Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി; സൈന്യത്തിന്റെ സഹായവും തേടി; തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചു; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്; ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി; സൈന്യത്തിന്റെ സഹായവും തേടി; തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചു; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്; ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കൻ കേരളത്തിലേക്ക് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ഡിസംബർ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്. കേരളത്തിൽ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സുരക്ഷയെ കരുതി തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് പൂർണ്ണമായി സർക്കാർ നിരോധനം ഏർപ്പെടുത്തി. നിലവിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്കു വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദ്ദേശം നൽകാനുമുള്ള നടപടി സ്വീകരിച്ചു. കരയിൽ ശക്തമായ കാറ്റിനും അതിതീവ്ര മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലർട്ടുമാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 മുതൽ പൊതുവെ കേരളത്തിൽ മഴ ശക്തിപ്പെടുമെന്നും കുറച്ച് ദിവസം തുടരുമെന്നുമാണ് പ്രവചനം. അതിതീവ്ര മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും ഇടയാക്കും.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാംപുകൾ സജ്ജമാക്കി വെക്കുന്നത് ഉൾപ്പെടെയുള്ള തയ്യാറെടുപ്പ് പ്രവർത്തികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുവാൻ നേവിയോടും കോസ്റ്റ്ഗാർഡിനോടും കേരള തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലുകൾ സജ്ജമാക്കി നിർത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിങ് എയർക്രാഫ്റ്റും സജ്ജമാക്കി നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ കേരളത്തിൽ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയിൽ അല്ല. അണക്കെട്ടുകളുടെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്. ശബരിമലയിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP