Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആര്യാടൻ റീലോഡഡ്! എട്ടുമാസത്തെ ഇടവേളക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് പൊതുവേദിയിൽ; മരിച്ചാലും വേണ്ടില്ലെന്ന മാസ് ഡയലോഗുമായി തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശം; പൊതുപരിപാടികൾ ഉപേക്ഷിച്ച വീട്ടിലിരുന്നത് കോവിഡ് ഭീതി കാരണമെന്നും നേതാവ്

ആര്യാടൻ റീലോഡഡ്! എട്ടുമാസത്തെ ഇടവേളക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് പൊതുവേദിയിൽ; മരിച്ചാലും വേണ്ടില്ലെന്ന മാസ് ഡയലോഗുമായി തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശം; പൊതുപരിപാടികൾ ഉപേക്ഷിച്ച വീട്ടിലിരുന്നത് കോവിഡ് ഭീതി കാരണമെന്നും നേതാവ്

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ഭീതിക്കിടയിൽ പൊതുപരിപാടികൾ ഉപേക്ഷിച്ച് എട്ടുമാസം വീട്ടിൽകഴിഞ്ഞ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് തെരഞ്ഞൈടുപ്പ് പ്രചരണത്തിൽ സജീവമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പര്യടനത്തിലാണ് കോവിഡ് ഭീതിപോലും അവഗണിച്ച് ആര്യാടനെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്നും മരിച്ചാലും പ്രശ്‌നമില്ലെന്ന് മാസ് ഡയലോഗോടെയായിരുന്നു ആര്യാടന്റെ രംഗപ്രവേശം.

എടക്കരയിലെ യോഗത്തിൽ കരിമ്പുഴ വന്യജീവി സങ്കേതമാക്കിയതിനെതിരെ ആഞ്ഞടിച്ചായിരുന്നു തുടക്കം. ഷർട്ടിന്റെ കോളർ പിന്നിലേക്കു വലിച്ച് വേദിയിലും സദസിലും ആവേശം വിതറി തനത് ശൈലിയിലായിരുന്നു പ്രസംഗം. ഇപ്പോ കാറ്റാടി പാലത്തിന്റെ അടുത്തുവരെ കാട്ടാന എത്തിയില്ലേ എന്ന് ചോദ്യമെറിഞ്ഞു. അതേയെന്ന് നാട്ടുകാർ തലയാട്ടി. അങ്ങാടിയിൽ വരെ കാട്ടുപന്നികളെത്തുന്നു. മലയോരത്ത് കൃഷി ചെയ്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയായില്ലേ എന്ന രണ്ടാമത്തെ ചോദ്യത്തിനും ശരിവെച്ചുള്ള തലയാട്ടലായിരുന്നു മറുപടി.

നാലര വർഷത്തെ ഭരണം കൊണ്ട് പി.വി അൻവർ എംഎ‍ൽഎയും സർക്കാരും കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപിച്ചതാണ് വലിയ നേട്ടമായി ചിത്രീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തൽ. താൻ എംഎ‍ൽഎയായിരിക്കെ കർഷരെ ജീവിക്കാൻ കഴിയാത്തവിധം ദുരിതത്തിലാക്കുന്ന കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചത്.

വി എസ് സർക്കാരിന്റെ കാലത്ത് നിലമ്പൂരിൽ അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം വളിച്ചുചേർത്ത കർഷകരുടെ യോഗത്തിന്റെ എന്റെ ശവത്തിൽ ചവിട്ടിയല്ലാതെ കരിമ്പുഴ വന്യജീവി സങ്കേതമാക്കാൻ അനുവദിക്കില്ലെന്നാണ് പ്രഖ്യാപിച്ചത്. യോഗത്തിലെ കർഷകരും നിലമ്പൂരിലെ ജനങ്ങളും ആ നിലപാടിനൊപ്പം നിന്നും. നിയമസഭയിലും ഇക്കാര്യം ഞാൻ ഉന്നയിച്ചു. ഇതോടെ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. കർഷകരെയോ ജനങ്ങളെയോ അറിയിക്കാതെയാണിപ്പോൾ കരിമ്പുഴ വന്യജീവി സങ്കേതമാക്കിയിരിക്കുന്നത്.

വന്യമൃഗങ്ങളെ സംരക്ഷിക്കുമ്പോൾ കർഷകരുടെ ജീവനും വിളകൾക്കും വിലയില്ലാത്ത അവസ്ഥയാണ്. വന്യജീവി സങ്കേതത്തിന്റെ 10 കിലോ മീറ്റർ ബഫർ സോണാക്കുന്നതോടെ കർഷകരും ജനങ്ങളും കുടിയൊഴിയേണ്ട ദുരിതമാണെന്നും ആര്യാടൻ പറഞ്ഞു. വാട്‌സാപ്പിൽ പലരും പലതും പറയും അതൊന്നും കാര്യമാക്കേണ്ട. അവരോട് ഒന്നേ പറയാനുള്ളൂ നമുക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കാണാം. ആര്യാടൻ പറഞ്ഞു നിർത്തിയതോടെ കരഘോഷമായി.

ആര്യാടൻ ഉയർത്തിയ കർഷകരുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെയും പ്രസംഗം. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് മാന്യമായ നഷ്ടപരിഹാരംപോലും നൽകാതെ സർക്കാർ കർഷരെ വഞ്ചിക്കുകയാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കുമ്പോൾ കർഷകരുടെ ജീവന് വിലയില്ലാത്ത അവസ്ഥയാണെന്നും കുറ്റപ്പെടുത്തി. എടക്കരക്ക് പിന്നാലെ നിലമ്പൂർ ചന്തക്കുന്നിലെ യു.ഡി.എഫ് പ്രചരണ യോഗത്തിലും ആര്യാടൻ പങ്കെടുത്തു.

കഴിഞ്ഞ മാർച്ച് 19നാണ് ആര്യാടൻ മുഹമ്മദ് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. 85 വയസ് പിന്നിട്ടെന്നും ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും പ്രമേഹവും രക്തസമ്മർദ്ദമടക്കമുള്ള അസുഖങ്ങളുള്ളതിനാൽ കോവിഡ് കാലത്ത് പുറത്തിറങ്ങരുതെന്ന ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കുകയായിരുന്നു ഇതുവരെ. വീട്ടിലായിരുന്നതുകൊണ്ട് ഷർട്ട്‌പോലും ഇട്ടിരുന്നില്ല. ആര്യാടൻ പുറത്തിറങ്ങിയിരുന്നില്ലെങ്കിലും ചർച്ചയും കൂടിയാലോചനകളുമായി നേതാക്കളും പ്രവർത്തകരും സദാസമയം ആര്യാടൻ ഹൗസിലെത്തിയിരുന്നു. മലപ്പുറം ജില്ലയിൽ കോൺഗ്രസ്- ലീഗ് തർക്കം തീർത്ത് യു.ഡി.എഫായി ഒന്നിച്ച് മത്സരിക്കാനുള്ള കളമൊരുക്കിയതെല്ലാം ആര്യാടൻ ഇടപെട്ട ചർച്ചകളിലൂടെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചതോടെ ഇനി വീട്ടിൽ അടങ്ങിയിരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് നിലമ്പൂർക്കാരുടെ കുഞ്ഞാക്കയായ ആര്യാടൻ മുഹമ്മദ് പ്രചരണത്തിനിറങ്ങിയത്.

35 വർഷം നിലമ്പൂരിൽ നിന്നും എംഎ‍ൽഎയായ ആര്യാടൻ നാലു തവണ മന്ത്രിയുമായിട്ടുണ്ട്. 1952ലെ അസംബ്ലി, പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പതിനേഴാം വയസ് മുതൽ ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ് .പാർലമെന്റ് സ്ഥാനാർത്ഥിയായി ചാത്തുക്കുട്ടി നായരും ദ്വയാംഗമണ്ഡലത്തിലെ അസംബ്ലി സ്ഥാനാർത്ഥികളായി ഇബ്രാഹിം സാഹിബ് ( മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരൻ), കണ്ണൂർ നിവാസിയും പിന്നെ കേരളത്തിലെ മന്ത്രിയും പാർലമെന്റ് അംഗവുമെല്ലാമായ കെ. കുഞ്ഞമ്പുവുമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നത്. ഇവർക്കു വേണ്ടിയാണ് ആദ്യമായി വിദ്യാർത്ഥിയായ ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. പിന്നീട് 1954ലെ മലബാർ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പിൽ വീടുവീടാന്തരമുള്ള പ്രചരണത്തിലും ചെറിയ യോഗങ്ങളിൽ പ്രാസംഗികനായി. തുടർന്ന് കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ആര്യാടൻ നിറസാന്നിധ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP