Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരസ്യ പ്രതികരണത്തിലെ അച്ചടക്ക ലംഘനം പിണറായി ആയുധമാക്കിയപ്പോൾ ബേബിയും എസ് ആർ പിയും നിശബ്ദരായി; പരിശോധനയേക്കാൾ ഗൗരവം 'വട്ട്' പ്രയോഗമെന്ന വാദം കോടിയേരിയും അംഗീകരിച്ചത് കണ്ണൂർ ലോബിയുടെ നേട്ടമായി; ആനത്തലവട്ടത്തിന്റേത് സമാനതകളില്ലാത്തത് എന്നും വിലയിരുത്തൽ; നടപടി ഒഴിവാക്കിയത് വിവാദങ്ങൾ അവസാനിപ്പിക്കാൻ; സിപിഎമ്മിൽ ഐസക് ഒറ്റപ്പെട്ടുമ്പോൾ

പരസ്യ പ്രതികരണത്തിലെ അച്ചടക്ക ലംഘനം പിണറായി ആയുധമാക്കിയപ്പോൾ ബേബിയും എസ് ആർ പിയും നിശബ്ദരായി; പരിശോധനയേക്കാൾ ഗൗരവം 'വട്ട്' പ്രയോഗമെന്ന വാദം കോടിയേരിയും അംഗീകരിച്ചത് കണ്ണൂർ ലോബിയുടെ നേട്ടമായി; ആനത്തലവട്ടത്തിന്റേത് സമാനതകളില്ലാത്തത് എന്നും വിലയിരുത്തൽ; നടപടി ഒഴിവാക്കിയത് വിവാദങ്ങൾ അവസാനിപ്പിക്കാൻ; സിപിഎമ്മിൽ ഐസക് ഒറ്റപ്പെട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയുടെ പേരിൽ പരസ്യവിമർശനം നടത്തിയ മന്ത്രി തോമസ് ഐസക്കിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും എതിരെ അച്ചടക്ക നടപടി എടുക്കാത്തതിന് കാരണം പാർട്ടിയിലെ രണ്ടാം ചേരിയെ ശക്തമാക്കാതിരിക്കാൻ. കേന്ദ്ര നേതൃത്വത്തിൽ പലരും സംസ്ഥാന സർക്കാരിന്റെ നടപടികളിൽ അതൃപ്തരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ ഏതു വഴിക്ക് നീങ്ങുമെന്ന ആശങ്ക മുഖ്യമന്ത്രിക്ക് ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിൽ ഉൾപാർട്ടി ശത്രുക്കളെ കൂടുതൽ പ്രകോപിപ്പിക്കാൻ മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് ഔദ്യോഗിക അച്ചടക്ക നടപടികൾ ഒന്നും എടുക്കാത്തത്.

മുഖ്യമന്ത്രിയാണു ശരിയെന്നും പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ഐസക്കും ആനത്തലവട്ടവും സ്വീകരിച്ചതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചാണെന്ന് സിപിഎമ്മിലെ ഒരു സെക്രട്ടറിയേറ്റ് അംഗം മറുനാടനോട് പറഞ്ഞു. പരസ്യ പ്രതികരണം അതിരുവിട്ടു പോയി. മുഖ്യമന്ത്രിക്ക് വട്ടെന്ന തരത്തിൽ ചർച്ച സജീവമാക്കുന്ന സ്ഥിതി പോലും തോമസ് ഐസക്കിന്റെ പരസ്യ വിശദീകരണം ഉണ്ടായി. ഇതൊരു സഖാവിനും യോജിച്ചതല്ല. അതുകൊണ്ടാണ് അടിയന്തരമായി പാർട്ടി ഇക്കാര്യം പരിശോധിച്ചതെന്നും സിപിഎം വിശദീകരിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം വിളിച്ചതും ഇതിന്റെ ഭാഗമാണ്.

വിജിലൻസിന്റെ 'വീഴ്ച' സെക്രട്ടേറിയറ്റ് യോഗത്തിലും ഐസക് വിശദീകരിച്ചെങ്കിലും പരസ്യ പ്രസ്താവനയെ ആരും അംഗീകരിച്ചില്ല. അനാവശ്യ സമയത്ത് ആനത്തലവട്ടം എന്തിനാണ് പ്രതികരിച്ചതെന്ന് ആർക്കും മനസ്സിലായില്ല. തോമസ് ഐസക്കിന്റെ വിമർശനം പിന്നേയും മനസ്സിലാക്കാം. എന്തിനായിരുന്നു ആനത്തലവട്ടം സർക്കാരിനെ പ്രതിരോധത്തിലാക്കാൻ എത്തിയതെന്നതിൽ സിപിഎം നേതാക്കൾ പോലും അത്ഭുതം പ്രകടിപ്പിക്കുകയാണ്. സർക്കാരിനെ ടെലിവിഷൻ ചർച്ചകളിൽ എന്നും ന്യായീകരിച്ച ആനത്തലവട്ടത്തിന്റെ മാറ്റം സിപിഎമ്മിന് പോലും ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്. ഈ സാഹചര്യത്തെ വഷളാക്കാതിരിക്കാനാണ് പാർട്ടി അടിയന്തര ഇടപെടൽ നടത്തിയത്., എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് സിപിഎം. പ്രസ്താവനയിറക്കി.

പാർട്ടി നടപടി ധ്വനിപ്പിക്കുന്നനിലയിലാണ് ഐസക്കിനെയും ആനത്തലവട്ടത്തെയും തള്ളിയുള്ള സിപിഎം. സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. പാർട്ടി അംഗങ്ങൾക്കു യോജിക്കാത്തവിധം പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കാമെന്നാണ് സിപിഎം. ഭരണഘടന പറയുന്നത്. ഇത്തരത്തിലൊരു നടപടി ഇരുവർക്കും എതിരെ എടുത്തിട്ടില്ല. എന്നാൽ താക്കീത് എന്ന് വിലയിരുത്താവുന്ന ഒറ്റപ്പെടൽ സെക്രട്ടറിയേറ്റിൽ ഇവർക്ക് നേരിടേണ്ടി വന്നു. ഇനി പരസ്യ പ്രസ്താവന നടത്തരുതെന്ന നിർദ്ദേശവും പാർട്ടി ഈ നേതാക്കൾക്ക് നൽകുന്നുണ്ട്. കെ എസ് എഫ് ഇയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ആരും ഇനി രംഗത്തു വരില്ലെന്നാണ് സൂചന.

താക്കീത്, ശാസന, പരസ്യശാസന എന്നിവയാണ് നടപടിയിലെ ആദ്യ മൂന്നുഘട്ടം. പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് സിപിഎം. കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചൊവ്വാഴ്ച അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗം. അവധിയിലായിരുന്ന കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും യോഗത്തിനെത്തി. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ അടക്കം സെക്രട്ടേറിയറ്റ് അംഗങ്ങളായ മറ്റ് ആറുപേരും യോഗത്തിനുണ്ടായിരുന്നു. ബേബിയും എസ് ആർ പിയും തീരുമാനങ്ങളെ അനുകൂലിച്ചുവെന്നതാണ് പിണറായി പക്ഷത്തിന് കരുത്ത് നൽകുന്നത്.ഇവർ പോലും തന്നെ പിന്തുണയ്ക്കാത്തതാണ് ഐസക്കിന് കൂടുതൽ തിരിച്ചടിയാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തനിക്കൊപ്പമാണെന്ന ധാരണ പരത്തുന്ന തരത്തിലായിരുന്നു ഐസകിന്റെ ഇടപെടൽ.

ഇതാണ് ബേബിയുടേയും എസ് ആർ പിയുടേയും മൗനത്തോടെ പൊളിഞ്ഞത്. വിജിലൻസിനെ തള്ളിപ്പറഞ്ഞ് ധനമന്ത്രി പരസ്യമായി രംഗത്തുവന്നത് രാഷ്ട്രീയ തിരിച്ചടിക്കു വഴിയൊരുക്കിയെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരസ്യപ്രസ്താവനയാണ് വിവാദത്തിനു വഴിതുറന്നത്. അത് അനുചിതവും അപക്വവുമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. വിജിലൻസ് പരിശോധനയുടെ പിന്നണിവിവരങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. ഒരു ധനകാര്യസ്ഥാപനത്തിലെ പരിശോധനയ്ക്കു പാലിക്കേണ്ട ജാഗ്രത വിജിലൻസിനുണ്ടായിരുന്നില്ലെന്ന നിലപാട് ഐസക് ആവർത്തിച്ചു. വിജിലൻസിന്റേതായി പുറത്തുവന്ന വാർത്തയുടെ അപകടമാണ് ചൂണ്ടിക്കാട്ടിയതെന്ന് ആനത്തലവട്ടവും വിശദീകരിച്ചു. പരിശോധനയെക്കാൾ പ്രസ്താവനകളാണ് പാർട്ടി ഗൗരവത്തിലെടുത്തത്.

യോഗത്തിന് മുമ്പ് തന്നെ വിഷയത്തിൽ മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന പ്രസ്താവന ഉണ്ടാകണമെന്ന ധാരണ നേതാക്കൾ എടുത്തിരുന്നു. ഇതിന് അനുസരിച്ചാണ് കാര്യങ്ങൾ യോഗത്തിൽ നീങ്ങിയത്. ലഹരി മരുന്ന് കേസിൽ മകൻ ബിനീഷ് പിട്ടതോടെയാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അവധിയെടുത്തത്. ഇതിന് കാരണം പിണറായിയോടുള്ള ഭിന്നതയാണെന്ന വാദം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഐസക്കിനെ കോടിയേരി പിന്തുണയ്ക്കുമോ എന്ന ചർച്ച സജീവമായിരുന്നു. എന്നാൽ കണ്ണൂർ ലോബി ഒരുമിക്കണമെന്ന പൊതുവികാരം കോടിയേരിയും ഉൾക്കൊണ്ടു. അതുകൊണ്ട് തന്നെ ഈ വിവാദത്തിൽ പിണറായിയെ പിന്തുണയ്ക്കുകയായിരുന്നു കോടിയേരിയും.

എന്നാൽ ഐസക്കിനേയും ആനത്തലവട്ടത്തേയും ഈ ഘട്ടത്തിൽ ശാസിക്കുകയോ മറ്റ് നടപടികൾക്ക വിധേയമാക്കുകയോ ചെയ്താൽ അത് വിവാദം ആളിക്കത്തിക്കാൻ കാരണമാകും. അതുകൊണ്ട് മാത്രമാണ് അച്ചടക്ക നടപടികൾ ഇരുവർക്കുമെതിരെ സ്വീകരിക്കാത്തതെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP