Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കൾ

കവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തിരക്കിനിടെയാണ് എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ തേടി ആ ദുരന്തവാർത്ത എത്തിയത്. തന്റെ രണ്ട് പെൺമക്കളെയും വാഹനം ഇടിച്ചു തെറിപ്പിച്ചു എന്ന വാർത്ത കേട്ടു നിലവിളിച്ച് അലക്‌സിനെ തേടി വൈകാതെ പൊന്നുമക്കൾ പോയെന്ന വാർത്തയും എത്തി. ഇതോടെ തീർത്തും തകർന്ന അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് പോലും അറിയാത്ത അവസ്ഥയിലായി സുഹൃത്തുക്കളും ബന്ധുക്കളും. അലക്‌സ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉറുകുന്ന് ആറാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. കുട്ടികൾ അലക്‌സിന്റെ ഉറുകുന്നിലുള്ള കടയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

സഹോദരിമാർക്കൊപ്പം മറ്റൊരു പെൺകുട്ടിയുടെയും ജീവൻ അമിതവേഗത്തിൽ ചീറിപ്പാഞ്ഞ പിക്ക് അപ്പ് വാഹനമെടുത്തു. ഇന്നലെ രണ്ടു മണിയോടെ കൊല്ലം തിരുമംഗലം ദേശീയപാതയിലായിരുന്നു നാടിനെ നടുക്കിയ അപകടം. ഉറുകുന്ന് നേതാജി ഓലിക്കൽ പുത്തൻവീട്ടിൽ അലക്‌സ് (സന്തോഷ്) സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ടിസൻ ഭവനിൽ കുഞ്ഞുമോൻ സുജ ദമ്പതികളുടെ മകൾ കെസിയ (17) എന്നിവരാണു മരിച്ചത്.

ഉറുകുന്ന് സൊസൈറ്റി കവലയ്ക്കു സമീപം അലക്‌സ് നടത്തുന്ന ചായക്കടയിലേക്കു പോയ ശാലിനിക്കും ശ്രുതിക്കും ഒപ്പം കൂട്ടുകാരി കെസിയയും ചേരുകയായിരുന്നു. റോഡരികിലൂടെ നടന്നു പോകവേ മൂവരെയും തമിഴ്‌നാട്ടിലേക്കു പോയ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്നു വാൻ താഴ്ചയിലേക്കു മറിഞ്ഞു. കേരളത്തിൽ പച്ചക്കറി ഇറക്കി മടങ്ങുകയായിരുന്നു വാൻ. അമിതവേഗത്തിലെത്തിയ പിക്-അപ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവർ പറയുന്നത്.

ഓടിക്കൂടിയ പരിസരവാസികൾ മൂവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രുതിയും കെസിയയും മരിച്ചു. പുനലൂർ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാലിനി ഇടമൺ വിഎച്ച്എസ്എസ് ഒൻപതാം ക്ലാസിലെയും ശ്രുതി ഒറ്റക്കൽ വെൽഫെയർ യുപിഎസ് ആറാം ക്ലാസിലെയും വിദ്യാർത്ഥികളാണ്. ഒറ്റക്കൽ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കെസിയ. ടിസനാണ് കെസിയയുടെ സഹോദരൻ. വാൻ ഡ്രൈവർ കന്യാകുമാരി ആളൂർ കുലലാർ തെരുവിൽ വെങ്കിടേശ് സംഭവസ്ഥലത്തു നിന്ന് ഓടി തെന്മല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

ശ്രുതിയുടെയും കെസിയയുടെയും മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലും ശാലിനിയുടെ മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച നടപടികൾ പൂർത്തിയാക്കി കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൂന്ന് പെൺകുട്ടികളുടെ ദാരുണ മരണത്തിൽ വിറങ്ങലിച്ചിരിക്കയാണ് ഉറുകുന്ന് ഗ്രാമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP