Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുറേവി ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ കരതൊടും; കേരളത്തിൽ വേഗത 60 കിലോമീറ്ററിലും താഴെയാകും; നാളെ പകൽ തിരുവനന്തപുരം കൊല്ലം അതിർത്തിയിലൂടെ ചുഴലിക്കാറ്റ് കടന്നു പോകും; പ്രളയ സാധ്യതയില്ല; സംസ്ഥാന സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ കരതൊടും; കേരളത്തിൽ വേഗത 60 കിലോമീറ്ററിലും താഴെയാകും; നാളെ പകൽ തിരുവനന്തപുരം കൊല്ലം അതിർത്തിയിലൂടെ ചുഴലിക്കാറ്റ് കടന്നു പോകും; പ്രളയ സാധ്യതയില്ല; സംസ്ഥാന സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ കരതൊടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പകൽ തിരുവനന്തപുരം കൊല്ലം അതിർത്തിയിലൂടെ ചുഴലിക്കാറ്റ് കടന്നു പോകും. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായിട്ടാകും കേരളത്തിലെത്തുക. കേരളത്തിൽ കാറ്റിന്റെ വേഗത 60 കിലോമീറ്ററിൽ താഴെയായിരിക്കുമെന്നും പ്രളയ സാദ്ധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളം പിന്നിട്ട് ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്ക് നാശം വന്നേക്കും. മരം, വീടുകൾ, പോസ്റ്റുകൾ, ഫ്ലക്സുകൾ ഒക്കെ പൊട്ടിവീണേക്കാം. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ട്. ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കടലിൽ പോകാൻ വേണ്ട നടപടികൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ്ഗാർഡ് എന്നിവർ നടത്തി. മത്സ്യബന്ധനഗ്രാമങ്ങളിൽ അനൗൺസ്മെന്റുകൾ നടത്തി. കളക്ടർമാരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻ.ഡി.ആർ.എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചതായും ആവശ്യമായ മുൻകരുതൽ സംസ്ഥാനം സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകളും ജില്ലാ തലത്തിൽ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് ഇവർ 24 മണിക്കൂറും വിവരം നൽകുന്നു. വൈദ്യുതി വിതരണം, അണക്കെട്ടുകൾ, ശബരിമല തീർത്ഥാടനം എന്നിവയ്ക്ക് കൃത്യമായ നിർദ്ദേശങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്സഡ് വിങ് എയർക്രാഫ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനത്തിനായി നാവികസേനയോട് കപ്പലുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി സംസാരിച്ചുവെന്നും എല്ലാ വിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP