Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസരം തന്നാൽ കൂടുതൽ വിശദീകരണം നൽകുമെന്നു തോമസ് ഐസക്; സ്പീക്കർ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി; കിഫ്ബിയിലെ സിഎജി വിവരങ്ങൾ സ്പീക്കർക്ക് മുന്നിൽ നേരിട്ടെത്തി വിശദീകരണം നൽകി

അവസരം തന്നാൽ കൂടുതൽ വിശദീകരണം നൽകുമെന്നു തോമസ് ഐസക്; സ്പീക്കർ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി; കിഫ്ബിയിലെ സിഎജി വിവരങ്ങൾ സ്പീക്കർക്ക് മുന്നിൽ നേരിട്ടെത്തി വിശദീകരണം നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടതിൽ ധനമന്ത്രി തോമസ് ഐസക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മുമ്പാകെ വിശദീകരണം നൽകി. അവസരം തന്നാൽ കൂടുതൽ വിശദീകരണം നൽകുമെന്നും സ്പീക്കർ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയുടെ മുമ്പിലാണ് നോട്ടീസ് വിടുന്നതെങ്കിൽ അവിടെ വിശദീകരണം നൽകാനും തയ്യാറാണെന്നും തോമസ് ഐസക് അറിയിച്ചു.

തന്റെ വാദങ്ങളിൽ ധനമന്ത്രി ഉറച്ചുനിൽക്കുകയാണ്. കരട് റിപ്പോർട്ട് ആണെന്നാണ് കരുതിയത്. അന്തിമറിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ തന്നോട് അഭിപ്രായം ചോദിക്കുമെന്നാണ് കരുതിയത്. എന്നാൽ അന്തിമ റിപ്പോർട്ടാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. സ്പീക്കർ നിർദേശിക്കുന്ന ഏത് ശിക്ഷയും നടപടിക്രമവും അംഗീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സി.എ.ജി നടത്തിയത് നിയമസഭ അവകാശ ലംഘനമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഭരണഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ച നിഗമനങ്ങളിലെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട തലത്തിൽ ചർച്ച നടത്തിയിട്ടല്ല സിഎജി റിപ്പോർട്ട് തയ്യാറാക്കിയത്. സിഎജി തന്നെ അംഗീകരിച്ചിട്ടുള്ള മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കിയോ, അന്തർദേശീയ പ്രാക്ടീസുകൾ കണക്കിലെടുത്തോ ആണോ റിപ്പോർട്ട് എന്ന് പരിശോധിക്കട്ടെ. ഇതിൽ സ്പീക്കർ ഉചിതമായ തീരുമാനത്തിലെത്തട്ടെ. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിന്റെ റിപ്പോർട്ട് വരുമ്പോൾ ഉചിതമായ തീരുമാനങ്ങളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകിയത്.മന്ത്രിമാർക്കെതിരായ അവകാശലംഘന നോട്ടീസിൽ അവരോട് വിശദീകരണം ചോദിക്കുകയാണ് സ്വാഭാവികമായ നടപടിക്രമം. അതിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ ധനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ധനമന്ത്രി നേരിട്ടെത്തി സ്പീക്കർക്ക് വിശദീകരണം നൽകിയത്.

മറുപടി ലഭിച്ചതിനാൽ ഇനി തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. അവകാശലംഘനമെന്ന പ്രതിപക്ഷ വാദം സ്പീക്കർ അംഗീകരിച്ചാൽ സർക്കാറിന് തിരിച്ചടിയാകും.എന്നാൽ സി.എ.ജി റിപ്പോർട്ട് വിവാദത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തൽ.

കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) കണ്ടെത്തൽ. സർക്കാരിനു 3100 കോടി രൂപയുടെ ബാധ്യതയാണ് വരുത്തിയത്. മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചത് രാജ്യത്തിന് പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദം ലംഘിച്ചാണെന്നുമായിരുന്നു സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP