Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എല്ലാ വെള്ളിയാഴ്ചയും ഉയിഗൂർ മുസ്ലിങ്ങളെ നിർബന്ധിച്ച് പന്നിയിറച്ചി തീറ്റിക്കും; തിന്നാൽ മടിക്കുന്നവരെ മർദ്ദിച്ചും പട്ടിണിക്കിട്ടും പ്രേരിപ്പിക്കും; ബലാത്സംഗങ്ങളും നിർബന്ധിത ഗർഭച്ഛിദ്രങ്ങളും വന്ധ്യംകരണങ്ങളും പതിവ്; ഉയിഗൂരികളുടെ കരളും വൃക്കയും എടുക്കുന്ന പൈശാചികതയ്ക്ക് പിന്നാലെ കമ്യൂണിസ്റ്റ് ചൈനയുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്; എല്ലാം അരങ്ങേറുന്നത് ചൈനീസ് സംസ്‌കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനുള്ള റീ -എഡ്യൂക്കേഷൻ ക്യാമ്പുകളിൽ

എല്ലാ വെള്ളിയാഴ്ചയും ഉയിഗൂർ മുസ്ലിങ്ങളെ നിർബന്ധിച്ച് പന്നിയിറച്ചി തീറ്റിക്കും; തിന്നാൽ മടിക്കുന്നവരെ മർദ്ദിച്ചും പട്ടിണിക്കിട്ടും പ്രേരിപ്പിക്കും; ബലാത്സംഗങ്ങളും നിർബന്ധിത ഗർഭച്ഛിദ്രങ്ങളും വന്ധ്യംകരണങ്ങളും പതിവ്; ഉയിഗൂരികളുടെ കരളും വൃക്കയും എടുക്കുന്ന പൈശാചികതയ്ക്ക് പിന്നാലെ കമ്യൂണിസ്റ്റ് ചൈനയുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്; എല്ലാം അരങ്ങേറുന്നത് ചൈനീസ് സംസ്‌കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനുള്ള റീ -എഡ്യൂക്കേഷൻ ക്യാമ്പുകളിൽ

മറുനാടൻ ഡെസ്‌ക്‌

 ബെയ്ജിങ്ങ്: ഉയിഗൂർ മുസ്ലീങ്ങളുടെ വൃക്കയും കരളുമെല്ലാം ചൈന വിറ്റഴിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നതെങ്കിൽ, ഇപ്പോൾ വിശ്വാസപരമായ ക്രൂര പീഡനം കമ്യൂണിസ്റ്റ് ചൈന അവരോട് ചെയ്യുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ വെള്ളിയാഴ്ച ഉയിഗൂർ മുസ്ലിങ്ങളെ നിർബന്ധിച്ച് പന്നിയറിച്ചി തീറ്റിക്കുമെന്നാണ് ചൈനയുടെ തടങ്കൽപ്പാളയത്തിൽനിന്ന് രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തുന്നത്. ചൈനീസ് ഗവണ്മെന്റിന്റെ 'റീ-എജുക്കേഷൻ' അഥവാ 'പുനർ വിദ്യാഭ്യാസ' ക്യാമ്പുകളിൽ നിന്ന് മോചിതയായ സായ്‌റാഗുൾ സൗത്ത്ബേ എന്ന ഉയിഗൂർ മുസ്ലിം യുവതി വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കയാണ്.

ചൈനയുടെ പടിഞ്ഞാറേ പ്രവിശ്യയായ ഷിൻജാങ്ങിൽ കഴിയുന്ന ഉയിഗൂർ മുസ്ലിങ്ങളെ ചൈനീസ് സംസ്‌കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനാണ് ഭൂരിഭാഗം വരുന്ന ഹാൻ ചൈനീസ് ഗവണ്മെന്റ് ഈ ക്യാമ്പുകൾ നടത്തുന്നത്. പേര് ക്യാമ്പ് എന്നും വിദ്യാഭ്യാസം എന്നുമൊക്കെ ആണെങ്കിലും, അവ അടിസ്ഥാനപരമായി ജയിൽ സ്വഭാവം പേറുന്നവയാണ് എന്നൊരു ആക്ഷേപം നിലവിലുണ്ട്. അങ്ങനെ ഒരു ക്യാമ്പിൽ കൊടിയ മാനസിക ശാരീരിക പീഡനങ്ങൾ മാസങ്ങളോളം അനുഭവിച്ച്, ചൈനക്കാരിയായി എന്ന് ഗവണ്മെന്റിനു ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ മോചിതയായതാണ് സായ്‌റാഗുൾ. അന്ന് സഹിക്കേണ്ടി വന്ന പീഡനങ്ങളുടെ ഇരുണ്ട ഓർമ്മകൾ ഇന്നും ഈ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെ രാത്രി വിയർത്തൊട്ടിയ ദേഹത്തോടെ എഴുന്നേൽപ്പിച്ചിരുത്തുന്ന പേടിസ്വപ്നങ്ങളുടെ രൂപത്തിൽ വേട്ടയാടുന്നുണ്ട്.

സായ്‌റാഗുൾ പരിശീലനം കൊണ്ട് ഒരു മെഡിക്കൽ ഡോക്ടറും എജുക്കേറ്ററും ആണ്. ഇപ്പോൾ അവൾ ചൈനയിൽ നിന്ന് പലായനം ചെയ്ത് സ്വീഡനിലാണ് താമസം. അവിടെവച്ചാണ് താൻ അനുഭവിച്ചതിനെപ്പറ്റിയൊക്കെ മനസ്സ് തുറന്നു കൊണ്ട് അവൾ ഒരു പുസ്തകം തന്നെ എഴുതിയത്. നിരന്തരമുള്ള മർദ്ദനങ്ങൾ, ബലാത്സംഗങ്ങൾ, നിർബന്ധിത ഗർഭച്ഛിദ്രങ്ങൾ, വന്ധ്യംകരണങ്ങൾ ഒക്കെയാണ് ആ ക്യാമ്പുകളിൽ അരങ്ങേറുന്നുണ്ട് എന്നും സായ്‌റാഗുൾ പറഞ്ഞു. കഴിഞ്ഞ ദിവസം അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ്‌റാഗുൾ ആ അനുഭവങ്ങൾ തുറന്നുപറയുകയുണ്ടായി. അക്കൂട്ടത്തിലാണ് മുസ്ലിങ്ങൾ എന്ന നിലയ്ക്കുള്ള തങ്ങളുടെ സ്വത്വത്തിലേക്ക് ക്യാമ്പ് അധികാരികൾ നടത്തുന്ന അപമാനകരവും ആത്മാഭിമാനവും മതവികാരവും ഹനിക്കുന്ന രീതിയിൽ ഉള്ളതുമായ ഒരു അടിച്ചേൽപ്പിക്കലിനെപ്പറ്റിയും അവൾ പറഞ്ഞത്. 'എല്ലാ വെള്ളിയാഴ്ചയും അവർ ഞങ്ങളെ നിർബന്ധിച്ച് പന്നിയിറച്ചി കഴിപ്പിക്കും' അവൾ പറഞ്ഞു.

ഇസ്ലാമിൽ വിലക്കപ്പെട്ട മാംസമാണ് പന്നിയിറച്ചി. അത് അറിഞ്ഞുകൊണ്ടുതന്നെ, തങ്ങളുടെ മനസ്സിൽ അവശേഷിക്കുന്ന ആത്മാഭിമാനത്തിന്റെ അവസാന കണികയും തച്ചുടക്കാൻ വേണ്ടിയാണ് അധികാരികൾ തങ്ങളെ ആഴ്ചയിൽ തങ്ങൾ വിശുദ്ധമെന്നു കരുതുന്ന വെള്ളിയാഴ്ച ദിവസം തന്നെ വിലക്കപ്പെട്ട മാംസം ആഹരിക്കാൻ വേണ്ടി തങ്ങളെ മർദ്ദിച്ചും മാനസികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും പ്രേരിപ്പിക്കുന്നത് എന്ന് സായ്‌റാഗുൾ പറഞ്ഞു. മതം വിലക്കുന്ന ആ മാംസം അവിടത്തെ അധികാരികളുടെ പീഡനം ഭയന്ന് കഴിച്ച ശേഷം തങ്ങളുടെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നാറുണ്ട് എന്നും ആ ഒരു പീഡാനുഭവം തങ്ങളെ വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു എന്നും സായ്‌റാഗുൾ അൽ ജസീറയോട് പറഞ്ഞു. ക്യാമ്പുകളിൽ പന്നിയിറച്ചി തീറ്റിക്കുന്നതിനു പുറമെ, ഉയിഗൂർ മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ഷിൻജാങ്ങ് പ്രവിശ്യയിൽ നിരവധി പന്നി ഫാമുകൾ തുടങ്ങാനുള്ള ബോധപൂർവമുള്ള നീക്കങ്ങളും ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട് എന്നും പ്രദേശത്തെ ഉയിഗൂർ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നുണ്ട്.

കരളും വൃക്കയും വിറ്റ് കാശാക്കുന്നു

ഉയിഗൂർ മുസ്ലീങ്ങളുടെ കരളും വൃക്കയും ചൈനീസ് അധികൃതർ എടുത്ത് വിറ്റ് കാശാക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട വിവരങ്ങളിൽനിന്നാണ് ഇത് പുറം ലോകം അറിഞ്ഞത്.ചൈനയിലെ സിൻജിയാങ് മേഖലയയിൽനിന്ന് പുറത്ത് എത്തിയവരാണ് ഈ വിവരം വെളിപ്പെടുത്തിയത്. യുകെയിലെ മിറർ പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

സിൻജിയാങ്ങിലെ ഉയ്ഗറുകളെ കൂട്ടത്തോടെ തടവിലാക്കുന്നതും അവയവമാറ്റ ശസ്ത്രക്രിയയുടെ ഉയർച്ചയും തമ്മിൽ നേരിട്ട് ബന്ധമുണ്ട് എന്ന് കാൻബെറയിലെ ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് വിദ്യാർത്ഥിയായ മാത്യു റോബർട്ട്‌സൺ പറയുന്നു. അവയവങ്ങളുടെ ആരോഗ്യത്തെ വിലയിരുത്തുന്നതിന് ആവശ്യമായ രക്തപരിശോധനയ്ക്കും മറ്റ് മെഡിക്കൽ പരിശോധനകൾക്കും ഉയ്ഗറുകൾ വിധേയരായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കാമ്പെയ്ൻ ഫോർ ഉയ്ഗർസിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റുഷൻ അബ്ബാസ് പറയുന്നതനുസരിച്ച്, ചൈനയിൽ ദശലക്ഷക്കണക്കിന് ആളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാകുകയും, ശസ്ത്രക്രിയക്ക് വിധേയരാവുകയും ചെയ്യുന്നു.

ഈ വിഷയത്തിൽ വിദഗ്ദ്ധനായി കണക്കാക്കപ്പെടുന്ന ഒരു സ്വതന്ത്ര ഗവേഷകനായ എതാൻ ഗുട്ട്മാൻ പറയുന്നത് ഈ കാര്യം നടക്കുന്നുവെന്നതിൽ സംശയമില്ല എന്നാണ്. ''ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി 1994 -ൽ തന്നെ സിൻജിയാങ്ങിന്റെ വധശിക്ഷാ കുറ്റവാളികളുടെ അവയവങ്ങളെടുക്കുന്നുണ്ടായിരുന്നു. 1997 ആയപ്പോഴേക്കും ശസ്ത്രക്രിയാ വിദഗ്ദ്ധർ ഉയ്ഗർ രാഷ്ട്രീയ, മതതടവുകാരിൽ നിന്ന് കരൾ, വൃക്ക എന്നിവ എടുക്കാൻ തുടങ്ങി' അദ്ദേഹം പറഞ്ഞു. സിൻജിയാങ്ങിൽ പ്രതിവർഷം 25,000 പേരെങ്കിലും കൊല്ലപ്പെടുകയും അവരുടെ അവയവങ്ങൾ കച്ചവടം ചെയ്യുപ്പെടുന്നുവെന്നും ഗുട്ട്മാൻ വിശ്വസിക്കുന്നു. പ്രധാനമായും സമ്പന്നരായ ചൈനീസ് ജനതയാണ് ഇത് വാങ്ങുന്നതെന്നും ഗുട്ട്മാൻ അഭിപ്രായപ്പെടുന്നു.

'കൈകൾ ചുറ്റികകൊണ്ട് അടിച്ചു'

തടങ്കൽപാളയങ്ങളിൽനിന്ന് രക്ഷപ്പെട്ട ചുരുക്കം ഉയിഗൂരികളിൽ ഒരാളാണ് കസാഖ് നിവാസിയായ ഒമിർ ബെകാലി. കസാഖ്, ഉയിഗൂർ മേഖലയിലുള്ള പത്ത് ലക്ഷത്തോളം മുസ്ലീങ്ങളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണെന്ന് കരുതപ്പെടുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിനെ വിദ്യാഭ്യാസ ക്യാമ്പുകളെന്ന് വിശേഷിപ്പിക്കുമ്പോഴും, അവിടെ മുസ്ലിമുകൾ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ കൈകളിൽ ചുറ്റികകൊണ്ട് അടിച്ചുവെന്നും ഇരുമ്പിന്റെ ചാട്ടകൊണ്ട് ശരീരത്തിൽ അടിച്ചുവെന്നും ഒമിർ അവകാശപ്പെടുന്നു. തങ്ങളെ വംശീയ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് അധികാരികൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അതുകൂടാതെ ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് മുസ്ലിമുകളുടെ അവയവങ്ങൾ അനധികൃതമായി നീക്കം ചെയ്ത് കച്ചവടം നടത്തുന്നതായും അദ്ദേഹം സംശയിക്കുന്നതായി മിറർ.യുകെ എഴുതുന്നു.

ഉയ്ഗർ, കസാഖ് മുസ്ലീങ്ങളെ തടങ്കലിൽ വയ്ക്കുന്നത് സംബന്ധിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു ടൂറിസം കമ്പനി നടത്തിയിരുന്നു. ജോലിയുടെ ഭാഗമായി ചൈനയിലേക്ക് പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. 2017 മാർച്ചിൽ സിൻജിയാങ്ങിലെ ടർപാനിലുള്ള തന്റെ അമ്മയെ കാണാൻ പോയപ്പോൾ, അവിടെ വച്ച് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ പിടിച്ച് കൊണ്ടുപോയി. 'തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നു' എന്നാരോപിച്ചായിരുന്നു അറസ്റ്റ്. എട്ട് ദിവസം അദ്ദേഹം ലോക്കപ്പിൽ കിടന്നു.

അവർ കൈകൾ ബന്ധിച്ച്, ഒരു കറുത്ത തുണി കൊണ്ട് മുഖവും മൂടി. ഒരു ഡോക്ടർ വന്ന് അദ്ദേഹത്തിന്റെ രക്തം എടുത്തുവെന്നും ഒമിർ പറഞ്ഞു. അനധികൃതമായി അവയവം കടത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ഒരു നടപടിക്രമമാണ് അതെന്ന് ഒമിർ വിശ്വസിക്കുന്നു. തുടർന്ന് പീഡനം തുടങ്ങി. 'എന്നെ ഒരു കസേരയിൽ കെട്ടിയിട്ടു. എന്റെ കൈകൾ ചുറ്റികകൊണ്ട് അടിച്ച് പൊട്ടിക്കുകയും, ഇരുമ്പ് ചമ്മട്ടികൊണ്ട് എന്റെ ശരീരം മുഴുവൻ അടിക്കുകയും ചെയ്തു' അദ്ദേഹം വിശദീകരിച്ചു. ഒരു ഘട്ടത്തിൽ ഒമീറിനെ തലകീഴായി കെട്ടിത്തൂക്കി വയറിന് താഴെ അടിക്കാൻ തുടങ്ങി.

ഏഴു മാസവും പത്തു ദിവസവും അദ്ദേഹം ജയിലിൽ കിടന്നു. 'ആദ്യത്തെ മൂന്ന് മാസം അവർ എന്നെ ചങ്ങലയ്ക്കിട്ടു. ചങ്ങല ഒരു വടിയുമായി ബന്ധിപ്പിച്ചിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. അവിടെ കിടന്ന് മരിച്ചു പോകുമോ എന്ന് ഞാൻ ഭയന്നു. ഞാൻ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന് സമ്മതിപ്പിക്കാനാണ് അവർ എന്നെ പീഡിപ്പിച്ചത്' ഒമിർ അവകാശപ്പെടുന്നു. ക്യാമ്പുകളിൽ ആളുകളെ പഠിപ്പിക്കുന്നുവെന്നത് വെറും നുണയാണ് എന്നദ്ദേഹം പറയുന്നു. മറിച്ച് അവിടെ നടക്കുന്നത് ബലാത്സംഗവും ശാരീരികവും മാനസികവുമായ പീഡനങ്ങളും മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവരുടെ അവയവങ്ങൾ അനധികൃതമായി കടത്തുന്നുണ്ടോ എന്ന് താൻ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കസാക്കിസ്ഥാനിലെ റേഡിയോയിൽ തടവിലാക്കപ്പെട്ടതിനെക്കുറിച്ച് ഭാര്യ സംസാരിക്കുകയും രാജ്യത്തെ ചൈനീസ് അംബാസഡറിന് കത്തെഴുതുകയും ചെയ്ത ശേഷമാണ് ഒമിറിനെ വിട്ടയച്ചത്. മോചിതനായ ശേഷം ഒമിർ തുർക്കിയിലേക്ക് പലായനം ചെയ്തു. സിൻജിയാങ്ങിലെ സ്ഥിതി ലോകത്തിന് മുന്നിൽ അദ്ദേഹം തുറന്നുകാട്ടി. എന്നാൽ അതിനെത്തുടർന്ന് ചൈനീസ് ഉദ്യോഗസ്ഥരിൽ നിന്ന് വധഭീഷണി ലഭിച്ചതായും അദ്ദേഹം പറയുന്നു.

ഉയിഗൂരികളെകൊണ്ട് മാസ്‌ക്ക് ഉണ്ടാക്കി കോടികൾ കൊയ്യുന്നു

കോവിഡ് പടർന്നു പിടിക്കവെ ഫേസ് മാസ്‌ക് അടക്കമുള്ള മെഡിക്കൽ ഉൽപന്നങ്ങൾക്ക് ആഗോള തലത്തിൽ ആവശ്യക്കാരേറിയിരിക്കുകയാണെന്ന് ചൈനക്ക് നന്നായി അറിയാം. ആഭ്യന്തര-അന്തർദേശീയ ആവശ്യങ്ങൾക്കായി പിപിഇ കിറ്റുകളുടെ വൻകിട ഉൽപാദനം ചൈനീസ് കമ്പനികൾ നടത്തുന്നുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാറിന്റെ പ്രത്യേക സ്പോൺസേഡ് പദ്ധതി പ്രകാരമാണ് ഉയിഗൂർ വംശജരെ ചൈനീസ് കമ്പനികളിൽ തൊഴിലാളികളാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പിപ.ഇ കിറ്റുകൾ നിർമ്മിക്കാനാണ് ഇവരെ ഉപയോഗിക്കുന്നത്. ഇവരെകൊണ്ട് നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നതും സാധാരണമാണെന്നാണ് വിദഗ്ദർ പറയുന്നത്.

ഉയിഗൂർ വംശജരുടെ മേഖലയായ സിൻജിയാങിൽ കോവിഡ് മഹാമാരി തുടങ്ങുന്നതിനു മുമ്പ് മെഡിക്കൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന നാല് കമ്പനികളാണുണ്ടായിരുന്നത്. എന്നാൽ ഇതിനു ശേഷം ജൂൺ 30 വരെയുള്ള കണക്ക് നോക്കുമ്പോൾ ഇവയുടെ എണ്ണം 51 ആയി ഉയർന്നു. ഇതിൽ പതിനേഴെണ്ണം ലേബർ ട്രാൻസ്ഫർ പ്രോഗ്രാമിൽ പങ്കെടുക്കുന്നുമുണ്ട്.തുടക്കത്തിൽ ആഭ്യന്തര ആവശ്യത്തിനു വേണ്ടിയായിരുന്നു നിർമ്മാണമെങ്കിൽ ഇപ്പോൾ സിൻജിയാങിനു പുറത്തുള്ള കമ്പനികൾ ആഗോള ആവശ്യത്തിനായി ഉയിഗൂർ വംശജരെ ഉപയോഗിക്കുന്നുണ്ട്.

ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്നും യു.എസിലെ ജോർജിയയിലെ ഒരു മെഡിക്കൽ വിതരണ കമ്പനിയിലേക്ക് ഫേസ് മാസ്‌കുകൾ കയറ്റി അയച്ചതായി ടൈംസ് കണ്ടെത്തിയിട്ടുണ്ട്. ഹുബൈയിലെ ഈ ഫാക്ടറിയിലേക്ക് 100 ഉയിഗുർ വംശജരായ തൊഴിലാളികളെ അയച്ചിരുന്നു. ഇവർ ഇവിടെ വെച്ച് ചൈനയോടുള്ള വിശ്വസ്തത തെളിയിക്കുന്നതിന്റെ ഭാഗമായി പ്രതിവാര പതാക ഉയർത്തൽ ചടങ്ങുകളിൽ പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലുകയും വേണം. ദാരിദ്ര നിർമ്മാർജന പ്രവർത്തനമെന്നാണ് ഉയിഗൂർ വംശജരെ നിർബന്ധിത ജോലി ചെയ്യിക്കുന്നതിന് ചൈനീസ് ദേശീയ മാധ്യമങ്ങൾ വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP