Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ നഴ്‌സിങ് രംഗത്ത് അടിമുടി പൊളിച്ചെഴുത്തുമായി മോദി സർക്കാർ; നഴ്‌സിങ് കൗൺസിലുകൾക്ക് പകരം നാഷണൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ വരും; നഴ്സിങ് കോഴ്സുകളിലേക്ക് ദേശീയ എൻട്രൻസ് പരീക്ഷ; വിദേശത്തു ജോലി തേടുന്ന നഴ്‌സുമാർക്ക് മാറ്റം ഗുണകരം; പരിഷ്‌ക്കരണത്തിന്റെ കരട് തയ്യാർ; ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് വിമർശിച്ചു ഇടതുപക്ഷം

രാജ്യത്തെ നഴ്‌സിങ് രംഗത്ത് അടിമുടി പൊളിച്ചെഴുത്തുമായി മോദി സർക്കാർ; നഴ്‌സിങ് കൗൺസിലുകൾക്ക് പകരം നാഷണൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ വരും; നഴ്സിങ് കോഴ്സുകളിലേക്ക് ദേശീയ എൻട്രൻസ് പരീക്ഷ; വിദേശത്തു ജോലി തേടുന്ന നഴ്‌സുമാർക്ക് മാറ്റം ഗുണകരം; പരിഷ്‌ക്കരണത്തിന്റെ കരട് തയ്യാർ; ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് വിമർശിച്ചു ഇടതുപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകത്ത് അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്നത് ശാസ്ത്രമേഖലയാണ്. അത് വൈദ്യശാസ്ത്ര രംഗമായാലും മറ്റേതു രംഗമായാലും. ലോകത്തെ മുടിക്കുമെന്ന് കരുതിയ മഹാരോഗങ്ങളെ പ്രതിരോധിക്കാൻ പോലും വൈദ്യശാസ്ത്രത്തെ പുതിയ നേട്ടങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കലും ഇന്ത്യൻ ആരോഗ്യ രംഗത്തെ പരിശോധിച്ചു ഈ മാറ്റം വളരെ സാവധാനത്തിലാണ്. 1947-ലെ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിയമം അനുസരിച്ചായിരുന്നു ഇന്ത്യയിലെ നഴ്‌സിങ് വിദ്യാഭ്യാസം പ്രവർത്തിച്ചു പോന്നത്. കാലോചിതമായ മാറ്റങ്ങളില്ലാതെ കിടന്ന ഈ മേഖലയിൽ അടിമുടി പൊളിച്ചെഴുത്തുകായാണ് കേന്ദ്ര സർക്കാർ.

ഇന്ത്യൻ നഴ്‌സിങ് മേഖലയിൽ അടമുടി പൊളിച്ചെഴുതുന്നതിനും സിലബസും പരീക്ഷയും അടക്കം ഏകീകരിക്കുന്നതിനുമായി കേന്ദ്രസർക്കാർ പുതിയ നഴ്‌സിങ് ബിൽ കൊണ്ടുവരികയാണ്. നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ 2020 എന്ന പേരിൽ ബില്ലിന്റെ കരടു തയ്യാറാക്കി പൊതുജന അഭിപ്രായത്തിനായി സമർപ്പിച്ചിരിക്കയാണ്. ഇന്നും നാളെയുമായി ഈ ബില്ലിന്മേലുള്ള അഭിപ്രായം അറിയിക്കാൻ സാധിക്കും.

നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ ഇപ്പോഴത്തെ നിലയിൽ നടപ്പിലാക്കുമ്പോൾ കേന്ദ്രസർക്കാറിന് മേൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ പിടി മുറുകുകയും സംസ്ഥാന സർക്കാറുകൾക്ക് അധികാരം കുറയുകയും ചെയ്യും. എന്നാൽ, ഏകീകൃത പരീക്ഷയും മറ്റു സംവിധാനങ്ങളും വരുന്നതോടെ വിദേശങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാർക്ക് നൂലാമാലകൾ ഇല്ലാതെ കഴിവുകൾ ഉള്ളവർക്ക് എളുപ്പം ജോലി തേടാൻ അവസരങ്ങൾ ഉണ്ടാകും.

1947-ലെ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിയമം പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് പുതിയ നിയമം ഒരുങ്ങുന്നത്. നഴ്‌സിങ് മേഖലയിൽ രാജ്യത്ത് ഒറ്റ പരീക്ഷ എന്ന നിലപാടാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ നഴ്‌സിങ് കൗൺസിലുകൾക്ക് കീഴിലുള്ള അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പല കോഴ്‌സുകളും ഉണ്ട്. എന്നാൽ, പുതിയ ബിൽ നിയമം ആകുന്നതോടെ ഇത്തരം സംസ്ഥാന കൗൺസിലുകൾ അപ്രസക്തമാകും. പകരം നാഷണൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ സ്ഥാപിക്കും. ഈ കമ്മീഷനാകും നഴ്‌സിങ് വ്ിദ്യാഭ്യാസ രംഗത്തെ സർവ്വാധിപത്യം.

ഇന്ത്യയിൽ നഴ്‌സിങ് കോഴ്‌സുകൾ പാസായവരുടെ ദേശീയ രജിസ്റ്റർ തയ്യാരാക്കുകയും വിദേശത്തുള്ള നഴ്‌സുമാർക്ക് ഇവിടെ തിരികെ ജോലി ചെയ്യാൻ ടെസ്റ്റ് പാസാകുകയും വേണം എന്ന് നിഷ്‌ക്കർഷിക്കുന്നു. ഇന്ത്യൻ നഴ്‌സിങ് കൗൺസിലും സംസ്ഥാന നഴ്‌സിങ് കൗൺസിലുകളും ഇല്ലാതാകുമ്പോൾ പകരം വരുന്ന നാഷണൽ നേഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷനിൽ കൂടുതൽ അധികാരം കേന്ദ്രസർക്കാറിനാകും. നഴ്‌സിംക് കോഴ്‌സുകളുടെ കരിക്കുലം തയ്യാറാക്കുന്നതും കോഴ്സുകളുടെ നടത്തിപ്പും നേഴ്സിങ് സ്‌കൂളുകൾക്കുള്ള അംഗീകാരം നൽകുന്നതും യോഗ്യതാ പരീക്ഷ നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ ദേശീയ കമ്മീഷനിൽ നിക്ഷിപ്തമാകുംയ

45 അംഗങ്ങളാകും നഴ്‌സിങ് കമ്മീഷനിൽ ഉണ്ടാകുക. ഇവരിൽ 40 പേരെയും കേന്ദ്രസർക്കാറാകും നോമിനേറ്റ് ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. ആറ് സോണുകളിൽ നിന്നാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്മീഷനിൽ അംഗങ്ങൾ ആയിരിക്കുംമെവ്വാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ കമ്മീഷനിൽ സംസ്ഥാന ഗവണ്മെന്റുകൾക്ക് പ്രാതിനിധ്യം ഇല്ല.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നഴ്‌സിംഗിന് അഡ്‌മിഷൻ ലഭിക്കുന്നത് പ്ലസ്ടുവിലെ സയൻസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പുതിയ നിയമം നിലവിൽ വന്നാൽ അതിന് പകരം ദേശീയ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നഴ്‌സിങ് കോഴ്‌സുകളിൽ അഡ്‌മിഷൻ ലഭിക്കുകയും ചെയ്യുക. ഇങ്ങനെ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരുമ്പോൾ കേരളത്തിൽ നിന്നും നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തെ മറ്റ് വിദ്യാർത്ഥികളോടും മത്സരിക്കേണ്ടി വരും.

അതേസമയം വിദേശങ്ങളിൽ ജോലി തേടുന്നവർക്ക് അനേകം നഴ്‌സിങ് കൗൺസിലുകളുടെ അംഗീകാരമെന്ന കടമ്പ കടന്ന് ഇന്ത്യൻ നഴ്‌സിങ് കമ്മീഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മറ്റെവിടെയും എളുപ്പത്തിൽ ജോലി തേടാം എന്ന സ്ഥിതിയും ഉയരുന്നുണ്ട്. അതേസമയം നഴ്‌സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും പ്രാക്ടീസ് ചെയ്യാൻ വീണ്ടും പരീക്ഷ എഴുതണം എന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന അഭിപ്രായവും നഴ്‌സുമാർക്കിടയിൽ നിന്നും ഉയരുന്നുണ്ട്.

ബില്ലിന്റെ ഗുണഗണങ്ങൾ എന്തൊക്കെ?

രാജ്യത്തെ നഴ്സിങ്ങ് മേഖലയിലെ ഏറ്റവും വിപ്ലവകരമായ മാറ്റത്തിനാണ് ഈ ബില്ല് വഴിവെക്കുക.നിലവിലെ രീതിയനുസരിച്ച് രാജ്യത്ത് ഒരോ സംസ്ഥാനങ്ങൾക്കും അവരുടെതായ നഴ്സിങ്ങ് ആൻഡ് മിഡൈ്വഫറി കൗൺസിലാണ്. ഇത് സമ്പ്രദായം ഈ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഒരു സംസ്ഥാനത്ത് പഠിച്ച ഒരു നഴ്സിന് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യണമെങ്കിൽ പ്രത്യേക വെരിഫിക്കേഷൻ ഉൾപ്പടെ കടമ്പകൾ ഏറെയാണ്. എന്നാൽ ബില്ല് വന്ന ഏകീകൃത കൗൺസിൽ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.നമ്മുടെ നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ നേരിടുന്ന പ്രധാന പ്രശ്നം വിവിധങ്ങളായ ഈ നഴ്സിങ്ങ് കൗൺസിലുകളാണ്.ഈ ഒരൊറ്റ കാരണം കൊണ്ട് അവസരം നഷ്ടപ്പെട്ടവരും അനവധി. ബില്ല് യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

ഇനിമുതൽ നഴ്സിങ്ങ് പഠിക്കുന്ന ഒരോ വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക ഇന്ത്യൻ നഴ്സിങ്ങ് കമ്മീഷന്റെ കീഴിലായിരിക്കും. അതിന് വിദേശ രാജ്യങ്ങളിൽ കൃത്യമായ പരിഗണ ലഭിക്കുകയും ചെയ്യും.അതോടെ വിദേശത്ത് ജോലി ലഭിക്കുന്നതിനുണ്ടാകുന്ന പ്രയാസങ്ങൾ മാറുകയും ചെയ്യും. ഒരൊറ്റ പ്രവേശന പരീക്ഷയാണ് ഇനി മുതൽ നഴ്സിങ്ങ് പഠനത്തിനായി വിദ്യാർത്ഥികൾക്കുണ്ടാവുക. ഒപ്പം പണം കൊടുത്തും മറ്റും അനധികൃതമായി സീറ്റുകൾ നേടിയെടുക്കുന്ന പ്രവണതയ്ക്കും അറുതിയാവും.എല്ലാ നഴ്സിങ്ങ് കോളേജികൾക്കും അംഗീകാരം നിർബന്ധമാകുകയും നഴ്സിങ്ങ് കോളേജുകൾ നിയന്ത്രണ വിധേയമാവുകയും ചെയ്യും.ഇതുവഴി ആരുടെയും അവസരം നഷ്ടപ്പെടുകയുമില്ല. മാത്രമല്ല മേഖലയിലെ നടപടി ക്രമങ്ങൾക്കുണ്ടാകുന്ന കാലതാമസവും ഇതോടെ പരിഹരിക്കപ്പെടും.

ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് ഇടതുപക്ഷം

അതേസമയം പുതുതായി കേന്ദ്രം തയ്യാറാക്കിയ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ 2020ന് എതിരെ കേരളത്തിലെ ഇടതുനഴ്‌സിങ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സ്ഥാനങ്ങളുടെ കീഴിലുള്ള ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ അധികാരം കവരുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഇടതു സംഘടനകൾ അഭിപ്രായപ്പെടുന്നു. പ്ലസ്ടു മാനദണ്ഡം മാറ്റി എൻട്രൻ്‌സ് പരീക്ഷ ആക്കുമ്പോൾ മലയാളികൾക്ക ഈ മേഖലയിൽ ഉള്ള മേധാവിത്വം നഷ്ടമാകുമെന്നുമാണ് ഇവർ വാദിക്കുന്നത്.

ദേശീയ നേഴ്സിങ് കൗൺസിലും സംസ്ഥാന നേഴ്സിങ് കൗൺസിലുകളും ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നതാണ് മറ്റൊരു വാദം. സംസ്ഥാനങ്ങൾക്ക് ദേശീയ കമ്മീഷനിൽ പ്രതിനിധികൾ ഇല്ലാത്തതും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ അധികാരം പൂർണമായും കരവരുന്നതോടെ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അവസ്ഥയാകുമെന്നുമാണ് ഇടതു സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

പരാതി പരാഹാരവും പ്രശ്‌നമാകുമെന്നുമാണ് മറ്റൊരു ആക്ഷേപം. റഗുലേറ്ററി ബോഡികളെ ധരിപ്പിക്കുന്ന പരാതികളിൽ അന്തിമ തീരുമാനം ബില്ലിലെ സെക്ഷൻ 49 അനുസരിച്ച് ദേശീയ കമ്മീഷൻ അംഗീകരിച്ച അധികാരിക്കോ എത്തിക്‌സ് ആൻഡ് രജിസ്‌ട്രേഷൻ ബോർഡ് അംഗത്തിനോ സംസ്ഥാന കമ്മീഷനോ മാത്രമേ പരാതി നൽകാനാകൂ. നഴ്‌സുമാർക്ക് കോടതിയെ സമീപിക്കാനാകില്ലെന്നതും പ്രശ്‌നമായി നിലനിൽക്കുന്നുണ്ട്്.. ഇത് ചൂഷണങ്ങൾക്ക് വഴിവയ്ക്കും. ആനുകൂല്യങ്ങൾ സംബന്ധിച്ചും ബില്ലിൽ പരാമർശമില്ലെന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നതാണ്. നഴ്‌സുമാരുടെ അവകാശങ്ങളെ കുറിച്ചുള്ള ഉറപ്പ് ഇല്ലാത്താകുമെന്ന അഭിപ്രായവും ശക്തമാണ്.

മലയാളി കുത്തക തകർക്കാൻ ഡൽഹി ബാബുമാരെന്ന് ആക്ഷേപം

അതേസമയം പോരായ്മകൾ ഉണ്ടെങ്കിലും അന്തർദേശീയ നിലവാരത്തിലേക്ക് ഇന്ത്യൻ നഴ്‌സിങ് മേഖലയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്ന കാര്യം വസ്തുതയാണ്, എന്നാൽ, നഴ്‌സിങ് മേഖലയിൽ മലയാളികളുടെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള ഡൽഹി ബാബുമാരുടെ നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലായി ഈ രംഗത്ത് നിലനിൽക്കുന്ന ലോബികളുടെ കുത്തക തകർക്കുന്നുവെന്നതും കടുത്ത മോദി വിരോധവുമാണ് ബില്ലിനെതിരെ മുന്നിട്ടിറങ്ങുന്നവരുടെ പ്രധാന അജണ്ട. ഇ രംഗത്ത് ജോലി ചെയ്യുന്നവർ പോലും മസ്സുകൊണ്ട് അംഗീകരിക്കുന്നതാണ് ഈ ബില്ലെന്ന് പകൽപോലെ സത്യമാണ്. പക്ഷെ മോദി വിരുദ്ധ എന്ന ഒരൊറ്റകാരണം കൊണ്ട് ബില്ലിനെതിരെ പ്രതിഷേധം ഉയർത്തുന്നവർ ബില്ലിന്റെ ഗുണവശങ്ങൾ കണ്ടില്ലെന്ന് നടിക്കുകയയാണ് ചെയ്യുന്നത്. ബില്ലിൽ അഭിപ്രായം അറിയിക്കുവാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബില്ലിനെതിരെ പ്രചരണം ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP