Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ദ്രപ്രസ്ഥം വിറങ്ങലിച്ച കർഷക പ്രക്ഷോഭം; അതിർത്തികളിലെ കൂറ്റൻ പ്രതിരോധങ്ങൾ ഭേദിച്ച് കർഷകർ ജന്തർ മന്തിറിലേക്ക്; ഗ്രനേഡുകളും കണ്ണീർ വാതകങ്ങളും പ്രയോഗിച്ചിട്ടും പൊലീസിനെ അന്നമൂട്ടിച്ച് ഭൂമി മാതാവ് വിജയിക്കട്ടെ എന്ന പുതിയ മുദ്രാവാക്യവുമായി തലപ്പാവണിഞ്ഞ സിഖ് നിര; കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വിറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അന്നം തരുന്ന കർഷകർ തെരുവിലാണ്. ഇന്ദ്രപ്രസ്ഥം വിറങ്ങലിച്ച കർഷക പ്രക്ഷോഭത്തിൽ അധികാരികൾ മുട്ട്മടക്കുമ്പോൾ പ്രക്ഷോഭവുമായി മുന്നോട്ട് തന്നെയാണ് കർഷക സംഘടനകൾ.

സിപിഐ ഉൾപ്പടെയുള്ള ഇടത് സംഘടനകൾ പ്രക്ഷോഭത്തിന് പിന്തുണ നൽകുമ്പോഴും സമരത്തിന്റെ താക്കോൽ സ്ഥാനം കയ്യാളുന്നത് പ്രാദേശിക കർഷക സംഘടനകൾ തന്നെയാണ്. തലപ്പാവണിഞ്ഞ സിഖുകാരാണ് സമര നേതൃത്വം.

വടക്കേ ഇന്ത്യൻ കർഷക നിര സമരപ്രാധിനിത്യത്തിൽ മുൻപിലുണ്ട് എന്നതൊഴിച്ചാൽ തെന്നിന്ത്യൻ പ്രാതിനിധ്യം എത്തിയിട്ടില്ല.കർഷക ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയെന്ന പേരിൽ മോദി സർക്കാർ പാസാക്കിയെടുത്ത കാർഷിക ബില്ലുകൾ കർഷകരുടെ കഴുത്തിന് കത്തിവയ്ക്കലാണെന്ന് തിരിച്ചറിഞ്ഞതോടെ രാജ്യം വീണ്ടുമൊരു സമരത്തിലേക്ക് നീങ്ങുകയാണ്. ഐതിഹാസിക സമരമെന്നാണ് ഇടത് സംഘടനകൾ പറയുന്നത്. കേരളത്തിൽ എത്ര കർഷകർ ഇടതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരനിരയിൽ അണിനിരന്നു എന്നതും ശ്രദ്ധേയമായിരുന്നു.

കർഷകരെ ഒരു തരത്തിലും ദ്രോഹിക്കില്ലെന്നും നേട്ടങ്ങൾ മാത്രമാണെന്നുമുള്ള ബിജെപിയുടെ പ്രചാരണങ്ങളെ മുൻകാലങ്ങളിലേതുപോലെ തൊണ്ടതൊടാതെ വിഴുങ്ങാൻ കർഷകർ തയാറായില്ല എന്നതിനുള്ള തെളിവാണ് പ്രക്ഷോഭങ്ങൾ. കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്തി സർക്കാരുകൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നതാണ് രാജ്യത്തിന്റെ ചരിത്രം. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും കർഷക സമരങ്ങൾക്കു മുൻപിൽ മുട്ടുമടക്കുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല.

സമരത്തെ ഏതുവിധേനയും അടിച്ചമർത്താൻ തന്നെയായിരുന്നു മോദി സർക്കാരിന്റേയും നീക്കം. എന്നാൽ വിചാരിച്ചപോലെ കർഷകരെ എളുപ്പത്തിൽ പിന്തിരിപ്പിക്കാൻ സാധിച്ചില്ല. 'ഡൽഹി ചലോ' മുദ്രാവാക്യവുമായി അയൽ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ആരംഭിച്ച മാർച്ച് ഡൽഹിൽ പ്രവേശിപ്പിക്കില്ലെന്ന വാശിയിലായിരുന്നു പൊലീസ്.

എന്നാൽ പൊലീസിന്റെ ലാത്തിക്കും കണ്ണീർ വാതകത്തിനും ഗ്രനേഡുകൾക്കും ജലപീരങ്കിക്കും മുൻപിൽ പതറുന്നതല്ല കർഷകരുടെ വീര്യമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. വലിയ കല്ലുകളും ബാരിക്കേഡുകളും നിരത്തിയാണ് ഡൽഹിയിലേക്കുള്ള വഴികൾ അടച്ചത്. കൊടും തണുപ്പിൽ രാത്രിയിൽ ജലപീരങ്കി ഉപയോഗിച്ചും കർഷകരെ തുരത്താൻ നോക്കിയെങ്കിലും പരാജയപ്പെട്ടു.


നിയമം പാസാക്കിയപ്പോൾ തന്നെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ കർഷകരെ സംഘടിപ്പിച്ച് രാഹുൽ ഗാന്ധി ട്രാക്ടർ യാത്ര നടത്തിയതോടെയാണ് നിയമത്തിനെതിരെ ശക്തമായ പ്രത്യക്ഷ സമരം ആരംഭിച്ചത്. പഞ്ചാബിൽ നിന്നാരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്രയും പൊലീസ് തടഞ്ഞു. എന്നാൽ അധികം വൈകാതെ തന്നെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. പൊലീസ് കടത്തിവിടുന്നതുവരെ റോഡിൽ തുടരുമെന്ന് രാഹുൽ പ്രഖ്യാപിച്ചതോടെയാണ് റാലി കടന്നുപോകാൻ അനുവദിച്ചത്.

കൂടുതൽ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ സമരരംഗത്തെത്തി. പഞ്ചാബിൽ ഇതെത്തുടർന്ന് ട്രെയിൻ തടയൽ സമരം ആരംഭിച്ചു. പഞ്ചാബ് സർക്കാരിനും റെയിൽവേയ്ക്കും കോടികളുടെ നഷ്ടമാണുണ്ടായത്. ഒടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള ചർച്ചയെത്തുടർന്ന് സമരം തൽക്കാലത്തേക്ക് പിൻവലിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു തിരുത്തൽ നടപടിയും ഉണ്ടാകുന്നില്ലെന്ന് മനസിലായതോടെയാണ് മൂന്നാം ഘട്ടമെന്ന നിലയ്ക്ക് കർഷകർ ഡൽഹി ചലോ സമരവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ ഭരണസിരാകേന്ദ്രങ്ങളിൽ കർഷകരുടെ പ്രതിഷേധ ശബ്ദം എത്തിയത് തെല്ലൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തുന്നത്.

പ്രതിരോധത്തെ കൂസാതെ കർഷകർ

സമരത്തെ ഏതുവിധേനയും അടിച്ചമർത്താൻ തന്നെയായിരുന്നു ഡൽഹി പൊലീസിനു ലഭിച്ച നിർദ്ദേശം. വഴിയിൽ തടഞ്ഞ് കർഷകരെ അടിച്ചോടിക്കാനുള്ള നീക്കം നടന്നില്ല. കർഷകരെ ഒടിച്ചിട്ടു തല്ലി ലാത്തിയൊടിഞ്ഞതല്ലാതെ പിൻതിരിക്കാനായില്ല. സമരം ചെയ്യുന്ന കർഷകരെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലാക്കി മാറ്റി അവിടെ പാർപ്പിക്കാനായിരുന്നു അടുത്ത നീക്കം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കർഷകർക്ക് അനുകൂലമായി നിലപാട് എടുത്തത് പൊലീസിന് തിരിച്ചടിയായി. സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് കേജ്രിവാൾ അറിയിച്ചു.

പിന്നീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നിരങ്കാരി മൈതാനത്തേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. ലാത്തിയും കണ്ണീർവാതകവും ജലപീരങ്കിയുമായി കർഷകരെ സർക്കാർ നേരിട്ടതു രാജ്യത്തിനുതന്നെ കളങ്കമായി. കർഷകരെ അടിച്ചമർത്താൻ ശ്രമിച്ചതു കാർഷികഭാരതം എന്ന വിശേഷണത്തിൽ അഭിമാനിക്കുന്ന ഒരു രാജ്യത്തിനു ചേർന്നതല്ലെന്നും ആക്ഷേപമുയർന്നു. പ്രകോപനമില്ലാതെയാണു തങ്ങളെ ഇത്തരത്തിൽ നേരിട്ടതെന്നാണു കർഷകരുടെ ആരോപണം.

ഭാരത് മാതാ കി ജയ് മാറ്റി; 'ധർത്തീമാതാ കീ ജയ്'

വിവാദ കർഷക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'ഡൽഹി ചലോ' മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്തേക്കു പ്രകടനം നയിച്ചെത്തിയ കർഷകർ നിലപാട് കടുപ്പിക്കുന്നു. ഹരിയാന അതിർത്തിയോടു ചേർന്ന് വടക്കൻ ഡൽഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്തു സമരം അനുവദിക്കാമെന്ന ഡൽഹി പൊലീസിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി.

മണ്ണിന്റെ പോരാട്ടവീര്യവും 'ധർത്തീമാതാ കീ ജയ്' ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനു പേർ ഹരിയാന ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി എന്നിവിടങ്ങളിൽ രാത്രി നിലയുറപ്പിച്ചിരിക്കുകയാണ്. മധ്യ ഡൽഹിയിലെ ജന്തർ മന്തറിൽ സമരത്തിന് അനുമതി ലഭിക്കും വരെ ഇവിടെ തങ്ങുമെന്നറിയിച്ച കർഷകർ, താൽക്കാലിക താമസ സൗകര്യങ്ങളും സജ്ജമാക്കി. 6 മാസം വരെ ഡൽഹിയിൽ തങ്ങാൻ ലക്ഷ്യമിട്ട് ഭക്ഷ്യസാധനങ്ങളും വിറകുമടക്കം ട്രാക്ടറുകളിൽ കൊണ്ടുവന്നിട്ടുണ്ട്.

ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

ജന്തർ മന്തറിലേക്കു പോകാൻ അനുവദിച്ചില്ലെങ്കിൽ ദേശീയപാതയിൽ ഗതാഗതം സ്തംഭിപ്പിക്കുമെന്നു നേതാക്കൾ മുന്നറിയിപ്പു നൽകി. ബാരിക്കേഡുകൾ നിരത്തി അതിർത്തിയിലുടനീളം പൊലീസും സന്നാഹങ്ങൾ ശക്തമാക്കി. കർഷകർ തെരുവിൽനിന്നു മാറിയാൽ ഡിസംബർ മൂന്നിനു മുൻപു തന്നെ ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പ്രധാനമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നാണു കർഷകരെത്തിയിരിക്കുന്നത്. ഇവർക്കു പിന്തുണയുമായി വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തും. പഞ്ചാബിൽനിന്നു പതിനായിരത്തോളം സ്ത്രീകൾ ഇന്നലെ ബസുകളിൽ പുറപ്പെട്ടു. യുപിയിൽ നിന്നുള്ള ആയിരക്കണക്കിനു കർഷകരും ഡൽഹി അതിർത്തിയിലെ ഗസ്സിപ്പുരിലെത്തി.

അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയുടെ നേതൃത്വത്തിൽ സിംഘു അതിർത്തിയിൽ ഉച്ചയ്ക്കു യോഗം ചേർന്ന ശേഷമാണു കർഷകർ നിലപാട് കടുപ്പിച്ചത്. വെള്ളിയാഴ്ച രാത്രി നിരങ്കാരി മൈതാനത്തേക്കു പോയ കർഷകരെയും ഇവർ അതിർത്തിയിലേക്കു തിരിച്ചുവിളിച്ചു. തുടർ സമരപരിപാടികൾക്കു രൂപം നൽകാൻ ഇന്നു 11നു വീണ്ടും യോഗം ചേരും.

പ്രധാനമന്ത്രി തന്നെ സംസാരിക്കണം

പ്രധാനമന്ത്രി തന്നെ കർഷകരോടു സംസാരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷ കക്ഷികളായ സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, അകാലിദൾ, ഡിഎംകെ, ആർജെഡി, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്‌പി എന്നിവയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. കർഷകർക്കെതിരായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. ബിഎസ്‌പി മൗനം പാലിച്ചു.

തല്ലിച്ചതച്ച് പൊലീസ്; ഭക്ഷണം വിളമ്പി കർഷകർ

കഴിഞ്ഞദിവസം ജലപീരങ്കിയും ലാത്തിയുമായി തങ്ങളെ നേരിട്ട പൊലീസിനു കർഷകർ ഇന്നലെ റൊട്ടിയും പരിപ്പുകറിയും വിളമ്പി. ഡൽഹി ഹരിയാന അതിർത്തിയിലെ റോഡിൽ കർഷക യാത്ര തടയാൻ പൊലീസ് കുഴിച്ച കുഴിയിൽ തന്നെ അടുപ്പ് കൂട്ടി. ഹരിയാനയിലെ കർണാലിലുള്ള സിഖ് ഗുരുദ്വാരയിലെ അംഗങ്ങളും പൊലീസിനു ഭക്ഷണവുമായെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP