Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാദങ്ങളുടെ നടുച്ചുഴിയിൽ നിൽക്കുമ്പോൾ തിരുത്താനൊരുങ്ങി പിണറായി; സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് വിലക്ക്; നടപടി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി; കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ആരോപണം; കൺസൾട്ടൻസി സ്ഥാപനത്തിന് വിലക്ക് രണ്ടു വർഷത്തേക്ക്

വിവാദങ്ങളുടെ നടുച്ചുഴിയിൽ നിൽക്കുമ്പോൾ തിരുത്താനൊരുങ്ങി പിണറായി; സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് വിലക്ക്; നടപടി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി; കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ആരോപണം; കൺസൾട്ടൻസി സ്ഥാപനത്തിന് വിലക്ക് രണ്ടു വർഷത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് വിലക്ക്. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് കൺസൾട്ടൻസി സ്ഥാപനമായ പി.ഡബ്യു.സിയെ ഐ.ടി വകുപ്പ് വിലക്കിയത്. അതേസമയം സർക്കാർ ഉത്തരവിൽ സ്വപ്നയുടെ പേര് പരാമർശിക്കുന്നില്ല. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രണ്ടു വർഷത്തേക്കാണ് വിലക്ക്.

ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു. കെ ഫോണുമായുള്ള കരാർ ഇന്ന് അവസാനിച്ചു. ഇതിന് പിന്നാലെയാണ് ഐ.ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. സ്വ‍ർണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ച‍ർച്ചയായതോടെയാണ് പി.ഡബ്യു.സിയുമായുള്ള സർക്കാർ സഹകരണം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചത്.

സ്വപ്നയെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജറായി നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ പേരുയർന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്‌നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. സ്വപ്നയുടേത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതിന് പിന്നാലെ സ്വപ്നയുടെ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെ.എസ്‌ഐ.ടി.എൽ പി.ഡബ്ല്യൂ.സിക്ക് നോട്ടീസ് അയച്ചിരുന്നു.

വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്‌ഐ.ടി.എല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. നിയമനത്തിൽ എം. ശിവശങ്കർ ഇടപെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. മാസം ഒരുലക്ഷത്തി ഏഴായിരം രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.

കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി

2018 ജനുവരിയിൽ രണ്ടുവർഷത്തേക്ക് സെബി പ്രൈസ് വാട്ടർ ഹൗസിനെ ഓഡിറ്റിങ് കമ്പനികളുടെ പട്ടികയിൽ നിന്ന് രണ്ടുവർഷത്തേക്ക് നീക്കം ചെയ്തിരുന്നു. സത്യം കമ്പ്യൂട്ടർ സർവീസസ് വിവാദം അതിൽ ഒന്നുമാത്രം.

സത്യം കമ്പ്യൂട്ടർ വിവാദം

സത്യം കമ്പ്യൂട്ടർ സർവീസസ് സ്ഥാപകൻ ബി.രാമലിംഗ രാജുവും ഏതാനും കമ്പനി ഉദ്യോഗസ്ഥരും അക്കൗണ്ടിൽ ക്രമക്കേടുകാട്ടിയ 7,136 കോടി രൂപയുടെ തട്ടിപ്പ് വൻ കോർപ്പറേറ്റ് വിവാദമായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരും വിദേശത്ത് ശാഖകളുമുണ്ടായിരുന്ന കമ്പനിയുടെ തട്ടിപ്പ് വിദേശത്തും ചലനങ്ങളുണ്ടാക്കി. ലാഭം പെരുപ്പിച്ച് കാട്ടിയതിനെത്തുടർന്ന് ഓഹരിവിപണിയിൽ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരിവില കുതിച്ചുയർന്നിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ ഓഹരിവില കുത്തനെ ഇടിയുകയും നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഒന്നാംനിര ഐ.ടി. സേവനദാതാക്കളായിരുന്ന സത്യം കമ്പ്യൂട്ടർ സർവീസസിലെ തട്ടിപ്പ് 2009 ജനവരി ഏഴിനാണ് പുറത്തുവന്നത്. സത്യത്തിന്റെ കണക്കുകൾ നോക്കിയിരുന്ന പ്രൈസ് വാട്ടേഴ്‌സിന്റെ ഇന്ത്യൻ യൂണിറ്റിനെ സെബി രണ്ടുവർഷത്തേക്ക് വിലക്കുകയാിരുന്നു.

സർവേഷ് മാഥുർ കേസ്

2008 നും 2011 നും ഇടയിൽ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎഫ്ഒ ആയിരുന്ന സർവേഷ് മാഥുറാണ് തന്റെ മുൻകമ്പനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. വൈറ്റ്‌കോളർ ക്രൈമുകൾ മറച്ചുവയ്ക്കാൻ താൻ വിസമ്മതിച്ചപ്പോൾ കമ്പനി തനിക്കെതിരെ കള്ളക്കഥകൾ ചമച്ചുവെന്നായിരുന്നു മാഥുറിന്റെ ആരോപണം. എന്നാൽ പ്രൈസ് വാട്ടർ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.

ജസ്റ്റിസ് ഷായുടെ കത്ത്

2017 ജൂലൈയിൽ ഡൽഹി ഹൈക്കോടതി മുൻചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ പ്രൈസ് വാട്ടറിന്റെ സത്യസന്ധതയെയും ശേഷിയെയും ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സർക്കാർ അടക്കമുള്ള ക്ലയന്റുകളുടെ ഓഡിറ്റിങ്ങും, കൺസൾട്ടൻസി സേവനവും മറ്റും നടത്തുന്നതിനുള്ള പ്രൈസ് വാട്ടറിന്റെ മികവിലാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. പ്രൈസ് വാട്ടറിന്റെ ഇന്ത്യയിലെ അംഗസ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും, പരിഹാരം കണ്ടില്ലെങ്കിൽ പൊതുതാൽപര്യത്തിനും ദേശീയസുരക്ഷയ്ക്കും ഗുരുതര ഭീഷണിയെന്നും അദ്ദേഹം കത്തിൽ എഴുതി. എന്നാൽ, ആരോപണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമെന്നായിരുന്നു പിഡബ്ല്യുസിയുടെ പ്രതികരണം.

സർക്കാർ രേഖകൾ ചോർത്തി

വിദേശ നിക്ഷേപ നയത്തെ കുറിച്ചുള്ള സർക്കാരിന്റെ രഹസ്യ രേഖകൾ കോർപറേറ്റ് ഗ്രൂപ്പുകൾക്ക് പ്രൈസ് വാട്ടറിന്റെ ഒരു ഉദ്യോഗസ്ഥൻ ചോർത്തിയെന്ന ആരോപണം സിബിഐ അന്വേഷിച്ചിരുന്നു. 2015 ലായിരുന്നു വിവാദം.

പ്രശാന്ത് ഭൂഷന്റെ പരാതി

പ്രൈസ് വാട്ടറിനും അനുബന്ധ കമ്പനികൾക്കും എതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ൽ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എഫ്ഡിഐ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നായിരുന്നു മുഖ്യ ആരോപണം.

നോക്കിയ കേസ്

2013 ൽ ഫിന്നിഷ് ഫോൺ നിർമ്മാതാവായ നോക്കിയയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഉദ്യോഗസ്ഥരെ നികുതി അധികൃതർചോദ്യം ചെയ്തിരുന്നു. നോക്കിയയുടെ ഓഡിറ്റർമാരായിരുന്നു പിഡബ്ല്യുസി. പിന്നീട് 2018 ജനുവരിയിലാണ് പ്രൈസ് വാട്ടറിന്റെ ഇന്ത്യൻ വിഭാഗത്തെ സെബി നിരോധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP