Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാത്രിയുടെ മറവിൽ മുന്നറിയിപ്പില്ലാതെ ദുരന്തം എത്തിയ അതേ ജലവഴിയിലൂടെ പുതിയ ചുഴലിയും; 56 കൊല്ലം മുമ്പ് രാമേശ്വരത്ത് ട്രെയിൻ കടലിലേക്കു വീണ് ഉണ്ടായത് വൻ ദുരന്തം; കോവിഡാനന്തരം ജീവിതം തിരിച്ചുപിടിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ആശങ്കയായി ബുറെവി; സുനാമിയും ഓഖിയും ഉറക്കം കെടുത്തിയ ഡിസംബർ വീണ്ടും ഭീതിപ്പെടുത്തുമ്പോൾ

രാത്രിയുടെ മറവിൽ മുന്നറിയിപ്പില്ലാതെ ദുരന്തം എത്തിയ അതേ ജലവഴിയിലൂടെ പുതിയ ചുഴലിയും; 56 കൊല്ലം മുമ്പ് രാമേശ്വരത്ത് ട്രെയിൻ കടലിലേക്കു വീണ് ഉണ്ടായത് വൻ ദുരന്തം; കോവിഡാനന്തരം ജീവിതം തിരിച്ചുപിടിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ആശങ്കയായി ബുറെവി; സുനാമിയും ഓഖിയും ഉറക്കം കെടുത്തിയ ഡിസംബർ വീണ്ടും ഭീതിപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ജില്ലക്കാർക്ക് ചുഴലിയും ന്യൂനമർദ്ദവുമൊന്നും പുതിയ അനുഭവമൊന്നുമല്ല, അത്രമേൽ പരീക്ഷിച്ചിട്ടുണ്ട് പ്രകൃതി ഈ ജനതെയെ. എങ്കിലും ഒരോ പ്രകൃതിക്ഷോഭ മുന്നറിയിപ്പും ഈ ജനതയ്ക്കുണ്ടാക്കുന്ന മുന്നറിയിപ്പ് ചെറുതല്ല. തമിഴ്‌നാടിനൊട് ചേർന്ന് കിടക്കുന്നതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു തരത്തിൽ അവിടെയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ കേരളത്തിന്റെ തെക്കൻ ജില്ലകളെയും ബാധിച്ചിരിക്കും. ഓഖിയും സുനിമായും ഉറക്കം കെടുത്തിയ ഡിസംബർ വീണ്ടും ഭീതിപ്പെടുത്തുമ്പോൾ

പ്രത്യേകിച്ചും തലസ്ഥാന നഗരിയെ.ബുറെവി തീരം തൊടുമ്പുമ്പോൾ ഓഖിയും തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്ത് 1964 ലെ തുലാമഴക്കാലത്ത് വീശിയടിച്ച തീവ്രചുഴലിയെപ്പറ്റിയുള്ള ഓർമകളുമൊക്കെയാണ് ആർത്തലച്ചെത്തുന്നത്. ശ്രീലങ്കയ്ക്കും തമിഴ്‌നാടിനുമിടയിലുള്ള പാക്ക് കടലിടുക്കിലൂടെ 56 വർഷം മുൻപ് രാത്രിയുടെ മറവിൽ മുന്നറിയിപ്പില്ലാതെയെത്തിയ അതേ ജലവഴിയിലൂടെയാവും പുതിയ ചുഴലിക്കാറ്റിന്റെയും വരവ്.അന്ന് ഡിസംബർ 23നാണ് രാമേശ്വരം പാലത്തിൽ നിന്നു ട്രെയിൻ കടലിലേക്കു വീണ് മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കാണു ജീവഹാനി സംഭവിച്ചത്.

ശ്രീലങ്കയിലേക്കുള്ള പ്രധാന തുറമുഖമായിരുന്ന ധനുഷ്‌കോടി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന യാത്രക്കാരെയും ഉയർന്നുപൊങ്ങിയ കടൽത്തിരകൾ കൊണ്ടുപോയി. പാമ്പൻ ദുരന്തം ചരിത്രത്തിൽ ഇടം പിടിച്ചതിനു പിന്നിലെ പ്രധാന കാരണം കാലാവസ്ഥാ മുന്നറിയിപ്പു നൽകുന്നതിലെ അപര്യാപ്തകളായിരുന്നു . മണിക്കൂറിൽ 220 കിലോമീറ്റർ വേഗം വീശിയ കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ വരവ് അന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല.

പക്ഷെ ഇന്ന് അതല്ല സ്ഥിതി..കഴിഞ്ഞയാഴ്ച ചെന്നൈയിൽ വീശിയ നിവാർ ചുഴലിയുടെ ഗതിയും (ട്രാക്ക്) ശക്തിയും കൃത്യമായി പ്രവചിക്കാൻ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിനു കഴിഞ്ഞുവെന്ന് ഐഎംഡി മേധാവി ഡോ. എം. മഹാപത്ര പറഞ്ഞു. ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപേ അവയുടെ ശക്തിയും ദിശയും ഏകദേശം പ്രവചിക്കാൻ ആവശ്യമായ ഇൻസാറ്റ് ഉപഗ്രഹ സാങ്കേതിക വിദ്യ കഴിഞ്ഞ 2 പതിറ്റാണ്ടായി ഇന്ത്യയ്ക്കുണ്ട്.

ഇത്ര കൃത്യമായി ശാസ്ത്രം മാറുമ്പോൾ പ്രൃകിയും മാറ്റത്തിലാണ്. പതിവു പാതകൾ വിട്ട് പുതുവഴികളിലൂടെയാണ് ചുഴലി തീരത്തേക്കെത്തുന്നത്.ഇതു കാലാവസ്ഥാ മാറ്റത്തിന്റ ഫലമാണെന്നു ഗവേഷകർ പറയുന്നു. കാലാവസ്ഥാ മാറ്റം മൂലം ചുഴലികളുടെ വഴികളെല്ലാം മാറിമറിയുന്നതോടെ ഏതു സ്ഥലത്തും ഏതു സമയത്തും പ്രകൃതിദുരന്തമുണ്ടാകാം എന്നതാണ് സ്ഥിതി.കന്യാകുമാരിയോടു ചേർന്ന കൂടംകുളം ആണവ നിലയവും ഈ ചുഴലിക്കാറ്റിന്റെ ദിശാപരിധിയിൽ വരും. ചുഴലി രൂപപ്പെടാത്ത പ്രദേശമെന്ന നിലയിലാണ് നിലയനിർമ്മിതിക്ക് കൂടംകുളം തിരഞ്ഞെടുത്തത്.

ബുറെവിയെ ഭയന്നേ മതിയാകൂ

ഇപ്പോഴത്തെ ന്യൂനമർദം തെക്കൻ കേരളത്തിൽ കനത്ത മഴ പെയ്യിച്ച് അറബിക്കടലിക്ക് ഇറങ്ങി വീണ്ടും ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. 2017 ലെ ഓഖി കടന്നുവന്നതും ഏകദേശം ഇതേ പാതയിലൂടെയാണ്. 300 കിലോമീറ്റർ വരെ വിസ്തൃതമായ മേഘപടലമാണ് ചുഴലിക്കാറ്റുകൾക്കുള്ളത്.ചുഴലിക്കാറ്റായി രൂപപ്പെട്ട ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വെള്ളിയാഴ്ച കന്യാകുമാരിയിൽ തീരം തൊടും. നിലവിൽ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് 'ബുറെവി' ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇവിടെ നിന്നും സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെ കന്യാകുമാരിയിൽ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തീവ്രന്യൂനമർദം ബുറെവി എന്ന ചുഴലിയായി മാറിയതോടെ തെക്ക് ശ്രീലങ്ക മുതൽ വടക്ക് പുതുച്ചേരി വരെ കിഴക്കൻ തീരം മുൾമുനയിലായി.

മഴയോട് ചേർന്നു നിൽക്കുന്ന ജീവിതമാണ് മലയാളികളുടേത്. കാലവർഷം എന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ, തുലാവർഷമെന്ന വടക്കു കിഴക്കൻ മൺസൂൺ, ഡിസംബറിനെ മൂടാനെത്തുന്ന ശൈത്യമഴ, ചുട്ടുപഴുത്ത് മാർച്ചിലെ വേനൽമഴ, ഇതിലൊന്നും ഇടംപിടിക്കാത്ത ഇടമഴ, തുടങ്ങി ആണ്ടുമുഴുവൻ മഴ കേരളത്തിൽ സാന്നിധ്യമറിയിച്ചു നിൽക്കുന്നു.അത്രമേൽ 'കാറും കോളും' നിറഞ്ഞ കേരളീയജീവിതത്തിനു മേൽ അടുത്ത കാലത്താണ് ഓഖി പോലെയുള്ള ചുഴലിക്കാറ്റ് സാന്നിധ്യമറിയിച്ച് അടിച്ചു കയറിയത്. കേരളത്തെ തോൽപ്പിക്കാനായി അവതരിച്ച പ്രളയത്തിനു മുന്നോടിയായിരുന്നു അത്.കാലാവസ്ഥ വ്യതിയാനത്തിന്റെഉത്തമ ഉദാഹരണമായാണ് ഓഖിയെ അടയാളപ്പെടുത്തുന്നത്.

2018 ഓഗസ്റ്റിനു ശേഷം മഴ കിട്ടാത്ത ഒരു മാസംപോലുമില്ല സംസ്ഥാനത്ത്് എന്നാണ് റിപ്പോർട്ടുകൾ. 2018, 19, 20 വർഷങ്ങളിൽ പതിവിലും അധികമായി ലഭിച്ച മഴയുടെ അളവ് തന്നെ ഇതിന്റെ തെളിവ്. പ്രകൃതിയടെ ഈ മാറ്റം നൽകുന്നത് അത്ര ശുഭ സൂചനകൾ അല്ലാത്തതുകൊണ്ടുതന്നെ കൃത്യമായ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൃത്യമായ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്.

മത്സ്യത്തൊഴിലാളികൾ ഭീതിയിൽ

മത്സ്യത്തൊഴിലാളികൾക്ക് കർശ നിർദ്ദേശം ഇത് സംബന്ധിച്ച് നൽകിക്കഴിഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതു പൂർണമായും നിരോധിച്ചു. എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും വിലക്ക് ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണമെന്നും നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകാൻ അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കി.കോവിഡ് ലോക്ഡൗണിന് ശേഷം ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഈ ജനതയ്ക്ക് കൂടുതൽ പ്രഹരമാവുകയാണ് ബുറെവി നിയന്ത്രണങ്ങൾ.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി. മലയോര മേഖലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാനും സാധ്യതയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ അറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് കര തൊടില്ല. എന്നാൽ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പുറത്തു വിട്ട പുതിയ വിവരങ്ങൾ പ്രകാരം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവിൽ പുറത്തു വിട്ട വിവരം.

തിരുവനന്തപുരത്ത് ആശങ്ക ശക്തം

ഇതോടെ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർക്കു നിർദ്ദേശം നൽകി.കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.ഇവിടങ്ങളിൽ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നത് ആ്ശ്വാസത്തിന് വക നൽകുന്നുണ്ട്. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത് ഒരു തരത്തിൽ ഗുണകരമാണെന്നും കരയിലൂടെ കൂടുതൽ നീങ്ങും തോറും കാറ്റിന്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.എന്നാൽ ഓഖി ചുഴലിക്കാറ്റിൽ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങൾ ബുറെവിയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നും നാളെ രാവിലെ മുതൽ മറ്റന്നാൾ വൈകിട്ട് കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും നിരീക്ഷകർ പറയുന്നു.ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ ഇനിയും മാറ്റം വരാം.

കേരളത്തിന് പുറത്തേക്കോ ചിലപ്പോൾ കൂടുതൽ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കൂവെന്നും നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP