Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തമിഴകത്തെ പുതിയ ആത്മീയ രാഷ്ട്രീയത്തിന് ഊർജ്ജമേകാൻ ബിജെപി നേതാവ്; രജനീകാന്തിന്റെ പാർട്ടിയുടെചീഫ് കോർഡിനേറ്ററായി ബിജെപി മുൻ നേതാവ് അർജുന മൂർത്തി; രജനിയുടെ പാർട്ടിയെ സ്വാ​ഗതം ചെയ്തും സഖ്യത്തിന് ക്ഷണിച്ചും ബിജെപി; സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശത്തെ ദ്രാവിഡ രാഷ്ട്രീയം സംശയത്തോടെ നോക്കുന്നതിന് കാരണങ്ങൾ ഇങ്ങനെ

തമിഴകത്തെ പുതിയ ആത്മീയ രാഷ്ട്രീയത്തിന് ഊർജ്ജമേകാൻ ബിജെപി നേതാവ്; രജനീകാന്തിന്റെ പാർട്ടിയുടെചീഫ് കോർഡിനേറ്ററായി ബിജെപി മുൻ നേതാവ് അർജുന മൂർത്തി; രജനിയുടെ പാർട്ടിയെ സ്വാ​ഗതം ചെയ്തും സഖ്യത്തിന് ക്ഷണിച്ചും ബിജെപി; സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശത്തെ ദ്രാവിഡ രാഷ്ട്രീയം സംശയത്തോടെ നോക്കുന്നതിന് കാരണങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രജനീകാന്തിന്റെ പാർട്ടിയുടെചീഫ് കോർഡിനേറ്ററായി ബിജെപി മുൻ നേതാവ് അർജുന മൂർത്തി എത്തും. ബിജെപിയിൽ നിന്ന് രാജിവച്ചാണ് അർജുന മൂർത്തി പുതിയ പാർട്ടിയിൽ ചേർന്നത്. ഡിസംബർ 31ന് പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അർജുന മൂർത്തിയെ ചീഫ് കോർഡിനേറ്ററായി പ്രഖ്യാപിച്ചത്. പാർട്ടിയുടെ മുഴുവൻ മേൽനോട്ടവും തമിഴരുവി മണിയനാണ്. അതിനിടെ, രജനീകാന്തിന്റെ പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി അറിയിച്ചു.

ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മരുമകനുമായ മുരസൊലി മാരന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിട്ടാണ് അർജുനമൂർത്തി രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. മുരസൊലി മാരന്റെ മരണത്തോടെ ഡി.എം.കെ വിട്ട അർജുനമൂർത്തി പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. കടുത്ത ആർ.എസ്.എസ് രാഷ്ട്രീയാനുഭാവി കൂടിയായിരുന്ന അർജുനമൂർത്തി ആണ് ആദ്യമായി ബിജെപിയുടെ ബിസിനസ് വിംങ് കൈകാര്യം ചെയ്തത്. പിന്നീട് ബിജെപിയുടെ ബൗദ്ധിക് വിഭാഗം നേതാവായി പ്രവർത്തിച്ചു. ധനമന്ത്രി നിർമല സീതാരാമന്റെ സ്കൂൾ ചങ്ങാതിയായിരുന്നു അർജുനമൂർത്തിയുടെ ഭാര്യ. ബിസിനസിൽ സജീവമായ ഇവർ ഡൽഹി, തമിഴ്‌നാട് ബിജെപി നേതൃത്വവുമായും ഏറെ അടുപ്പത്തിലായിരുന്നു.

എന്നാൽ, രജനിയുടെ പാർട്ടി പ്രഖ്യാപനവും അർജുനമൂർത്തിയുടെ പെട്ടെന്നുള്ള രാജിയും തമിഴ് രാഷ്ട്രീയത്തിൽ ചർച്ചയായി കഴിഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കാരു നാഗരാജൻ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതിനെയും വളരെയധികം സംശയത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. നിലവിൽ ബിജെപിയുടെ എല്ലാ സുപ്രധാന പദവികളിൽ നിന്നും അർജുനമൂർത്തിയെ മാറ്റിയിട്ടുണ്ട്. രജനികാന്തിന്റെ ട്വിറ്റർ പേജടക്കമുള്ള എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും ഇനിമുതൽ അർജുനമൂർത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക. ബിജെപിയുടെ മിക്ക ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള നേതാവാണ് അർജുനമൂർത്തി.

രജനിയുടെ പാർട്ടി രൂപീകരണത്തെ ബിജെപി സ്വാ​ഗതം ചെയ്യുകയും സഖ്യത്തിന് തയ്യാറെന്ന് അറിയിക്കുകയും ചെയ്തതും ദ്രാവിഡ രാഷ്ട്രീയത്തിൽ ചർച്ചയായി കഴിഞ്ഞു. രജനി മുന്നോട്ടുവച്ച ആശയങ്ങൾ പാർട്ടിയുമായി യോജിച്ചുപോകുന്നതാണ് എന്നാണ് ബിജെപി പറയുന്നത്. രജനീകാന്ത് പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ആത്മീയ രാഷ്ട്രീയം എന്ന പുതിയ ആശയമാണ് രജനികാന്ത് മുന്നോട്ട് വെക്കുന്നത്.

തമിഴ്‌നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും രജനീകാന്ത് പാർട്ടി രൂപീകരത്തിനുശേഷം പ്രഖ്യാപിച്ചത്. ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്നുറപ്പാണെന്നും രജനികാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് നടത്തും. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച രജനി മക്കൾ മൻട്രത്തിന്റെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.താൻ എന്തു തീരുമാനമെടുത്താലും അതിനെ പിൻതുണയ്ക്കുമെന്ന് ജില്ലാതല സമിതികൾ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നൽകിയിരുന്നു. 69 കാരനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെടുന്നതിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനമുള്ളതിനാൽ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹത്തോട് നിർദ്ദേശിച്ചു.

അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദർശിപ്പോൾ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചർച്ച ചെയ്തതായാണ് സൂചന. എന്നാൽ ഇതെക്കുറിച്ച് പ്രതികരിക്കാൻ രജനീകാന്ത് തയാറായിട്ടില്ല.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആരാധകർ സന്തോഷം പ്രകടിപ്പിക്കുകയാണ്. ട്വിറ്ററിലൂടെയാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്.

രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് കളംമൊരുങ്ങിയതോടെ തമിഴ്‌നാട്ടിൽ വീണ്ടും താരകേന്ദ്രീകൃത രാഷ്ട്രീയം ചുവടുറപ്പിക്കുകയാണ്. പതിന്നാല് വർഷം നീണ്ട രാഷ്ട്രീയ സസ്‌പെൻസിനൊടുവിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് കടക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ താരത്തെ വിട്ടൊഴിഞ്ഞിട്ടില്ല.

ശക്തമായ ആരാധക പിൻബലം വോട്ടായി മാറുമെന്നും ജയലളതിയുടെയും കരുണാനിധിയുടേയും രാഷ്ട്രീയ വിടവ് നികത്തുമെന്നും എംജിആറിന്റെ രാഷ്ട്രീയ പാത പിന്തുടരുമെന്നുമാണ് ആരാധകരും കണക്കുകൂട്ടുന്നത്. രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത ഇല്ലെന്ന വിമർശനങ്ങൾക്കിടയിൽ കൂടിയാണ് സൂപ്പർസ്റ്റാർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ആത്മീയ രാഷ്ട്രീയമെന്ന, ദ്രാവിഡർക്ക് കേട്ടുകേൾവിയില്ലാത്ത ആശയം തമിഴ്‌നാട്ടിൽ പച്ച പിടിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP