Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിഎഎ സമരത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കള്ളപ്പണം സ്വീകരിച്ചതിന് തെളിവുണ്ടെന്ന് ഇഡി; കേരളത്തിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ് ടോപ്പുകളും; ഡൽഹിയിൽ നിന്നെത്തിയ ഇഡി സംഘത്തിന്റെ പരിശോധന കേരള പൊലീസ് അറിഞ്ഞ് ഏറെ വൈകി; പോപ്പുലർ ഫ്രണ്ടിനും കുരുക്ക് ഒരുക്കി കേന്ദ്ര എജൻസികൾ

സിഎഎ സമരത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കള്ളപ്പണം സ്വീകരിച്ചതിന് തെളിവുണ്ടെന്ന് ഇഡി; കേരളത്തിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ് ടോപ്പുകളും; ഡൽഹിയിൽ നിന്നെത്തിയ ഇഡി സംഘത്തിന്റെ പരിശോധന കേരള പൊലീസ് അറിഞ്ഞ് ഏറെ വൈകി; പോപ്പുലർ ഫ്രണ്ടിനും കുരുക്ക് ഒരുക്കി കേന്ദ്ര എജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്വർണക്കകടത്തുതൊട്ടുള്ള വിവിധ വിഷയങ്ങളിൽ ഇടപെട്ട് കേരളത്തിൽ ഉഴുതു മറിക്കായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇപ്പോൾ ഇതാ തീവ്രാവാദ ബന്ധം ആരോപിക്കുന്ന സംഘടനകളെയും ഇഡി വരിഞ്ഞുമുറക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതൽ തെളിവുകൾ ഇഡി റെയ്ഡിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

കേരളത്തിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂറാണ് നീണ്ടത്. കേന്ദ്രസർക്കാരിന്റെ പക തീർക്കലെന്നാണ് നേതാക്കളുടെ പ്രതികരണം.

സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലായിരുന്നു ആദ്യ പരിശോധന. പിന്നാലെ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ഇഡിയെത്തി. പൂന്തുറ, കളമശേരി, കാരന്തൂർ തുടങ്ങിയ ഇടങ്ങളിലെ സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളിലും പരിശോധിച്ച് രേഖകൾ പിടികൂടി. ബാങ്ക് ഇടപാടുകൾ, വിവിധ പാർട്ടി പരിപാടികൾക്കു ചെലവഴിച്ച തുക, നേതാക്കളുടെ വിദേശയാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂർ നീണ്ടു. രേഖകളുമായി ഉദ്യോഗസ്ഥർ മടങ്ങിയ വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞു. കേന്ദ്ര സേനയുടെ അകമ്പടിയിലാണ് വാഹനം പുറത്തെത്തിയത്.ഡൽഹിയിൽ നിന്നെത്തിയ ഇഡി സംഘത്തിനൊപ്പം കേരളത്തിലെ മൂന്ന് സോണുകളിലെയും ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഏറെ വൈകിയാണ് പരിശോധന പൊലീസ് അറിഞ്ഞത്. സുരക്ഷയ്ക്കായി ഇഡി കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു.

ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് ഇഡിയുടെ പരിശോധനയ്ക്ക് പിന്നിലെന്നാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. നിലവിൽ രാജ്യത്തെ ഏറ്റവും മോശം സേവനവും ഏറ്റവും കാര്യക്ഷമമല്ലാത്ത ഏജൻസിയുമാണ് ഇ.ഡി. രാഷ്ട്രീയ എതിരാളികളെയും വിമർശന സ്വരങ്ങളെയും ഭീഷണിപ്പെടുത്തുന്നതിനുള്ള മോദി സർക്കാരിന്റെ കൈയിലുള്ള വിലകുറഞ്ഞ ഉപകരണമായി ഇ.ഡി മാറി. വ്യാജ രേഖകളുമായി രാഷ്ട്രീയക്കാരെ കീഴടക്കുന്നതിൽ ഫാഷിസ്റ്റ് സർക്കാർ വിജയിച്ചിരിക്കുന്നു. മൂടിവെക്കാൻ ഏറെയുള്ളവരും കുറ്റവാളികളായവരും പൊതുസമൂത്തിൽ നിന്നും സർക്കാരിൽ നിന്നും ഒന്നും മറച്ചുവെക്കാനില്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.

ദുർഭരണത്തിന്റെ ആറ് വർഷം പിന്നിടുമ്പോൾ കേന്ദ്രസർക്കാർ ഏറ്റവും വലിയ പ്രതിസന്ധിയയെും ഭീഷണിയയെും നേരിടുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയാൽ മുസ്ലിംകളെ മാത്രമേ പ്രതികൂലമായി ബാധിക്കുകയുള്ളൂ എന്നു ഭൂരിപക്ഷം ജനങ്ങളെയും വിശ്വസിപ്പിക്കുന്നതിൽ സംഘപരിവാരം വിജയിച്ചതിനാൽ അതുമൂലമുണ്ടാവുന്ന എന്തു പ്രതിസന്ധിയെയും സഹിക്കാൻ ഫാഷിസ്റ്റുവർഗീയ വാദികൾ തയ്യാറായിരുന്നു. അതിനാലാണ് എല്ലാവരും അതിനെ എതിർക്കാതെ വളരെ നിശബ്ദത പാലിച്ചത്. എന്നാൽ, അടുത്തിടെ നടപ്പാക്കിയ കർഷക ബില്ലുകൾ മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നതായി ഒരു തരത്തിലും വിശദീകരിക്കാൻ കഴിയില്ലെങ്കിലും അത് സർക്കാരിനെതിരേ ശക്തമായി തിരിഞ്ഞുകുത്തുകയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കർഷകർ, പ്രത്യേകിച്ച് രാജ്യത്തിന്റെ കാർഷിക മേഖലയുടെ ഹബ്ബ് ആയ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിലാണ്. ബലപ്രയോഗത്തിലൂടെ പ്രതിഷേധത്തെ അടിച്ചമർത്താനും പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കാനുമുള്ള കേന്ദ്രസർക്കാരിന്റെ എല്ലാ ശ്രമങ്ങളും കർഷകരുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ പരാജയപ്പെട്ടിരിക്കുന്നു.

സർക്കാർ പ്രതിസന്ധിയിലാവുമ്പോൾ പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ചില തന്ത്രങ്ങൾ ഉപയോഗിക്കുക പതിവായാരിക്കുന്നു. മിക്കപ്പോഴും, അതിർത്തിയിലെ ഭീകരാക്രമണങ്ങളോ തീവ്രവാദമോ ആണെങ്കിൽ, ഇത്തവണ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ ഇ.ഡി റെയ്ഡുകളാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പ്രത്യേകിച്ച് ഷഹീൻ ബാഗ് സംഘടിപ്പിക്കുന്നതിന് 120 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണങ്ങൾ സംബന്ധിച്ചായിരുന്നു ഇ.ഡി അന്വേഷണം. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടു.ഇന്നത്തെ റെയ്ഡിനിടെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് രേഖാമൂലം നാട്ടുകാർക്ക് ഇ.ഡി എഴുതി നൽകേണ്ടി വന്നത് ലജ്ജാകരമാണ്.

നിരവധി സംസ്ഥാനങ്ങളിലെ കോൺഗ്രസ് എംഎ‍ൽഎമാരെ വിലയ്‌ക്കെടുക്കാൻ ബിജെപി നേതാക്കൾ അടുത്തിടെ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തിരുന്നു. വൻതോതിൽ നടന്ന പണമിടപാടുകളെക്കുറിച്ച് ഇ.ഡി ഒരിക്കലും അന്വേഷണം നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ വീടുകളൊന്നും റെയ്ഡ് ചെയ്തിട്ടില്ല. തങ്ങളുടെ യജമാനന്മാർക്ക് അസംതൃപ്തി ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.ഇത്തരം റെയ്ഡുകളോ തെറ്റായ നടപടികളിലൂടെയോ പോപുലർ ഫ്രണ്ടിന്റെ ദൃഢനിശ്ചയവും പോരാട്ട മനോഭാവവും തടസ്സപ്പെടുത്താനോ ദുർബലപ്പെടുത്താനോ കഴിയുമെന്ന് കരുതുന്നുവെങ്കിൽ, സർക്കാർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ആ സ്വപ്നം ഒരു മിഥ്യയായി തുടരുക തന്നെ ചെയ്യും. ഇന്ന് ഇ.ഡി നടത്തിയ അനാവശ്യ റെയ്ഡുകളെ എസ്.ഡി.പി.ഐ ശക്തമായി അപലപിക്കുന്നു. ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ പോപുലർ ഫ്രണ്ടിനോടൊപ്പം എസ്ഡിപിഐ യും മുൻനിരയിൽ തന്നെയുണ്ടാവും. ഭീഷണികൾക്ക് വഴങ്ങാൻ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നും എം കെ ഫൈസി പറഞ്ഞു

 ആർഎസ്എസ് അജണ്ടയുടെ തുടർച്ചയെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീർ

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ പറഞ്ഞു.

ദേശീയ തലത്തിൽ ഉയർന്നുവന്ന കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്ന് വ്യക്തമാണ്.ഭരണകൂടം പ്രതിസന്ധിയിലാവുമ്പോൾ മുസ്ലിംകളെയും സംഘടനകളെയും ഭീകര വൽക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഇത്തരം വാർത്തകൾ ആഘോഷിച്ചിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പോപുലർ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണ്. തങ്ങൾക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സർക്കാർ പിന്തുടരുന്നത്.തങ്ങളുടെ കൈയിലെ പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാൻ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യ മാർഗങ്ങളിലൂടെ നേരിടുമെന്നും സിപി മുഹമ്മദ് ബഷീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP