Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി മത്സരിക്കും; ആരേയും അധിക്ഷേപിക്കുകയില്ലെന്നും തമിഴ്അരുവി മണിയൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി മത്സരിക്കും; ആരേയും അധിക്ഷേപിക്കുകയില്ലെന്നും തമിഴ്അരുവി മണിയൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ നിയോജകമണ്ഡലങ്ങളിലും മത്സരിക്കും. ആത്മീയ രാഷ്ട്രീയ പ്രവർത്തനമാണ് പാർട്ടി കാഴ്ചവെക്കുകയെന്നും ആരേയും അധിക്ഷേപിക്കുകയില്ലെന്നും രജിനികാന്തിന്റെ രാഷ്ട്രീയ ഉപദേശകൻ തമിഴ്അരുവി മണിയൻ വ്യക്തമാക്കി. അടുത്ത ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

'ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 243 സീറ്റുകളിലും മത്സരിക്കും. വിദ്വേഷ രാഷ്ട്രീയത്തിന് പകരം ഞങ്ങളുടേത് ആത്മീയ രാഷ്ട്രീയമായിരിക്കും. ഞങ്ങൾ ആരേയും അധിക്ഷേപിക്കില്ല.' തമിഴ്അരുവി പറഞ്ഞു. 2021 ജനുവരിയിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എഐഎഡിഎംകെ ഇരുകൈകളും നീട്ടി രജിനിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചപ്പോൾ കോൺഗ്രസ് രജനിയുടെ ബിജെപിയുമായുള്ള അടുപ്പം ചൂണ്ടിക്കാണിച്ച് വിമർശനവുമായി രംഗത്തെത്തിയിരുന്നു.

എംജിആർ ഭരണമാണു രജനിയുടെ വാഗ്ദാനം. രാഷ്ട്രീയത്തിലേക്കുള്ള വഴിയും അതേ മാതൃകയിൽ തന്നെ. ആരാധക കൂട്ടായ്മയെ രാഷ്ട്രീയ യൂണിറ്റുകളാക്കി മാറ്റിയാണു എംജിആർ അണ്ണാഡിഎംകെ കെട്ടിപ്പടുത്തത്. 3 വർഷം മുൻപ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധക കൂട്ടായ്മ രജനി മക്കൾ മൻട്രമാക്കി. നിലവിൽ 1 ലക്ഷം യൂണിറ്റുകൾ. 16 ജില്ലകളിൽ എല്ലാ ബൂത്തിലും സാന്നിധ്യം. 10 ഇടത്ത് 60% ബൂത്തുകളിൽ അംഗങ്ങൾ. അടിത്തറ ഭദ്രമെന്നുറപ്പാക്കിതന്നെയാണു രജനിയുടെ രാഷ്ട്രീയ എൻട്രി. ഇതിനൊപ്പം വിജയ് ഫാൻസും കൂടി ചേർന്നാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പാണ് എന്ന വിലയിരുത്തൽ സജീവമാണ്. ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ഏറെ വെല്ലുവിളിയാകും രജനി-വിജയ് സഖ്യം. കമൽഹാസന്റെ പാർട്ടിയുടെ നിലപാടും നിർണ്ണായകമാകും. രജനിയും കമലും കൈകോർക്കാനും സാധ്യത ഏറെയാണ്.

രജനിക്ക് 20-25% വോട്ടുവരെ ഒറ്റയ്ക്കു നേടാനാകുമെന്നാണു മക്കൾ മൻട്രത്തിന്റെ സ്വകാര്യ സർവേയിൽ കണ്ടെത്തിയത്. മാറ്റത്തിന്റെ കാറ്റു വീശുന്നെന്ന പ്രതീതിയുണ്ടാക്കിയാൽ ഇതു 40% വരെ ആകാമെന്നാണു കണക്കുകൂട്ടൽ. ഇതിനൊപ്പം വിജയ് കൂടിയായാൽ എല്ലാം ശുഭകരമാകുമെന്നാണ് വിലയിരുത്തൽ. കരുണാനിധി, എംജിആർ, ജയലളിത എന്നിവരെപ്പോലെ സംസ്ഥാനത്തെ പ്രബല ജാതികൾക്കു പുറത്തു നിന്നുള്ളയാളാണ് രജനി. അതുകൊണ്ട് തന്നെ എല്ലാ ജാതിക്കാർക്കും സ്വീകാര്യനും. തമിഴ്‌നാട്ടിൽ പുരുഷന്മാരെക്കാൾ ഒന്നര കോടി സ്ത്രീ വോട്ടർമാർ. സിനിമാ ഇമേജ്, എംജിആറിനും ജയലളിതയ്ക്കും ശേഷം സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടാൻ സഹായിക്കും.

കേന്ദ്ര സർക്കാരിനോടും ബിജെപിയോടും ചേർന്നു നിൽക്കുന്ന രാഷ്ട്രീയം രജനിക്ക് പ്രതികൂല ഘടകമാണ്. ബിജെപിയുടെ രഹസ്യ ഏജന്റെന്ന ആരോപണം അതിശക്തവും. വിജയിന്റെ പിന്തുണ ഈ സാഹചര്യത്തിലാണ് അനിവാര്യമാകുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ ബിജെപി സമ്മർദമാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. ആത്മീയ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തെ ചിലർ ബിജെപിയോടു ചേർത്തുവായിക്കുന്നു. ഇതു മറികടക്കാൻ വിജയ് കൂടെയുണ്ടെങ്കിൽ സാധിക്കും. പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കൈക്കോർക്കാൻ തയാറാണെന്നു കമൽ വ്യക്തമാക്കിയിട്ടുണ്ട്. കമലിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്ന പാർട്ടികളുമായി മാത്രം സഖ്യമെന്നാണു പാർട്ടി നിലപാട്. രജനിയാകട്ടെ മുഖ്യമന്ത്രിയാകില്ലെന്നു പറഞ്ഞിട്ടുമുണ്ട്.

രജനിയെ തലൈവരാക്കി മൂന്നാം മുന്നണിയും സാധ്യതയാണ്. പിഎംകെ, ഡിഎംഡികെ ഉൾപ്പെടെ സ്വന്തമായി വോട്ടു ബാങ്കുള്ള കക്ഷികൾക്കു രജനിയുമായി കൈക്കോർക്കാൻ ആദർശ ഭാരം തടസ്സമല്ല. ഇതിനൊപ്പം വിജയ് മൺട്രവും കൂടെ കൂടിയാൽ തമിഴകത്തെ ചലിപ്പിക്കാനാകുമെന്നാണ് രജനി അരാധകരുടെ പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയം തമിഴ് മണ്ണിൽ വേരുറച്ച് അരനൂറ്റാണ്ടിനുശേഷം ആദ്യമായിട്ടാണു വലിയ ജനകീയ അടിത്തറയുള്ള ഒരാൾ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തുവരുന്നത്. കരുണാനിധിയോ ജയലളിതയോ പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളില്ലാത്ത ഇന്നത്തെ തമിഴക രാഷ്ട്രീയത്തിൽ രജനിക്കു മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണു പൊതുവിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP