ്ഞ് ബിജെപി പാളയത്തിലെത്തി, തിരഞ്ഞെടുപ്പ് രംഗത്ത് സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്. ബി കോം ബിരുദധാരിയും 26 കാരിയുമായ മൂത്തമകൾ ആതിരയെയാണ് ഓമന മത്സരംഗത്ത് ഇറക്കിയിരിക്കുന്നത്.

മൂന്നാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇടത് -വലത് സ്ഥാനാർത്ഥികൾക്കൊപ്പം ആതിരയും പ്രചാരണ രംഗത്ത് സജീവമാണ്. തോട്ടം മേഖലയിലായിരുന്നു തന്റെ പ്രവർത്തനമെന്നും പഴയകാല പ്രവർത്തകർ എവിടെ വച്ചുകണ്ടാലും സഖാവെ എന്നുവിളിച്ച് സൗഹൃദം പങ്കിടുന്ന ഒരനുഭവം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മുൻകാലത്തെ പ്രവർത്തനപരിചയം മകളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമാവുന്നുണ്ടെന്നും ഓമന മറുനാടനോട് വ്യക്തമാക്കി.

മാതാവും ബി എസ് സിക്കാരിയായ സഹോദരി ശ്രീലക്ഷമിയും ആതിരയ്ക്ക് വേണ്ടി വോട്ടുപിടിക്കാൻ സജീവമായി രംഗത്തുണ്ട്. ഇടുക്കിയിൽ പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. അവസാന ലാപ്പിൽ പരമാവധി വോട്ടർമാരെ നേരിൽകാണുന്നതിനുള്ള നെട്ടോട്ടത്തിലാണ് ആതിര.ട്രക്കിങ് രംഗത്തുള്ള പരിചയം കുന്നും മലയും കടന്നുള്ള തോട്ടം മോഖലയിലെ പ്രചാരണപ്രവർത്തനങ്ങൾക്കും വോട്ടുപിടുത്തത്തിനും തനിക്ക് വലിയ അളവിൽ ഗുണംചെയ്യുന്നതായിട്ടാണ് ആതിരയുടെ വിലയിരുത്തൽ. മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡാണ് ആതിര.

തങ്ങളുടെ വാടകവീട് ഒഴിപ്പിക്കാൻ എസ് രാജേന്ദ്രൻ എം എൽയും കൂട്ടരും ശ്രമിക്കുന്നതായും ഇതിന്റെ പേരിൽ ഭീഷിണി നേരിടുന്നതായും വെളിപ്പെടുത്തി നേരത്തെ ആതിര മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. അടുത്തകാലത്തായി പാർട്ടി തന്റെ കുടുംബത്തോട് കാണിച്ച നെറികേടുകളിൽ മനംമടുത്താണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് ഓമന പറഞ്ഞു.

പ്രളയകാലത്ത് വീടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ അവസരത്തിൽ പാർട്ടിക്കാനായ പഞ്ചായത്ത് മെമ്പറെ അറിയിച്ചിട്ടും ചെറുവിരലനക്കാൻ തയ്യാറായില്ല. എസ് രാജേന്ദ്രൻ എം എൽ എയുടെ ഭാര്യ ഇടപെട്ട് ഏർപ്പെടുത്തി തന്ന വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. തോട്ടം മേഖലയിലെ തൊഴിലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനവും ട്രക്കിങ് ഗൈഡായ ആതിരയ്ക്ക് വല്ലപ്പോഴും കിട്ടിയിരുന്ന തുകയുമായിരുന്നും കുടംബം കഴിയുന്നതിനുള്ള വരുമാനം.

കോവിഡുകാലത്ത് പണിയില്ലാതായതോടെ സമ്പാത്തീക ഞെരുക്കമായി. ഇതിനിടയിൽ ഒന്നു രണ്ടു മാസത്തെ വാടക മുടങ്ങി. ഇതോടെയാണ് എം എൽ എയുടെ ഭാര്യ വീടൊഴിയാൻ ആവശ്യപ്പെട്ടത്. മറ്റൊരു താമസ സ്ഥലം കിട്ടുന്നതുവരെയെങ്കിലും സാവകാശം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പാർട്ടിക്കാരെത്തി ഭീഷിണിപ്പെടുത്തുന്ന സ്ഥിതിവരെയായി. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഇക്കാര്യത്തിനായി പലവഴിക്കുണ്ടായിരുന്ന സമ്മർദ്ദം ഒട്ടൊക്കെ അവസാനിച്ചത്.

നേരത്തെ വീടുകയറി ആക്രമണവും നേരിടേണ്ടിവന്നിരുന്നു.ഈ സംഭവത്തിലും പാർട്ടി നേതൃത്വം കാര്യമായി ഇടപെട്ടില്ല. അന്നെ മനസ്സ് മാറി ചിന്തിച്ചിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലുണ്ടാക്കിയ മനോവിഷമം ചെറുതല്ല. മാത്രമല്ല മേഖലയിലെ പാർട്ടി നേതൃത്വം സാധാരണക്കാരുടെ വിഷയങ്ങളിൽ ഇടപെടാൻ വിമുഖത തുടരുന്നതായും ബോദ്ധ്യമായി. ഈ സാഹചര്യത്തിലാണ് ബിജെപി നേതൃത്വം വീട്ടിലെത്തി സഹകരണം ആവശ്യപ്പെടുന്നത്.

ആതിരയെ സ്ഥാനാർത്ഥിയായി നിർത്താമോ എന്ന അവർ ചോദിച്ചപ്പോൾ മറുത്തൊന്നും പറഞ്ഞില്ല. മാത്രമല്ല മനസ്സാ പിൻതുണയ്ക്കുകയും ചെയ്തു. അവൾക്കുവേണ്ടി വോട്ട് അഭ്യർത്ഥിച്ചിറങ്ങിയ ആദ്യദിവസങ്ങളിൽ അനുഭവിച്ച മനോവിഷമം ചെറുതായിരുന്നില്ല. പിന്നീട് എല്ലാം ശരിയായി. ഇപ്പോൾ വോട്ട് പിടുത്തം ഞങ്ങൾ മൂവരും ഒരുമിച്ചാണ്-ഓമന കൂട്ടിച്ചേർത്തു.

പ്രചാരണ പരിപാടിയുമായി എത്തിയ അവസരത്തിൽ വോട്ടർമാർ സങ്കടത്തടെ വിവരിച്ച കാര്യങ്ങളെല്ലാം മനസ്സിലുണ്ട്. ജയിച്ചാലും തോറ്റാലും അവർ പറഞ്ഞ കാര്യങ്ങളിൽ ആവുന്നതിനെല്ലാം പരിഹാരം കാണാൻ പറ്റാവുന്ന രീതിയിൽ ശ്രമിക്കും. കന്നിയങ്കമായതിനാൽ ആദ്യം ചില്ലറ ആശങ്കകൾ ഉണ്ടായിരുന്നു. ഇപ്പോൾ കാര്യങ്ങളെല്ലാം ട്രാക്കിലായി.എൻ ഡി എ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിൻതുണ ആത്മവിശ്വാസം വർദ്ധപ്പിക്കുന്നുണ്ട്-ആതിര നയം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP