Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടൽ പരപ്പിലെ താപവ്യതിയാനത്തിൽ ഊർജ്ജമെടുത്ത് ശക്തിയാർജ്ജിക്കും; കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകും; ലങ്കൻ തീരം കടന്ന് തമിഴ്‌നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തത് നിർണ്ണായകമായി; ബുറെവിയെ മെരുക്കിയത് അറബിക്കടലിലെ മർദ്ദവ്യതിയാനം; ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുമ്പോൾ

കടൽ പരപ്പിലെ താപവ്യതിയാനത്തിൽ ഊർജ്ജമെടുത്ത് ശക്തിയാർജ്ജിക്കും; കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകും; ലങ്കൻ തീരം കടന്ന് തമിഴ്‌നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തത് നിർണ്ണായകമായി; ബുറെവിയെ മെരുക്കിയത് അറബിക്കടലിലെ മർദ്ദവ്യതിയാനം; ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബുറെവി ഇനി കര തൊടില്ലെന്ന് സൂചന. പ്രവചനങ്ങൾ തെറ്റിച്ചായിരുന്നു ബുറെവി ചുഴലിക്കാറ്റിന്റെ ശക്തിക്ഷയം. തമിഴ്‌നാട് തീരത്തേക്കു തന്നെ ബുറെവി കയറിയില്ല. ഇന്നലെ പകൽ അതിതീവ്രന്യൂനമർദവും രാത്രിയോടെ തീവ്രന്യൂനമർദവുമായി മാറിയ ബുറെവി, മാന്നാർ കടലിടുക്കിൽ തുടരുകയാണ്. സാധാരണ ന്യൂനമർദമായി മാറി കടലിൽ അവസാനിക്കാനാണു സാധ്യത. ഇതോടെ കേരളത്തിൽ അടക്കം ആശങ്ക കുറയുകയാണ്.

ബംഗാൾ ഉൾക്കടലിൽ നവംബർ 28 ന് രൂപമെടുത്ത ബുറെവി ലങ്കൻ തീരം കടന്ന് തമിഴ്‌നാട്ടിനടുത്തുള്ള മാന്നാർ കടലിലിടുക്കിലെത്താൻ ഒരാഴ്ചയിലേറെ എടുത്തു. 2017 ൽ ഇതേ സ്ഥലത്ത് നവംബർ 29ന് രൂപമെടുത്ത ഓഖി ചുഴലിക്കാറ്റ് കേരളതീരത്ത് എത്തിയത് 24മണിക്കൂറിലാണ്. ഈ വേഗതക്കുറവാണ് ബുറെവിയെ ദുർബലമാക്കിയത്. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ കരതൊട്ടപ്പോൾ അവിടെ വേഗത നഷ്ടമായി. കിഴക്കൻ തീരത്തു നിന്ന് വടക്കോട്ട് നീങ്ങിയ ബുറെവിക്ക് ബംഗാൾ ഉൾക്കടലിൽ നിന്ന് അറബിക്കടലിലേക്കുള്ള മാന്നാർ കടലിടുക്കിലെ മർദ്ദവ്യതിയാനം മൂലം കടൽപരപ്പിലൂടെ നീങ്ങാനുള്ള ശക്തി കുറഞ്ഞു.

കടൽ പരപ്പിലെ താപവ്യതിയാനത്തിൽ നിന്നാണ് ചുഴലിക്കാറ്റുകൾ ഊർജ്ജമെടുത്ത് ശക്തിയാർജ്ജിക്കുന്നത്. ന്യൂനമർദ്ദമായി തുടങ്ങി തീവ്ര ന്യൂനമർദ്ദമായും അതിതീവ്ര ന്യൂനമർദ്ദമായും മാറുന്ന ഈ ചുഴിയാണ് കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി കടലിലൂടെ നീങ്ങുന്നത്. ശക്തികുറഞ്ഞ് ഇതേ പ്രക്രിയയിലൂടെ അത് ഇല്ലാതാകുന്നത് അപൂർവ്വമാണ്. കരയിൽ മരങ്ങളിലും കെട്ടിടങ്ങളിലും മലയിലുമെല്ലാം ഇടിച്ചാണ് സാധാരണ ചുഴലിക്കാറ്റുകൾ ശാന്തമാകാറ്. ഇത്തവണ അറബിക്കടലിലെ മർദ്ദവ്യതിയാനം ചുഴലിക്കാറ്റിനെ മെരുക്കിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ.

ബുറെവിയുടെ പ്രത്യാഘാതത്തിൽ മഴ മാത്രമാണ് തമിഴ്‌നാട്ടിലും കേരളത്തിലും പെയ്തത്. തമിഴ്‌നാടിന്റെ തെക്കൻ തീരത്ത് ശക്തമായ മഴ തുടരുകയാണ്. കൃഷിനാശവുമുണ്ട്. തഞ്ചാവൂരിൽ 3 പേർ മരിച്ചു. ചെന്നൈ ഉൾപ്പെടെ 21 ജില്ലകളിൽ മഴ തുടരുകയാണ്. ചിദംബരം നടരാജക്ഷേത്രത്തിൽ 40 വർഷത്തിനു ശേഷം വെള്ളം കയറി. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തും ശക്തമായ മഴ തുടങ്ങി. ഇന്നും മഴ തുടരും. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനു 40 കിലോമീറ്റർ അകലെ മാന്നാർ കടലിടുക്കിലാണ് ബുറെവി ഇന്നലെ രാത്രിയും തുടരുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെയാണ് മർദമേഖലയ്ക്കുള്ളിലെ കാറ്റിന്റെ വേഗം. ഇത് കരയിലേക്ക് എത്തില്ലെന്നാണ് നിലവിലെ പ്രവചനങ്ങൾ.

ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിശക്തമായ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെ ജില്ലകളിൽ കാറ്റിനു സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും. നാളെവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ചുഴലി ദുർബലമായതോടെ റെഡ് അലെർട്ട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരുമെന്നു സർക്കാർ വ്യക്തമാക്കുകയാണ്.

ഇന്നലെ രാവിലെ ശ്രീലങ്കയ്ക്കു സമീപം മാന്നാർ കടലിടുക്കിലെത്തിയ അതിതീവ്രന്യൂനമർദം ഉച്ചയ്ക്കു തമിഴ്‌നാട് രാമനാഥപുരത്തിനു സമീപമെത്തി. അവിടെനിന്നു 40 കി.മീ, പാമ്പനിൽനിന്ന് 70 കി.മീ, കന്യാകുമാരിയിൽനിന്ന് 160 കി.മീ. വ്യാപ്തിയിലായിരുന്നു കാറ്റിന്റെ ഭ്രമണപഥം. വേഗം മണിക്കൂറിൽ 50-70 കിലോമീറ്റർ. രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ സഞ്ചരിച്ച് തീവ്രന്യൂനമർദം കൂടുതൽ ദുർബലമായി ന്യൂനമർദമായി മാറുകയാണ്.

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അറിയിപ്പുപ്രകാരം, കേരളത്തിലെത്തുന്നതിനു മുമ്പ് കാറ്റിന്റെ വേഗം 30-40 കിലോമീറ്ററായി കുറയും. തെക്കൻ കേരളത്തിൽ 35-45 വരെ കി.മീ. വേഗത്തിൽ കാറ്റുണ്ടായേക്കും. മുൻകരുതലിന്റെ ഭാഗമായി അടച്ച തിരുവനന്തപുരം വിമാനത്താവളം ഇന്നലെ വൈകിട്ട് നാലിനു തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഇന്നുമുതൽ തിരിച്ചയയ്ക്കും.

ഓറഞ്ച്, യെലോ അലെർട്ടുള്ള ജില്ലകളിലെ താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ അതീവജാഗ്രത തുടരണം. ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം പാലിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP