Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും; നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും; നാല് തെക്കൻ ജില്ലകളിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീലങ്കൻ തീരം തൊട്ട ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേക്കു നീങ്ങും. തെക്കൻ കേരളത്തിലെ നാലു ജില്ലകളെ കാറ്റ് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. കാറ്റ് കന്യാകുമാരിയിൽ നിന്നു തിരുവനന്തപുരത്തിന്റെ തീരപ്രദേശം വഴി അറബിക്കടലിലേക്കു കടക്കുമെന്നായിരുന്നു നേരത്തേ വിലയിരുത്തൽ.

എന്നാൽ ഗതി കൂടുതൽ വടക്കോട്ടു മാറി തെക്കൻ കേരളം മുഴുവൻ കാറ്റിന്റെ പരിധിയിൽ വരുമെന്ന് ഇന്നലെ വൈകിട്ടോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നാല് തെക്കൻ ജില്ലകളിൽ നാളെ 70 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ചുഴലിക്കാറ്റിന്റെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഇന്ന് അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്.

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ); തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യെലോ അലർട്ട്. കേരളതീരത്ത് കടൽ പ്രക്ഷുബ്ധമാകും. ഉയർന്ന തിരമാലകൾക്കും താഴ്ന്നയിടങ്ങളിൽ കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനം പൂർണമായി നിരോധിച്ചു.

അതേസമയം, ബുറേവിയുടെ കേരളത്തിലെ സഞ്ചാര പാതയെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. തൂത്തുക്കുടി തീരത്ത് എത്തുന്ന ചുഴലി, രണ്ടുവഴിക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. തെക്കോട്ട് വഴിമാറി നാഗർകോവിൽ, കന്യാകുമാരി വഴിയാണ് ഇതിലൊന്ന്. ഇത് മുൻപ് ഓഖി കൊടുങ്കാറ്റ് വന്ന വഴിയാണ്. എന്നാൽ തൂത്തുക്കുടിയിൽ കരകയറുന്നതിനിടെ കടലിൽ നിന്ന് കൂടുതൽ ജലം സംഭരിച്ച് കരുത്താർജിച്ചാൽ തെങ്കാശി, കൊല്ലം ജില്ലകളുടെ മുകളിലൂടെ സഞ്ചരിക്കുമെന്നും വിലയിരുത്തലുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 43 വില്ലേജുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി കാര്യങ്ങൾ വിലയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഞ്ചാം തീയതി വരെ മഴയും കാറ്റുമുണ്ടാകും. വെള്ളിയാഴ്ചയോടെ കാറ്റ് തിരുവനന്തപുരത്തെത്തും. കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. രണ്ടര മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടാവാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തും ജില്ലകളിൽ ദുരന്തനിവാരണ അഥോറിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. നിലവിൽ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 140 കി.മീ ദൂരത്തിലും പാമ്പൻ തീരത്ത് നിന്ന് 370 കി.മീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 550 കിമീ ദൂരത്തിലുമാണ് കാറ്റിന്റെ സ്ഥാനം.

കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം 'ബുറേവി' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ 4 ന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.

ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്

ബുറെവി ചുഴലിക്കാറ്റ് : അടുത്ത 48 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ല കലക്ടർ അറിയിച്ചു.

ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി, നമ്പർ 1077.

നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ മഴയും കാറ്റും മുന്നിൽകണ്ട് മുൻകരുതൽ നടപടിയെടുക്കാൻ വിവിധ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP