Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഡിക്ക് കിട്ടിയ രഹസ്യ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതിയായി ലഭിച്ചു; വടകരയിലെ ബിനാമി സ്വത്തുക്കളിൽ പാർട്ടിക്കും സംശയം; മെഡിക്കൽ കോളേജിൽ നിന്ന് രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത് യെച്ചൂരിയുടെ ഉഗ്രശാസനത്തിന് ശേഷമെന്ന് റിപ്പോർട്ട്; ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനേയും പാർട്ടി കൈയൊഴിയുന്നു; പിന്നിൽ ബേബി ഇഫക്ട്

ഇഡിക്ക് കിട്ടിയ രഹസ്യ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതിയായി ലഭിച്ചു; വടകരയിലെ ബിനാമി സ്വത്തുക്കളിൽ പാർട്ടിക്കും സംശയം; മെഡിക്കൽ കോളേജിൽ നിന്ന് രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത് യെച്ചൂരിയുടെ ഉഗ്രശാസനത്തിന് ശേഷമെന്ന് റിപ്പോർട്ട്; ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനേയും പാർട്ടി കൈയൊഴിയുന്നു; പിന്നിൽ ബേബി ഇഫക്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ ആരേയും സംരക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രന് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുവെന്ന ചർച്ചകൾ സിപിഎമ്മിന് നാണക്കേടാകുമെന്നാണ് വിലയിരുത്തൽ. എത്രയും വേഗം രവീന്ദ്രന് ഇഡിക്ക് മുമ്പിൽ ഹാജരാകേണ്ടി വരും. ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രനോട് ആവശ്യപ്പെടണമെന്ന് ബന്ധപ്പെട്ടവരോട് സിപിഎം കേന്ദ്ര നേതാക്കൾ നിർദ്ദേശിച്ചു കഴിഞ്ഞു. ഇതിന് ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രവീന്ദ്രനെ ഡിസ്ചാർ ചെയ്തത്.

രവീന്ദ്രനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ അടങ്ങുന്ന ഒട്ടേറെ സന്ദേശങ്ങളും രേഖകളുമാണു ഇമെയിലിലും തപാലിലും ഇഡി കൊച്ചി ഓഫിസിൽ ലഭിച്ചത്. വിവരം നൽകിയവരിൽ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. രവീന്ദ്രന്റെ സമ്പാദ്യം സംബന്ധിച്ചു ലഭിച്ച രേഖകളിൽ ചിലതു തുടർപരിശോധനകളിൽ യഥാർഥമെന്നു തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രവീന്ദ്രനെതിരെ കേസും വരും. ഇക്കാര്യം സിപിഎമ്മും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ രവീന്ദ്രന് ഇനി വലിയ സഹായമൊന്നും ചെയ്തു കൊടുക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇഡിക്ക് കിട്ടിയ പരാതികളെല്ലാം സിപിഎം കേന്ദ്ര നേതൃത്വത്തിനും കിട്ടിയിട്ടുണ്ട്. ഇതിലെ വസ്തുകൾ മനസ്സിലാക്കിയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.

ഇഡി വിളിക്കുമ്പോഴെല്ലാം രവീന്ദ്രന് അസുഖം വരുന്നത് പൊതു ജനങ്ങളിൽ സംശയമുണ്ടാക്കും. കോവിഡിന് ശേഷം കോവിഡാനന്ത ചികിൽസയ്‌ക്കെന്ന പേരിൽ ഇഡി ചോദ്യം ചെയ്യലിന് വിളിച്ചതിന് അടുത്ത ദിവസം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രവീന്ദ്രനെ സംരക്ഷിക്കരുതെന്ന സന്ദേശം കേന്ദ്ര നേതാക്കൾ നൽകുന്നത്. ശിവശങ്കർ ഇന്നലെ ആശുപത്രി വിട്ടതോടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യംചെയ്യൽ ഉടനുണ്ടാകും. അതിനിർണ്ണായകമാകും ചോദ്യം ചെയ്യൽ. കേസിൽ രവീന്ദ്രൻ പ്രതിയായാൽ പിന്നെ സിപിഎം അനുകൂല നിലപാട് എടുക്കുകയുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പോലെ രവീന്ദ്രനേയും തള്ളി പറയും. അങ്ങനെ നോർത്ത് ബ്ലോക്കിലെ ഒരാൾ കൂടി കേന്ദ്ര ഏജൻസികളുടെ കുരുക്കിൽ അകപ്പെടാൻ പോകുന്നുവെന്ന സൂചനയാണ് സിപിഎം തന്നെ നൽകുന്നത്.

വടകരയിൽ രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന 6 സ്ഥാപനങ്ങളിലെ ഇഡി റെയ്ഡിനു പിന്നാലെയാണ് അദ്ദേഹം മെഡിക്കൽ കോളജ് വിട്ടത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. ബെനാമി ബന്ധം അന്വേഷിക്കാൻ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. മുൻപു രണ്ടു വട്ടം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ഈ മാസം 6നു ഹാജരാകാനാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ തലേന്നു കോവിഡ് സ്ഥിരീകരിച്ച് രവീന്ദ്രൻ ചികിത്സ തേടി. 10 ദിവസം കഴിഞ്ഞ് നെഗറ്റീവായതോടെ, ഇന്നലെ ഹാജരാകാൻ നോട്ടിസ് നൽകി.

എന്നാൽ കോവിഡിനു ശേഷമുള്ള ചുമയ്ക്കും ശ്വാസതടസ്സത്തിനും രവീന്ദ്രൻ ബുധനാഴ്ച വൈകിട്ട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സ തേടി. കുഴപ്പമില്ലെന്ന് ഇന്നലെ സ്‌കാൻ, എക്‌സ്‌റേ പരിശോധനകളിൽ കണ്ടെത്തിയതോടെയാണു ഡിസ്ചാർജായത്. എന്നാൽ ഈ ചെറിയ രോഗത്തിന് വേണ്ടി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത് ശരിയല്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ വിലയിരുത്തൽ. പിബി അംഗം എംഎ ബേബിയും ഉറച്ച നിലപാടിലാണ്. രവീന്ദ്രൻ ആശുപത്രി വിട്ടതു സിപിഎം നേതൃത്വത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്നാണു വിവരം. േ

ചാദ്യംചെയ്യലിൽനിന്നു മാറിനിൽക്കുന്നുവെന്ന പ്രചാരണം ആശാസ്യമല്ലെന്നു പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു. എത്ര വൈകിയാലും ഒഴിഞ്ഞുമാറാനാവില്ലെന്നാണ് വിലയിരുത്തൽ. ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറാനാണു ശ്രമമെന്നു പ്രതിപക്ഷം ആരോപണമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടത്. രവീന്ദ്രന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചു. രവീന്ദ്രന്റെ നീക്കങ്ങളിൽ സംശയം പ്രകടിപ്പിച്ച ഇഡി രണ്ടും കൽപ്പിച്ചുള്ള നീക്കത്തിനായിരുന്നു. അതിന്റെ ഭാഗമായിരുന്നു വടകരയിലെ റെയ്ഡ്. ഇതോടെ രവീന്ദ്രന് വേറെ നിവർത്തിയില്ലാതെയായി.

കെഫോൺ, ലൈഫ് മിഷൻ, സ്മാർട് സിറ്റി, ഡൗൺടൗൺ എന്നീ പദ്ധതികളുടെ വിവരം തേടി ഇഡി സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ് രവീന്ദ്രൻ. അതുകൊണ്ട് രവീന്ദ്രനെതിരെ ഇഡി എടുക്കുന്ന നടപടികൾ സർക്കാരിനേയും ബാധിക്കും. ഇതിനെ പ്രതിരോധിക്കാനും സിപിഎം തന്ത്രങ്ങൾ മെനയും. രവീന്ദ്രനെ സംരക്ഷിക്കുന്നുവെന്ന തോന്നൽ ഉണ്ടാകാതെയാകും ഇത്. സിപിഎം പിബി അംഗമായ എംഎ ബേബിയുടെ ഇടപെടലുകളാണ് രവീന്ദ്രന് വിനയാകുന്നത്. പാർട്ടിയുടെ അടിത്തറ ഇളക്കാതെ മുമ്പോട്ട് പോകാനുള്ള കരുതലുകൾ അനിവാര്യമാണെന്നാണ് ബേബിയുടെ പക്ഷം. മുതിർന്ന നേതാവായ എസ് രാമചന്ദ്രൻപിള്ളയും ഇതിനെ അനുകൂലിക്കുന്നുണ്ട്.

കോടിയേരിയുടെ അവധി എടുക്കലിലും പ്രതിഫലിച്ചത് ഈ നേതാക്കളുടെ ഇടപെടലാണ്. സിപിഎം സെക്രട്ടറിയുടെ ചുമതല കണ്ണൂരിലേക്ക് വീണ്ടുമെത്താതെയും നോക്കി. എ വിജയരാഘവനെ സെക്രട്ടറിയാക്കിയതും തെറ്റു തിരുത്തലിന്റെ ഭാഗമാണ്. ഇതിന്റെ തുടർച്ചയായാണ് രവീന്ദ്രനെ രക്ഷിക്കേണ്ടതില്ലെന്ന തീരുമാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP