Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാമനാഥപുരം കടന്നപ്പോൾ തന്നെ ഉഗ്രരൂപം മാറി; ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും; ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ മാത്രമായിരിക്കുമെന്നത് ആശ്വാസമാകുന്നത് തിരുവനന്തപുരത്തിന്; തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് പ്രവചനം; ജാഗ്രതയിൽ ബുറെവിയെ കാത്തിരിക്കുമ്പോൾ

രാമനാഥപുരം കടന്നപ്പോൾ തന്നെ ഉഗ്രരൂപം മാറി; ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും; ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ മാത്രമായിരിക്കുമെന്നത് ആശ്വാസമാകുന്നത് തിരുവനന്തപുരത്തിന്; തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് പ്രവചനം; ജാഗ്രതയിൽ ബുറെവിയെ കാത്തിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദമായി. കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദമായി അത് മാറും. വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ചുഴലിക്കാറ്റ് ഭീതിയിൽ നിൽക്കുന്ന തമിഴ്‌നാടിനും തെക്കൻ കേരളത്തിന് ആശ്വാസം നൽകുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്. ബുറേവിയുടെ പശ്ചാത്തലത്തിൽ കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പൊന്മുടി - വർക്കല -ആറ്റിങ്ങൽ മേഖലയിലൂടെയാകും കാറ്റിന്റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശ്രീലങ്കയിൽ വച്ച് കര തൊട്ടിരുന്നു. ശ്രീലങ്കയെ കുറുകെ കടന്ന് പോയ ചുഴലിക്കാറ്റ് അവിടെ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല.

ബുറെവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിട്ടുണ്ട്. മാന്നാർ കടലിടുക്കിൽ എത്തിയ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ ഒമ്പത് കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് രാമനാഥപുരം കടന്നു. നിലവിൽ അതിതീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കിമീ വരെയും ചില അവസരങ്ങളിൽ 75 കിമീ വരെയുമാണ്.

തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. രാവിലെ പത്ത് മണിക്ക് ശേഷം കാറ്റ് കേരളത്തിൽ എത്താനാണ് സാധ്യത. രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കും

അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോ മീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുമതിയുണ്ടായിരിക്കില്ല.

തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ മാത്രമായിരിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ കാറ്റിനു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ സാധ്യത (ഓറഞ്ച് അലർട്ട്); തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ സാധ്യത (യെലോ അലർട്ട്).

സംസ്ഥാനത്ത് അത്യാഹിത സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പൊലീസ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയെന്നു മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങൾക്കും ബാധകം. ദുരന്തനിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പു ചുമതല എന്നിവയ്ക്കു ബാധകമല്ല.

തിരുവനന്തപുരം വിമാനത്താവളം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിടെക്നിക് കോളജുകളിൽ ഇന്നു നടത്താനിരുന്ന സ്‌പോട് അഡ്‌മിഷൻ നാളത്തേക്കു മാറ്റി. ംംം.ുീഹ്യമറാശശൈീി.ീൃഴ

പിഎസ്‌സിയും കേരള, എംജി, കുസാറ്റ്, ആരോഗ്യ സർവകലാശാലകളും ഇന്നത്തെ പരീക്ഷകൾ മാറ്റി; പുതിയ തീയതി പിന്നീട്. പിഎസ്‌സി ഇന്നു നിശ്ചയിച്ച അഭിമുഖത്തിനു മാറ്റമില്ല. കാർഷിക, സാങ്കേതിക സർവകലാശാലകളിൽ ഇന്നു പരീക്ഷയില്ല.

കെ എസ് ആർ ടി സിയും ജാഗ്രതയിൽ

വൈദ്യുതി കൺട്രോൾ റൂം, വൈദ്യുതി ബോർഡിന്റെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ: 1912, 94960 10101.

ബുറെവി ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രകൾ, അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരവും നാളെ വരെ നിരോധിച്ചു. ജില്ലയിലെ മലയോര മേഖലകളിലുള്ള ഗതാഗതം നാളെ വരെ വൈകിട്ട് 7 മുതൽ രാവിലെ 7 വരെ നിരോധിച്ചിട്ടുണ്ടെന്നും കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെഎസ്ആർടിസിക്കും ബാധകമായിരിക്കുമെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അവശ്യ സർവീസ് നടത്തിപ്പിനും മാത്രമാകും സർവീസ് നടത്തുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP