Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു സഹോദരി; ആരോപണം നീളുന്നത് സുമിയുടെ ഭർത്താവിനെതിരെ; 'നിന്റെ ചേച്ചിയെ കൊന്നപോലെ നിന്നെയും കൊല്ലും' എന്ന് തന്റെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് സീമ പണിക്കർ; ശരീരത്തിൽ 29 ഭാഗങ്ങളിൽ രക്തം പൊടിഞ്ഞിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

സുമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു സഹോദരി; ആരോപണം നീളുന്നത് സുമിയുടെ ഭർത്താവിനെതിരെ; 'നിന്റെ ചേച്ചിയെ കൊന്നപോലെ നിന്നെയും കൊല്ലും' എന്ന് തന്റെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് സീമ പണിക്കർ; ശരീരത്തിൽ 29 ഭാഗങ്ങളിൽ രക്തം പൊടിഞ്ഞിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മടവൂർ കൊച്ചാലുംമൂട് ആനന്ദഭവനത്തിൽ എസ്‌പി അരവിന്ദന്റെ ഭാര്യ 38 വയസ്സുള്ള സുമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. മടവൂർ സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരിയായ സുമി മരിച്ചത് ജൂലൈ - 16 നായിരുന്നു. കുടുംബസ്വത്തിനെ ചൊല്ലി ഭർത്താവും സുമിയും തമ്മൽ വഴക്കു നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസ്വഭാവികമായി സുമി മരണപ്പെടുന്നത്. ശ്വാസം മുട്ടൽ ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എന്നതാണ് മരിച്ച സുമിയുടെ ഭർത്താവ് അരവിന്ദൻ ബന്ധുക്കളോട് ആദ്യം പറഞ്ഞത് എന്നാണ് മരിച്ച സുമിയുടെ സഹോദരി സീമ പറയുന്നത്. വീട്ടിൽ എപ്പോഴും വഴക്കാണെന്നും ഞങ്ങളെ അയൽപക്കത്തെ ബന്ധു വീട്ടിലാണ് കിടത്തി ഉറക്കാറുള്ളത് എന്നും സുമിയുടെ മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും പറയുന്നതെന്നാണ് സഹോദരി സീമ പറയുന്നത്.

സുമിയുടെ ഭർത്താവ് അരവിന്ദനും സഹോദരി സീമയുടെ ഭർത്താവും നല്ലസൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും പാർട്ടി സജീവപ്രവർത്തകരുമാണെന്നും അതുകൊണ്ടുതന്നെ നല്ല സ്വാധീനമുള്ളവരാണെന്നും പറയുന്നു. സുമിക്കും സീമയ്ക്കും സുമിത് എന്ന സഹോദരൻകൂടിയുണ്ട്. സഹോദരിമാർ സഹോദരനോട് ഫോണിലൂടെ സംസാരിക്കുന്നത് പോലും ഭർത്താക്കന്മാർക്ക് ഇഷ്ടമല്ലത്രെ. ഇതിനു കാരണമായി പറയുന്നത് സ്വത്തുസംബന്ധമായ തർക്കമാണ്. സുമിയുടെ സഹോദരി സീമ , ഈയിടെ സഹോദരൻ സുമിതിന് ഫോൺ ചെയ്യുന്നത് ഭർത്താവ് ശ്രീശങ്കർ കാണുകയും സീമയെ മർദ്ദിക്കുകയും 'നിന്റെ ചേച്ചിയെ കൊന്നപോലെ നിന്നെയും കൊല്ലു'മെന്ന് പറയുകയും ചെയ്തുവെന്നുമാണ് ആരോപണം.

ഭർത്താവിന്റെ ഈ സംസാരമാണ് ചേച്ചിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയാൻ ഒരു കാരണമായി സീമ പറയുന്നത്. സുമിയുടെ പോസ്റ്റ്മോർടം റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാനായി സീമ സുമിയുടെ ഭർത്താവ് അരവിന്ദനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്ന് സീമ പൊലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചു. ഈ മെയിലിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് ഫോൺവിളിച്ചു. മെയിൽ അയച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഫോൺവിളിച്ചത്. അപ്പോൾ നോക്കട്ടെ എന്നായിരുന്നു ലഭിച്ച മറുപടി. അതിനു ശേഷം വീണ്ടും ഫോണിൽ വിളിച്ചപ്പോൾ സിഐയുമായി ബന്ധപ്പെടാനാണ് നിർദ്ദേശം ലഭിച്ചത്.

സിഐയെ വിളിച്ചപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് തരാൻ ആദ്യം വലിയ താൽപ്പര്യം കാണിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. മരിച്ച സുമിയുടെ ഭർത്താവ് അരവിന്ദന്റെ സഹോദരന്റെ ഭാര്യ ഇവിടെ പൊലീസ് കോൺസ്റ്റബിളാണ്. അവരോട് ചോദിച്ച് സംശയം മാറ്റാനാണ് സിഐ ആദ്യം പറഞ്ഞത്. പിന്നീട് നിരന്തരം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചേ തീരൂ എന്നു പറഞ്ഞപ്പോഴാണ് റിപ്പോർട്ട് ലഭിച്ചത്. 

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ

മരിച്ച സുമിയുടെ തലയുടെ വലതുഭാഗം , ചെവിക്കുമുകളിലായി ചതഞ്ഞിട്ടുണ്ടായിരുന്നുവെന്നും ആ ഭാഗം ബ്രൗൺ നിറത്തിൽ കാണപ്പെട്ടുവെന്നും ആന്തരീകരക്തസ്രാവമുണ്ടായി തലച്ചോറിനും തലയോട്ടിക്കും ഇടയിലായി ഉച്ചിയുടെ ഭാഗത്തും ചെവിയുടെ ഭാഗത്തും തലയുടെ പുറകിലും അവിടവിടെ രക്തം ക്ലോട്ട് ചെയ്തിരുന്നുവെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

രണ്ടാഴ്ചയിലേറെ പഴക്കമുള്ള ചതവ് ആയിരുന്നു. 29 ഭാഗങ്ങളിൽ രക്തം പൊടിഞ്ഞിരുന്നതായി കണ്ടു. ചില ഭാഗങ്ങൾ ചുവന്നു കറുത്തതായി കാണപ്പെട്ടു. തലയ്ക്കകത്ത് രക്തസ്രാവമുണ്ടായി രക്തം ക്ലോട്ട് ചെയ്തതാണ് മരണ കാരണമായി പോസ്റ്റ് മോർടം റിപ്പോർടിൽ പറയുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ഒരു പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സഹോദരി സീമ വീണ്ടും ഡിജിപിക്കും കമ്മീഷണർക്കും റൂറൽ എസ് പിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പരാതികൊടുത്തിട്ടുണ്ട് (എഫ് ഐ ആർ നമ്പർ -950/2020).

സുമിയുടെ മരണകാരണം ഭർത്താവ് അരവിന്ദൻ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരുന്നതും, സംശയം വർദ്ധിപ്പിച്ചുവെന്ന് സീമ പറയുന്നു.സുമി ധാരാളം കോള കുടിക്കാറുണ്ടത്രെ. അതുകൊണ്ട് ലിവർ സിറോസിസ് ആണ് മരണകാരണമായി അരവിന്ദൻ മറ്റൊരിക്കൽ പറഞ്ഞതത്രെ. നടുവേദനയായിരുന്നുവെന്നും കാൻസർ ഉയിരുന്നുവെന്നും ഹാർട് അറ്റാക്കാണെന്നും ശ്വാസം എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും മരിച്ച സുമിയുടെ ഭർത്താവ് അരവിന്ദൻ മാറ്റിമാറ്റി പറഞ്ഞതും സംശയത്തിനിടയാക്കിയത്രെ. പോസ്റ്റ്മോർടം റിപ്പോർട് ആദ്യമൊന്നും നൽകാത്തതും സംശയത്തിന് ആക്കം കൂട്ടിയെന്നു പറയുന്നു.

കൂടുതൽ സ്വത്ത് കിട്ടാനുള്ള താല്പര്യം മരിച്ച സുമിയുടെ ഭർത്താവ് അരവിന്ദന് ഉണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സുമിത് കൂടുതൽ സ്വത്ത് കൈക്കലാക്കിയെന്നും പറഞ്ഞ് സ്വത്ത് കിട്ടാനായി സഹോദരിമാരായ മരിച്ച സുമിയെയും സീമയെയും കൊണ്ട് വക്കാലത്ത് സഹോദരനെ കൊല്ലിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം ഒപ്പിടീപ്പിച്ച് സിവിൽ കേസു കൊടുത്തിരുന്നു. ഇതിന് സീമയുടെ ഭർത്താവ് ശ്രീശങ്കറും കൂട്ടുനിന്നത്രെ. കുടുംബസ്വത്തുക്കൾ കൂടുതൽ കിട്ടുവാനായി സഹോദരിയെ, ഭർത്താവ് അരവിന്ദൻ നിരന്തരം ഉപദ്രവിക്കുന്നതും പതിവായിരുന്നു എന്ന ആക്ഷേപവും സഹോദരങ്ങൾ ഉന്നയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും റൂറൽ എസ് പി ക്കും വിമൻസ് സെല്ലിലും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി കൊടുത്തിട്ടുണ്ട്.

കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കമെന്ന് പള്ളിക്കൽ പൊലീസ്

അതേസമയം സുമയുടെ മരണത്തില് അസ്വഭാവികത ഇല്ലെന്നാണ് പള്ളിക്കൽ പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണം നടത്തിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കമുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ തമ്മിൽ ഇതു സംബന്ധിച്ച് പ്രശ്നമുണ്ടായിരുന്നുവെന്നുമാണെന്ന് പള്ളിക്കൽ സിഐ അനിൽ വ്യക്തമാക്കി. കേസിൽ അന്വേഷണം നടത്തിവരുന്നതായും സുമിയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു.

വിവിധ ആശുപത്രികളിൽ മരിച്ച സുമി ചികിത്സയിലായിരുന്നുവെന്നും അതിന്റെ രേഖകൾ ഉണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം സഹോദരി സുമിയുടെ മരണം സ്വാഭാവികമരമമല്ല എന്നുതന്നെയാണ് സഹോദരങ്ങളായ സീമയും സുമിതും പറയുന്നത്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ അന്വേഷണം തൃപ്തികരമല്ല എന്നു കാണിച്ചും ബന്ധപ്പെട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയും മരണത്തിന്റെ ദുരൂഹത കാണിച്ചും അധികൃതർക്ക് (ഡിജിപി, റൂറൽ എസ് പി , എസ് പി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ) പുനരന്വേഷണത്തിന് അപേക്ഷ സമർപ്പിച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP