Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക; നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്; ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി; കർഷകരുടെ പ്രതിഷേധത്തിനോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യൻ ഭരണാധികാരികളെ അറിയിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ; ഇന്ത്യയിലെ കർഷകർ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നത് ഇങ്ങനെ

അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക; നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്; ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി; കർഷകരുടെ പ്രതിഷേധത്തിനോട് ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യൻ ഭരണാധികാരികളെ അറിയിക്കുമെന്നും ജസ്റ്റിൻ ട്രൂഡോ; ഇന്ത്യയിലെ കർഷകർ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഒട്ടാവ: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക നിയമത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കർഷകരെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ. കർഷക പ്രതിഷേധത്തിനോട് ഇന്ത്യൻ ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യൻ ഭരണാധികാരികളെ അറിയിക്കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസം​ഗത്തിനിടെ ആയിരുന്നു ട്രൂഡോ ഇന്ത്യയിലെ പോരാടുന്ന കർഷകർക്കൊപ്പമാണ് കാനയ നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കിയത്.

"കൃഷിക്കാരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചർച്ചകളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിത്", ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രൂഡോ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

സംഭാഷണത്തിലും-ചർച്ചയിലും കാനഡ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതിയിൽ തങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിന് ഒന്നിലധികം മാർഗങ്ങളിലൂടെ ഇന്ത്യൻ അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞു. നമ്മളെല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ‘ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ”നാമെല്ലാവരും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. നിങ്ങളിൽ പലർക്കും ഇന്ന് ഇതേ ആശങ്കയുണ്ടെന്ന് ഞങ്ങൾക്കറിയാം.,” പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ നേരത്തെ രംഗത്തെത്തി. ഇന്ത്യൻ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസർക്കാരിന്റെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയിരുന്നത്.
പൊലീസ് പ്രതിഷേധക്കാർക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചിരുന്നു.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഭരണഘടന നൽകിയിരിക്കുന്ന അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടൺ വെസ്റ്റ് എംപി കമാൽ ഖേര പ്രതികരിച്ചിരുന്നു. നിരായുധരായ കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഇന്ത്യൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതൻ സിങ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കർഷകർക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ”സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങൾക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കർഷകർക്ക് നേരെ സർക്കാർ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാൻ കഴിയാത്തതാണ്”, എന്നാണ് സർറെ ന്യൂട്ടൻ എംപി സുഖ് ധാലിവാൾ പ്രതികരിച്ചത്.

ആറാം ദിവസവും കർഷക സമരം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ചർച്ച നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. എന്നാൽ ഉപാധികളോടെയുള്ള ചർച്ചകൾക്ക് തങ്ങൾ തയ്യാറില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് കർഷകർ. കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ഏകോപന സമിതിയിലെ അം​ഗങ്ങളെ പങ്കെടുപ്പിച്ചാൽ ചർച്ചയാകാം എന്നാണ് സംയുക്ത സമരസമിതിയുടെ നിലപാട്. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ചർച്ച ബഹിഷ്ക്കരിക്കുമെന്ന് പഞ്ചാബ് കിസാൻ സമിതി അറിയിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്.

അഞ്ഞൂറിൽ അധികം സംഘടനകളെ പ്രതിനിധീകരിക്കുന്നതാണ് ഏകോപന സമിതി. അതേസമയം, ഒരുവിഭാഗം കർഷകർ ചർച്ചയ്ക്ക് പോകാൻ തയ്യാറാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് പഞ്ചാബ് കിസാൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞതായാണ് റിപ്പോർട്ട്. 500 കർഷക സംഘടകനകളെയും ചർച്ചക്ക് വിളിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. എന്നാൽ ഇത് അപ്രായോ​ഗികമാണെന്ന തിരിച്ചറിവാണ് കർഷക സമരസമിതിയുടെ നിലപാട് മാറ്റത്തിന് പിന്നിൽ.

അതിശൈത്യവും കോവിഡും പടരുന്ന സാഹചര്യത്തിൽ ഡിസംബർ മൂന്നിന് നടത്താനിരുന്ന ചർച്ച ചൊവ്വാഴ്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എല്ലാ സംഘടനകളെയും ചർച്ചക്ക് ക്ഷണിക്കാതെ കേന്ദ്രസർക്കാറുമായി സംസാരിക്കാനില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് കമ്മിറ്റി നേതാവ് സുഖ്‌വീന്ദർ എസ്. സബാരൻ പറഞ്ഞു.

ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്രസർക്കാറിന്റെ അടിച്ചമർത്തലിന് വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കർഷകർ.

കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് പതിനായിരക്കണക്കിന് പേർ ഒത്തുകൂടിയുള്ള സമരം കോവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കോവിഡിനെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും കോവിഡിനേക്കാൾ വലിയ ഭീഷണിയാണ് മൂന്ന് കാർഷിക നിയമങ്ങൾ ഉയർത്തുന്നതെന്ന് കർഷകർ പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷകരും സുരക്ഷ സേനയും ഏറ്റുമുട്ടിയതിൽ കണ്ടാലറിയാവുന്ന കർഷകർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അലിപുർ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നാലു പൊലീസുകാർക്ക് പരിക്കേറ്റതായും സർക്കാർ വാഹനങ്ങൾ തകർത്തതായും എഫ്.ഐ.ആറിൽ പറയുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കർഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കർഷകർ എത്തിക്കൊണ്ടിരിക്കുന്നത്. ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചിരുന്നു. ഡൽഹിയിലേക്ക് ജയ്പൂർ, റോത്തക്ക്, സോനിപത്, ഗസ്സിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പാതകൾ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കർഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈയൊരു അവസ്ഥയിലാണ് എത്രയും പെട്ടെന്ന് തന്നെ കർഷകരുമായി അനുനയ ചർച്ച നടത്താൻ കേന്ദ്രസർക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമറും 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പെട്ടെന്ന് തന്നെ ചർച്ച നടത്താൻ തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രിയോടെയാണ് തീരുമാനമായത്.

ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്ന് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉപാധിവെച്ചുള്ള ചർച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്ന് കർഷകർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം നിർത്തിവെക്കാൻ പലശ്രമങ്ങൾ നടത്തിയെങ്കിലും കാർഷിക നിയമം പിൻവലിക്കണമെന്ന തീരുമാനത്തിൽ കർഷകർ ഉറച്ചു നിൽക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീർ വാതക പ്രയോഗത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റിരുന്നു.

കർഷക സമരത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. വിവിധ കോളജുകളിൽനിന്നും സർവകലാശാലയിൽനിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. ദലിത് നേതാവും ഭീം ആർമി നേതാവുമായ ചന്ദ്രശേഖർ ആസാദ് ഗസ്സിപൂർ അതിർത്തിയിൽ കർഷകർക്ക് ചൊവ്വാഴ്ച പിന്തുണയുമായെത്തും.

കർഷകരുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിമാർ ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയുടെ വസതിയിൽ യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃിഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് യോഗം ചേർന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് കേന്ദ്രമന്ത്രിമാർ യോഗം ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP