Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഗ് വിട്ടു കിട്ടിയില്ലെങ്കിൽ ജോലി പോകുമെന്ന് സ്വപ്‌ന പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചത് കസ്റ്റംസിലെ ഉന്നതനെ; കിട്ടിയ സന്ദേശവും വാട്‌സാപ്പിൽ നൽകി സമാധാനിപ്പിച്ചു; 2019ലെ വിളിക്ക് ഡിജിറ്റൽ തെളിവുണ്ടെന്ന് കേന്ദ്ര ഏജൻസികൾ; കസ്റ്റംസിലെ ഒറ്റുകാരനെ ഉടൻ പിടിക്കുമെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് ഇഡിയും എൻഐഎയും

ബാഗ് വിട്ടു കിട്ടിയില്ലെങ്കിൽ ജോലി പോകുമെന്ന് സ്വപ്‌ന പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചത് കസ്റ്റംസിലെ ഉന്നതനെ; കിട്ടിയ സന്ദേശവും വാട്‌സാപ്പിൽ നൽകി സമാധാനിപ്പിച്ചു; 2019ലെ വിളിക്ക് ഡിജിറ്റൽ തെളിവുണ്ടെന്ന് കേന്ദ്ര ഏജൻസികൾ; കസ്റ്റംസിലെ ഒറ്റുകാരനെ ഉടൻ പിടിക്കുമെന്ന് റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് ഇഡിയും എൻഐഎയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നയതന്ത്ര ബാഗേജുകൾ വിട്ടുകിട്ടാൻ തനിക്കുവേണ്ടി മൂന്നുതവണ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ കേന്ദ്ര ഏജൻസികൾ നടത്തുന്നത് സമഗ്ര അന്വേഷണം. സിഎം രവീന്ദ്രന്റെ അടുപ്പക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും ഇഡിയും മറ്റും വിവരങ്ങൾ തേടിയിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കസ്റ്റംസിനും നൽകിയ മൊഴിയിലാണു സ്വപ്‌നയുടെ നിർണായക വെളിപ്പെടുത്തൽ. എന്നാൽ ഏറ്റവുമൊടുവിൽ, കഴിഞ്ഞ ജൂൺ 30-നു സ്വർണക്കടത്ത് പിടികൂടപ്പെട്ടപ്പോൾ സ്വപ്ന അഭ്യർത്ഥിച്ചെങ്കിലും ശിവശങ്കർ കസ്റ്റംസിനെ വിളിക്കാൻ കൂട്ടാക്കിയില്ലെന്ന മൊഴിയും നിർണ്ണായകമാണ്. സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ വിളിച്ചിരുന്ന കസ്റ്റംസ് ഓഫീസറാരെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ജൂനിയർ ഓഫീസർമാരെയല്ല, കസ്റ്റംസിന്റെ ഉന്നത ഓഫീസറെത്തന്നെയാണു ശിവശങ്കർ വിളിച്ചതെന്നാണു പ്രാഥമികവിവരം. സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ ഇയാളിൽനിന്നു വിശദീകരണം തേടുമെന്നാണു വിവരം.

2019 ഏപ്രിലിൽ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചതിനേത്തുടർന്ന് സ്വപ്ന സഹായത്തിനു ശിവശങ്കറെ വിളിച്ചതിനു ഡിജിറ്റൽ തെളിവുണ്ട്. ബാഗ് വിട്ടുകിട്ടിയില്ലെങ്കിൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും ആരെയെങ്കിലും വിളിച്ചുപറയണമെന്നുമായിരുന്നു സ്വപ്നയുടെ വാട്സ്ആപ് സന്ദേശം. ഇതോടെ, കസ്റ്റംസ് ഓഫീസറെ വിളിച്ച ശിവശങ്കർ, കിട്ടിയ മറുപടി സ്വപ്നയ്ക്കു ഫോർവേഡ് ചെയ്തു. 'റിമാർക്സ് ഫ്രം കസ്റ്റംസ്' എന്ന മറ്റൊരു സന്ദേശവും ശിവശങ്കർ സ്വപ്നയ്ക്ക് അയച്ചു. എന്നാൽ, സന്ദേശം ഡിലീറ്റ് ചെയ്തതിനാൽ, എന്തു മറുപടിയാണു കസ്റ്റംസ് ഓഫീസർ ശിവശങ്കർക്കു നൽകിയതെന്നു കണ്ടെത്താനായില്ല. ഈ ഓഫീസർ ആരാണെന്ന് ഇ.ഡി. അന്വേഷിക്കുകയാണ്. സന്ദേശമയച്ച മൊബൈൽ നമ്പർ കണ്ടെത്താനാണു ശ്രമമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

2019 ജൂണിലാണു സ്വർണക്കടത്തിനായി പരീക്ഷണാർഥം രണ്ടുതവണ ബാഗേജ് അയച്ചതെന്നാണു പ്രതികളുടെ മൊഴി. 2019 നവംബർ മുതലാണു നയതന്ത്രബാഗിലൂടെ സ്വർണക്കടത്ത് തുടങ്ങിയത്. അന്നെല്ലാം ശിവശങ്കർ ഇടപെട്ടതായാണു വിലയിരുത്തൽ. സ്വർണക്കടത്ത് ശിവശങ്കർക്ക് അറിയാമായിരുന്നെന്നു സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. 21 തവണ സ്വർണം കൊണ്ടുവന്നതു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്. മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചെന്നാണു സൂചന.

ഇതിനിടെയിലാണ് സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നുവെന്നും ഉടൻ നടപടികളുണ്ടാകുമെന്നും ജന്മഭൂമിയുടെ റിപ്പോർട്ടും ചർച്ചയാകുന്നത്. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷൻ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയോട് അടുത്തു നിൽക്കുന്ന സംഘപരിവാർ പത്രമായ ജന്മഭൂമി പേരു സഹിതം വാർത്ത നൽകുന്നത്. എന്നാൽ ഇത് ഭാവന മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയിൽ സഹോദരനും സർക്കാർ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വർണക്കടത്തിൽ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങൾക്ക് നൽകിയിരുന്നതെന്ന് ജന്മഭൂമി ആരോപിക്കുന്നു. രവീന്ദ്രൻ ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജൻസിയുടെ പിടിയിലാകുമെന്നാണ് സൂചനയുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ടിനെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാരും കാണുന്നത്.

കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമർശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും 'സ്വന്തക്കാരെ' രക്ഷിക്കാൻ ചിലർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കർശന നിർദ്ദേശം കിട്ടിക്കഴിഞ്ഞുവെന്നാണ് ജന്മഭൂമി വാർത്ത. ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയിൽ പിആർഒയാണ്. ഇയാൾ നേരത്തേ ഡിആർഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നുവെന്നും ജന്മഭൂമി വാർത്ത വിശദീകരിക്കുന്നു. ഇന്നലെയാണ് ഈ വാർത്ത ജന്മഭൂമി നൽകിയത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടെ ഇനിയുള്ള നീക്കങ്ങൾ നിർണ്ണായകമാണ്.

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാർട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാൾ. ക്ലാർക്ക് പദവിയിൽ ജോലിക്കു കയറി ഇൻസ്പെക്ടറായി, ഇപ്പോൾ പിആർഒയാണ്. ഡിആർഐയിൽ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ജോലിയിലിരിക്കെ സ്വർണക്കടത്തു നടത്തിയവരിൽനിന്ന് പണം വാങ്ങിയ കേസിൽ പെട്ടിരുന്നയാളാണെന്നും ജന്മഭൂമി ആരോപിക്കുന്നു.

സ്വർണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാൻ വേണ്ട നിർദേശങ്ങളും വിവരങ്ങളും നൽകിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥർ, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുൾപ്പെടെ ആസൂത്രിത സ്വർണക്കടത്തുകൾ ഈ സംഘത്തിന്റെ 'മേൽനോട്ട'ത്തിലാണ് നടന്നിരുന്നത്.

സ്വപ്നയും മറ്റും ഉൾപ്പെട്ട സ്വർണ, കറൻസി കടത്തു സംഘത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സർക്കാർ തല സംരക്ഷണം നൽകുന്നത്. രവീന്ദ്രനും ശിവശങ്കറും ഉൾപ്പെടെ 12 ഉദ്യോഗസ്ഥർ ചേർന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവർത്തനങ്ങളിലുണ്ട്. ഇവർക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിർത്തിയിൽ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവർ ബിനാമിയായി ഫ്ളാറ്റു സമുച്ചയം നിർമ്മിക്കുന്നതെന്നും വാർത്തയിൽ പറയുന്നു.

ഗോപിനാഥ് വടകരയിൽനിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തൽ. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാർട്ടിയുടെയും സർക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കളെന്നും ജന്മഭൂമി ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP