Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗീയത പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്തു ബന്ധമെന്ന് ശശി തരൂർ; കുപ്രസിദ്ധനായ വർഗീയ വാദിയും പുസ്തക മോഷ്ടാവുമെന്ന് എം എ ബേബി; ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമെന്ന് മുല്ലക്കര; തലസ്ഥാനത്തെ ആർജിസിബി പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യന്റെ പേരിടുന്നത് ചോദ്യം ചെയ്ത് നേതാക്കൾ

വർഗീയത പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്തു ബന്ധമെന്ന് ശശി തരൂർ; കുപ്രസിദ്ധനായ വർഗീയ വാദിയും പുസ്തക മോഷ്ടാവുമെന്ന് എം എ ബേബി; ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമെന്ന് മുല്ലക്കര; തലസ്ഥാനത്തെ ആർജിസിബി പുതിയ ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യന്റെ പേരിടുന്നത് ചോദ്യം ചെയ്ത് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്.ഗോൾവാൾക്കറുടെ പേരിടുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്കുളത്തുള്ള ക്യാംപസ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും 'ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ' എന്നാണ് ഇതറിയപ്പെടുകയെന്നും മന്ത്രി അറിയിച്ചിരുന്നു. ആർജിസിബി ആതിഥ്യം വഹിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആമുഖ സമ്മേളനത്തിലെ മന്ത്രിയുടെ പ്രഖ്യാപനം കേരളത്തിൽ വിവാദമായി.

എം.എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നായിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. കേരള സമൂഹത്തിൽ ഇതിന്റെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിലെന്നായിരുന്നു സിപിഎം പിബി അംഗം എം.എ.ബേബിയുടെ വിമർശനം. കുപ്രസിദ്ധനായ വർഗ്ഗീയവാദിയും, പുസക്ത മോഷ്ടാവുമാണ് ഗോൾവാൾക്കറെന്നും സിപിഎം നേതാവ് ആരോപിച്ചു. വംശീയവാദിയായ ഗോൾവൾക്കറുടെ പേരല്ല മറിച്ച് മലയാളിയും കേരളത്തിന്റെ നവോത്ഥാന നായകനും ആരോഗ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ചയാളുമായ ഡോക്ടർ പൽപ്പുവിന്റെ പേരാണ് സ്ഥാപനത്തിന് നൽകേണ്ടതെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ അഭിപ്രായപ്പെട്ടു.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് 'ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്‌സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ' എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്ത വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!

രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബിജെപി യുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോ? ഗോൾവാൾക്കർ എന്ന ഹിറ്റ്‌ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് 1966ൽ വി എച്ച് പി യുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ 'മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന' പരാമർശത്തിന്റെ പേരിലല്ലേ?


ഒരു പ്രാദേശിക നായകനെ താൻ നിർദ്ദേശിക്കുകയാണെന്ന് പറഞ്ഞ് ബാക്ടീരിയോളജിസ്റ്റും സാമൂഹിക പരിഷ്‌കർത്താവുമായ ഡോ. പി. പൽപുവിനെ കുറിച്ചുള്ള ഒരു ലേഖനവും ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

1863 തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം കേംബ്രിഡ്ജിൽ നിന്നും സെറം തെറാപ്പി, ട്രോപ്പിക്കൽ മെഡിസിൻ എന്നിവയിൽ വൈദഗ്ധ്യം നേടി. വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഫെലോയുമാണെന്ന് തരൂർ ട്വീറ്റിൽ പറഞ്ഞു. പ്ലേഗിനും ജാതിവിവേചനത്തിനുമെതിരെ പോരാടിയ പൽപ്പുവിനെ കുറിച്ചുള്ള ഒരു ലേഖനവും തരൂർ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

എം.എ.ബേബിയുടെ എഫ്ബി പോസ്റ്റ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആർഎസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോൾവർക്കറുടെ പേര് നല്കാനുള്ള കേന്ദ്ര മോദിസർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവുംപ്രതിഷേധകരവുമാണ്. കേരള സമൂഹത്തിൽ ഇതിന്റെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർഎസ്എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർഎസ്എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർഎസ്എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർഎസ്എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർഎസ്എസ് മേധാവിയുടെ കീഴിലായിരുന്നു.

ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോൾവർക്കർ. ഗാന്ധി വധത്തിന്റെ കേസിൽ 1948 ഫെബ്രുവരി നാലിന് ഗോൾവർക്കറെ അറസ്റ്റു ചെയ്തു. ആറു മാസം ജയിലിൽ കിടന്ന ശേഷം നിരവധി മാപ്പപേക്ഷൾക്കു ശേഷമാണ് ഗോൾവർക്കർക്ക് ജാമ്യം കിട്ടിയത്. ആർ എസ് എസിനെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുൻകൈയെടുത്ത് കേന്ദ്ര ഗവണ്മന്റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തിൽഇടപെടില്ല എന്നും ഗോൾവർക്കർ എഴുതിക്കൊടുത്ത ശേഷമാണ് സർദാർ പട്ടേലും നെഹ്‌റുസർക്കാരും ആർ എസ് എസിന്റെ മേലുള്ള നിരോധനം പിൻവലിച്ചത്.

ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വർഗീയവാദി. ജി. ഡി . സവർക്കർ മറാത്തിയിലെഴുതിയ രാഷ്ട്ര മീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തർജമ ചെയ്യാൻ ഇദ്ദേഹത്തെ ഏല്പിച്ചു. We and Our Nationhood Defined എന്ന പേരിൽ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോൾവൾക്കർ ചെയ്തത്. ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസർ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഈ പുസ്തകത്തിലാണ്.

ആധുനിക ഇന്ത്യയുടെ വർഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്: നവോത്ഥാനനായകരുടേയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെപ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികൾ ഈ പ്രകോപനത്തിൽ വീഴരുത്. അതേ സമയം അധിക്ഷേപകരമായ ഈ പേരിടൽ നീക്കത്തെ സർവ്വശക്തിയും സമാഹരിച്ച് എതിർക്കുകയും വേണം.

മുല്ലക്കര രത്‌നാകരന്റെ പോസ്റ്റ്

വംശീയവാദിയായ ഗോൾവൾക്കറുടെ പേരല്ല മറിച്ച് മലയാളിയും കേരളത്തിന്റെ നവോത്ഥാന നായകനും ആരോഗ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ചയാളുമായ ഡോക്ടർ പൽപ്പു( Dr Palpu)വിന്റെ പേരാണ് അത്തരമൊരു സ്ഥാപനത്തിന് നൽകേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ശത്രുക്കളാണെന്നും അഹിന്ദുക്കൾക്ക് രണ്ടാം തരം പദവിയേ കൊടുക്കാൻ പാടുള്ളൂവെന്നും തുറന്നു പറഞ്ഞ ഹിന്ദുരാഷ്ട്രവാദിയും വംശീയവാദിയുമായിരുന്നു ഗോൾവൾക്കറെന്ന് അദ്ദേഹം പറഞ്ഞു. 1960 ഡിസംബർ 17-ന് ഗോൾവൾക്കർ ഗുജറാത്ത് സർവ്വകലാശാലയിലെ സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കേരളത്തിലെ ജനങ്ങളെ തന്റെ പൂർവികരായ നമ്പൂതിരിമാർ ''വർണ്ണസങ്കലന പരീക്ഷണത്തിലൂടെ സൃഷ്ടിച്ച ''മികച്ച'' മനുഷ്യവർഗമെന്ന് അപമാനിച്ച കാര്യവും മുല്ലക്കര ഓർമ്മിപ്പിക്കുന്നു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമിയുമെല്ലാം നവോത്ഥാനത്തിന്റെ ആശയങ്ങൾ പാകി അത് പുഷ്പിച്ച് നിൽക്കുന്ന ഈ മണ്ണിലേയ്ക്ക് ഇത്തരം വിഷവിത്തുകൾ പാകാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ക്യാൻസറിനെയും വൈറൽ രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന് നൽകാൻ ഏറ്റവും അനുയോജ്യമായത് ഡോക്ടർ പല്പുവിന്റെ പേരാണെന്നും അദ്ദേഹം പറഞ്ഞു.

''മെഡിക്കൽ പഠനം കഴിഞ്ഞുവന്നപ്പോൾ ജോലി കൊടുക്കാതെ തെങ്ങുചെത്താനായിരുന്നു പൽപ്പുവിനോട് അന്നത്തെ ജാതീയ ഭരണകൂടം പറഞ്ഞത്. പക്ഷേ പൽപ്പു തെങ്ങുചെത്തിയില്ല. മൈസൂരിലെ വാക്‌സിൻ നിർമ്മാണശാലയുടെ മേൽനോട്ടക്കാരനായി. ഗോവസൂരിക്കെതിരായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്‌സിൻ പൽപ്പു നിർമ്മിച്ചു. 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും വിലവെയ്ക്കാതെ അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. പിന്നീട് മൈസൂരിൽ പ്ലേഗ് പടർന്നപ്പോഴും അദ്ദേഹം സേവനം നൽകി.''

അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
മെഡിക്കൽ രംഗത്തെ തന്റെ സേവനങ്ങൾ തുടരുന്ന കാലത്ത് തന്നെ തിരുവിതാംകൂറിൽ താൻ നേരിട്ട ജാതിവിവേചനത്തിനെതിരെ പോരാടി അധഃസ്ഥിതർക്ക് അവസരം നേടിക്കൊടുക്കാൻ അശ്രാന്തം പരിശ്രമിക്കുകയും ചെയ്ത മഹാനുഭാവനായിരുന്നു അദ്ദേഹം. ഡോ പൽപ്പുവിന്റെ പേരിൽ ഒരു ആരോഗ്യഗവേഷണ സ്ഥാപനം ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആവശ്യമാണ് . നാം അതിനായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP